വൈദികരെ നശിപ്പിച്ചാൽ വചനം പഠിപ്പിക്കുവാനും കൂദാശകൾ പരികർമം ചെയ്യുവാനും ആരാണുള്ളത്?” വിചാരണവേളയിൽ വിശുദ്ധ അംബ്രോസ് ന്യായാധിപനോടാണ് ഈ ചോദ്യം ഉന്നയിച്ചത്. തന്നെ മരണത്തിന് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ശാന്തമായി കേട്ട വിശുദ്ധൻ അതിന് കാരണക്കാരായ എല്ലാവരോടും ക്ഷമിക്കുന്നതായി അപ്പോൾത്തന്നെ പ്രഖ്യാപിച്ചു.
മാഞ്ചസ്റ്ററിനടുത്തുള്ള ബാർലോ ഹാളിൽ അലക്‌സാണ്ടർ ബാർലോയുടെയും മേരിയുടെയും നാലാമത്തെ പുത്രനായി 1585 ലാണ് അംബ്രോസ് ജനിച്ചത്. കത്തോലിക്കാ സഭ അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന് തന്റെ വിശ്വാസം മുറുകെപിടിച്ചതിന്റെ പേരിൽ ജയിലിലായിരിക്കുന്ന സമയത്താണ് അംബ്രോസിന്റെ വല്യപ്പച്ചൻ മരിക്കുന്നത്. ബാർലോ കുടുംബത്തിന്റെ ഭൂരിഭാഗം സ്വത്തും കണ്ടുകെട്ടി. തുടർന്ന് മനസില്ലാമനസോടെ ആ കുടുംബം ആംഗ്ലിക്കൻ സഭയിൽ ചേർന്നു. 1607 വരെ ആംഗ്ലിക്കൻ വിശ്വാസത്തിൽ തുടർന്ന അംബ്രോസ്, തുടർന്ന് റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു.
1597-ൽ ബന്ധുവിന്റെ സ്ഥാപനത്തിൽ അപ്രന്റീസായി അംബ്രോസ് ജോലിയിൽ പ്രവേശിച്ചു. അവിടുത്തെ സേവനം അവസാനിക്കുന്ന കാലഘട്ടത്തിലാണ് അംബ്രോസ് തന്റെ ദൈവവിളി തിരിച്ചറിയുന്നത്. ഒരു വൈദികനാകണമെന്ന ആഗ്രഹത്തോടെ ഫ്രാൻസിലെ ഡൗവിലുള്ള ‘ഇംഗ്ലീഷ് കോളജിൽ’ ചേർന്നു. അവിടുത്തെ പഠനത്തിനുശേഷം സ്‌പെയിനിലുള്ള വിശുദ്ധ അൽബാന്റെ റോയൽ കോളജിലും അംബ്രോസ് തുടർ വിദ്യാഭ്യാസം നടത്തി. 1617-ൽ ബനഡിക്ടൻ സന്യാസസഭയിലെ വൈദികനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു.
തിരിച്ചവന്ന അംബ്രോസ് തന്റെ ഇടവകയിലും പരിസരപ്രദേശങ്ങളിലുമുള്ള കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾ രഹസ്യത്തിൽ നിറവേറ്റുവാൻ ആരംഭിച്ചു. 1628 -ൽ എഡ്മണ്ട് ആരോസ്മിത്ത് എന്നൊരു വിശുദ്ധനായ ഈശോസഭാ വൈദികന് അന്ത്യകൂദാശ നല്കിയത് വിശുദ്ധ അംബ്രോസായിരുന്നു. പിന്നീട് രക്തസാക്ഷിത്വം വരിച്ച എഡ്മണ്ട്, സ്വപ്നത്തിൽ അംബ്രോസിന് പ്രത്യക്ഷപ്പെടുകയും അടുത്ത ഊഴം അംബ്രോസിന്റേതാണെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു.
ആ ദർശനത്തിനുശേഷം അംബ്രോസിനെ നാലു തവണ അറസ്റ്റു ചെയ്‌തെങ്കിലും എല്ലാ പ്രാവശ്യവും കുറ്റമൊന്നും ചുമത്താതെ വെറുതെ വിടുകയാണുണ്ടായത്. അംബ്രോസിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുവാനിടയാക്കുമെന്ന് മനസിലാക്കിയ സുഹൃത്തുക്കൾ ലങ്കാഷെയറിൽനിന്ന് തിരിച്ചുപോകുവാൻ വിശുദ്ധനെ നിർബന്ധിച്ചു. എന്നാൽ ഒരു ‘വൈദികനായതിന്റെ പേരിൽ കൊല്ലപ്പെടുക എന്നുള്ളത് ജീവിക്കുന്നതിനെക്കാൾ അഭികാമ്യമാണെ’ന്നായിരുന്നു അംബ്രോസിന്റെ പക്ഷം. അതിലും മെച്ചപ്പെട്ടൊരു മരണം തനിക്ക് ലഭിക്കാനിടയില്ലെന്നും വിശുദ്ധൻ അഭിപ്രായപ്പെട്ടു.
1641-ൽ ചാൾസ് ഒന്നാമൻ രാജാവ് എല്ലാ കത്തോലിക്കാ പുരോഹിതന്മാർക്കും രാജ്യം വിട്ടുപോകുവാനുള്ള അന്ത്യശാസനം നല്കി. ഇല്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന മുന്നറിയിപ്പും രാജശാസനത്തിൽ ഉണ്ടായിരുന്നു. ലീയിലെ, ബാർലീസ് ഹാൾ എന്ന സ്ഥലം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന വിശുദ്ധ അംബ്രോസ് ഇതിനോടകംതന്നെ അറിയപ്പെടുന്നൊരു വ്യക്തിയായി മാറിയിരുന്നു. 24 വർഷത്തെ ശുശ്രൂഷാജീവിതത്തിനുശേഷവും തന്റെ സുരക്ഷയെ അവഗണിച്ചുകൊണ്ട് എല്ലാവർക്കും പ്രാപ്യമായ ഒരു സാധാരണ വീട്ടിൽ വിശുദ്ധൻ താമസം തുടർന്നു.
1641 ഈസ്റ്റർ ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ക്ഷമയെക്കുറിച്ചുള്ള പ്രഭാഷണമധ്യേ വിശുദ്ധ അംബ്രോസിനെ 400-ഓളം വരുന്ന സായുധരായ ജനക്കൂട്ടം പിടികൂടി. മജിസ്‌ട്രേറ്റിന്റെ അടുക്കലെത്തിച്ച അംബ്രോസിനെ വിചാരണയ്ക്കായി ലാംഗസ്റ്ററിലേക്ക് മാറ്റി. സെപ്റ്റംബർ പത്തിന് കഴുമരത്തിലേറ്റുവാനായി വലിച്ചിഴച്ചുകൊണ്ടാണ് വിശുദ്ധനെ കൊണ്ടുവന്നത്. തൂക്കിലേറ്റുന്നതിനു മുൻപായി സങ്കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ട് മൂന്നുതവണ കഴുമരത്തെ വിശുദ്ധ അംബ്രോസ് വലംവച്ചു. രക്തസാക്ഷിത്വത്തിന്റെ കിരീടം ചൂടിയ വി ശുദ്ധ അംബ്രോസ് ബാർലോയുടെ തലയോട്ടി സാ ൽഫോർഡ് ബിഷപ്പിന്റെ വസതിയായ വാർഡ്‌ലി ഹാ ളിൽ സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധ അംബ്രോസ് ബാർലോ, എഡ്മണ്ട് ആരോസ്മിത്ത് എന്നിവർ ഉൾപ്പെടെയുള്ള ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും 40 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചത് 1970-ൽ പോൾ ആറാമൻ മാർപാപ്പയാണ്.
രഞ്ചിത്ത് ലോറൻസ്