ദേവാലയത്തിലേക്ക് നടന്നുപോയാലോ?

ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് ജീവിതവും വിശ്വാസവും. ക്രിസ്ത്യൻ പ്രാർത്ഥനകളും ആരാധനകളും ബലിയർപ്പണവും സമൂഹജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ കുർബാന ഒരു സ്വർഗീയ വിരുന്നാണ്. ദിവ്യബലിയിൽ പങ്കുചേരാനെത്തുന്നവർ ഒരു കുടുംബം പോലെ ആ വിരുന്നിൽ പങ്കുചേരുന്നു. ഇവിടെ നിറഭേദങ്ങളും ഭാഷാഭേദങ്ങ ളും സമ്പന്നരെന്നോ ദരിദ്രരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഒക്കെയുള്ള വേർതിരിവുകളും ഇല്ല. ആദിമ ക്രൈസ്തവരാണ് ഈ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും മാതൃക (അപ്പ.പ്രവ. 4:32-37).

പഴയകാലങ്ങളിൽ ക്രൈസ്തവർ ദേ വാലയങ്ങളിലേക്ക് ദിവ്യബലിക്കായി നടന്നുപോകുന്നത് സർവസാധാരണമായിരുന്നു. കുർബാനയ്ക്ക് പോയിവരുമ്പോൾ പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. കുടുംബം, സമൂഹം, രാഷ്ട്രീയം, സാമ്പത്തികം, കൃഷി, ജോലി, നാട്ടിൽ നടക്കുന്ന മറ്റു സംഭവങ്ങൾ എന്നിങ്ങനെ പലതും. സുഹൃത്തുക്കളുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഈ യാത്രകൾ ഉപകരിച്ചിരുന്നു. രാവിലെ കാൽനടയാ യി ദേവാലയത്തിൽ പോയിവരുന്നത് ശാരീരിക വ്യായാമമായിരുന്നു. ഇപ്പോൾ മിക്കവരും ദേവാലയത്തിൽ പോകുന്ന ത് വാഹനങ്ങളിലാണ്. വീടിന്റെ മുറ്റത്തുനിന്നും വാഹനത്തിൽ കയറി ദേവാലയ മുറ്റത്ത് എത്തിച്ചേരുന്നു. ദിവ്യബലിയിൽ പങ്കുചേർന്ന് തിരിച്ചും ഇപ്രകാരം ചെയ്യുന്നു. ഈ യാത്രയിൽ മറ്റുള്ളവരുമായുള്ള സംസാരം വളരെ വിരളമാണ്. ദിവ്യബലിയും കൂട്ടായ്മയുമൊക്കെ നമ്മുടെ ബന്ധങ്ങളെ ദൃഢമാക്കുന്നവ യായിരിക്കണം. ഈശോ പറയുന്നു: ‘സ്വർഗരാജ്യം നിങ്ങളുടെ ഇടയിലാണ്. കൂട്ടായ്മയിലൂടെയും പ്രാർത്ഥനയിലൂടെയുമാണ് സ്വർഗരാജ്യം അനുഭവിച്ചറിയുവാൻ സാധിക്കുക.

ദേവാലയത്തിലേക്ക് എല്ലാവരും നടന്നു പോകണമെന്ന് നിർബന്ധിക്കാനാവില്ല. അത് പ്രായോഗികമല്ലതാനും. കഴിയുന്നിടത്തോളം ആളുകൾ അങ്ങനെ ചെയ്യുന്നത് നല്ലതാണ്. എന്നാൽ, ദേവാലയത്തിൽനിന്നും ഓടിയിറങ്ങി വണ്ടി സ്റ്റാർട്ടു ചെയ്ത് പോകുന്ന രീതി മാറേണ്ടതാണ്. ഒരു ഇടവകയിൽ ഉള്ളവർപ്പോലും പരസ്പരം അറിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലേതുപോലെ ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞ് മറ്റുള്ളവരുമായി സംസാരിക്കുവാനും ബന്ധം പുതുക്കുവാനും സമയം കണ്ടെത്തണം. അതിനുവേണ്ടി മാറ്റിവയ്ക്കുന്ന ഏതാനും മിനിറ്റുകൾ ഒരിക്കലും നഷ്ടമാകില്ല. സഹോദരങ്ങളുടെ മുഖത്തു നോക്കാൻപോലും സമയം നഷ്ടപ്പെടുത്താത്ത ഓട്ടങ്ങൾ ലാഭം ഉണ്ടാക്കിത്തരില്ല. കൂട്ടായ്മ ഇല്ലാതാകുമെന്ന വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ബന്ധങ്ങൾ ദൃഢമാക്കാനുള്ള ഇടങ്ങൾകൂടിയായി ദേവാലയമുറ്റങ്ങൾ മാറണം. സ്വന്തം വാഹനത്തിൽ ദേവാലയത്തിലേക്ക് ചീറിപ്പായുമ്പോൾ, നടന്ന് ദേവാലയത്തിൽ പോകുന്നവർക്കും ബസു കാത്തുനില്ക്കുന്നവർക്കും ലിഫ്റ്റ് കൊടുക്കാൻ ശ്രദ്ധിക്കണം. വാഹനത്തി ൽ സ്ഥലം കുറവാണെങ്കിലും അല്പം ത്യാഗം സഹിച്ചാണെങ്കിലും അങ്ങനെ ചെയ്യുന്നത് കൂട്ടായ്മ വളർത്തും. ദൈ വത്തോടുള്ള ബന്ധം വളരുന്നതനുസരിച്ച് സഹോദരങ്ങളുമായുള്ള ബന്ധ ങ്ങളും വളരട്ടെ!

ഫാ. ജയിംസ് പേഴത്തുംമൂട്ടിൽ എം.എസ്.എഫ്.എസ്

Leave a Reply

Your email address will not be published. Required fields are marked *