വിശുദ്ധനായി മാറിയ കൊള്ളത്തലവൻ

പരാജയപ്പെട്ട മോഷണശ്രമത്തിനിടയിൽ കാവൽനായിൽനിന്ന് രക്ഷപ്പെടാനാണ് മോസസ് ഓടിയത്. കൊള്ളത്തലവനായ മോസസ് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഈ ഓട്ടം വിശുദ്ധിയിലേക്കാണെന്ന്. ചെറുപ്പം മുതൽ അടിമയായിരുന്ന മോസസിന്റെ ജന്മസിദ്ധമായ മോഷണ സ്വഭാവമാണ് അവനെ കൊള്ളസംഘത്തിന്റെ തലവനാക്കി വളർത്തിയത്. അദ്ദേഹം എത്തിച്ചേർന്നത് മരുഭൂമിയിലെ സന്യാസികളുടെ ഇടയിലാണ്. തിരികെ ചെന്നാൽ നിയമത്തിന്റെ പിടിയിൽപ്പെടുമെന്ന് മനസിലാക്കിയ മോസസ് കാര്യങ്ങൾ ആറിത്തണുക്കുന്നതുവരെ ആശ്രമത്തിൽ ഒളിച്ചു താമസിക്കാൻ തീരുമാനിച്ചു.

സന്യാസിമാരുടെ പ്രാർത്ഥനകൾ, ധ്യാനം, സമർപ്പണം തുടങ്ങിയവയെല്ലാം മോസസിന്റെ ജീവിതത്തിൽ അറിയാതെ മാറ്റങ്ങൾ വരുത്തുകയായിരുന്നു. മോസസ് മാമോദീസ സ്വീകരിച്ച് ഒരു സന്യാസിയായി മാറി. എന്നാൽ, മോസസിലെ ആന്തരിക സംഘട്ടനം പൂർണവളർച്ചയെത്തിയത് അപ്പോഴാണ്. ജന്മവാസനകൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. പ്രലോഭനങ്ങൾ കടൽപ്പോലെ അദ്ദേഹത്തെ വിഴുങ്ങി. ശത്രു തന്നെ ആക്രമിക്കുകയാണെന്ന് മനസിലാക്കിയ മോസസ്, താനാഗ്രഹിക്കുന്ന ജീവിതം തന്നിൽനിന്ന് കൈവിട്ടുപോകുമോയെന്ന ഭീതിയോടെ ആശ്രമാധിപനായ വിശുദ്ധ ഇസിദോറിനോട് ആകുലതകൾ പങ്കുവച്ചു.

വിശുദ്ധൻ പ്രഭാതത്തിൽ മോസസിനെ കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയിട്ട് ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിയിട്ടു പറഞ്ഞു: ”അസ്തമനത്തിനുശേഷം സൂര്യൻ പുതിയൊരു പ്രഭാതത്തിലേക്ക് ഉദിച്ചുയരുമ്പോൾ ആദ്യകിരണങ്ങൾ വളരെ സാവധാനമാണ് ഭൂമിയിലേക്ക് എത്തുന്നത്. അതുപോലെ വളരെ മന്ദഗതിയിലാണ് ഒരുവൻ പൂർണമായും മാനസാന്തരപ്പെടുന്നത്. മാനസാന്തരം പെട്ടെന്നുള്ള വളർച്ചയല്ല. മനസിന് ഒരു നിമിഷത്തിൽ എന്തോ പരിവർത്തനം സംഭവിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അത് അപ്പോഴൊന്നും പൂർണാർത്ഥത്തിലു ള്ള വളർച്ചയിലെത്തുന്നില്ല. പുഴുവിൽനിന്ന് പൂമ്പാറ്റയിലേക്കുള്ള വളർച്ചപോലെ ഒരുപാട് പരിണാമങ്ങൾക്കുശേഷമാണ് മാനസാന്തരം പൂർണ വളർച്ചയെത്തുന്നതും പക്വത പ്രാപിക്കുന്നതും. അതുകൊണ്ട് മാറാൻ കഴിയുന്നില്ലല്ലോയെന്നോർത്ത് നിരാശപ്പെടരുത്. യഥാർത്ഥ ആത്മീയതയിലേക്കുള്ള ശരിയായ പാതയിൽ തന്നെയാണ് നിന്റെ സഞ്ചാരം.”

ഇദ്ദേഹമാണ് ഈജിപ്റ്റിൽ ജീവിച്ച വിശുദ്ധ മോസസ് ദ ബ്ലാക്ക് (എഡി 330-405).

Leave a Reply

Your email address will not be published. Required fields are marked *