മധ്യസ്ഥപ്രാർത്ഥന, വിളിയും നിയോഗവും

വിനു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നന്നായി പഠിക്കാൻ കഴിവുണ്ടെങ്കിലും അവനത് വിനിയോഗിക്കാറില്ല. പഠനത്തിൽ പിൻപിലും വികൃതിയിൽ മുൻപിലുമാണവൻ. അങ്ങനെയിരിക്കെ സ്‌കൂളിൽനിന്നും ടൂറിനു പോകുന്ന കാര്യം അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. അ സംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയപ്പോൾ ക്ലാസ്ടീച്ചറും അത് ആവർത്തിച്ചു. പോകാൻ താല്പര്യമുള്ളവരുടെ പേരുകൾ കുറിച്ചെടുത്തപ്പോൾ വി നുവും പേരുകൊടുത്തു. അവൻ ഇങ്ങനെ മനസിൽ കരുതി, എന്തുതന്നെ ആയാലും നേരിട്ടു ചോദിച്ചാൽ അപ്പച്ചന്റെ അടുത്തുനിന്നും അനുവാദവും പണവും കിട്ടുക അസാധ്യം. തല്ക്കാലം അമ്മയെ മണിയടിക്കുകതന്നെ. അന്നു വൈകുന്നേരം സ്‌കൂൾ വിട്ടുവന്നതിനുശേഷമുള്ള ക്രിക്കറ്റ് കളി അവൻ വേണ്ടെന്നു വച്ചു. പകരം അമ്മയെ സഹായിക്കാൻ തീരുമാനിച്ചു. അമ്മയ്ക്ക് തേങ്ങ ഉരിച്ച് ചിരണ്ടി കൊടുത്തു. ഭാഗ്യത്തിന് അന്ന് കറന്റില്ലായിരുന്നു. വാട്ടർ ടാങ്കിലെ വെള്ളം തീർന്നു. ഇതുതന്നെ അവസരം അവൻ കിണറ്റിൽനിന്നും വെള്ളം കോരിക്കൊടുത്ത് അമ്മയെ സഹായിച്ചു. അമ്മയ്ക്ക് സന്തോഷമായി. വീണ്ടുമവൻ പറമ്പിൽ പോയി ആടുകളെയും പശുവിനെയും അഴിച്ചുകൊണ്ടുവന്ന് തൊഴുത്തിൽ കെട്ടി. അ തുകൂടി കണ്ടപ്പോൾ അമ്മയ്ക്ക് പെരുത്ത സന്തോഷം. അമ്മ പറഞ്ഞു: ഇത്രയുമൊക്കെ ചെയ്താൽ മതി. മോൻ പോയി കുളിച്ചിട്ട് വന്നിരുന്ന് കളിച്ചുകൊള്ളൂ. പിറ്റേദിവസവും തുടർന്നുള്ള ദിവസങ്ങളിലും ഇതുതന്നെ ആവർത്തിച്ചു. അമ്മയ്ക്ക് സ മാധാനമായി. അമ്മ മാതാവിന് നന്ദി പറഞ്ഞു. ഇപ്പോഴെങ്കിലും മാതാവേ എന്റെ മോന് നല്ല ബുദ്ധി കൊടുത്തല്ലോ.

ഒരാഴ്ച അങ്ങനെ കടന്നുപോയി. ഒരു ദിവസം അമ്മയ്ക്ക് തേ ങ്ങ ചിരണ്ടി കൊടുക്കുന്നതിനിടയിൽ വിനുമോൻ വിഷയമവതരിപ്പിച്ചു. അവൻ പറഞ്ഞു- എന്റെ ക്ലാസിൽനിന്നും എല്ലാവരും പോകുന്നുണ്ട്. ഞാൻ മാത്രം പോകാതിരുന്നാൽ അപ്പച്ചനും അമ്മയ്ക്കും അത് നാണക്കേടാ. ഞാനെങ്ങനെ പിന്നെ സാറന്മാരുടെയും മറ്റു കുട്ടികളുടെയും മുഖത്തുനോക്കും? അവൻ പറഞ്ഞത് ശരിയായി അമ്മയ്ക്കും തോന്നി. അമ്മ ഇക്കാര്യം അപ്പച്ചനോട് പറയണേ. അവൻ പറഞ്ഞുനിർത്തി. അമ്മ പറയാം മോനേ. പക്ഷേ, അപ്പച്ചന്റെ കൈയിൽ പണമുണ്ടോയെന്നും ഉണ്ടെങ്കിൽത്തന്നെ അപ്പച്ചൻ സമ്മതിക്കുമോ എന്നതുമാണ് സംശയം.
ഉവ്വ് അമ്മേ അമ്മ പറഞ്ഞാൽ സമ്മതിക്കും, ഉറപ്പാ.

മോന്റെ മനംമാറ്റത്തിൽ മനസലിഞ്ഞ അമ്മ തക്കസമയം നോക്കി അപ്പച്ചന്റെ അടുത്തുചെന്നു. വിനുമോന്റെ ആവശ്യം അവതരിപ്പിച്ചു. അപ്പച്ചന്റെ നെറ്റി ചുളിഞ്ഞു. കുരുത്തംകെട്ട സന്തതി പറയുന്നതെല്ലാം സാധിച്ചുകൊടുത്താൽ അവൻ നമ്മുടെ തലേകേറിയിരുന്ന് ചെവിതിന്നും. നീയാണ് അവനെ ചീത്തയാക്കുന്നത്. അമ്മ പറഞ്ഞു; കുരുത്തക്കേടൊക്കെ പണ്ടായിരുന്നു. ഇപ്പോൾ അവൻ നല്ല കുട്ടിയാ. എന്നും അവൻ എന്നെ സഹായിക്കും. അങ്ങനെ അമ്മയുടെ സ്‌നേഹപൂർണമായ മധ്യസ്ഥതയിൽ വിനുവിന് അനുവാദം കിട്ടി. പക്ഷേ, പണം അതെവിടെനിന്നു കിട്ടും? അതിന് അമ്മ പരിഹാരം പറഞ്ഞുകൊടുത്തു. നമുക്ക് മുട്ടനാടിനെ വില്ക്കാം. അങ്ങനെ ആ പ്രശ്‌നവും പരിഹരിച്ചു. വിനു വലിയ സന്തോഷത്തോടെ ടൂറിനു പോയി മടങ്ങിയെത്തി.

അമ്മയുടെ മധ്യസ്ഥ ശക്തി
ഇവിടെ അമ്മയുടെ മധ്യസ്ഥ ശക്തിയിലുള്ള വിശ്വാസമാണ് വിനുവിന് വിജയം നേടിക്കൊടുത്തത്. അമ്മച്ചിയും അപ്പച്ചനും സ്‌നേഹത്തിൽ ഒന്നാണെന്നും അമ്മച്ചി പറഞ്ഞാൽ അപ്പച്ചൻ കേൾക്കുമെന്നും വിനുവിന് നന്നായി അറിയാമായിരുന്നു. ആ ഉറപ്പാണ് അമ്മയുടെ മധ്യസ്ഥത യാചിക്കുന്നതിന് വി നുവിനെ പ്രേരിപ്പിച്ചത്. അത് ഫലിക്കുകയും ചെയ്തു.

പരിശുദ്ധ അമ്മയുടെയും വിശുദ്ധന്മാരുടെയും മധ്യസ്ഥതയും ഇതുപോലെ തന്നെയാണ്. അവർ സ്‌നേഹത്തിൽ പരിശുദ്ധ ത്രിത്വത്തോട് ഏറ്റവും ചേർന്നിരിക്കയാൽ അവർ ദൈവത്തോട് ചോദിക്കുന്നത് നല്കാതിരിക്കുവാൻ ദൈവത്തിന് കഴിയാതെ പോകുന്നു.

കാനായിലെ കല്യാണവിരുന്നുതന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. ദൈവത്തിന്റെ പദ്ധതിയല്ലായിരുന്നിട്ടുപോലും പരിശുദ്ധ അമ്മ ഈശോയോട് അവർക്ക് വീഞ്ഞില്ല എന്ന് പറയുമ്പോൾ അമ്മയുടെ പ്രാർത്ഥന ഈശോ ചെവിക്കൊണ്ടു. ”സ്ത്രീയേ എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല” (യോഹ. 2:4) എന്ന യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്ന ഒരു സംഗതിയുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞ യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുവാനുള്ള പിതാവിന്റെ പദ്ധതിപ്രകാരമുള്ള യേശുവിന്റെ സമയം ഇനിയും ആയിട്ടില്ല എന്നതാണ്. യേശു ഇപ്രകാരം പറഞ്ഞിട്ടും പരിശുദ്ധ അമ്മ തികഞ്ഞ ആത്മവിശ്വാസത്തോടെ പരിചാരകരോട് പറയുന്നു: ‘അവൻ പറയുന്നത് ചെയ്യുവിൻ.’ യേശുവാകട്ടെ താൻ സ്‌നേഹിക്കുന്ന അമ്മയെ ബഹുമാനിച്ചുകൊണ്ട് ആ അസമയത്തുതന്നെ വെള്ളം വീഞ്ഞാക്കി മാറ്റിക്കൊണ്ട് തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നു. ഇതാണ് അമ്മയുടെ മധ്യസ്ഥത്തിന്റെ ശക്തി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടുന്നവരെ, അമ്മയുടെ വിമലഹൃദയത്തിൽ അഭയം തേടുന്നവരെ അമ്മ ഒരു കാലത്തും കൈവെടിയുകയില്ല.

ഇതിനോട് തികച്ചും ചേർന്നുപോകുന്നതാണ് വിശുദ്ധന്മാരുടെ മാ ധ്യസ്ഥ്യവും. ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്തിൽ പൗലോസ് ശ്ലീഹായെപ്പോലെ ‘എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്’ എന്ന രീതിയിൽ ജീവിച്ച അവരെ ദൈവം സ്വർഗത്തിൽ ഏറെ ബഹുമാനിക്കുന്നു.

ആരാണ് എന്റെ അമ്മ, ആരാണ് എ ന്റെ സഹോദരർ? എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്ന് ഈ ലോകത്തിൽവച്ചുതന്നെ അവിടുന്ന് പറഞ്ഞിട്ടുണ്ട്. സ്വർഗത്തിൽ അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയിൽ വാഴുമ്പോൾ പരിശുദ്ധ അമ്മയ്ക്ക് പിതാവായ ദൈവം നല്കിയ മഹത്വത്തോട് തുല്യമല്ല വിശുദ്ധരുടെ മഹത്വമെങ്കിലും പരിശുദ്ധ അമ്മയെ കാണുന്നതുപോലെതന്നെ പരിശുദ്ധ ത്രിത്വം വിശുദ്ധരെയും സ്‌നേഹിക്കുകയും ആദരിക്കുകയും അ വരുടെ പ്രാർത്ഥനകൾക്ക് ചെവികൊടുക്കുകയും ചെയ്യുന്നു. അവർ ആർക്കുവേ ണ്ടി പ്രാർത്ഥിക്കുന്നുവോ, അവരുടെ ജീവിതങ്ങൾ കൃപ സ്വീകരിക്കുവാൻ തക്ക യോഗ്യതയുള്ളതല്ലെങ്കിൽ പോലും തന്റെ അമ്മയെയും വിശുദ്ധരെയും ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം കൊടുക്കുന്നു.

മോശയുടെ മാധ്യസ്ഥ്യം
ഇസ്രായേൽ ജനത്തിന്റെ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ദൈവം താൻ വാഗ്ദാനം ചെയ്ത കാനാൻദേശം പോയി നോക്കിക്കണ്ട് തിരികെ വരുവാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോരുത്തരെവീതം ഒരു സംഘത്തെ അയക്കുവാൻ ദൈവം മോശയോട് കല്പിച്ചു. അവർ കാനാനിലെത്തി 40 ദിവസം അ വിടെ സൂക്ഷ്മ നിരീക്ഷണം നടത്തി. തേ നും പാലും ഒഴുകുന്ന കാനാൻദേശം കണ്ട് അവർ അത്ഭുതസ്തബ്ധരായി. പക്ഷേ, അവിടുത്തെ മനുഷ്യർ വലിയവരായിരുന്നു. അവർ തിരികെ ചെന്ന് ഇസ്രായേൽ ജനത്തോട് പാലും തേ നും ഒഴുകുന്ന കാനാൻ ദേശത്തെക്കുറിച്ച് പറഞ്ഞുവെങ്കിലും അവിടുത്തെ ജനങ്ങളെക്കുറിച്ച് തെറ്റായ ധാരണ നല്കി. അവർ മല്ലന്മാരും ഭീകരന്മാരും ആ ദേശത്തേക്ക് പ്രവേശിക്കുന്നവരെ നശിപ്പിക്കാൻ തക്കവിധം ശക്തന്മാരും ആണെന്നും അങ്ങോട്ട് പോകുന്നത് അപകടമാണെന്നും അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ജനം ഇളകിവശായി. അവർ മോശയ്ക്കുപകരം മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുവാനും ആ നേതാവിന്റെ നേതൃത്വത്തിൽ തിരികെ ഈജിപ്തിലേക്ക് പോകുവാനും തീരുമാനിച്ചു.

കർത്താവിന്റെ കോപം ഇസ്രായേ ൽക്കാരുടെമേൽ കത്തിജ്വലിച്ചു. അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ”ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പി ക്കും? അവരുടെ മധ്യേ ഞാൻ പ്രവർ ത്തിച്ചിട്ടുള്ള അടയാളങ്ങൾ കണ്ടിട്ടും എത്രനാൾ എന്നെ അവർ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരികൊണ്ട് പ്രഹരിച്ച് നിർമൂലനം ചെയ്യും. എന്നാൽ, അവരെക്കാൾ വലതും ശക്തവുമായ ഒരു ജനതയെ നിന്നിൽനിന്നും പുറപ്പെടുവിക്കും” (സംഖ്യ 14:11-12).

മോശ ഇതുകേട്ട് അവിടുത്തെ മുൻ പിൽ കമിഴ്ന്നുവീണ് ഇപ്രകാരം പ്രാർത്ഥിച്ചു; കർത്താവേ, അവിടുന്ന് ഇസ്രായേൽ ജനത്തിന്റെ കൂടെയുണ്ടെന്ന് ഈജിപ്തുകാർക്ക് നന്നായി അറിയാം. അവിടുന്ന് ഇവരെ ഒന്നടങ്കം നശിപ്പിച്ചാൽ ഈജിപ്തുകാർ ഇപ്രകാരം പറയും: ”അവർ ക്ക് കൊടുക്കാമെന്ന് സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കാൻ കഴിവില്ലാത്തതുകൊണ്ട് മരുഭൂമിയിൽ വച്ച് അവൻ അവരെ കൊന്നുകളഞ്ഞു” (സം ഖ്യ 14:16). അനന്തരം മോശ ഇപ്രകാരം പ്രാർത്ഥിച്ചു: ‘കർത്താവേ, അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അങ്ങയുടെ ശക്തി വലുതാണെന്ന് പ്രകടമാക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ അനന്തരം മോശ ജനത്തിന്റെ പാപമോചനത്തിനായി പ്രാർത്ഥിച്ചു. ദൈവം മോശയുടെ പ്രാർത്ഥന കേട്ടു. അവിടുന്ന് അവരുടെ പാപങ്ങൾ ക്ഷമിച്ചു. സംഭവിക്കാനിരുന്ന സമ്പൂർണമായ നിർമൂലനത്തിൽനിന്നും മോശയുടെ മാധ്യസ്ഥ്യത മൂലം ഇസ്രായേൽജനം രക്ഷപ്പെട്ടു.

പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥ്യത്തിന് ഇതുപോലുള്ള ശക്തിയുണ്ട്. അത് അതിക്രമങ്ങളുടെ ഫലമായി മനുഷ്യമക്കളുടെമേൽ പതി ക്കാനിടയുള്ള കർത്താവിന്റെ കോപത്തി ൽനിന്നും നമ്മെ വിടുവിക്കുന്നു. മാത്രമല്ല, നമ്മൾ അയോഗ്യരും ബലഹീനരുമായിരിക്കുമ്പോൾത്തന്നെ കർത്താവിന്റെ കരുണ നമ്മുടെമേൽ ഒഴുകുന്നതിന് അ ത് കാരണമായിത്തീരുകയും ചെയ്യുന്നു.

യേശുവിന്റെ മാധ്യസ്ഥ്യം
യേശുവാണ് ഏകമധ്യസ്ഥൻ. മറ്റുള്ള മധ്യസ്ഥന്മാരോ യേശുവിന്റെ മാധ്യസ്ഥ്യ ശക്തിയുടെ ഓഹരിക്കാർ മാത്രമാണ്. എന്തെന്നാൽ, തിരുവചനത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ”ദൈവത്തി നും മനുഷ്യർക്കും മാധ്യസ്ഥ്യനായി ഒരുവനേയുള്ളൂ- മനുഷ്യനായ യേശുക്രിസ്തു” (1 തിമോത്തി 2:5). പരിശുദ്ധ അമ്മയുടെയും മറ്റെല്ലാ വിശുദ്ധരുടെയും മാധ്യസ്ഥ്യശക്തി യേശുവി ന്റെ മാധ്യസ്ഥ്യ ശക്തിയുടെ കീഴിൽ അവിടുത്തെ മാധ്യസ്ഥ്യത്തോടു ചേർ ന്നുള്ള മാധ്യസ്ഥ്യശക്തിയാണ്. ഇത് യേശുവിന്റെ പിതാവിന്റെ സന്നിധിയിലുള്ള മധ്യസ്ഥശക്തിയെ ചോർത്തിക്കളയുകയല്ല കൂടുതൽ മഹത്വമുള്ളതാക്കിത്തീർക്കുകയാണ് ചെയ്യുന്നത്. നമ്മൾ നടത്തുന്ന മാധ്യസ്ഥ്യ പ്രാർത്ഥനകൾ യേശുവിന്റെ നാമത്തിൽ നാം അർപ്പിക്കുമ്പോഴാണ് അവ സ്വീകാര്യമായിത്തീരുന്നത്. നമ്മുടെ പല പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കാത്തത് നമ്മളത് യേശുവിന്റെ നാമത്തിൽ പിതാവിന് അർപ്പിക്കുന്നില്ല എന്ന കാരണത്താലാണ്. നമുക്ക് നേരിട്ട് പിതാവായ ദൈവത്തോട് മറ്റുള്ളവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാനുള്ള യോഗ്യതകൾ ഒന്നുമില്ല. എന്നാൽ, നമ്മളെ ദൈവത്തോടു രമ്യതപ്പെടുത്തിയ യേശുവിന്റെ രക്തവും അവിടുത്തെ നാമവുമാണ് മാധ്യസ്ഥ്യതയ്ക്കുള്ള വരം നമുക്ക് ദാനമായി നല്കുന്നത്. എന്തെന്നാൽ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ”എന്നാൽ ഒരിക്കൽ വിദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ യേശുക്രിസ്തുവിൽ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു” (എഫേസൂസ് 2:13). നമ്മുടെ പാപം നിമിത്തം പിതാവായ ദൈവത്തിൽനിന്നും വിദൂരസ്ഥരായിത്തീർന്ന നമ്മളെ അവിടുത്തെ പുത്രന്റെ മരണമാണ് അവിടുന്നുമായി ഒന്നിച്ചുചേർത്തത്. ഈ ഒന്നിച്ചുചേർക്കലാണ് ദൈവത്തിന്റെയും മനുഷ്യന്റെയും മധ്യത്തിലുള്ള മതിലുകൾ ഇല്ലാതാക്കുകയും അവിടെ സമാധാനം സ്ഥാപിക്കുകയും ചെയ്തത്. ”കാരണം, അവൻ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്തു” (എഫേസൂസ് 2:14). ഇത് പിതാവായ ദൈവം നമ്മോടു കാണിച്ച അത്യധികമായ കാരുണ്യത്തിന്റെ പ്രവൃത്തിയത്രേ. ദൈവസ്‌നേഹത്തിന്റെ പൂർണത അവിടുന്ന് തന്റെ പുത്രന്റെ രക്തത്താൽ അവിടുന്ന് സംജാതമാക്കിയ ഈ ഐക്യത്തിൽ നാം കാണുന്നു. തിരുവചനങ്ങൾ ഇപ്രകാരം പറയുന്നു: ”നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാര ബലിയായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം” (1 യോഹ.4:10).

ദൈവത്തിന്റെ ഈ അനന്തമായ സ്‌നേഹമാണ് മാതാവിനോടും സകല വിശുദ്ധരോടുമൊപ്പം യേശുനാമത്തിൽ പിതാവിന്റെ സന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കാനുള്ള വിളിയും യോഗ്യതയും നമുക്ക് നേടിത്തന്നിരിക്കുന്നത്.

മധ്യസ്ഥപ്രാർത്ഥന വിളിയും നിയോഗവും
യേശുവിന്റെ നാമത്തിൽ സകല വിശുദ്ധരോടും ചേർന്ന് പിതാവിന്റെ സന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കാനുള്ള വിളി ഓരോ ക്രൈസ്തവനും നല്കപ്പെട്ടിരിക്കുന്നു. ഇത് നമ്മെ സംബന്ധിച്ചുള്ള ദൈവനിയോഗവുമാണ്. വചനങ്ങൾ ഇപ്രകാരം നമ്മെ ആഹ്വാനം ചെയ്യുന്നു: ”നിങ്ങൾ അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി പ്രാർത്ഥിക്കുവിൻ” (എഫേ. 6:18). വിശുദ്ധർ എന്നതുകൊണ്ട് ഇവിടെ വ്യക്തമാക്കുന്നത് യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്ന ഓരോ ക്രൈസ്തവനെയുമാണ്. നാം സഭയ്ക്കുവേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് ഈ വചനം വ്യക്തമാക്കുന്നു. വിശുദ്ധരായവർക്കുവേണ്ടി മാത്രമല്ല, പാപത്തിൽ നിപതിച്ചവർക്കുവേണ്ടിയും പ്രാർത്ഥനകളും യാചനകളും അർപ്പിക്കുവാനും അവരെ പാപമാർഗത്തിൽനിന്നും തിരികെ കൊണ്ടുവരാനും അവിടുന്ന് ആഗ്രഹിക്കുന്നു. ”എന്റെ സഹോദരരേ, നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്നു വ്യതിചലിക്കുകയും അവനെ വേറൊരാൾ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കിൽ പാപിയെ തെറ്റായ മാർഗത്തിൽ നിന്നും പിന്തിരിക്കുന്നവൻ, തന്റെ ആത്മാവിനെ മരണത്തിൽനിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങൾ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ” (യാക്കോബ് 5:19-20).

പാപികൾക്കും വിശുദ്ധർക്കും വേണ്ടി മാത്രമല്ല, അധികാരികൾക്കും ഉന്നതസ്ഥാനീയർക്കും വേണ്ടി യേശുനാമത്തിൽ പ്രാർത്ഥനകളും യാചനകളും അർപ്പിക്കണമെന്ന് കർത്താവിന്റെ ആ ത്മാവ് നമ്മളോട് ആവശ്യപ്പെടുന്നു. ”എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കുവാൻ നമുക്കിടയാകത്തക്കവണ്ണം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കും വേണ്ടിയും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും ദൈവസന്നിധിയിൽ സ്വീകാര്യവുമത്രേ” (1 തിമോത്തി. 2:2).

ഇതുമാത്രം പോരാ. സകല ജനതതികൾക്കുംവേണ്ടി നാം പിതാവിനോട് പുത്രന്റെ നാമത്തിൽ പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധാത്മാവ് തിരുവചനത്തിലൂടെ നമ്മോട് ആഹ്വാനം ചെയ്യുന്നു. ”എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോത്തി. 2:1).

ഈ വിളി എന്റേതും നിങ്ങളുടേതും!
ലോകം മുഴുവനെയും ക്രിസ്തുവി ന്റെ സ്‌നേഹത്തിലേക്കും അവിടുത്തെ രക്ഷയിലേക്കും അടുപ്പിക്കുവാൻ നിരന്തരം മാധ്യസ്ഥ്യം വഹിക്കുക എന്ന വിളി വിശുദ്ധരുടെയോ ഏതാനും ചില സന്യസ്തരുടെയോ നവീകരണത്തിൽ വന്നിരിക്കുന്ന ചിലരുടെയോ മാത്രം നിയോഗവും അവകാശവുമല്ല. ഇത് ക്രിസ്തുസ്‌നേഹത്തിലേക്ക് കടന്നുവന്ന ഓരോ ക്രിസ്ത്യാനിയുടെയും വിളിയാണ്. നമ്മുടെ കുടുംബത്തിൽത്തന്നെ ദൈവസ്‌നേഹാനുഭവത്തിലേക്ക് കടന്നുവരാത്തവരെ യേശുനാമത്തിൽ പിതാവിന് സമർപ്പിച്ച് നാം പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. അതുപോലെ രോഗികളും കുറ്റവാളികളും പാപത്തിനടിമപ്പെട്ടവരും ആരോരും പ്രാർത്ഥിക്കുവാനില്ലാതെ ശുദ്ധീകരണാഗ്നിയിൽ കഴിയുന്ന ഓരോ ആത്മാവിനുംവേണ്ടി നാം പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു. ”നിങ്ങൾ ലോ കമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ” എന്ന ക്രിസ്തുനാഥന്റെ ആഹ്വാനം ഓരോ ക്രൈസ്തവന്റെയും ദൈവവിളിയാണ്. ഈ ദൈവവിളി വ്യ ക്തിപരമായും സമൂഹപരമായും തിരിച്ചറിഞ്ഞുകൊണ്ട് നാം സകല ലോകങ്ങളുടെയും സുവിശേഷവത്കകരണത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.

നമുക്കിങ്ങനെ പ്രാർത്ഥിക്കാം
പിതാവായ ദൈവമേ, ഞങ്ങളങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു. അവിടുത്തെ പുത്രന്റെ നാമത്തിൽ ഞങ്ങളുടെ അമ്മയായ പരിശുദ്ധ മറിയത്തോടും സകല വിശുദ്ധരോടും മാലാഖമാരോടും ചേർന്ന് മധ്യസ്ഥപ്രാർത്ഥന നടത്തുവാൻ അവിടുന്നു നല്കിയ വലിയ വിളിയെ ഓർത്ത് ഞാൻ നന്ദി പറയുന്നു. ഈ വിളിയോട് വിശ്വസ്തത പുലർത്തിക്കൊണ്ട് ലോകം മുഴുവനെയും അങ്ങയുടെ പരിശുദ്ധമായ സ്‌നേഹത്തിലേക്കും അവിടുത്തെ പുത്രനിലൂടെ ലഭിക്കുന്ന രക്ഷയിലേക്കും നയിക്കുവാൻ പാപിയായ എന്നെയും അവിടുന്ന് യോഗ്യനാക്കണമേ- ആമ്മേൻ.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *