ദൈവം കൊടുത്തുവിട്ട സ്വർണനാണയങ്ങൾ

ഇറ്റലിയിൽ കടുത്ത ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും കാലമായിരുന്നത്. വിശുദ്ധ റൊസെല്ലോ തെരുവു കുട്ടികളെ സംരക്ഷിക്കുന്നതിനായി ‘ദൈവപരിപാലനഭവൻ’ എന്ന സ്ഥാപനം നടത്തിയിരുന്നു. ദാരിദ്ര്യം ആ ഭവനത്തെയും ഞെരുക്കി. കടമായി ഇനി സാധനങ്ങൾ നല്കാനാവില്ലെന്ന് കച്ചവടക്കാർ തീർത്തുപറഞ്ഞു. മദർ ആകെ വിഷമിച്ചു. എങ്കിലും പ്രതീക്ഷ കൈവിടാതെ സന്യാസിനിമാർ ശക്തമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം സാധുസ്ത്രീ രണ്ടു കൊച്ചുപെൺകുട്ടികളെയുംകൊണ്ട് മദറിന്റെ അടുത്തെത്തി. ആ കുട്ടികൾ ആരാണെന്ന് അറിയില്ലെന്നും തലേദിവസം രാത്രി എങ്ങനെയോ തന്റെ വീട്ടിൽ വന്നുകയറിയതാണെന്നും അവർ പറഞ്ഞു. അവർക്ക് ആ കുട്ടികളെ സംരക്ഷിക്കാനുള്ള കഴിവില്ലായിരുന്നു. പേടിച്ചരണ്ട മുഖഭാവത്തോടെ വിശന്നു തളർന്ന് നില്ക്കുന്ന ആ കുഞ്ഞുങ്ങളെ തിരിച്ചയക്കാൻ മദറിന് മനസ് വന്നില്ല. അവരെ ഏറ്റെടുക്കരുതെന്ന് സഹസന്യാസിനിമാർ അകത്തുനിന്നു പറയുന്നത് മദർ കേട്ടു. കുഞ്ഞുങ്ങളെ ചേർത്തുനിർത്തി മിഠായികൾ നല്കിക്കൊണ്ട് മദർ സഹസന്യാസിനിമാരോട് പറഞ്ഞു:

”എന്റെ മക്കളേ, ദൈവത്തിന്റെ പരിപാലന മഹത്തരമാണ്. നമ്മൾ കൂടുതൽ നല്കാൻ സന്നദ്ധരാകുമ്പോൾ ദൈവം നമുക്ക് കൂടുതൽ നല്കും.”
ദൈവപരിപാലനഭവനിൽ വില്ക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. എന്തു ചെയ്യുമെന്നറിയാതെ വലിയ വിഷമത്തോടെയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് രണ്ട് സന്യാസിനിമാർ വാതിൽ തുറന്നു. പാർശ്വത്തിൽ ഒരു തോക്കും കൈയിൽ ഒരു പൊതിയുമായി ഒരാൾ നില്ക്കുന്നു. ‘മദർ റൊസെല്ലോയ്ക്ക്’ എന്നു പറഞ്ഞുകൊണ്ട് പൊതി നല്കിയിട്ട് താനാരാണെന്നുപോലും പറയാതെ അയാൾ തിരിച്ചു നടന്നു. സ്വർണാഭരണങ്ങളായിരുന്നു പൊതിയിൽ. കടങ്ങളെല്ലാം വീട്ടാൻ ആവശ്യമുള്ളതിൽ അധികം. മദർ പറഞ്ഞതെത്രയോ സത്യമാണ്: ”നമ്മൾ കൂടുതൽ നല്കാൻ സന്നദ്ധരാകുമ്പോൾ ദൈവം നമുക്ക് കൂടുതൽ നല്കും.”

”കല്പനകളെപ്രതി ദരിദ്രനെ സഹായിക്കുക; ആവശ്യക്കാരനായ അവനെ വെറും കയ്യോടെ അയക്കരുത്” (പ്രഭാ. 29:9).

Leave a Reply

Your email address will not be published. Required fields are marked *