”നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവർ മുറിവേല്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53:5).
നോമ്പുകാലം ദൈവഭക്തിയിലും ആരാധനയിലും പശ്ചാത്താപത്തിലും കഴിയേണ്ട കാലമാണ്. നോമ്പിലൂടെയും ഉപവാസത്തിലൂടെയും ആത്മീയജീവിതം കൂടുതൽ കരുത്തുള്ളതാക്കി മാറ്റണം. നോമ്പുകാലം വിശ്വാസ നവീകരണത്തിന്റെ പൂക്കാലമാണ്.
ഇതെല്ലാം അനുഷ്ഠിച്ചിട്ടും നമ്മുടെ ജീവിതത്തിൽ മനഃസമാധാനവും സംതൃപ്തിയും ഉണ്ടോ? മനുഷ്യൻ സന്തോഷത്തിനായി കോടികൾ മുടക്കി കൊട്ടാരങ്ങൾ കെട്ടി, മുട്ടിപ്പായി സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. എന്നാൽ ഒരു കൊച്ചുകുരുവിക്ക് അതിന്റെ വൈക്കോൽ കൂട്ടിൽ കിട്ടുന്ന സ്വസ്ഥത കൊട്ടാരത്തിൽ കിട്ടുന്നുണ്ടോ? നമ്മുടെ വേദനകളിൽ അലിവു തോന്നാത്ത, ആവശ്യങ്ങളിൽ താല്പര്യമില്ലാത്തതുമായ ഒരു ദൈവമാണോ നമുക്കുള്ളത് എന്ന് ചിന്തിക്കുന്നവരുണ്ട്. ചിന്താഗതികളെ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലം കൂടിയാണിത്. വളരെ പേരുടെ മനഃസമാധാനം കെടുത്തുന്നത് ശരീരത്തിലെ അവയവങ്ങൾ തന്നെയാണ്. ”എന്റെ വായക്ക് കാവല്ക്കാരനും എന്റെ ചുണ്ടുകളിൽ വിവേകത്തിന്റെ മുദ്രയും ഉണ്ടായിരുന്നെങ്കിൽ, ഞാൻ വീഴുകയോ നാവുമൂലം നശിക്കുകയോ ചെയ്യുകയില്ലായിരുന്നു”(പ്രഭാ. 22:27).
”മനുഷ്യന്റെ നാവു ചെറിയൊരു അവയവമാണ്. എന്നാ ൽ, അതു തീയാണ്. ചെറിയൊരു തീപ്പൊരി എത്രയോ വലിയ വനത്തെയാണ് ചാമ്പലാക്കുക”(യാക്കോ.3:5-6). അതേസമയം തന്നെ, അഗ്നി ചൂടും പ്രകാശവും തരുന്നു. ഓരോ വാക്കും മറ്റുള്ളവർക്ക് അറിവും ആനന്ദവും പകരുന്നതായിരിക്കണം. മറുപടി പറഞ്ഞ് തോല്പിച്ചു എന്ന് അഹങ്കരിക്കുന്നത് ഒരു ദൈവഭക്തന് ചേർന്ന സ്വഭാവമല്ല. അശ്രദ്ധയിലും അഹങ്കാരത്തിലും പറയുന്ന വാക്കുകൾ ബന്ധങ്ങൾ തകർക്കും. അതിനാൽ, നാവിനെ നിയന്ത്രിക്കണം.
ഒരു വാക്കിന് ശത്രുവിനെ മിത്രമാക്കുവാനും മിത്രത്തെ ശത്രുവാക്കി മാറ്റുവാനും കഴിയും. വാക്കുകൾ ഏല്പിക്കുന്ന മുറിവുകൾ പുറമെ കാണുകയില്ല. എന്നാൽ അതു ശരീരത്തിനേല്ക്കുന്ന മുറിവുകളെക്കാൾ ആഴമേറിയതും ഉണങ്ങാൻ പ്രയാസമേറിയതുമാണ്. പ്രഭാഷകൻ 25:26-ൽ പറയുന്നു: ”വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക. വായ്ക്ക് വാതിലും പൂട്ടും നിർമിക്കുക. നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുൻപിൽ ചെന്നുവീഴാതിരിക്കണമെങ്കിൽ നാവുകൊണ്ട് തെറ്റു ചെയ്യാതിരിക്കുക.”
റോമാ 6:13 ഓർമിപ്പിക്കുന്നു: ”നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിന് സമർപ്പിക്കരുത്. പ്രത്യുത മരിച്ചവരിൽനിന്ന് ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിന് സമർപ്പിക്കുവിൻ.” എളിമയും വിനയവും കുടികൊള്ളുന്ന മനസിൽ മാത്രമേ ദൈവസാന്നിധ്യത്തിന് സ്ഥാനമുണ്ടാവുകയുള്ളൂ. തിരുവചനത്തിലൂടെ ജീവിതത്തെ മാറ്റിമറിക്കാം. വചനം നമ്മെ പുതിയൊരു ഉണർവിലേക്ക് നയിക്കട്ടെ.
ആന്റണി ചിറമ്മേൽ