വിശുദ്ധ ജോൺ വിയാനി ഒരിക്കൽ ഒരു ഗ്രാമീണനോട് ചോദിച്ചു: ”എങ്ങനെയാണ് പ്രാർത്ഥിക്കുന്നത്?”
”ഞാൻ സക്രാരിയിലുള്ള ദൈവത്തെ നോക്കുന്നു, അവിടുന്ന് എന്നെയും നോക്കുന്നു.” അയാൾ പറഞ്ഞു. ഇവിടെയാണ് ഒരുവന്റെ ആത്മാവിന് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. പഴയനിയമത്തിൽ പല സ്ഥലങ്ങളിലും മോശയോട് ദൈവം മുഖാഭിമുഖം, ഒരു സുഹൃത്തിനോടെന്നപോലെ സംസാരിച്ചിരുന്നതായി കാണാം. എല്ലാ ക്രിസ്ത്യാനികളും ദൈവവുമായി ഇത്തരമൊരു ആഴമായ വ്യക്തിബന്ധത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മൾ ദൈവത്തിന്റെ മക്കളാണ്. അതിനാൽ നമുക്കവിടുത്തോട് സ്‌നേഹനിർഭരവും സ്ഥിരതയുള്ളതുമായ ബന്ധം വേണം. ഈ ബന്ധം നേടിയെടുക്കേണ്ടത് പ്രാർത്ഥനയിലൂടെയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ യേശുവിനെ നാം കാണുന്നുണ്ട്: ”അവനാകട്ടെ വിജനപ്രദേശങ്ങളിലേക്കു പിൻവാങ്ങി. അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു” (ലൂക്കാ 5:16). പരസ്യജീവിതത്തിലെ ഏറ്റവും പ്രധാന സന്ദർഭങ്ങളിലെല്ലാം അവിടുന്ന് ഇപ്രകാരം ചെയ്തിരുന്നതായി കാണാം.
പ്രാർത്ഥനയാണ് സ്വർഗീയമായ സ്‌നേഹബന്ധത്തിലേക്കുള്ള മാർഗം. അത് ക്രിസ്തീയ ജീവിതത്തിന് പക്വത നല്കുന്നു. ഇവിടെയാണ് ദൈവത്തിനുവേണ്ടിയുള്ള ദാഹം ജനിക്കുക. അങ്ങനെ നമ്മൾ ദൈവത്തെ സ്‌നേഹിക്കാനും അവിടുത്തെ അഭിലാഷങ്ങൾ അറിയാനും പഠിക്കുന്നു. പ്രാർത്ഥന വഴി വിശ്വാസം വളരുകയും പ്രത്യാശ ശക്തിപ്പെടുകയും സഹാനുഭൂതി ജനിക്കുകയും ചെയ്യുന്നു.
നമ്മുടെ ആത്മീയ സൗധത്തിന്റെ അടിത്തറ പ്രാർത്ഥനയായിരിക്കണം. വിശുദ്ധ അമ്മത്രേസ്യ പറയുന്നത്, പ്രാർത്ഥനയില്ലാത്ത ഒരു വ്യക്തിയെ പ്രലോഭിപ്പിക്കാൻ പിശാചിന്റെ ആവശ്യമില്ല എന്നാണ്. കാരണം, പ്രാർത്ഥനയില്ലാതെ ആത്മീയജീവിതത്തിൽ ഒരു പടിപോലും മുന്നോട്ടു പോകുവാൻ സാധിക്കുകയില്ല. പ്രാർത്ഥന ഒരു ശീലമാകണം. സ്ഥിരതയില്ലാത്തതും ആഴമില്ലാത്തതുമായ പ്രാർത്ഥന ആത്മീയതയുടെ ശക്തി ചോർത്തും.
പ്രാർത്ഥിക്കാൻ താല്പര്യമില്ലാത്തപ്പോഴും പ്രാർത്ഥിക്കണം. എല്ലാ ദിവസവും കുറച്ചുസമയം പ്രത്യേകമായി ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കണം. സാധിക്കുമെങ്കിൽ ദിവസവും നിശ്ചിത സമയം സക്രാരിയുടെ മു ന്നിൽ ചെലവഴിക്കണം. അതിന് സാധിക്കാത്തവർ പ്രസാദവരാവസ്ഥയിലുള്ള നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്ന കർത്താവിനെ ധ്യാനപൂർവം ആരാധിക്കണം.
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്?
നൈസായിലെ വിശുദ്ധ ഗ്രിഗറിയുടെ അഭിപ്രായത്തിൽ, പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണവും സല്ലാപവുമാണ്. പ്രാർത്ഥിക്കുകയെന്നാൽ ദൈവത്തോട് സംസാരിക്കുകയെന്നർത്ഥം. നമ്മുടെ സന്തോഷങ്ങൾ, സങ്കടങ്ങൾ, വിജയം, പരാജയം, ആഗ്രഹങ്ങൾ, ആകുലതകൾ, ബലഹീനതകൾ എല്ലാത്തിനെയും കുറിച്ച്. കൂടാതെ, നന്ദിയും യാചനകളും സ്‌നേഹവും പ്രായശ്ചിത്തവും എല്ലാം തിരുമുൻപിൽ പങ്കുവയ്ക്കുക.
ദൈവത്തോട് ഒറ്റയ്ക്ക് സംസാരിക്കാൻ പറ്റിയ സ്ഥലം വേണം. ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയണം. ഹൃദയം തുറന്ന് സംസാരിക്കാൻ ഉത്തമമായ പശ്ചാത്തലം ആവശ്യമാണ്. ഏകാന്തതയും നിശബ്ദതയും ആവശ്യമാണ്. ”എന്നാൽ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്കും” (മത്താ. 6:6). ആന്തരിക നിശബ്ദത ബാഹ്യമായ നിശബ്ദതയെക്കാൾ പ്രധാനമാണ്.
വിശുദ്ധ ഗ്രിഗറി പറയുന്നു: ”ഹൃദയത്തിൽ ശാന്തതയില്ലെങ്കിൽ ബാഹ്യമായ ഏകാന്തതകൊണ്ട് വലിയ പ്രയോജനമില്ല.” വി. ജോൺ ക്രിസോസ്റ്റം പറയുന്നു: ”പ്രാർത്ഥിക്കാനാഗ്രഹിക്കുന്ന വ്യക്തി താൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിൽനിന്നും ശ്രദ്ധതിരിച്ച് ദൈവിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവനയെ നിയന്ത്രിക്കണം.”
നമ്മുടെയുള്ളിൽ നടക്കുന്ന തിക്കും തിരക്കും ചിന്തകളും ഒഴിവാക്കണം. അങ്ങനെ ശാന്തതയിലേക്ക് വരുമ്പോൾ നാം ദൈവത്തിന്റെ സാന്നിധ്യത്തിലാണെന്ന് തിരിച്ചറിയാൻ കഴിയും. ഇനി നമുക്ക് ദൈവത്തോടു സംസാരിച്ചു തുടങ്ങാം.
ആത്മീയ പോരാട്ടം
പ്രാർത്ഥന ലളിതവും സ്വാഭാവികവുമായിരിക്കണം. തുടക്കത്തിൽ നമുക്കുവേണ്ടിയും സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കേണ്ടത് ഒരാവശ്യമായി തോന്നും. പ ക്ഷേ, പതിയെ നാം തിരിച്ചറിയും നമ്മുടെ ആവശ്യങ്ങൾ ദൈവം മുൻകൂട്ടി അറിയുന്നെന്ന്. അപ്പോൾ മുതൽ ആവശ്യങ്ങൾ ചോദിക്കുന്നതു കുറയും. പകരം, തെറ്റുകൾക്ക് ക്ഷമ ചോദിച്ചു തുടങ്ങും. ദൈവത്തിന് നന്ദി പറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യും.
പ്രാർത്ഥന പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിക്കാനായി പുസ്തകങ്ങൾ ഉപയോഗിക്കാം. സങ്കീർത്തനങ്ങൾ, ആരാധനാക്രമ പ്രാർത്ഥനകൾ, വിശുദ്ധരുടെ പ്രാർത്ഥനകൾ, തുടങ്ങിയവ. വായിക്കുന്നതിന്റെ വെളിച്ചത്തിൽ ദൈവത്തിനു മുൻപിൽ നമ്മെത്തന്നെ പരിശോധിക്കാം. എവിടെയാണോ മെച്ചപ്പെടുത്തേണ്ടത്, അതിനെക്കുറി ച്ച് ദൈവത്തോട് ക്ഷമചോദിക്കുക യും മെച്ചപ്പെടുത്തുമെന്ന് തീരുമാനമെടുക്കുകയും വേണം. ഇത് പ്രയാസമായി തോന്നാം. എന്നാൽ, പ്രാർത്ഥന വളരെ വേഗം ഫലം പുറപ്പെടുവിക്കും.
ഇതിനു സഹായകമാകുന്ന ഒരു രീതി, സുവിശേഷത്തിലെ സംഭവങ്ങളെക്കുറിച്ച് ധ്യാനിക്കുകയാണ്. ദൈവം നമ്മോട് പലതും ആവശ്യപ്പെടുന്നതായി മനസിലാകും. പ്രാർത്ഥനയിലെ പുരോഗതി ഇടമുറിയാതെയുള്ളതല്ല. ചില ദിവസം മെച്ചപ്പെട്ടതെങ്കിൽ മറ്റു ചിലപ്പോൾ മറിച്ചാകാം. അപ്പോഴും ഒരു പ്രശ്‌നം ബാക്കിനില്ക്കുന്നു. ഭാവനയെയും ആലസ്യത്തെയും നിയന്ത്രിക്കുകയെന്നതുതന്നെ. ഉന്മേഷം നഷ്ടപ്പെട്ട അവസ്ഥ പ്രാർത്ഥനയിലും ഉണ്ടാകും. പക്ഷേ, പ്രാർത്ഥന അശ്രദ്ധമായി ചെയ്യേണ്ട കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വാചികമായ പ്രാർത്ഥനകൾ (നന്മനിറഞ്ഞ മറിയമേ, സ്വർഗസ്ഥനായ പിതാവേ, സങ്കീർത്തനങ്ങൾ മുതലായവ) ഉപയോഗിക്കാം. വിശുദ്ധരുടെ ജീവചരിത്രമോ പ്രാർത്ഥനാപുസ്തകമോ ഒക്കെ ഉപയോഗിക്കുന്നതും ഉപകാരപ്രദമായിരിക്കും. വിരസത ചിലപ്പോൾ ക്ഷീണംകൊണ്ടാവാം. ഈ സമയം ദൈവത്തോട് സ്‌നേഹം നിറഞ്ഞ വാക്കുകൾ സംസാരിച്ചുകൊണ്ട് അവിടുത്തെ സന്നിധിയിലേക്ക് തിരിയണം.
ആത്മീയ പോരാട്ടത്തിൽ അല്പം പുരോഗതി നേടിക്കഴിയുമ്പോൾ പ്രാർത്ഥനയിലേക്ക് പരിശുദ്ധ ത്രിത്വം, രക്ഷാകരകർമം, കൃപയുടെ ജീവിതം മുതലായ ദൈവിക രഹസ്യങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മനസിലാകും. മാതാവിനെയും യൗ സേപ്പിതാവിനെയുംപോലെ ദൈവത്തോട് ചേർന്നുനിന്നവരോട് നമുക്ക് അടുപ്പം തോന്നും. ക്രമേണ സംഭാഷണങ്ങൾ ലളിതമാകുകയും അടുപ്പം വർധിക്കുകയും ചെയ്യും. പ്രാർത്ഥനയുടെ ഉന്നതശൃംഗത്തിൽ ഒരാൾക്ക് പെട്ടെന്നെത്താൻ സാധിക്കുകയില്ല. അതിന് സമയവും ക്ഷമയോടെയുള്ള പ്രയത്‌നവും ആവശ്യമാണ്.
ഫാ. ജുവാൻ ലൂയിസ് ലോർഡ
വിവ: അനു ജോസ്