ഈ പുസ്തകം ഒന്നു വായിക്കാമോ?

ആർക്കും ചെയ്യാൻ കഴിയുന്ന സുവിശേഷപ്രഘോഷണരീതിയാണ് ലേഖനം പരിചയപ്പെടുത്തുന്നത്.

ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളിമുറ്റത്ത് സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് സോഫിചേച്ചി അടുത്തേക്കു വന്നത്. കൈയിൽ ഒരു ചെറിയ പുസ്തകവുമുണ്ട്. ഈ പുസ്തകം വായിക്കാമോ എന്ന ചോദ്യത്തോടെ എന്റെ നേരെ നീട്ടി. പഴയ കവറുള്ള ചെറിയ പുസ്തകം. ഞാൻ അതു തുറന്നു. വിശുദ്ധ കുർബാനയെക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. എനിക്ക് താല്പര്യം തോന്നിയില്ല. ”സമയമില്ല, മറ്റാർക്കെങ്കിലും കൊടുത്തോ.” ”ആദ്യം ജെയിംസ് വായിക്ക്. എന്നിട്ട് കൂട്ടുകാർക്ക് കൊടുക്ക്.”ചേച്ചി പറഞ്ഞു. മനസില്ലാമനസോടെ ഞാനത് വാങ്ങി. വായിച്ചു തുടങ്ങിയപ്പോൾ കൂടുതൽ താല്പര്യം തോന്നി. ഒറ്റ ഇരിപ്പിന് അത് വായിച്ചുതീർത്തു. ആ പുസ്തകം ഒരത്ഭുതംപോലെ എന്റെ ധാരണകളെ മാറ്റിമറിച്ചു. വിശുദ്ധ കുർബാനയുടെ ആഴവും പരപ്പും പുസ്തകം എനിക്ക് പറഞ്ഞുതന്നു. വിശുദ്ധ കുർബാനയിൽ കൂടുതൽ ഭയഭക്തിയോടെ പങ്കുചേരാൻ വായന കാരണമായി.

അടുത്ത ദിവസം ഞാൻ സോ ഫിചേച്ചിയോടു നന്ദി പറഞ്ഞു. പുസ്തകം അനുഭവവും അറിവുമായി മാറിയ വിവരം അറിയിച്ചു. എന്റെ കൈയിൽനിന്നും പുസ്തകം വാങ്ങിയ ചേച്ചി അടുത്തുനിന്ന മറ്റൊരാളുടെ അടുത്തുപോയി നില്പാണ്. ”ഈ പുസ്തകം ഒന്നു വായിക്കുമോ?” നിർബന്ധിച്ച് അദ്ദേഹത്തെ പുസ്തകം ഏല്പിക്കുന്നത് കണ്ടു. ചേച്ചിയുടെ പദ്ധതി അവിടെ തീരുന്നില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ മറ്റൊരു പുസ്തകവുമായി വീണ്ടും എന്റെ അടുത്തുവന്നു. ”ഇത് മറ്റൊരു പുസ്തകമാണ്.” ഇപ്രാവശ്യം ഞാൻ താല്പര്യപൂർവം പുസ്തകം വാങ്ങി. അത് ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രമായിരുന്നു. അതും വലിയൊരു അനുഭവമായിരുന്നു. അങ്ങനെ എത്ര എത്ര പുസ്തകങ്ങൾ സോഫിചേച്ചി എനിക്കുതന്നു. എന്നോടുള്ള പ്രത്യേക താല്പര്യംകൊണ്ട് തരുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ, പിന്നീടാണ് അറിയുന്നത്- സോഫിചേച്ചി പുസ്തകവുമായി പുറകെ ചെല്ലാത്ത ഇടവകക്കാർ വിരളം. തന്റെ വീട്ടിലുള്ള നല്ല പുസ്തകങ്ങൾ പള്ളിയിൽ കൊണ്ടുവന്ന് അവിടെ കൂടുന്നവർക്കിടയിൽ വിതരണം ചെയ്യുന്നത് ചേച്ചിയുടെ പതിവാണ്. ഇതേപ്പറ്റി ഞാൻ ചേച്ചിയോട് ചോദിച്ചു. ”എന്റെ ഭർത്താവ് നല്ല വായനാശീലമുള്ള ആളാണ്. അദ്ദേഹം വാങ്ങിക്കൂട്ടിയ പുസ്തകശേഖരം വീട്ടിൽ വെറുതെയിരിക്കുന്നതിൽ അർത്ഥമില്ല. രോഗിയായ ഭർത്താവ് ഇനി അതൊന്നും വായിക്കില്ല. അതുകൊണ്ട് കഴിയുന്നത്ര ആളുകൾക്ക് ഫലം കിട്ടട്ടെ. ചിലർക്ക് ചോദിക്കുന്നത് ഇഷ്ടപ്പെടില്ല. ഞാനത് കണക്കാക്കാറില്ല. ഈശോയ്ക്കുവേണ്ടിയല്ലേ. എന്നാലാവുന്നത് ഞാൻ ചെയ്യുന്നു.” സോഫിചേച്ചി മനസുതുറന്നപ്പോൾ ഞാൻ സത്യത്തിൽ തിരിച്ചറിയുകയായിരുന്നു- ചെറിയ പ്രവൃത്തിയിലൂടെ നന്മയുടെ വലിയൊരു നിധിയല്ലേ അവർ സമൂഹത്തിൽ വിതറുന്നതെന്ന്. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പുസ്തകം വായിച്ചപ്പോൾ എത്ര വലിയ അറിവാണ് കിട്ടിയത്. ആഴത്തിൽ കുർബാനയിൽ പങ്കുചേരാൻ പുസ്തകം എന്നെ സഹായിച്ചു. അതുപോലെ ആ പുസ്തകം വായിച്ചവർക്കെല്ലാം കുർബാന ഒരനുഭവമായി മാറ്റാൻ കഴിഞ്ഞിട്ടുണ്ടാകും.
എത്രയോ പേർക്ക് ഈശോയെ പകർന്നുനല്കുന്ന പ്രവർത്തനമല്ലേ സോഫിചേച്ചി ചെയ്യുന്നത്.

പള്ളിയിലെ ആൾക്കൂട്ടത്തിനു നടുവിൽ ആരാലും അറിയപ്പെടാതെ, നന്മയുടെ വിത്തുകൾ പുസ്തകങ്ങളിലൂടെ വിതറുന്ന ആ ചേച്ചി എനിക്ക് സുവിശേഷവത്ക്കരണത്തിന്റെ വലിയ പാഠം പഠിപ്പിച്ചുതന്നു..

ജെയിംസ് വടക്കേക്കര, ഹൂസ്റ്റൺ

Leave a Reply

Your email address will not be published. Required fields are marked *