ആനന്ദമില്ലാത്ത ആത്മീയത എന്തിന്?

ആശ്രമത്തിലെ ജീവിതം സന്യാസിക്ക് മടുത്തു. വലിയ ആഗ്രഹത്തോടെയാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. ലോകത്തിന്റെ സന്തോഷങ്ങളെല്ലാം വേണ്ടായെന്നുവെച്ചിട്ടാണ് ഇവിടെ എത്തിച്ചേർന്നതും. പക്ഷേ, ഇപ്പോൾ ഒരു സന്തോഷവും തോന്നുന്നില്ല. യേശുവിനെ അനുകരിച്ച് ജീവിക്കാനുള്ള ആവേശമെല്ലാം പൊയ്‌പ്പോയി. നന്നായി പ്രാർത്ഥിക്കാൻപോലും പറ്റുന്നില്ല. മനസിൽ മുഴുവൻ സങ്കടവും വെറുപ്പും നിറഞ്ഞിരിക്കുന്നു. ക്ഷമിക്കാൻ പറ്റുന്നില്ല. കാരണം, സഹസന്യാസിമാരെല്ലാം തന്നോട് കാട്ടുന്നത് അനീതിമാത്രമാണ്. കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ… ആശ്രമശ്രേഷ്ഠനും തന്നെ മനസിലാക്കുന്നില്ല. പലപ്പോഴും വിവേചനം കാണിക്കുന്നതുപോലെ… എന്തിനിങ്ങനെ ഇവിടെ തുടരണം എന്ന ചിന്ത ശക്തമായികൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുള്ള മറ്റൊരാശ്രമത്തിലെ വിശുദ്ധനും പ്രസിദ്ധനുമായ ഒരു സന്യാസശ്രേഷ്ഠൻ അവരുടെ ആശ്രമം സന്ദർശിച്ചത്. നമ്മുടെ യുവസന്യാസി അദ്ദേഹത്തെ സമീപിച്ച് വിഷമങ്ങളെല്ലാം പങ്കുവച്ചു. എല്ലാം കേട്ടതിനുശേഷം അദ്ദേഹം ഇപ്രകാരം ചോദിച്ചു: ”ആശ്രമവാസികളിലാരെങ്കിലും നിങ്ങളുടെ മുഖത്ത് തുപ്പിയിട്ടുണ്ടോ?”
”ഏയ്, അങ്ങനെയൊന്നും ചെയ്തിട്ടില്ല.”

”നിങ്ങളുടെ ശിരസിൽ വടികൊണ്ട് തല്ലിയിട്ടുണ്ടോ?
”ഇല്ല.”
”അവർ നിങ്ങളുടെ ശരീരം ചാട്ടവാറുകൊണ്ട് അടിച്ചു പൊട്ടിച്ചിട്ടുണ്ടോ?”
”ഗുരോ, അത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ ആശ്രമത്തിലില്ല.”
”എങ്കിൽ, അവർ നിങ്ങളുടെ വസ്ത്രം ഉരിഞ്ഞെടുത്ത് നഗ്നനാക്കിയിട്ടുണ്ടാകാം അല്ലേ?”
”ഇല്ല പിതാവേ, അവർ അങ്ങനെയൊന്നും ചെയ്തിട്ടില്ല.”

അപ്പോൾ സന്യാസശ്രേഷ്ഠൻ മുറിയുടെ ഭിത്തിയിലെ ക്രൂശിതരൂപത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ”നിങ്ങൾ ആരെ അനുകരിക്കാനും പിൻതുടരാനുമായി ആശ്രമജീവിതം തിരഞ്ഞെടുത്തോ, ആ ക്രിസ്തു ഇതും ഇതിനപ്പുറവും സഹിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് ഇത്രയും നിസാര പ്രശ്‌നങ്ങളുടെ പേരിൽ തളർന്നുപോകുന്നത്? വിഷമങ്ങളുണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് നോക്കുന്നതിനു പകരം, മറ്റുള്ളവരിലേക്ക് നോക്കുന്നതുകൊണ്ടാണ് താങ്കൾക്ക് ക്ഷമിക്കാൻ പറ്റാതെ വരുന്നത്.”

”നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ. അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ തന്നെ എതിർത്ത പാപികളിൽനിന്നു എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിൻ” (ഹെബ്രാ.12:2-3).

സുഖവും സന്തോഷവും നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യം സ്വാഭാവികമാണ്. ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ നമുക്കവരെ സ്‌നേഹിക്കുക പ്രയാസകരമാകാം. പക്ഷേ, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം മറക്കാതിരിക്കാനും കൂടുതൽ ഉൽക്കൃഷ്ടമായ സന്തോഷങ്ങളെ കണ്ടെത്താനും ഇവർ നമുക്കാവശ്യമാണ്. ലൗകീകാനന്ദം നഷ്ടപ്പെടുത്തുന്നത് ദൈവികാനന്ദം വെളിപ്പെടുത്താനാണ്. മാനുഷിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നത് ദൈവിക സുരക്ഷിതത്വത്തിന്റെ സമാധാനത്തിലേക്ക് ഉയർത്താനാണ്. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെട്ടതോർത്തുള്ള ദുഃഖവും നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യവും നമ്മെ തളർത്തിക്കളയും.

ചെയ്യാത്ത തെറ്റിന്റെ പേരിൽ കഠിനമായ പീഡനവും ജയിൽശിക്ഷയും അപമാനവും സഹിച്ച ഒരു വൈദികൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: ”ഇപ്പോൾ എന്റെ ഹൃദയം നിറയെ അലൗകീകമായ ഒരു ആനന്ദമാണ്. ലോകത്തിന് എടുത്തുമാറ്റാൻ കഴിയാത്ത ആനന്ദം. പീഡനങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇത്തരമൊരു ആനന്ദം ഉണ്ടെന്ന് ചിന്തിക്കാൻപോലും എനിക്കാവുമായിരുന്നില്ല.”

ജോർജ് മാത്തിസൺ എന്ന ഇംഗ്ലീഷ് കവി പെട്ടെന്ന് അന്ധനായിത്തീർന്നു. അതോടെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു. വലിയ ദുഃഖത്തിലൂടെയും വേദനയിലൂടെയും കടന്നുപോയ അദ്ദേഹം ക്രമേണ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് എഴുതിയ ഒരു കവിതയുടെ ആശയം ഇപ്രകാരമാണ്:
”ദൈവമേ, നീയെന്റെ കണ്ണുകൾക്ക് അന്ധത നല്കിയത് നിത്യതയെക്കുറിച്ചുള്ള ദർശനം നല്കാനാണ്.

നീയെന്റെ പ്രണയത്തിന്റെ ചില്ലുടച്ചത്, നിന്റെ സ്‌നേഹം എനിക്ക് വെളിപ്പെടുത്തിത്തരാനാണ്.”
നമ്മളും എത്രയോ വർഷങ്ങളായി പലതരം സഹനങ്ങളിലൂടെ കടന്നുപോകുന്നു. ഉൽക്കൃഷ്ടമായ ആനന്ദത്തിലേക്ക് അത് നമ്മെ നയിച്ചിട്ടുണ്ടോ? ദൈവിക വെളിപാടുകൾ സ്വീകരിക്കാൻ കഷ്ടതകൾ കാരണമായിട്ടുണ്ടോ? സങ്കീർത്തകൻ പറഞ്ഞു: ”ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അ ങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ?” (സങ്കീ. 119:71).

ദീർഘകാലത്തെ സഹനം വഴി ഞാൻ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയും ആന്തരികമായ ആനന്ദവും ശക്തിയുംകൊണ്ട് നിറയപ്പെടുകയും ചെയ്യുന്നതിനുപകരം സന്തോഷമില്ലാത്തവനും നിരുന്മേഷവാനുമായിട്ടുണ്ടെങ്കിൽ വിശ്വാസജീവിതം ഇനിയും ക്രമപ്പെടുത്തേണ്ടതുണ്ട്. സഹനം അനേകരെ പുണ്യത്തിൽ വളർത്തിയിട്ടുണ്ട്. പക്ഷേ, എന്റെ സഹനം എന്നെ തളർത്തുന്നതെന്തുകൊണ്ടാണ്? എന്റെ ദുരിതങ്ങൾ എന്തുകൊണ്ട് എന്റെ ആത്മീയവളർച്ചയ്ക്ക് ഉപകാരപ്പെടുന്നില്ല?
നിരാശയും വെറുപ്പും ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് നോക്കുക. ”അവിടുത്തെ നോക്കിയവർ പ്രകാശിതരായി…” (സങ്കീ. 34:5).

പ്രാർത്ഥന
കർത്താവേ, എന്റെ വേദനകളെ ആത്മീയ സന്തോഷങ്ങളാക്കി മാറ്റേണമേ… എന്റെ നഷ്ടങ്ങളെ ആത്മീയ നേട്ടങ്ങളാക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ എല്ലാ ദുരിതങ്ങളും എനിക്കുപകാരമായി മാറട്ടെ, ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *