ഔഷധ ഗുണമുള്ള വെള്ളം

കുറുക്കൻ ഭക്ഷണം തേടി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടുവയുടെ മുൻപിൽ ചെന്നുപെട്ടത്. കടുവയെ കണ്ടതും കുറുക്കൻ തിരിഞ്ഞോടി. ഓട്ടത്തിനിടയിൽ അറിയാതെ ഒരു പൊട്ടക്കിണറ്റിൽ വീണു. എത്ര ശ്രമിച്ചിട്ടും അവിടെനിന്നും കയറാൻ കുറുക്കന് കഴിഞ്ഞില്ല. അതിനിടയിലാണ് ആടിന്റെ ശബ്ദം കേട്ടത്.
”കൂട്ടുകാരാ ഇവിടേക്കു നോക്കൂ,” ഉടൻ കുറുക്കൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ശബ്ദം കേട്ട് ആട് കിണറിന്റെ അടുത്തേക്കുവന്നു.

”കിണറ്റിൽ എന്താണ് ചെയ്യുന്നത്?” ആട് ചോദിച്ചു.”

”അപ്പോൾ നീ ഒന്നും അറിഞ്ഞില്ലെന്നു തോന്നുന്നല്ലോ.”

”എന്താണ്?”

”നമ്മുടെ കാട്ടിൽ ഉടനെ കടുത്ത വേനൽ ഉണ്ടാകുന്നമെന്ന് പത്രത്തിലുണ്ടായിരുന്നു. ആ സമയത്ത് കുളങ്ങളും പുഴകളും വരണ്ടുണങ്ങും. ഈ കിണറ്റിലെ വെള്ളം പ്രത്യേക ഔഷധഗുണമുള്ളതും ഒരിക്കലും വറ്റാത്തതുമാണ്. മാത്രമല്ല, വെള്ളം കുടിച്ചാൽ ഒട്ടും വിശക്കുകയുമില്ല. അതുകൊണ്ടാണ് ആരും അറിയാതെ ഞാനിവിടെ ഇരിക്കുന്നത്. വേണമെങ്കിൽ നിനക്കുകൂടി ഇങ്ങോട്ടു വരാം. മറ്റാരോടും പറയരുത്.”

കുറുക്കന്റെ വാക്കുകൾ സത്യമാണെന്ന് കരുതി മറ്റൊന്നും ആലോചിക്കാതെ ആട് കിണറ്റിലേക്കു ഇറങ്ങി. കുറുക്കൻ ഒട്ടും സമയം പാഴാക്കാതെ ആടിന്റെ പുറത്തുചവിട്ടി കരയിലേക്കു ചാടി.

”എന്താണ് നീ പോകുന്നത്?” ആട് ചോദിച്ചു.

ആ ചോദ്യം കേൾക്കാത്ത ഭാവത്തിൽ കുറുക്കൻ അവിടെനിന്നും ഓടി. കുറച്ചു കഴിഞ്ഞപ്പോഴാണ് ആടിന് താൻ അകപ്പെട്ട കെണി മനസിലായത്.
കൂട്ടുകാരേ, പലവിധത്തിലുള്ള കപടവാഗ്ദാനങ്ങളുമായി അനേകർ നമ്മെ സമീപിക്കും. അവരുടെ വാക്കുകൾ സത്യമാണെന്ന് തോന്നുമെങ്കിലും അതിന്റെ പിന്നിലുള്ളത് അവരുടെ സ്വാർത്ഥതയായിരിക്കും. അതിനാൽ മുതിർന്നവരോട് ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *