ഉറുമ്പിൽനിന്നും ഉത്തരം കണ്ടെത്താം

”മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക” (സുഭാ. 6:6).

കട്ടിലിന്റെ അടിയിൽനിന്നും പുറപ്പെട്ട് ഭിത്തിയിലൂടെ വരിവരിയായി ഉറുമ്പുകളുടെ ജാഥ തുടരുകയാണ്. അപ്പോഴാണ് മോൾ ചൂലുമായി എത്തി, അവരുടെ വഴി തുടച്ചുമാറ്റിയത്. കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും ഉറുമ്പുകളുടെ നിര പുരോഗമിക്കുന്നു. മുമ്പുണ്ടായ പ്രശ്‌നങ്ങളൊന്നും അവർക്ക് തടസമായില്ല. ഉറുമ്പ് നല്കുന്ന പാഠങ്ങൾ ഏതൊരു വിശ്വാസിക്കും പ്രത്യാശ നല്കുന്നതാണ്. വിശ്വാസിയുടെ ജീവിതം നിസംഗതയോ നിശബ്ദതയോ നിറഞ്ഞതാകരുത്. വരുമാനത്തിനുവേണ്ടിയും സുവിശേഷത്തിന്റെ വളർച്ചയ്ക്കുവേണ്ടിയും കഠിനാധ്വാനം ചെയ്യണം. കരുത്ത് കർത്താവ് തരും.

ഉറുമ്പുകളെ നോക്കി സമ്പാദ്യമനോഭാവം പഠിക്കണം. അവ ശൈത്യകാലത്തേക്ക് ആഹാരം ശേഖരിച്ചുവയ്ക്കുന്നു. ജീവിതത്തിൽ ആസൂത്രണത്തിന്റെ ആവശ്യകത വിശ്വാസി നന്നായി അറിയണം. കുടുംബാസൂത്രണം എന്നു പറഞ്ഞാൽ കുട്ടികൾ കുറയ്ക്കുന്നതാണെന്ന ചിന്തയാണ് സർക്കാരിന്റെ ഫാമിലി പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് നല്കുന്നത്. ആത്മീയതയിൽ വളർന്നുവെന്ന് പറയുന്നവരും ആഘോഷാവസരങ്ങളിൽ ആർഭാടം കാണിക്കുന്നതും കാണാതിരിക്കാനാവില്ല. ഉണ്ടെന്നു കരുതി മുഴുവൻ ചെലവഴിക്കരുത്. മക്കൾക്കായി മാതാപിതാക്കളും, വരും തലമുറയ്ക്കായി ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും കരുതിവയ്ക്കണം. സുകൃതങ്ങളും കാരുണ്യപ്രവർത്തനങ്ങളും വഴി സ്വർഗത്തിൽ സമ്പത്ത് സമാഹരിക്കണം.

കൂട്ടായ്മയുടെ ആവശ്യകത
ഉറുമ്പുകൾ ശത്രുവിനെ ഒന്നിച്ച് എതിർക്കുന്നു. ‘എനിക്ക് എന്റെ വഴി, എന്റെ കാര്യം’ എന്ന നിലപാട് ഒരു ഉറുമ്പും സ്വീകരിക്കില്ല. ഉറുമ്പുകൾ തമ്മിൽ ആശയവിനിമയം നടത്തും. വഴിയിൽ എന്തെങ്കിലും തടസം, അപകടം ഉണ്ടോയെന്ന് അന്വേഷിക്കുന്നു, അറിഞ്ഞ വിവരം ഉടനെ പരസ്പരം പങ്കുവയ്ക്കുന്നു. വിശ്വാസികളുടെ ജീവിതത്തിൽ കൂട്ടായ്മ എത്രത്തോളം ഉണ്ട്? വിശ്വാസത്തിന് വിരുദ്ധമായ സംഭവങ്ങളും ആശയങ്ങളും പ്രസ്ഥാനങ്ങളും ഉയർന്നുവരുമ്പോൾ ഉറുമ്പിന്റെ മനസ് നമുക്ക് നഷ്ടപ്പെടുന്നില്ലേ?

ഉറുമ്പുകൾ വെള്ളത്തിൽ വീണാൽ അവരെല്ലാംകൂടി ഒന്നിച്ച് അള്ളിപ്പിടിച്ച് ഒരു പത്തുപോലെയാകുന്നു. ഒഴുകി എവിടെയെങ്കിലും തീരത്തടിഞ്ഞ് പതുക്കെ പടിപടിയായി കരയ്ക്കുകയറി രക്ഷപ്പെടുന്നു. അപ്പോഴും കൂടെ ഒഴുകിനടന്ന ഉറുമ്പുകളുടെ രക്ഷയും ഉറപ്പുവരുത്തും. പ്രാർത്ഥനാഗ്രൂപ്പിലും പ്രസ്ഥാനത്തിലും ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്തായിരിക്കും നമ്മുടെ നിലപാട്? അകന്നുമാറുമോ, അതോ പ്രാർത്ഥനയോടെ കൂടെനിന്ന് കുടുംബത്തെ കരകയറ്റുവാൻ സഹായിക്കുമോ?

ഉറുമ്പുകൾ ഒന്നിനു പുറകെ ഒന്നായാണ് പോകുന്നുത്. ജീവിതത്തിന് ക്രമം ഉണ്ടാകണം. നേതാവിനെ അംഗീകരിക്കുവാനും നേതൃത്വം അംഗീകരിക്കുവാനും കഴിയണം. വിജയത്തിനു പിന്നിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്.

വിശുദ്ധരുടെ ചിന്തകൾ
ഉറുമ്പുകൾ പുതിയ മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തുന്നു. ഒരു വഴി അടഞ്ഞാൽ ഉറുമ്പ് തിരിച്ചുപോകുന്നില്ല. എങ്ങനെയെങ്കിലും പുതിയ മേഖലകൾ കണ്ടെത്തും. എന്നാൽ വിശ്വാസികളോ? ഒന്നു ശ്രമിച്ചു പരാജയപ്പെട്ടാൽ പലരും പിന്നെ ആ വഴിക്ക് പോകാതിരിക്കുകയും നിരാശയോടെ തിരിച്ചുനടക്കുകയും ചെയ്യും. നിരാശ പുതിയ മുന്നേറ്റങ്ങളെ തകർക്കുന്നു. തടസങ്ങൾ തരുന്ന തമ്പുരാൻ പുതിയ വഴികൾ തുറന്നുതരുമെന്നത് മറക്കരുത്.

ഉറുമ്പുകൾ ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ആഹാരത്തിന്റെ ഒരു പൊടിമാത്രം വീണുപോയാലും നഷ്ടപ്പെടുത്താതെ മറ്റൊരു ഉറുമ്പ് അത് മാളത്തിലെത്തിക്കുന്നു. നാം നഷ്ടപ്പെടുത്തുന്ന ആഹാരസാധനങ്ങൾ എത്രത്തോളമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അനേകർ നെട്ടോട്ടമോടുന്നു. നഗരത്തിലെ വെയ്സ്റ്റ് ബോക്‌സുകളിൽനിന്ന് എച്ചിലുകൾ (ആഹാരത്തിന്റെ പഴകിയ അവശിഷ്ടങ്ങൾ) പരതുന്നവരെ ഇപ്പോഴും കാണുവാൻ കഴിയും. വലിയ വിരുന്നുകൾ നടത്തുന്നവർ, ഒരാളുടെ ഭക്ഷണത്തിന് രണ്ടായിരമോ മൂവായിരമോ മുടക്കി ആഘോഷം നടത്തുന്നവരും ഒരു അഗതിക്കുപോലും ആഹാരം നീക്കിവയ്ക്കാത്തതിൽ ദുഃഖിക്കുന്നില്ല. ബാക്കിവരുന്ന ആഹാരം കുഴിച്ചുമൂടുന്നതിൽ കുറ്റബോധം തോന്നാത്തവരും ഉണ്ട്.

ഭക്ഷ്യസാധനങ്ങൾ കൂട്ടിവച്ച് നശിപ്പിക്കുന്നവർ വിശുദ്ധ ബേസിലിന്റെ (എ.ഡി.330-379) വാക്കുകൾ ശ്രദ്ധിക്കണം. ”നിങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അപ്പം വിശക്കുന്നവന്റേതാണ്. നിങ്ങളുടെ അലമാരയിലെ വസ്ത്രങ്ങൾ നഗ്നന്റേതാണ്. നിങ്ങളുടെ വീട്ടിൽ പൂപ്പുപിടിച്ചിരിക്കുന്ന പാദുകങ്ങൾ നഗ്നപാദുകന്റേതാണ്. നിങ്ങൾ കുന്നുകൂട്ടി വച്ചിരിക്കുന്ന പണം ദരിദ്രന്റേതാണ്. എത്രപേരെ നിനക്ക് നിന്റെ സമ്പാദ്യംകൊണ്ട് സഹായിക്കാമായിരുന്നോ അത്രയും പേരെ നീ അടിച്ചമർത്തുന്നുവെന്നർത്ഥം.” ഈ ആശയം ഇടയ്‌ക്കെങ്കിലും ഓർക്കണം.

മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ അംബ്രോസിന്റെ പഠനവും ഏറെ ശ്രദ്ധേയമാണ്. അടിമകളെ സ്വതന്ത്രരാക്കുന്നതിന് പണം കണ്ടെത്താൻ വേണമെങ്കിൽ ദേവാലയത്തിൽ തിരുക്കർമങ്ങൾക്ക് ഉപയോഗിക്കുന്ന സ്വർണക്കാസ വില്ക്കാമെന്നായിരുന്നു ആ വന്ദ്യപിതാവിന്റെ നിർദേശം. ജീവിതപങ്കാളിയോടും മക്കളോടും സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും കാരുണ്യപ്രവർത്തനങ്ങൾക്കായി പണവും സമയവും നീക്കിവയ്ക്കണമെന്ന് പറയാറുണ്ടോ? ഓരോ തവണ ആഹാരം കഴിക്കുമ്പോഴും വിശക്കുന്നവരെപ്പറ്റി നാം ചിന്തിക്കണം. എനിക്കുള്ളതെല്ലാം എന്റേതു മാത്രമല്ല എന്ന ചിന്ത എപ്പോഴും ഉണ്ടാകണം.

ഉറുമ്പുകൾ ആഹാരം തേടി മണം പിടിച്ച് യാത്ര ചെയ്യുന്നു. അവയിൽ ചിലത് പുതിയ മേഖലകളിലേക്ക് അന്വേഷണം നടത്തും. ആഹാരം കിട്ടിയില്ലെങ്കിലും ഉറുമ്പ് പോയ വഴിയിലൂടെ മടങ്ങിവരും. ആ ഉറുമ്പ് ഒരു സന്ദേശം എഴുതിവയ്ക്കും. പിന്നാലെ വരുന്ന ഉറുമ്പുകൾ ഈ സന്ദേശം മണത്തറിഞ്ഞ് ആ വഴി തിരിയാതെ മറ്റ് വഴിയിലൂടെ പോകും. നമ്മുടെ അവസ്ഥയെന്താണ്? പുതിയ വഴികൾ അന്വേഷിക്കുന്നവർ എത്രയുണ്ട്? അന്വേഷിച്ചറിഞ്ഞ വിജയരഹസ്യമോ പരാജയത്തിന്റെ അനുഭവമോ ആരുമായും പങ്കുവയ്ക്കാൻ നമുക്ക് മനസില്ല. നമ്മുടെ അറിവും അനുഭവവും അനേകർക്ക് അനുഗ്രഹമാകാൻവേണ്ടിക്കൂടിയാണ് തമ്പുരാൻ തന്നത്. എത്രയോ ഗവേഷണങ്ങൾ കോടികൾ മുടക്കി നടത്തുന്നു.

പരാജയം സംഭവിക്കുമ്പോഴും കാരണം തുറന്നു പറയണം. അത് അനേകർക്ക് പുതിയ അറിവായിരിക്കും. ഉറുമ്പു കാണിക്കുന്ന മര്യാദ നമുക്കും മാതൃകയാക്കാം. വിശ്വാസജീവിതത്തിൽ നമുക്ക് വഴികാട്ടിത്തന്ന ആശയങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകങ്ങൾ, ടി.വി പരിപാടികൾ, ഓഡിയോ-വീഡിയോ കാസറ്റുകൾ, പ്രാർത്ഥനകൾ എന്നിവയെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കണം. ഇതുമാത്രമല്ല, ഏതെങ്കിലും നിരീശ്വരപ്രസ്ഥാനത്തിൽ പ്രവർത്തിച്ച് പിരിഞ്ഞവർ, തെറ്റിദ്ധാരണമൂലം സഭാകൂട്ടായ്മ വിട്ടുപോയി മടങ്ങിയെത്തിയവർ… ഇവരും അനുഭവസാക്ഷ്യം വെളിപ്പെടുത്തുവാൻ തയാറാകണം.

പ്രാർത്ഥന
സർവശക്തനും പിതാവുമായ ദൈവമേ, ജീവിതത്തിലുണ്ടായിട്ടുള്ള എല്ലാ വിജയങ്ങളെയും സഹനങ്ങളെയും അങ്ങയുടെ തിരുക്കരങ്ങളിൽനിന്ന് ഏറ്റുവാങ്ങാൻ എന്നെ പഠിപ്പിക്കണമേ. പ്രപഞ്ചത്തിന്റെ നാഥനും ചരിത്രത്തിന്റെ നിയന്താവും അങ്ങാണെന്ന സത്യം ഞാൻ ഗ്രഹിക്കട്ടെ. അങ്ങയുടെ പരിപാലനയുടെ തണലിൽ ആശ്രയിക്കാൻ എന്നെ പരിശീലിപ്പിക്കണമേ, ആമ്മേൻ.

സാബു ജോസ്

Leave a Reply

Your email address will not be published. Required fields are marked *