ദൈവവഴിയിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ

‘കാഴ്ചബംഗ്ലാവിൽ നിന്നൊരു ദൃശ്യം’ (A view from the zoo)  പ്രസിദ്ധമായ ഒരു കൃതിയാണ്. അതിൽ മനോഹരമായൊരു ദൃശ്യവർണനയുണ്ട്. ഒരു തള്ളജിറാഫ് അതിന്റെ കുഞ്ഞിനെ എങ്ങനെ മികച്ച ഓട്ടക്കാരനാകുവാൻ പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണത്. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞാലുടൻ ജിറാഫ് ചെയ്യുന്ന ഒരു കാര്യം മറ്റേതൊരു അമ്മയും ചെയ്യുന്നതുതന്നെയാണ്. പിറന്നുവീണ കുഞ്ഞിനെ കൺകുളിർക്കെ ഒന്നു കാണുക! അപ്പോൾ കുഞ്ഞുജിറാഫ് അതിന്റെ കണ്ണുകൾ അമ്മയുടെ മുഖത്തേക്ക് തിരിക്കും. ‘എന്റെ അമ്മ എന്നെ ഇപ്പോൾ നക്കും, ലാളിക്കും’ എന്നൊക്കെയായിരിക്കും ആ കുഞ്ഞ് പ്രതീക്ഷിക്കുക. പക്ഷേ, അതിന്റെ പ്രതീക്ഷകൾക്ക് തികച്ചും വിരുദ്ധമായി തള്ളജിറാഫ് ചെയ്യുന്നതെന്താണോ? അതിന്റെ വലതുകാൽ ഉയർത്തി നിലത്തു കിടക്കുന്ന കുഞ്ഞിനെ തൊഴിക്കും. അപ്രതീക്ഷിതമായ തൊഴി കിട്ടുമ്പോൾ കുഞ്ഞുജിറാഫ് വേദനകൊണ്ട് പുളയും. അത് അമ്മയിൽനിന്ന് രക്ഷപ്പെടുവാൻ പുറകോട്ടു നിരങ്ങി നീങ്ങും. എന്നാൽ തള്ളജിറാഫ് വിടുകയില്ല. അത് പിറകെ ചെന്ന് വീണ്ടും തൊഴിക്കും. ഇപ്രാവശ്യം കുഞ്ഞ് മറ്റു മാർഗമില്ലാത്തതിനാൽ എഴുന്നേല്ക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അതിന്റെ കുഞ്ഞുകാലുകളിൽ അത് വിറച്ച്, വിറച്ച് എഴുന്നേറ്റ് നില്ക്കുമ്പോൾ തള്ള ചെയ്യുന്നത് അല്പം ക്രൂരമാണെന്നുതന്നെ തോന്നും. അതിന്റെ വിറയ്ക്കുന്ന കാലുകളിൽ നോക്കി വീണ്ടും തൊഴിക്കും. അപ്പോൾ ആ കുഞ്ഞ് നിലത്ത് വീഴുന്നു. തള്ളജിറാഫ് വീണ്ടും തൊഴിക്കും. കുഞ്ഞ് എഴുന്നേല്ക്കുന്നു. വീണ്ടും തൊഴിക്കുമ്പോൾ അത് തള്ളയിൽനിന്ന് രക്ഷപ്പെടുവാൻ മെല്ലെ ഓടുവാൻ ശ്രമിക്കുന്നു. തള്ള പിന്തുടർന്ന് തൊഴിക്കുന്നു. ഈ പരിശീലനം മണിക്കൂറുകളോളം നീണ്ടുനില്ക്കുന്നു. പരിശീലനത്തിലൂടെ കുഞ്ഞ് മികച്ച, വേഗമേറിയ ഓട്ടക്കാരനായി മാറുന്നു.

ലോകത്തിന്റെ ഹ്രസ്വദൃഷ്ടി
ഞാൻ നിങ്ങളോട് ചോദിക്കട്ടെ; ഈ തള്ളജിറാഫിന് കുഞ്ഞിനോട് സ്‌നേഹമില്ലാത്തതുകൊണ്ടാണോ ഇപ്രകാരം അതിനെ തൊഴിച്ച് വേദനിപ്പിക്കുന്നത്? അല്ലെന്നു മാത്രമല്ല, ആ തള്ളയ്ക്ക് കുഞ്ഞിനോട് അതിരുകവിഞ്ഞ സ്‌നേഹം ഉള്ളതുകൊണ്ടുതന്നെയാണത്. എന്താണ് കാരണം? ജിറാഫ് കുഞ്ഞിനെ പ്രസവിക്കുന്നത് വനത്തിലാണ്. അവിടെ ഏതു നിമിഷവും ഹിംസ്രജന്തുക്കളായ സിംഹം, കടുവ, പുലി ഇവയൊക്കെ കടന്നുവരാം. അപ്പോൾ തള്ള ജിറാഫിന് ഓടി രക്ഷപ്പെടാം. ഈ കുഞ്ഞിന്റെ കാര്യമോ? അതിനെ ചുമന്നുകൊണ്ടുപോകുവാൻ തള്ളയ്ക്ക് സാധിക്കുമോ? അതിന് ഓടി രക്ഷപ്പെടുവാൻ സാധിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും. അതുകൊണ്ട് തല്ക്കാലം ഈ പരിശീലനം വേദനാജനകമാണെങ്കിലും, ആത്യന്തികമായി അത് കുഞ്ഞിന്റെ നന്മയ്ക്ക് സഹായകരമാകുന്നതാണ്.

ഈ ദൃശ്യം കാണുമ്പോൾ നിങ്ങളുടെ മനസിൽ മനോഹരമായൊരു സാദൃശ്യം കാണുവാൻ സാധിച്ചെന്നുവരും. തള്ളജിറാഫിന്റെ സ്ഥാനത്ത് ദൈവത്തെ കാണുക. കുഞ്ഞിന്റെ സ്ഥാനത്ത് മനുഷ്യരായ നമ്മെ ഓരോരുത്തരെയും. ദൈവവും ഇപ്രകാരം ഓരോ തൊഴി നമുക്ക് നല്കാറുണ്ട്. അതൊരു ഗൗരവരോഗമായിരിക്കാം, അപകമാനകരമായ അനുഭവമായിരിക്കാം, ഒരു പരാജയമായിരിക്കാം, പ്രിയപ്പെട്ടവരുടെ അകാലമരണമായിരിക്കാം, തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതകളായിരിക്കാം. എന്തുമായിക്കൊള്ളട്ടെ- അവ നമ്മെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്.

ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്തിനാണ് ഇപ്രകാരം വേദനകൾ അനുവദിക്കുന്നത്? പലരും ചോദിക്കുന്ന ചോദ്യമാണിത്. ഉത്തരം ഒന്നു മാത്രമേയുള്ളൂ- ദൈവം നമ്മുടെ യഥാർത്ഥ ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നു. നമുക്ക് ഹ്രസ്വദൃഷ്ടിയാണുള്ളത്. ഈ ലോകത്തിൽ സുഖമായി ജീവിക്കണം. അതിനുള്ള അനുഗ്രഹങ്ങൾ, സാഹചര്യങ്ങൾ ലഭിക്കണം. എന്നാൽ ദൈവപിതാവിന് നമ്മെക്കുറിച്ച് ഉന്നതമായ ചിന്തയാണുള്ളത്. നാം അവിടുത്തെ മുഖത്തേക്ക് നോക്കണം. ഏത് പിതാവാണ് മകൻ തന്റെ മുഖത്തേക്ക് നോക്കണം, തന്നെ തിരിച്ച് സ്‌നേഹിക്കണം എന്ന് ആഗ്രഹിക്കാത്തത്? മാത്രമല്ല താൻ ആയിരിക്കുന്ന ഇടത്തെ ലക്ഷ്യമാക്കി, സ്വർഗത്തെ ലക്ഷ്യമാക്കി ഭൂമിയിൽ മക്കൾ ജീവിക്കണമെന്ന് ദൈവപിതാവ് ആഗ്രഹിക്കുന്നു. നമുക്ക് കിട്ടുന്ന തൊഴികൾ ഈയൊരു വീക്ഷണത്തിൽ കാണുമ്പോൾ അവയ്ക്ക് എന്തെന്നില്ലാത്ത അർത്ഥതലമുണ്ടാകുന്നില്ലേ? ഈ ലോകത്തിൽ നമ്മുടെ ആത്മാക്കളെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന പാപത്തിന്റെ ഹിംസ്രജന്തുക്കളിൽനിന്ന് ഓടിയകലുവാൻ ജീവിതത്തിലുണ്ടാകുന്ന ദുഃഖാനുഭവങ്ങൾ നമ്മെ സഹായിക്കുന്നു. കാരണം, ഇത്തരത്തിലുള്ള തകർച്ചകൾ ഉണ്ടാകുമ്പോഴാണ് പലരും ആത്മാർത്ഥമായി ദൈവത്തെ അന്വേഷിക്കുന്നത്. മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തി ഒരു അഗ്നിസ്‌നാനം സ്വീകരിക്കുകയാണ്. സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നതുപോലെതന്നെ, സഹനത്തിന്റെ ചൂളയിൽ ദൈവത്തിന് സ്വീകാര്യരായ ദൈവമക്കളും ശുദ്ധീകരിക്കപ്പെടുന്നു. അതിനാൽ ഈ തൊഴികൾ അപ്രതീക്ഷിതമാണെങ്കിലും നാം അവയെ ഭയപ്പെടേണ്ടതില്ല. എന്നുമാത്രമല്ല അവയെ ഹൃദയപൂർവം സ്വീകരിക്കണം. കാരണം, അവ ഒരിക്കലും നമുക്ക് നാശകരമാവുകയില്ല. തള്ള തൊഴിച്ചാൽ പിള്ളയ്ക്ക് കേടില്ല എന്നുതന്നെയാണല്ലോ പഴഞ്ചൊല്ല്. പിള്ളയ്ക്ക് അപകടമുണ്ടാകുന്ന രീതിയിൽ തള്ള ഒരിക്കലും തൊഴിക്കുകയില്ല. അതുപോലെ തന്നെയാണ് ദൈവപിതാവും. തന്റെ മക്കൾ തകർന്നുപോകുന്ന വേദന അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല. സഹനങ്ങൾ അനുവദിക്കുന്ന അവിടുന്ന് അത് നേരിടുവാനുള്ള ശക്തിയും തന്നുകൊണ്ട് നമ്മുടെ കൂടെ നടക്കുന്നുണ്ട്. ദൈവവചനം ഇത് സാക്ഷ്യപ്പെടുത്തുന്നു: ”ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നിങ്ങൾക്ക് നല്കും” (1 കോറിന്തോസ് 10:13).

ദൈവം കാണുന്ന കരച്ചിലുകൾ
നല്ലവരായ മനുഷ്യർ എന്തുകൊണ്ട് സഹനാനുഭവങ്ങളിലൂടെ കടന്നുപോകുവാൻ ഇടയാകുന്നു? പഴയ നിയമത്തിൽനിന്ന് ഒരു വ്യക്തിയെ നിങ്ങൾക്ക് പരിചയപ്പെടുത്താം. അത് തോബിത് ആണ്. ദൈവവഴിയിലൂടെത്തന്നെ നടന്ന വ്യക്തി. ”ഞാൻ, തോബിത്, ജീവിതകാലമത്രയും സത്യത്തിന്റെയും നീതിയുടെയും മാർഗത്തിലൂടെയാണ് ചരിച്ചത്” എന്ന് നെഞ്ചിൽ കൈവച്ച് പറയുന്ന ഒരാൾ. അദ്ദേഹത്തിന്റെ സ്വന്ത ഗോത്രക്കാരായ നഫ്താലി ഗോത്രക്കാരും ഇസ്രായേലിലെ മറ്റു ഗോത്രങ്ങളും സത്യദൈവമായ യഹോവയെ ഉപേക്ഷിച്ച് ബാൽ കാളക്കുട്ടിക്ക് ബലിയർപ്പിച്ച് പോന്നപ്പോൾ, സത്യദൈവത്തെ മുറുകെ പിടിച്ച് ജീവിച്ചവനാണ് തോബിത്. അദ്ദേഹം കൂടെക്കൂടെ ദൈവത്തെ ആരാധിക്കുവാൻ സ്വന്തം പണം മുടക്കി ജറുസലെമിൽ പോയി. ദശാംശം പുരോഹിതർക്കും പാവപ്പെട്ടവർക്കുമായി കൃത്യമായി നല്കിയിരുന്നു. ഇങ്ങനെയൊക്കെ ജീവിച്ച അദ്ദേഹം കടന്നുപോയ സഹനവഴികൾക്ക് കണക്കില്ല. ബാല്യത്തിൽ പിതാവ് മരിച്ചു. അങ്ങനെ അദ്ദേഹം അനാഥനായി. പിന്നീട് തടവുകാരനായി പിടിക്കപ്പെട്ടു. തെറ്റിദ്ധാരണമൂലം രാജാവ് അദ്ദേഹത്തിന്റെ വസ്തുവകകൾ കണ്ടുകെട്ടി. എന്നാൽ, ഈ തൊഴികളൊന്നും അദ്ദേഹത്തെ തളർത്തിയില്ല. എന്നുമാത്രമല്ല, ദൈവമാർഗത്തിലൂടെമാത്രം സഞ്ചരിക്കുവാൻ കൂടുതൽ കാരണമാകുകയും ചെയ്തു.

എന്നാൽ അദ്ദേഹം തളർന്നുപോയ ഒരു ദുഃഖാനുഭവം തുടർന്നുണ്ടായി. സത്പ്രവൃത്തികൾ ചെയ്യുവാൻ ഉത്സുകനായിരുന്ന തോബിത്, ഒരു ദിവസം കേട്ടത് തെരുവിൽ ഒരു യഹൂദന്റെ ജഡം അനാഥമായി കിടക്കുന്നു എന്നാണ്. ആ മനുഷ്യന്റെ ആത്മാവിന് അന്ത്യപ്രാർത്ഥനകളൊന്നും ലഭിച്ചില്ല. ഒരു മൃഗത്തിന്റെ ജഡംപോലെ ആ മനുഷ്യന്റെ ശരീരം കിടക്കുന്നു. തന്റെ ബഹുമാനാർത്ഥം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യക്ക് ഇരിക്കുമ്പോഴാണ് തോബിത് ഈ വാർത്ത കേൾക്കുന്നത്. അദ്ദേഹം ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു. തെരുവിൽച്ചെന്ന് അനാഥ ജഡം വേണ്ട രീതിയിൽ മറവുചെയ്തു. ആരും അദ്ദേഹത്തെ സഹായിച്ചില്ലെന്നു മാത്രമല്ല, അയല്ക്കാരുടെ പരിഹാസമാണ് അദ്ദേഹത്തിന് കിട്ടിയത്. ഇപ്രകാരം ശാരീരികമായും മാനസികമായും തളർന്ന അദ്ദേഹം ഒരു മരത്തിന്റെ കീഴിൽ വിശ്രമിക്കുവാൻ കിടന്നു. അപ്പോളതാ മറ്റൊരു കഠിനമായ പരീക്ഷണം. മരത്തിന്റെ മുകളിലിരുന്ന കുരുവികളുടെ ചൂടുകാഷ്ഠം അദ്ദേഹത്തിന്റെ കണ്ണുകളിൽ വീണ് വെളുത്ത പടലങ്ങൾ ഉണ്ടായി, കാഴ്ച നഷ്ടപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയിൽനിന്നുപോലും കുത്തിനോവിക്കുന്ന വാക്കുകൾ കേൾക്കുവാൻ ഇടയായി.

തോബിത് ശരിക്കും തകർന്നുപോയി. എന്നാൽ അദ്ദേഹം ചെയ്ത കാര്യമാണ് ശ്രദ്ധിക്കേണ്ടത്. അദ്ദേഹം ആ തകർച്ചയിൽ നിരാശനായില്ല. കാരണം, അദ്ദേഹം ആശ്വാസത്തിനായി തിരിഞ്ഞത് ദൈവത്തിലേക്കാണ്. ദുഃഖത്തിന്റെ നാളുകളിൽ ദൈവമുഖത്തേക്ക് നോക്കി കരയുവാൻ നമുക്ക് സാധിക്കണം. ആ കരച്ചിൽ രക്ഷ കൈവരുത്തും. ദൈവമുഖത്തേക്ക് നോക്കുവാൻ സാധിക്കാത്തവരാണ് തളർന്ന്, നിരാശയ്ക്ക് അടിമപ്പെടുന്നത്.

ഹൃദയവ്യഥയോടെയുള്ള പ്രാർത്ഥന
തോബിത് ദൈവസന്നിധിയിൽ ദുഃഖഭാരത്തോടെ കരഞ്ഞു. അദ്ദേഹത്തിന്റെ മനസ് തുറന്നാണ് പ്രാർത്ഥിക്കുന്നത്. മരിക്കുവാൻ തോന്നുന്ന കാര്യവും അദ്ദേഹം ഏറ്റുപറയുന്നുണ്ട്. അങ്ങനെ ഹൃദയവ്യഥയോടെ പ്രാർത്ഥിച്ച തോബിത്തിന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തി. അദ്ദേഹത്തിന് ദൈവം ഉടൻ മറുപടി നല്കുകയാണ്. ഹൃദയവേദനയോടെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയുടെ പ്രാർത്ഥനയ്ക്ക് സ്വർഗം ഉടൻ മറുപടി നല്കും. അദ്ദേഹത്തെ ശക്തിപ്പെടുത്തുവാനും സഹായിക്കുവാനും ദൈവം തന്റെ ദൂതനായ റഫായേൽ മാലാഖയെ നിയോഗിക്കുന്നു. ആ മാലാഖയുടെ നിർദേശാനുസരണം അദ്ദേഹം നടന്നപ്പോൾ ജീവിതത്തിൽ ആനനാനുഭവങ്ങളുണ്ടായി. അദ്ദേഹത്തിന്റെ മകൻ തോബിയാസിന് അനുയോജ്യമായ വധുവിനെ കണ്ടെത്തുവാൻ സാധിച്ചു. തോബിത്തിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചു ലഭിച്ചു. അവന്റെ വിലാപത്തെ ആനന്ദഗാനമാക്കി ദൈവം മാറ്റി. ദൈവത്തിന് കീർത്തനം ആലപിച്ച് സന്തോഷിക്കുന്ന രീതിയിൽ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു.
ഒരർത്ഥത്തിൽ ഇതിനെക്കാൾ വലിയൊരു അനുഗ്രഹമാണ് തോബിത്തിന് ലഭിച്ചത്. ഈ ജീവിതത്തിൽ ദൈവത്തിനുവേണ്ടി ജീവിച്ച്, ദൈവവഴിയിലൂടെ നടന്ന അദ്ദേഹത്തെ ദൈവം അനശ്വരനാക്കി. അദ്ദേഹത്തിന്റെ നാളിൽ ജീവിച്ച എത്രയോ സമ്പന്നന്മാരും പ്രതാപശാലികളും ഉണ്ടായിരുന്നു. അവരെല്ലാം മരിച്ച് മണ്ണടിഞ്ഞു. അവരുടെ ഓർമയും അതോടെ അസ്തമിച്ചു. എന്നാൽ, ദൈവത്തിനുവേണ്ടി ജീവിച്ച ആ വ്യക്തിയെ ദൈവം ഓർത്തു, ആദരിച്ചു. അദ്ദേഹം ഇന്നും അനുസ്മരിക്കപ്പെടുന്നു. കാരണം, ബൈബിളിൽ അദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ പേരിൽ വിശുദ്ധ ബൈബിളിൽ ഒരു പുസ്തകവും എഴുതപ്പെട്ടിരിക്കുന്നു. അധികമാർക്കും കിട്ടാത്ത ഒരു സൗഭാഗ്യമത്രേ ഇത്. അതിനാൽ ദൈവവഴിയിലൂടെ മാത്രം നടക്കുവാൻ നമുക്ക് തീരുമാനിക്കാം. ഈ ലോകവും അതിന്റെ സുഖങ്ങളും കടന്നുപോകും. അനശ്വരനായ ദൈവത്തോട് നമുക്ക് ചേർന്നുനില്ക്കാം. അതിനെ നമ്മെ സഹായിക്കുന്ന, അവിടുന്ന് അനുവദിക്കുന്ന ക്ലേശകരമായ അനുഭവങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാം. മനസിൽ കയ്പില്ലാതെ ജീവിക്കാനുള്ള കൃപയ്ക്കായി ഇപ്പോൾ പ്രാർത്ഥിക്കാം.
സ്‌നേഹപിതാവായ ദൈവമേ, അവിടുന്ന് നല്കുന്ന ദുഃഖകരമായ അനുഭവങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ ആത്മാവിനെ അയച്ച് ഉന്നതമായൊരു ദർശനം എ നിക്ക് നല്കിയാലും. ഞാൻ ലോകത്തിന് ഒരു അനുഗ്രഹമായി മാറ്റപ്പെടുന്ന നാളുകളെ ഓർത്ത് സ്‌തോത്രം ആലപിക്കുവാൻ കൃപ നല്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ നിയോഗം ദൈവസന്നിധിയിൽ സമർപ്പിച്ച് എനിക്കായി പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ. ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *