ശിമയോനും വേറോനിക്കയും മനസിൽ ഇടംപിടിച്ച ദിവസം

വർഷങ്ങൾക്കുമുൻപ് ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമ കണ്ടപ്പോഴാണ് ശിമയോനും വേറോനിക്കയും മനസിൽ സ്ഥാനം പിടിച്ചത്. യേശുവിന്റെ ആ കുരിശിന്റെ വഴിയിൽ ഭാഗഭാക്കാകാൻ സാധിച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹവും ഉണ്ടായി. കുഞ്ഞുന്നാൾ മുതൽ ദേവാലയവും വിശുദ്ധ കുർബാനയും ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നെങ്കിലും, യേശുവിന്റെ ഗാഗുൽത്തായിലെ ബലി ഓരോ വിശുദ്ധ ബലിയിലും അനുഭവിച്ചറിയാൻ സാധിച്ചിരുന്നില്ല. അതിനുള്ള ഉൾബോധ്യം ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു ധ്യാനാവസരത്തിൽ വൈദികൻ പറഞ്ഞ അനുഭവത്തിലൂടെ ദൈവം എന്റെ ആന്തരികനേത്രങ്ങളെ തുറന്നു.
അച്ചന്റെ ഇടവകയിൽ നടന്ന സംഭവമായിരുന്നു അദ്ദേഹം പങ്കുവച്ചത്. ഒരു മലയോര പ്രദേശം, വിസ്തൃതമായ ഇടവക. ഉരുൾപ്പൊട്ടലുകളും വെള്ളപ്പൊക്കവും എപ്പോഴും തടസം സൃഷ്ടിക്കുന്ന ദേശം. ആ ഇടവകയിൽ ചെന്ന ദിവസംതന്നെ കപ്യാരുടെ വാക്കുകൾ അച്ചന്റെ മനംമടുപ്പിച്ചു. ”അച്ചോ, ഇവിടെ വിശുദ്ധ കുർബാനയ്ക്ക് വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ കാണൂ. മഴയുള്ള ദിവസങ്ങളാണെങ്കിൽ ആരെയും പ്രതീക്ഷിക്കേണ്ട.” അന്നു രാത്രിയിൽ പേമാരിയും ഇടിയും മിന്നലുമെല്ലാം ഉണ്ടായി. വെളുപ്പിനെയും മഴ തോർന്നില്ല. ആരുമില്ലാതെ എങ്ങനെ ബലി; അതും ഇടവകയിലെ തന്റെ ആദ്യ കുർബാന അർപ്പിക്കും എന്ന ഉൽക്കണ്ഠയിൽ അച്ചൻ പള്ളിയിലേക്ക് കയറി. ആരെങ്കിലും ഉണ്ടോ എന്ന് കണ്ണോടിച്ചു; ആരുമില്ല. എന്നാൽ, വെളിച്ചം വീഴാത്ത പള്ളിയ്ക്കുള്ളിൽ കുമ്പസാരക്കൂടിനരികത്ത് വെളുത്ത വസ്ത്രം ധരിച്ച ഒരു മനുഷ്യരൂപം അച്ചനെ ഞെട്ടിച്ചു. നോട്ടംകണ്ട് കപ്യാർ പറഞ്ഞു, ”അച്ചാ, അത് ശോശാമ്മ ചേ ടത്തിയാ. പുള്ളിക്കാരിക്ക് ഭ്രാന്താ. എന്നും കൂനിക്കൂനി പള്ളിയിൽ വരും, അതും ഈ എൺപതാം വയസിൽ.” സക്രാരിയുടെ മുൻപിൽ പ്രാർത്ഥി ക്കാൻ സാധിക്കാതെ അച്ചന്റെ മനസ് പ്രക്ഷുബ്ധമായി. അച്ചൻ ആ അമ്മയുടെ അടുത്തെത്തി. ശരീരം മുഴുവൻ നനഞ്ഞിരിക്കുകയാണ്. മഴയത്ത് നനഞ്ഞുവന്നതിന്റെ വിറയലുണ്ട്. ”അമ്മച്ചി മഴയത്ത് എന്തിനാ പള്ളിയിൽ വരുന്നത്; കർത്താവിന് എല്ലാം അറിയില്ലേ?” അച്ചൻ ചോദിച്ചു. ഒട്ടും വിറയലില്ലാത്ത ശബ്ദത്തിൽ അച്ചന്റെ കൈപിടിച്ച് എന്തോ രഹസ്യം പറയുംപോലെ അമ്മച്ചി പറഞ്ഞു: ”എന്റെ കർത്താവ് മൂന്നാണികളിൽ പിടഞ്ഞ്, രക്തം വാർന്ന് എനിക്കായി ജീവൻ വെടിയുമ്പോൾ, എനിക്കെങ്ങനെ പുതച്ചു കിടന്നുറങ്ങാനാകും?” 15 വർഷം സെമിനാരിയിൽ പഠിച്ചിട്ടും ബുദ്ധിയിൽ കിട്ടാത്ത ആ മഹാരഹസ്യം അന്നെനിക്ക് വെളിപ്പെട്ടു എന്ന് അച്ചൻ നിറകണ്ണുകളോടെ പറ യുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നനഞ്ഞിരുന്നു.

പിന്നെ മനസിൽ ഒന്നുമില്ലായിരുന്നു. ഒരാൾ മാത്രം- ഭൂമിക്കും ആകാശത്തിനും ഇടയിൽ മൂന്നാണികളിൽ കിടക്കുന്ന ഒരാൾ. ചങ്കിലെ മുറിവിൽനിന്ന് അവസാന തുള്ളി രക്തവും വെള്ളവും ഒഴുകുന്ന ഒരു ശരീരം. പിന്നെ ഞാൻ കേട്ടത് ഒരു ചോദ്യമായിരുന്നു, ”മകനേ, എന്റെ കുരിശുയാത്രയിൽ നിനക്കെന്നെ സഹായിക്കാമോ? ഒരു ശിമയോനോ വേറോനിക്കയോ ആകാമോ?” ആദ്യ മാർപാപ്പയോട് രക്തം വിയർത്ത് ഗത്‌സമൻ തോട്ടത്തിൽവച്ച് യേശു ചോദിച്ച അതേ ചോദ്യം. ”ഒരു മണിക്കൂർ എങ്കിലും ഉണർന്നിരിക്കാനാകില്ലേ നിനക്ക്?”

ഗാഗുൽത്തായിലെ ആ ബലിയാണ് ഓരോ വിശുദ്ധ കുർബാനയിലും ആവർത്തിക്കപ്പെടുന്നത്. കാൽവരിയിലെ ബലിയുടെ അത്രയും യോഗ്യത ഇല്ലാത്തതാണ് അനുദിനബലി എന്ന ചിന്ത ഉണ്ടോ? ഞായറാഴ്ചക്കടം വീ ട്ടാൻമാത്രം ദേവാലയത്തിൽ പോ കുന്നവരാണോ നാം? സുഖപ്പെട്ട ബാക്കി ഒൻപത് കുഷ്ഠരോഗികൾ എവിടെ എന്ന് ചോദിക്കുന്ന നാഥനാണവൻ. നമ്മുടെ സ്‌നേഹസാന്നി ധ്യം മാത്രമാണ് അവന് വേണ്ടത്. ഇതിലൂടെ സൗഖ്യപ്പെടുന്നത് എല്ലാ മേഖലകളിലുമുള്ള അന്ധതയും. കുരിശിന്റെ ചുവട്ടിൽവച്ച് റോമൻ പടയാളിക്ക് കിട്ടിയ ബാഹ്യനയനങ്ങളുടെ സൗഖ്യം, നമുക്ക് ആത്മീയസൗഖ്യത്തിന് വഴിതെളിക്കേണ്ടിയിരിക്കുന്നു.
പ്രശ്‌നങ്ങൾ എത്ര വലുതാകട്ടെ- ഇതൊരിക്കലും മാറില്ല എന്ന് ലോകം വിധിയെഴുതിയതാകാം. എന്നാൽ, അ തിലെല്ലാം മുകളിലല്ലേ ആ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും സൗഖ്യദായകശക്തി. ആകാശവും ഭൂ മിയും മുട്ടുമടക്കുന്നവനെ നാം അനുദിനം സ്വീകരിക്കുന്നുണ്ടെങ്കിൽ, അവൻ നമ്മുടെ ഉള്ളിലുണ്ടെങ്കിൽ, പിന്നെന്ത് കുറവാണ് നമുക്കുള്ളത്, ഒന്നുമില്ല.

പ്രശ്‌നങ്ങൾ മാറാനല്ല, അവനോടുള്ള സ്‌നേഹമായിരിക്കണം ഇനി അനുദിനം ബലിയർപ്പിക്കാൻ എന്നെ പ്രചോദിപ്പിക്കേണ്ടത്. ഒപ്പം ബലിയുടെ മഹത്വവും മനസിലാക്കി അർപ്പിക്കാം… ഒരു നിമിഷംപോലും അശ്രദ്ധരായി നില്ക്കാനാവുമോ ആ കാൽവരി കുരിശിന്റെ ചുവട്ടിൽ…

രഞ്ചു എസ്. വർഗീസ്

Leave a Reply

Your email address will not be published. Required fields are marked *