എന്തിനാണ് മാനേജരെ കാണുന്നത്?

പിതാവ് കൗമാരക്കാരനായ മകനെയും കൂട്ടിയാണ് ഹോട്ടലിൽ എത്തിയത്. അവർ മുറി നേരത്തെ ബുക്കുചെയ്തിരുന്നു. നഗരത്തിൽ എത്തിയതിന്റെ ആഹ്ലാദം കുട്ടിയുടെ മുഖത്ത് കാണുന്നില്ലല്ലോ എന്ന് റിസപ്ഷനിസ്റ്റിനു തോന്നി. അല്പം കഴിഞ്ഞ് അവർ റസ്റ്റോറന്റിലേക്കു പോയപ്പോൾ റിസപ്ഷനിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചു. ആ മുഖങ്ങളിൽ വിഷാദഛായ ഉള്ളതായി അവൾക്കു തോന്നി. പിതാവ് മകന്റെ ഇഷ്ട വിഭവങ്ങളാണ് വരുത്തിയത്. അതുകഴിക്കുമ്പോഴും അവന്റെ മുഖത്ത് ഒട്ടും സന്തോഷം ഇല്ലായിരുന്നു. ഭക്ഷണം കഴിഞ്ഞ് മകനെ മുറിയിലാക്കിയിട്ട് പിതാവ് തിരിച്ചുവന്നു. ”എനിക്ക് മാനേജരെ കാണണം” അയാൾ പറഞ്ഞു. തങ്ങളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായതിനാൽ പരാതി പറയാനായിരിക്കും മാനേജരെ കാണുന്നതെന്നായിരുന്നു റിസപ്ക്ഷനിസ്റ്റ് വിചാരിച്ചത്. ”എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിൽ ക്ഷമിക്കണം. എന്തായാലും പരിഹരിക്കാം. അതിന് മാനേജരെ കാണണമെന്നില്ല.” പെൺകുട്ടി പറഞ്ഞു.
”പരാതികളൊന്നുമില്ല, വ്യക്തിപരമായ ഒരു കാര്യം സംസാരിക്കാനാണ്.”

മാനേജർ പുഞ്ചിരിയോടെയാണ് അതിഥിയെ സ്വീകരിച്ചത്.

”മകന്റെ ചികിത്സയ്ക്കായിട്ടാണ് ഈ നഗരത്തിൽ എത്തിയിരിക്കുന്നത്. അവന് തലയിൽ കാൻസറാണ്. ചികിത്സയുടെ ഭാഗമായി
തലമൊട്ടയടിക്കണം. വിവരം അറിഞ്ഞതു മുതൽ അവന് വലിയ വിഷമമാണ്. അവന്റെ സങ്കടം കുറയ്ക്കുന്നതിനായി ഞാനും തലമൊട്ടയടിക്കാൻ തീരുമാനിച്ചു. ഞങ്ങൾ രണ്ടുപേരും നാളെ തലമൊട്ടയടിച്ചു വരുമ്പോൾ ഹോട്ടലിലെ ജീവനക്കാർക്ക് കൗതുകം തോന്നാം. അവർ തമാശയ്ക്കായിട്ട് എന്തെങ്കിലും അക്കാര്യത്തെക്കുറിച്ചു ചോദിച്ചാൽ മകന് വിഷമമാകും. അതിനാൽ ഹോട്ടലിലെ ജീവനക്കാരോട് ഈ വിവരം പറയണം, ഒന്നും ചോദിക്കരുതെന്ന് അവരെ പ്രത്യേകം ഓർമിപ്പിക്കണം. ഞങ്ങൾ ഏതാനും ദിവസങ്ങൾ ഇവിടെ ഉണ്ടാകും.” പിതാവു പറഞ്ഞു.

”ആരുടെയും ഭാഗത്തുനിന്നും ഒരു ബുദ്ധിമുട്ടും വരില്ല. അക്കാര്യം ഞാൻ ഉറപ്പുതരുന്നു. മാത്രമല്ല, മറ്റെന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.” മാനേജർ പറഞ്ഞു.

പിറ്റേന്ന് രാവിലെ റസ്റ്റോറന്റിൽ എത്തിയ ആ പിതാവിന് അമ്പരപ്പായി. അവിടെ ഉണ്ടായിരുന്ന എല്ലാ ജോലിക്കാരും തലമൊട്ടയടിച്ചിരുന്നു.
നമ്മുടെ സഹാനുഭൂതിനിറഞ്ഞ പെരുമാറ്റം ആയിരിക്കും ചിലപ്പോൾ ജീവിതത്തിൽ പിടിച്ചുനില്ക്കാൻ അനേകർക്ക് ബലം പകരുന്നത്.

”കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ;
അവ നിന്റെ കഴുത്തിൽ ധരിക്കുക;
ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുക (സുഭാ. 3:3).

Leave a Reply

Your email address will not be published. Required fields are marked *