”ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്ക് നയിക്കുന്നവൻ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും” (ദാനിയേൽ 12:3).
സ്വർഗത്തിലെത്തും എന്ന ബോധ്യത്തിലാണ് അയാൾ ജീവിച്ചത്. സ്വർഗത്തിലെത്താനുള്ള എല്ലാ ‘കുറുക്കുവഴികളും’ അയാൾ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മരണത്തിന്റെ ദൂതൻ എത്തിയപ്പോൾ കാര്യമായ വിഷമം തോന്നിയില്ല.
”ഇനിയും എത്ര ദൂരമുണ്ട്?” ഇടയ്ക്ക് അയാൾ കുശലം ചോദിച്ചു.
”എങ്ങോട്ട്?” മാലാഖ സംശയഭാവത്തിൽ നോക്കി.
”സ്വർഗത്തിലേക്ക്.”
”അതിനു നമ്മൾ സ്വർഗത്തിലേക്കല്ലല്ലോ പോകുന്നത്” മാലാഖ ചെറുതായി പുഞ്ചിരിച്ചു.
”പിന്നെ? നിങ്ങൾക്കുള്ള സ്ഥലം വളരെ അടുത്താണ്. ഞാൻ കാണിച്ചുതരാം, വരൂ.” മാലാഖ അയാളുടെ തോളിൽ പിടിച്ചു. തന്റെ ശക്തി മുഴുവൻ ചോർന്നുപോകുന്നതുപോലെ അയാൾക്കു തോന്നി.
”ഞാൻ നീതിമാനാണല്ലോ… പിന്നെ” അയാൾ സംശയം പ്രകടിപ്പിച്ചു.
മാലാഖ കൈയിലിരുന്ന ചുരുൾ നിവർത്തി. അതിലേക്ക് നോക്കിയിട്ട് പറഞ്ഞു: ദൈവം നിങ്ങൾക്കിട്ടിരിക്കുന്ന പേര് കപടനാട്യക്കാരൻ എന്നാണ്.
ഒരു നിമിഷംകൊണ്ട് എല്ലാം കീഴ്‌മേൽമറിയുന്നതുപോലെ അയാൾക്കു തോന്നി. മരിക്കുമ്പോൾ പോലും ഇത്രയും വെപ്രാളം അയാൾ കാണിച്ചിട്ടില്ല. അല്പസമയം കഴിഞ്ഞപ്പോൾ സമചിത്തത വീണ്ടെടുത്തു ചോദിച്ചു: ”എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകുകയും മറ്റുള്ളവർക്ക് ദൈവത്തെപ്പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്ന എനിക്ക് എങ്ങനെയാണ് സ്വർഗം നിഷേധിക്കാനാവുക? അതുപോലെ ഞാൻ നടത്തിയിട്ടുള്ള ദാനധർമങ്ങളുടെ കണക്കും എന്റെ കൈയിലുണ്ട്. അതുവച്ച് ഞാൻ തെളിയിച്ചുതരാം.” ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അയാൾ പറഞ്ഞു.
”പറഞ്ഞത് ശരിതന്നെ. കൃത്യമായി എല്ലാ ആഴ്ചകളിലും നീ പള്ളിയിൽ പോകുമായിരുന്നു. അതുപോലെ മറ്റുള്ളവർക്ക് ആത്മീയവെളിച്ചം പകർന്നുകൊടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, വാക്കുകളിലൂടെ മാത്രമാണ് അത് പ്രകടിപ്പിച്ചത്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള കുറുക്കുവഴിയായി അതിനെ കണ്ടു. നീ അവരെ കബളിപ്പിക്കുകയായിരുന്നു. പ്രവൃത്തി കൂടാതെയുള്ള വി ശ്വാസം നിരർത്ഥകമാണെന്ന് വായിച്ചിട്ടില്ലേ?”
മാലാഖയുടെ ചോദ്യത്തിനു മുൻപിൽ അയാൾ നിശബ്ദനായി. മാലാഖ വിഷാദഭാവത്തിൽ പറഞ്ഞു: ”ദേവാലയത്തിലും പ്രാർത്ഥനായോഗങ്ങളിലും നല്ല മനുഷ്യനായി അഭിനയിക്കുകയായിരുന്നു. കേൾക്കുന്നവരുടെ പ്രശംസ പിടിച്ചുപറ്റാൻ, നീ അനുഭവിച്ചിട്ടില്ലാത്ത ആത്മീയതയുടെ മഹത്വെക്കുറിച്ച് അറിയാമെന്ന മട്ടിൽ പ്രസംഗിക്കുകയായിരുന്നു. ആത്മീയപ്രമാണങ്ങളെ ആദരിക്കുന്നതായി നടിച്ച് കേൾവിക്കാരെ വഞ്ചിക്കുകയായിരുന്നു. ഇത്തരക്കാരോടുള്ള ദൈവത്തിന്റെ ചോദ്യമാണ് സങ്കീർത്തനം 50:16. ധാരാളം വചനങ്ങൾ കാണാപാഠം പഠിച്ച നീ ആ വചനം ഓർക്കുണ്ടോ?”
”ഇല്ല…” അയാൾ വിഷമത്തോടെ തലയാട്ടി. ഞാൻ വായിക്കാം, കേട്ടോളൂ: ”എന്റെ നിയമങ്ങളുരുവിടുവാനോ എന്റെ ഉടമ്പടിയെക്കുറിച്ച് സംസാരിക്കുവാനോ നിനക്കെന്തവകാശം?” മാലാഖ വചനം പറഞ്ഞതിനുശേഷം കുറച്ചുസമയം നിശബ്ദമായിരുന്നു.
രണ്ടുപേരും ഒന്നും മിണ്ടിയില്ല. മാലാഖ പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് തോന്നി.
”നിനക്കുള്ള സ്ഥലം ഞാൻ കാണിച്ചുതരാം” മാലാഖ പറഞ്ഞു.
പിന്നെ അയാളുടെ മുൻപിലെ മറ നീക്കി ആ കാഴ്ച കാണിച്ചുകൊടുത്തു. അവിടെ അയാൾക്ക് പരിചയമുള്ള ധാരാളം മുഖങ്ങളുണ്ടായിരുന്നു. സ്വർഗത്തിലെത്തുമെന്ന് അയാൾ കരുതിയിരുന്നവരായിരുന്നു അവരിൽ പലരും.
ഇന്ന് ദൈവം തിരികെ വിളിച്ചാൽ എന്തായിരിക്കും അവസ്ഥ? അവിടുന്ന് നമുക്ക് നല്കുന്ന പേരും കപടനാട്യക്കാർ എന്നായിരിക്കുമോ? സ്വർഗത്തിലേക്കുള്ള പാസ്‌പോർട്ടായി കരുതിവച്ച പുണ്യങ്ങളൊക്കെ നമ്മെ നോക്കി പരിഹസിച്ച് ചിരിക്കുന്ന അവസ്ഥയായിരിക്കുമോ കാത്തിരിക്കുന്നത്. പേരെടുക്കാനും പ്രശസ്തരാകാനുമുള്ള ആഗ്രഹങ്ങൾ അല്ലായിരുന്നോ പലതിന്റെയും പിന്നിൽ. നീതിമാനാണെന്നു സമൂഹത്തെ വിശ്വസിപ്പിക്കാൻ കഴിഞ്ഞെന്നു വരാം. പക്ഷേ, അങ്ങനെയുള്ള മുഖംമൂടികൾ ദൈവസന്നിധിയിൽ അഴിഞ്ഞുവീഴും. ഈ ഭൂമിയിലെ പരിമിതമായ ജീവിതത്തിൽ, സുഖവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാർഗങ്ങൾ ദൈവം അംഗീകരിക്കുന്നവയല്ലെങ്കിൽ അതിൽ കൂടുതൽ വിഡ്ഢിത്തം മറ്റെന്താണുള്ളത്? നീതിരഹിതമായി ജീവിക്കുന്നവർക്ക് ഈ ലോകത്തിലും മനഃസമാധാനമോ സന്തോഷമോ അനുഭവിക്കാൻ കഴിയില്ലെന്നതാണ് സത്യം. ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർ അറിയുമോ എന്ന ഭയവും ഉൽക്കണ്ഠയും എപ്പോഴും അവരെ പൊതിയുന്നുണ്ടാകും. കപടനാട്യക്കാർക്ക് ജീവൻ നഷ്ടമാകുകയും ചെയ്യും. തിരിച്ചറിയുക, സ്വർഗത്തിലേക്ക് കുറുക്കുവഴികളില്ല.
ജെറിൻ മാത്യു