സ്‌നേഹത്തിന്റെ അളവുകോൽ

ഭാര്യയുടെ സഹോദരന് ഫാക്ടറിയിൽവച്ച് ഷോക്കേറ്റു എന്നറിഞ്ഞാണ് ചെറുപ്പക്കാരൻ ഭാര്യയേയും കൂട്ടി ഗ്രാമത്തിലേക്ക് തിരിച്ചത്. ഭാര്യ ഡോക്ടറും അയാൾ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു. വിവരം അറിഞ്ഞപ്പോൾ പരിസരം മറന്ന് ഭാര്യ ഉറക്കെ നിലവിളിച്ചു. ”ആ അവസ്ഥയിലുള്ള എത്രയോ ആളുകളെ നീ ദിവസവും കാണുന്നതാണ്? ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പപ്പ പറഞ്ഞിരുന്നു.” ഭർത്താവ് ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തെല്ലൊന്ന് ശാന്തമായപ്പോൾ ഭർത്താവ് പറഞ്ഞു: ”നിനക്ക് സഹോദരനോടുള്ള സ്‌നേഹവും അടുപ്പവുമൊക്കെ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമുക്ക് മക്കൾ ഉണ്ടാകുമ്പോഴും അവരെയും ഇതുപോലെ സ്‌നേഹിക്കാൻ പഠിപ്പിക്കണം.”

സഹോദരന്റെ ദാനമാണ് എന്റെ സ്ഥാനമാനങ്ങൾ, യഥാർത്ഥത്തിൽ അവന് അവകാശപ്പെട്ടതായിരുന്നു ഈ പദവികളൊക്കെ എന്നായിരുന്നു ഭാര്യയുടെ മറുപടി. എന്നിട്ട് പഴയ രണ്ട് സംഭവങ്ങൾ ഭർത്താവിനോടു പറഞ്ഞു. ആദ്യത്തേത് അവൾ 7-ാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായതായിരുന്നു. അക്കാലത്ത് പ്രത്യേക ഫാഷനിലുള്ള തൂവാല ഇറങ്ങി. കൂട്ടുകാരുടെ കൈയിൽ അത് കണ്ടപ്പോൾ എനിക്കും അതുപോലെ ഒരെണ്ണം വേണമെന്ന് ആഗ്രഹം തോന്നി. വീട്ടിൽ പറഞ്ഞാൽ വാങ്ങിത്തരില്ലെന്ന് അറിയാമായിരുന്നു. ആരും അറിയാതെ പപ്പയുടെ പോക്കറ്റിൽനിന്നും മൂന്ന് രൂപ എടുത്തു. വൈകുന്നേരം ജോലി കഴിഞ്ഞുവന്ന പപ്പ ഞങ്ങളെ രണ്ടുപേരെയും വിളിച്ച് ആരാണ് പണം എടുത്തതെന്ന് ചോദിച്ചു. രണ്ടു പേരും ഒന്നും മിണ്ടിയില്ല. ആരാണെന്ന് പറഞ്ഞില്ലെങ്കിൽ രണ്ടു പേരും ഒരുപോലെ അടിമേടിക്കുമെന്ന് പപ്പ പറഞ്ഞു. ഞാൻ പേടിയോടെ ചൂരലിലേക്ക് നോക്കിനിന്നു. എന്റെ കണ്ണുകളിലെ പേടി കണ്ടപ്പോൾ അവന് കാര്യം മനസിലായി. ക്ഷമിക്കണം, ഞാനാണ് പണം എടുത്തത്. സഹോദരൻ മുന്നോട്ടു വന്നു. ചൂരൽ ഒടിയുംവരെ പപ്പ അവനെ അടിച്ചു. ആ രാത്രിയിൽ എല്ലാവരും ഉറങ്ങിയപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് അവന്റെ അടുത്തുചെന്നു. എനിക്ക് അത്രയൊന്നും വേദനിച്ചില്ല. ഇനി അങ്ങനെയൊന്നും ചെയ്യാതിരുന്നാൽ മതിയെന്നായിരുന്നു അവന്റെ മറുപടി.

ഞാൻ പ്ലസ് ടുവും അവൻ 10-ാം ക്ലാസും പാസായത് ഒരേ വർഷമായിരുന്നു. ആരെയെങ്കിലും ഒരാളെയെ തുടർന്നു പഠിപ്പിക്കാൻ കഴിയൂ എന്ന് പപ്പ അമ്മയോട് പറയുന്നത് ഞങ്ങൾ കേട്ടു. പിറ്റേന്ന് രാവിലെ പപ്പയോട് അവൻ പറഞ്ഞു, ഇനി ഞാൻ പഠിക്കുന്നില്ല. പപ്പക്ക് അത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. നീ പഠിക്കണമെന്നു പറഞ്ഞ് ഞാൻ ഉടനെ അവനെ തിരുത്തി. അവൻ അതിനു തയാറായില്ല. അധികം താമസിയാതെ പട്ടണത്തിലുള്ള ഒരു ഫാക്ടറിയിൽ അവൻ ഹെൽപ്പറുടെ ജോലിക്കുപോയിത്തുടങ്ങി. പിന്നീടുള്ള എന്റെ വിദ്യാഭ്യാസത്തിന്റെ ചെലവുകൾ വഹിച്ചത് അവനായിരുന്നു. പഠിക്കാൻ എന്നെക്കാളും എത്രയോ സമർത്ഥനായിരുന്നു അവൻ. അതു പറഞ്ഞിട്ട് അവൾ കണ്ണുതുടച്ചു.

വേദനയുടെ നടുവിലും പുഞ്ചിരിയോടെയാണ് ആശുപത്രിയിൽ സഹോദരൻ അവരെ എതിരേറ്റത്. ”ചേച്ചി വണ്ടിയിലിരുന്ന് കരച്ചിലായിരുന്നു.” സാഹചര്യത്തിന് അയവുവരുത്താനെന്നവണ്ണം ഭർത്താവ് പറഞ്ഞു. ”ചേച്ചി ചെറുപ്പം മുതൽ അങ്ങനെയാണ്. വീട്ടിൽനിന്നും സ്‌കൂളിലെത്താൻ ഒരു മണിക്കൂർ നടക്കണമായിരുന്നു. ഒരു തണുപ്പുകാലത്ത് സ്‌കൂളിൽനിന്നും വരുമ്പോൾ ഞാൻ വഴിയരികിലെ ചെളിയിൽ വീണു. കുറച്ചു ചെളിപറ്റിയ എന്റെ കമ്പിളി സെറ്റ്വർ ഊരിമാറ്റിയിട്ട് ചേച്ചിയുടെ സെറ്റ്വർ എന്നെ നിർബന്ധിച്ചു ധരിപ്പിച്ചു. തണുപ്പടിച്ച് വീട്ടിലെത്തിയ ചേച്ചിക്ക് രാത്രിയിൽ പനിയും തുടങ്ങി. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്ന് വീട്ടിലെത്തുന്നിടംവരെ ചേച്ചി കരയുകയും ചെയ്തത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്.” ചെറുപ്പക്കാരൻ പറഞ്ഞു.

മറ്റുള്ളവർക്കായി അനുഷ്ടിച്ച ത്യാഗങ്ങൾ മറക്കുകയും അവർ നമുക്കുവേണ്ടി ചെയ്ത ചെറിയ സഹായങ്ങൾവരെ ഓർത്തുവയ്ക്കുകയും ചെയ്യുന്ന ഇടങ്ങളിലാണ് യഥാർത്ഥ സ്‌നേഹം ജനിക്കുന്നത്.

”സഹോദരനെ സ്‌നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു; അവന് ഇടർച്ച ഉണ്ടാകുന്നില്ല” (1 യോഹ.2:10).

Leave a Reply

Your email address will not be published. Required fields are marked *