മരണതീരത്തുനിന്നുള്ള ഒരു തിരിച്ചുനടപ്പ്

”അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കിമാറ്റി; അവിടുന്ന് എന്നെ ചാക്കുവസ്ത്രമഴിച്ച് ആനന്ദമണിയിച്ചു”(സങ്കീ. 30:11).

1997 ഡിസംബർ-7.
അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. പിറ്റേന്നായിരുന്നു ഞങ്ങളുടെ ഫൈനൽ പ്രോസഷൻ നടക്കുന്ന ദിവസം. നഴ്‌സിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട് ആ ദിവസത്തിന്. ആ ചടങ്ങ് കഴിഞ്ഞാലേ നഴ്‌സിന്റെ യൂണിഫോം ലഭിക്കുകയുള്ളൂ. പിറ്റേദിവസത്തെ ചടങ്ങിനായി നേരത്തെ വാങ്ങിവച്ചിരിക്കുന്ന സാരിയും കോട്ടും തൊപ്പിയും ഒരിക്കൽക്കൂടി എടുത്തുനോക്കി. അത് അണിഞ്ഞുനോക്കാനുള്ള ശക്തമായ ആഗ്രഹം ഉള്ളിലുയർന്നു. അതെല്ലാം ധരിച്ച് കണ്ണാടിയുടെ മുൻപിൽ നിന്നപ്പോൾ തെല്ല് അഭിമാനം തോന്നി. പിറ്റേന്ന് സാരിയും കോട്ടും തൊപ്പിയുമൊക്കെ ധരിച്ച് ആശുപത്രിയിലൂടെ നടക്കുന്നത് ഭാവനയിൽ കണ്ടു. എന്റെ ഭാവി സുരക്ഷിതമായെന്നും വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നുമൊക്കെയുള്ള ചിന്തകൾ മനസിലൂടെ കടന്നുപോയി. ഗൾഫിലും യുറോപ്യൻ രാജ്യങ്ങളിലും നഴ്‌സുമാരുടെ സാധ്യതകൾ വർധിച്ചുവരുന്ന കാലമായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വലിയ സന്തോഷത്തോടെയാണ് പ്രഭാതത്തിൽ മുറിയിലേക്കു വന്നത്. ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ നടക്കുന്ന ചടങ്ങിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസുനിറയെ. ഞാൻ ചെന്നപ്പോൾ മുറിയിലുള്ളവർ എഴുന്നേറ്റിട്ടില്ലായിരുന്നു. അവരെ വിളിച്ചുണർത്തി. അല്പം കഴിഞ്ഞ് അവർ മൂന്നുപേരും പുറത്തേക്കുപോയി. കതക് അകത്തുനിന്നും കുറ്റിയിട്ടിട്ട് പേയ്സ്റ്റും ബ്രഷും വയ്ക്കുന്നതിന് പിന്നിലെ വരാന്തയിലേക്ക് പോയ ഞാൻ അവിടെ ബോധംകെട്ടുവീണു. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല.
കൂട്ടുകാർ തിരികെവന്ന് വിളിച്ചിട്ട് മുറി തുറക്കാത്തതിനാൽ അവർ മെസിലുള്ള ജോലിക്കാരെ വിളിച്ച് വാതിൽ ചവിട്ടിത്തുറപ്പിക്കുകയായിരുന്നു. എല്ലാവരുംകൂടി എന്നെ എടുത്ത് കട്ടിലിൽ കിടത്തുന്നത് അവ്യക്തമായി ഞാനോർക്കുന്നുണ്ട്. അസഹ്യമായ തലവേദനയായിരുന്നു. തുടർന്ന് ഞാൻ നീണ്ട ഉറക്കത്തിലേക്ക് വഴുതിവീണു. മണിക്കൂറുകൾക്കുശേഷം കണ്ണുതുറക്കുമ്പോൾ കൂട്ടൂകാരി ജെസിയാണ് കണ്ടത്. അന്നു നടക്കേണ്ട പ്രോഗ്രാമിനെപ്പറ്റിയാണ് ഞാൻ ആദ്യം ചോദിച്ചത്. അത് മാറ്റിവച്ചതായി അവൾ പറഞ്ഞു (എന്നെ തനിച്ചാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണം, ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങ് അവൾ ഒഴിവാക്കുകയായിരുന്നു എന്ന വിവരം പിന്നെയാണ് ഞാൻ അറിഞ്ഞത്. എനിക്ക് വിഷമമാകണ്ടല്ലോ എന്നു കരുതി അവൾ സത്യം എന്നിൽ നിന്നും മറച്ചുപിടിക്കുകയായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരി, ഇപ്പോഴും എന്റെ പ്രാർത്ഥനകളിൽ നീ ഉണ്ട്).

തുടർന്ന് രണ്ടാഴ്ചത്തേക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു. എങ്കി ലും സിടി സ്‌കാനും എംആർഐ സ്‌കാനിംഗും നടത്തി. താമസിയാതെ റിപ്പോർട്ടു വന്നു-ബ്രെയിൻ ട്യൂമർ. കുടുംബത്തിൽ ആർക്കും താങ്ങാൻ കഴിയാത്ത അവസ്ഥ. എന്നാൽ, അന്നുവരെയില്ലാത്ത വിശ്വാസം എന്നിൽ ഉടലെടുത്തു. ഞാൻ ഇങ്ങനെ പ്രാർത്ഥിക്കാൻ ആരംഭിച്ചു. ”ദൈവമേ, എന്റെ പ്രായത്തിൽ മരിച്ച എത്രയോ പേർ വിശുദ്ധരായിട്ടുണ്ട്. നീ എന്നെ വിളിക്കുകയാണെങ്കിൽ ഇതുവരെയുള്ള എന്റെ പാപങ്ങൾക്ക് പരിഹാരമായി ഈ സഹനങ്ങളെ സ്വീകരിക്കണമേ.” ഡോക്ടർമാരെ അമ്പരിപ്പിക്കുന്ന രീതിയിൽ അസാമാന്യധൈര്യം എന്നിലുണ്ടായി എന്നതാണ് ആ പ്രാർത്ഥനയുടെ ഒരു അനന്തരഫലം. രോഗക്കിടക്കയിൽ വച്ച് ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി. ”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ” (റോമാ 8:28) എന്ന വചനം ലഭിച്ചത് യാദൃച്ഛികമായിട്ടാണ് എന്നായിരുന്നു എന്റെ അന്നത്തെ വിശ്വാസം. വചനം എന്നിൽ വലിയൊരു ശക്തി നിറച്ചു. ആ വചനത്തിലൂടെ കർത്താവ് ബലപ്പെടുത്തുകയായിരുന്നു എന്നതാണ് സത്യം. ഞാനത് തിരിച്ചറിയാൻ വൈകി എന്നുമാത്രം.

എന്നെ ഡൽഹിയിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് റഫർ ചെയ്തു. ഞാൻ പഠിച്ചിരുന്ന ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രി അധികൃതരുടെ ഇടപെടൽമൂലം കാര്യങ്ങളെല്ലാം എളുപ്പത്തിൽ നടന്നു. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, അടുത്ത ബന്ധുക്കളാരും കൂടെ ഇല്ലാത്തതിനാൽ ഓപ്പറേഷൻ നീട്ടിവച്ചു. തുടർന്ന് എന്റെ ആശുപത്രിയിലെത്തി, ഞാൻ ജോലിചെയ്തുതുടങ്ങി. എന്നാൽ, ഡിസംബർ 23-ന് ജോലി കഴിഞ്ഞ് തിരിച്ചുവന്ന എനിക്ക് ശക്തമായ വിറയലോടുകൂടിയ പനി ആരംഭിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുറവുണ്ടായില്ല. തുടർന്ന് പ്രശ്‌നങ്ങൾ കൂടിവന്നു. ശർദ്ദി ആരംഭിച്ചു, കാഴ്ച കുറയാൻ തുടങ്ങി. ഒരു വസ്തുവിനെ നോക്കുമ്പോൾ മൂന്നും നാലുമൊക്കെയായി കാണുന്നു. ശക്തമായ തലകറക്കം, ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ… രോഗം അതീവ ഗുരുതരാവസ്ഥയിലെത്തി.

ആ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു
വീണ്ടും ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അഡ്മിറ്റുചെയ്തു. 1998 ജനുവരി 6- എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത ദിവസം. അന്നായിരുന്നു എന്റെ ഓപ്പറേഷൻ. ഡോക്ടറുടെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. ”കഴിവിന്റെ പരാമാവധി ഞാൻ ശ്രമിക്കാം. നിങ്ങൾ പ്രാർത്ഥിക്കുക.” നഴ്‌സിംഗ് കഴിഞ്ഞ എനിക്ക് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാൻ കഴിയുന്നതിനാലായിരിക്കണം ഡോക്ടർ യഥാർത്ഥ അവസ്ഥ പറഞ്ഞത്. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും ഓപ്പറേഷനിടയിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെപ്പറ്റിയും എനിക്കു പൂർണബോധ്യം ഉണ്ടായിരുന്നു. ശരീരം ഭാഗികമായോ മൊത്തമായോ തളർന്നുപോകാം, കാഴ്ച, കേൾവി ഇവയ്ക്കു വേണമെങ്കിലും തകരാറുകൾ സംഭവിക്കാം. എന്നാൽ, ദൈവത്തിന്റെ പരിപാലനയുടെ കരം എന്റെ കൂടെ ഉണ്ടായിരുന്നു. ഓപ്പറേഷൻ വിജയകരമായി അവസാനിച്ചു. ”മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല” (സങ്കീ. 23:4).

ഏതാനും ദിവസങ്ങൾക്കുശേഷം അവിടെനിന്നും ഡിസ്ചാർജ് ആയി, എന്റെ ആശുപത്രിയിലെത്തി. അവിടെയായിരുന്നു റെസ്റ്റെടുത്തത്. ഒരു മാസത്തിനുശേഷം വീണ്ടും ഓൾ ഇന്ത്യാ ആശുപത്രിയിൽ പരിശോധനയ്ക്കായി ചെന്നു. 6 കോഴ്‌സ് കീമോതെറാപ്പി വേണമെന്നു പറഞ്ഞു. 15 ദിവസം കൂടുമ്പോൾ 3 ദിവസം നീണ്ടുനില്ക്കു ന്ന ഒരു കോഴ്‌സ്. ആദ്യം വലിയ ക്ഷീണം തോന്നിയില്ല. എന്നാൽ മൂന്ന് കോഴ്‌സ് കഴിഞ്ഞപ്പോഴേക്കും ശരീരം ആകെ തളർന്നു. മൂന്നു കീമോ കഴിഞ്ഞപ്പോൾ വീണ്ടും ടെസ്റ്റ് നടത്തി. ദൈവാനുഗ്രഹം എന്നു പറയട്ടെ, റിസൽട്ടിൽ കുഴപ്പം ഇല്ലാത്തതിനാൽ കീമോ നിർത്താൻ ഡോക്ടർമാർ തീരുമാനിച്ചു. തുടർന്ന് റേഡിയേഷൻ ആരംഭിച്ചു. 31 പ്രാവശ്യം റേഡിയേഷൻ ചെയ്തു.

ആശുപത്രിയിൽ കാണാൻ വന്ന എന്റെയൊരു സുഹൃത്ത് ബിസ്മി പറഞ്ഞു, ”നമ്മുടെ ബാച്ചിലെ 48 പേരിൽ ഏറ്റവും ഭാഗ്യവതി നീയാണ്.” ചെറിയൊരു അമ്പരപ്പോടെയാണ് അവളുടെ മുഖത്തേക്ക് നോക്കിയത്. ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തിൽ മാരകരോഗം പിടിപെട്ട് കിടക്കുന്ന ഒരാളോടാണോ ഇതു പറയുന്നതെന്നായിരുന്നു നോട്ടത്തിന്റെ അർത്ഥം. ആശുപത്രിയിൽ എന്നെ സന്ദർശിച്ച ഒരു അധ്യാപിക ചോദിച്ചു, ”നിന്നെ ദൈവം ഇങ്ങോട്ടു കൊണ്ടുവന്നതിന്റെ അർത്ഥം മനസിലായോ?” രണ്ടു ചോദ്യങ്ങളുടെയും ഉത്തരം അന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല.

ബ്രെയ്ൻ ട്യൂമർ വന്ന പെൺകുട്ടിയെ ആര് കല്ല്യാണം കഴിക്കും?
മൂന്നു വർഷത്തെ ബോണ്ട് ചെയ്യേണ്ടതുണ്ടായിരുന്നു. ചികിത്സക്കുശേഷം വീണ്ടും ആശുപത്രിയിൽ ജോയിൻചെയ്തു. ആശുപത്രിയധികൃതർ എനിക്കു ചെയ്യാൻ കഴിയുന്ന വിധത്തിൽ ജോലി സമയം ക്രമീകരിച്ചുതന്നു.

2001-ൽ ഞാൻ തിരികെ നാട്ടിലെത്തി. സെപ്റ്റംബറിൽ ഞാൻ ശാലോമിൽ ശുശ്രൂഷ ആരംഭിച്ചു. 2005-ൽ എന്റെ എൽഡർ ചോദിച്ചു, വിവാഹത്തിനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയോ?” ആ ചോദ്യം എന്നിൽ കൗതുകമുണർത്തി. അങ്ങനെയൊരു കാര്യത്തെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ബ്രെയ്ൻ ട്യൂമർ വന്ന പെൺകുട്ടിയെ ആര് കല്ല്യാണം കഴിക്കാനാണ് എന്നതായിരുന്നു അതുവരെയുള്ള എന്റെ ചിന്ത. എന്നാൽ, എന്നെപ്പറ്റിയുള്ള ദൈവഹിതം മറ്റൊന്നായിരുന്നു. അത് എൽഡറിലൂടെ എനിക്ക് മനസിലായി. ”ഇന്നു മുതൽ വിവാഹത്തിനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങണം.” അത് അനുസരിച്ച് ഞാൻ പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. ഒരു മാസം കഴിയുന്നതിനു മുൻപ് ഗവൺമെന്റ് സർവീസിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വിവാഹാലോചന വന്നു. 14 കിലോമീറ്റർ അകലമേ ഉണ്ടായിരുന്നുള്ളതിനാൽ എന്റെ ശുശ്രൂഷയ്ക്കും അത് തടസമാവില്ലായിരുന്നു. 2006 ജനുവരി 2-ന് ഞങ്ങളുടെ വിവാഹം നടന്നു. അവിടെയും മറ്റൊരു സമാനതകൂടി ഉണ്ടായിരുന്നു. എന്റെ ഭർത്താവിനും ബ്രെയ്ൻ ട്യൂമർ വന്ന് ഓപ്പറേഷൻ കഴിഞ്ഞതാണ്.

പിൻതിരിഞ്ഞുനോക്കുമ്പോൾ ദൈവം ഞങ്ങളെ കൈയിൽ താങ്ങിയ ധാരാളം അനുഭവങ്ങളുണ്ട്. എന്റെ ആദ്യത്തെ ഗർഭാവസ്ഥയിൽ തുടക്കത്തിലെ മൂന്നു മാസം വലിയ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലുള്ള ശർദ്ദി, വെള്ളമോ ഭക്ഷണമോ കഴിക്കാൻ സാധിക്കാത്ത രീതിയിൽ ദിവസങ്ങളോളം കിടക്കയിൽ കഴിച്ചുകൂട്ടി. ഗർഭാവസ്ഥയിൽ ഒരു മരുന്നും കഴിക്കരുതെന്നാണ് മെഡിക്കൽ സയൻസ് പറയുന്നത്. പ്രത്യേകിച്ച്, ആദ്യത്തെ മൂന്നു മാസം. എന്നാൽ രോഗം വന്നതിനുശേഷം എപ്‌റ്റോയിൻ എന്ന ഗുളിക സ്ഥിരമായി കഴിക്കണമായിരുന്നു. അതൊരിക്കലും മുടക്കാനാവില്ലായിരുന്നു. കൂടാതെ, ചികിത്സയുടെ ഭാഗമായി ഞങ്ങളുടെ രണ്ടു പേരുടെയും ശരീരത്തിൽ പലവിധത്തിലുള്ള ധാരാളം മരുന്നുകൾ കയറ്റിയിട്ടുണ്ട്. അവിടെയും ദൈവം ഞങ്ങളെ കരുതി. യാതൊരു വൈകല്യവുമില്ലാത്ത സൗന്ദര്യവും ആരോഗ്യവുമുള്ള രണ്ട് മക്കളെ ദൈവം ഞങ്ങൾക്ക് തന്നു. അവർക്ക് ആറരയും നാലരയും വയസുണ്ട്.

ഞാനാണ് ഞങ്ങളുടെ ബാച്ചിലെ ഏറ്റവും ഭാഗ്യവതിയെന്ന് വർഷങ്ങൾക്കു മുൻപ് പ്രവചനസ്വരത്തിൽ കൂട്ടുകാരി പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യമുണ്ട്. വളരെ സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷവും, പ്രാർത്ഥിക്കുന്ന-ഞങ്ങളെ സ്‌നേഹിക്കുന്ന ഒരു ഭർത്താവിനെയും ദൈവം തന്നു. തീർച്ചയായും ഞാൻ ഭാഗ്യവതിയാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എന്നെ ഡൽഹിയിലേക്ക് പഠനത്തിന് എത്തിച്ചതിന്റെ പിന്നിലെ ദൈവിക പദ്ധതി പിന്നീടാണ് മനസിലായത്. അധ്യാപിക ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. പ്ലസ് ടു കഴിഞ്ഞപ്പോൾ ടിടിസിക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. അതിനാൽ അത്ര താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും നേഴ്‌സിംഗ് ചേരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഞാൻ ആഗ്രഹിച്ചതുപോലെ അധ്യാപികയാകുകയായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ ഉണ്ടാകുമായിരുന്നോ എന്നുപോലും പറയുവാൻ കഴിയില്ല. കാരണം, ഡൽഹിയിൽ ആയതിനാലാണ് എനിക്ക് വിദഗ്ധ ചികിത്സ വലിയ പണച്ചെലവില്ലാതെ ലഭിച്ചത്. എന്റെ അധ്യാപികയുടെ ചോദ്യത്തിനുള്ള ഉത്തരം അതായിരുന്നു.

രോഗാവസ്ഥയിൽ ശരിക്കൊന്ന് ഉറങ്ങാൻപോലും കഴിയാതെ വിഷമിച്ചിരുന്ന നാളുകളിൽ നേരിയ മയക്കത്തിൽ ഞാൻ പരിശുദ്ധ അമ്മയുടെ മടിയിൽ കിടക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്. എന്നാൽ, ഒന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും, എന്റെ വേദനയുടെ കാലങ്ങളിൽ മാതാവും ഈശോയും എന്റെ കട്ടിലിനരികിൽ ഉണ്ടായിരുന്നു.”പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും” (1 പത്രോസ് 4:12-13).
അംബിക ജേക്കബ്‌

Leave a Reply

Your email address will not be published. Required fields are marked *