വിശ്വസ്തനഗരം വേശ്യയായിത്തീർന്നതെങ്ങനെ? ഏശയ്യാ 1:21

ഉൽപത്തി പുസ്തകം ആറാം അധ്യായം ഒന്ന്, രണ്ട് വചനങ്ങളിൽ മനുഷ്യൻ ചെയ്യുന്ന ജഡിക പാപങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മൂന്നാമത്തെ വചനത്തിൽ മനുഷ്യർ പാപം ചെയ്യുന്നതിലുള്ള അതൃപ്തി ദൈവം പ്രകടിപ്പിക്കുന്നതും നാം വായിക്കുന്നു. ഉൽപത്തി പുസ്തകം 19-ാം അധ്യായത്തിൽ, ലോത്തിന്റെ വീട്ടിൽ താമസിച്ച പുരുഷന്മാരുമായി പാപം ചെയ്യാൻ വന്ന പുരുഷന്മാരെപ്പറ്റി വായിക്കുന്നുണ്ട്. നിയമാവർത്തന പുസ്തകം 23:17-18-ൽ ഇങ്ങനെ പറയുന്നു: ഇസ്രായേൽ സ്ത്രീകളിലാരും ദേവദാസികൾ ആകരുത്. ഇസ്രായേൽ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെടരുത്. വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവമായ കർത്താവിന്റെ ആലയത്തിലേക്ക് നേർച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്ക് നിന്ദ്യമാണ്. 1 കൊറിന്തോസ് 6:15-ൽ വിശുദ്ധ പൗലോസ് പറയുന്നു: നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആണെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങൾ എനിക്ക് വേശ്യയുടെ അവയവങ്ങൾ ആക്കാമെന്നോ? വേശ്യയുമായി വേഴ്ച നടത്തുന്നവൻ അവളോട് ഏകശരീരമായിത്തീരുന്നുവെന്ന് നിങ്ങൾക്ക് അറിവുള്ളതല്ലേ?
ഇത്തരം വേശ്യകളോട് കർത്താവ് ഇസ്രായേൽ ജനത്തെ ഉപമിക്കുകയാണ്. ദൈവം ഈ ജനത്തോട് വലിയ വിശ്വസ്തതയും കരുണയും സ്‌നേഹവും പരിഗണനയും കാണിച്ചു. എന്നാൽ, ദൈവത്തിന്റെ അനുഗ്രഹങ്ങളും കൃപകളും സംരക്ഷണവും എല്ലാം ഏറ്റുവാങ്ങിയ ഇസ്രായേൽക്കാർ ദൈവത്തോട് വിശ്വസ്തത കാണിച്ചില്ല.

അവിശ്വസ്തതയുടെ, നന്ദികേടിന്റെ ഒരുപാട് സംഭവങ്ങളുണ്ട്. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് പുറപ്പെട്ട് ചെങ്കടൽ കടക്കുകപോലും ചെയ്യുന്നതിനുമുൻപ് ഇസ്രായേൽക്കാർ നന്ദികേടും അവിശ്വസ്തതയും കാണിക്കുവാൻ തുടങ്ങി. 40 വർഷത്തെ മരുഭൂമി യാത്രയിൽ അവിശ്വസ്തതയുടെ ധാരാളം ഉദാഹരണങ്ങൾ കാണുവാൻ കഴിയും. വാഗ്ദാനനാട്ടിൽ എത്തി സൈ്വര്യജീവിതം ആരംഭിച്ചശേഷവും ഈ അവിശ്വസ്തത തുടർന്നു. പ്രവാചകന്മാർ വഴി അവരെ തിരുത്തുവാൻ ദൈവം ശ്രമിച്ചെങ്കിലും സ്ഥായിയായ ഫലം ഉണ്ടായില്ല. അതിനാൽ, ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇസ്രായേൽ ജനത്തോട് ചോദിച്ചു: വിശ്വസ്തനഗരം വേശ്യയായിത്തീർന്നതെങ്ങനെ? (ഏശയ്യാ 1:21). തുടർന്ന് ദൈവം പറഞ്ഞു: നീതിയും ധർമവും കുടികൊണ്ടിരുന്ന അവളിൽ ഇന്ന് കൊലപാതകികളാണ് വസിക്കുന്നത്. നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞിൽ വെള്ളം കലർന്നിരിക്കുന്നു. അതിനാൽ, കർത്താവ് പറഞ്ഞു: എന്റെ കരം ഞാൻ നിനക്കെതിരെ ഉയർത്തും. ചൂളയിൽ എന്നപോലെ ഉരുക്കി ശുദ്ധി ചെയ്യും. നിന്നിൽ കലർന്നിരിക്കുന്ന വിലകെട്ട ലോഹം ഞാൻ നീക്കിക്കളയും. കർത്താവിനെ പരിത്യജിക്കുന്നവർ നിശേഷം ഇല്ലാതാകും… നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകവൃക്ഷം പോലെയും വെള്ളം ഇല്ലാത്ത ഉദ്യാനം പോലെയും ആകും. ബലവാൻ ചണനാരുപോലെയും അവന്റെ പ്രവൃത്തികൾ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ച് കത്തി നശിക്കും. അഗ്നി ശമിപ്പിക്കുവാൻ ആരും ഉണ്ടാവുകയില്ല.

വേശ്യകൾ സ്വയം നശിക്കും. അഥവാ ദൈവം അവരെ നശിപ്പിക്കും. എന്നതുപോലെ, അവിശ്വസ്തത കാണിക്കുന്ന ഇസ്രായേൽ ജനത്തെയും ദൈവം കൈവിടുകയും അവരും നശിക്കുകയും ചെയ്യും എന്നാണ് ദൈവം മുന്നറിയിപ്പ് നല്കിയത്. പിന്നീട്, ഇസ്രായേൽ എന്ന രാജ്യം പോലും ഇല്ലാതായ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ദൈവം പറയുന്നതുപോലെയേ കാര്യങ്ങൾ നടക്കൂ.

ഇന്നത്തെ ലോകത്തിന്റെ സ്ഥിതി എന്താണ്? ദൈവത്തോട് വിശ്വസ്തത പുലർത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നു. ദൈവത്തെ വിശ്വസിക്കുന്നവർ വിശ്വസ്തതയിൽനിന്ന് പുറകോട്ടു പോകുന്നു. ധാരാളം പേർ ദൈവവിശ്വാസംതന്നെ നശിപ്പിക്കുകയും ചെയ്യുന്നു. വിശ്വസ്തത നഷ്ടപ്പെടുത്തിയ ഇസ്രായേലിനെ ദൈവം വേശ്യ എന്ന് വിളിച്ചു. അങ്ങനെയെങ്കിൽ, വിശ്വസ്തത കാണിക്കാത്ത ഓരോരുത്തരെയും ദൈവം ഈ പേര് വിളിക്കുമോ? ഓർക്കുമ്പോഴേ ഭയം തോന്നുന്നു അല്ലേ?

ഫാ. ജോസഫ് വയലിൽ സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *