ഏതാനും വർഷങ്ങൾക്കുമുൻപ് ഹൈദ്രാബാദിൽ ആകാശപ്പറവകളുടെ ശുശ്രൂഷയിൽ ആയിരുന്നപ്പോൾ ഒരു മലയാളി സുഹൃത്ത് മകളുടെ വിചിത്രമായ രോഗത്തെപ്പറ്റി പറഞ്ഞു. അവൾക്ക് എല്ലാ വ്യാഴാഴ്ചയും പനി കലശലാകും. സ്‌കൂളിൽ പോകാൻ സാധിക്കുകയില്ല. പല ഡോക്ടർമാരെയും കാണിച്ചു. ഒരു കാരണവും കണ്ടുപിടിച്ചില്ല. ആ വീട് വെഞ്ചരിച്ച് പ്രാർത്ഥിക്കുവാനായി പോയി. സാധാരണ വീട് വെഞ്ചരിക്കാൻ ചെല്ലുമ്പോൾ ആദ്യം ചെയ്യുന്നത് ഷോക്കേസുകളിലെ തിന്മയുടെ മുഖഭാവമുള്ള വസ്തുക്കൾ എടുത്തുമാറ്റുകയാണ്. ആ കുട്ടിക്ക് കാർട്ടൂൺ സ്റ്റിക്കറുകൾ ഏറെ ഇഷ്ടമാണെന്ന് മനസിലായി. ഷോക്കേസിലും ചുമരുകളിലും വാതിലുകളിലും പുസ്തകങ്ങളിലും സ്‌കൂൾ ബാഗിന്റെ പുറത്തും തിന്മയുടെ മുഖഭാവമുള്ള സ്റ്റിക്കറുകൾ ഉണ്ടായിരുന്നു. സ്‌കൂളിൽ കൊണ്ടുപോകുന്ന ചോറുപാത്രം തുറന്ന് നോക്കിയപ്പോൾ അടപ്പിന്റെ ഉള്ളിൽ അതാ വാപൊളിച്ചിരിക്കുന്ന ഒരു പൈശാചികമൃഗം. അതെല്ലാം മാറ്റിയതിനുശേഷം വീട് വെഞ്ചരിച്ച് പ്രാർത്ഥിച്ചു. അവളുടെ അസുഖവും മാറി.
ആ കുടുംബം ദിവ്യകാരുണ്യ ഭക്തരായിരുന്നു. അതുകൊണ്ടാണ് വ്യാഴാഴ്ചകളിൽ ദിവ്യകാരുണ്യ സ്ഥാപന ദിവസംതന്നെ ദൈവം അടയാളങ്ങൾ അനുവദിച്ച് അവരുടെ ജീവിതത്തിൽ വിടുതലിന് അവസരമൊരുക്കിയത്.
പഴയകാലത്ത് കത്തോലിക്കരുടെ വീടുകളിൽ തിരുഹൃദയത്തിന്റെയും തിരുക്കുടുംബത്തിന്റെയും, കൂടിവന്നാൽ കുറെ വിശുദ്ധരുടെയും ഫോട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇക്കാലത്ത് പല വിശേഷങ്ങൾക്കും സമ്മാനം കൊടുക്കുന്ന സമ്പ്രദായം പരക്കെ ആയിട്ടുണ്ട്. ഈ സമ്മാനങ്ങൾ പലപ്പോഴും പിശാചിന് ക്രൈസ്തവ കുടുംബങ്ങളിലേക്ക് നുഴഞ്ഞുകയറുവാൻ തക്കവിധത്തിൽ തിന്മയുടെ മുഖഭാവം ഉള്ളതാണ്. സുഹൃത്തുക്കളും ബന്ധുക്കളും നല്കിയ വസ്തുക്കളായതുകൊണ്ട് അതെല്ലാം ഷോക്കേസുകളിൽ സ്ഥാനം പിടിക്കും. ചില വീടുകളിൽ ഇത്തരത്തിലുള്ള വസ്തുക്കളുടെ ഇടയിലായിരിക്കും ക്രിസ്തുവിന്റെ ചിത്രവും പൂജ്യവസ്തുക്കളുമൊക്കെ. ഷോക്കേസുകളിലെ വസ്തുക്കൾക്കും വാങ്ങിക്കുന്ന ആളുടെ സ്വഭാവത്തിനും തമ്മിൽ വളരെ ബന്ധമുണ്ടാകും. അതിനാൽ, ചിലപ്പോഴൊക്കെ വീട്ടിൽ കാണുന്ന വസ്തുക്കളെ നോക്കിയിട്ട് ആ വീട്ടിലെ പ്രശ്‌നത്തിന്റെ മൂലകാരണം എന്താണെന്ന് പറയുവാൻ സാധിക്കും.
കുട്ടികൾ വായിക്കുന്നതും കേൾക്കുന്നതും അവരുടെ സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്നും കുട്ടിയുടെ കളിപ്പാട്ടംപോലും അവന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്നുമുള്ള സത്യം എത്ര മാതാപിതാക്കൾക്ക് ബോധ്യമാകുന്നുണ്ട്?
ഫാ. പോൾ ഞാളിയൻ