വിശുദ്ധരിൽനിന്നും സ്വർഗത്തിലെ അനുഗൃഹീത സമൂഹത്തിൽനിന്നുമുള്ള അമൂല്യസ്‌നേഹവും വിശുദ്ധവും നിത്യവുമായ സൗഹൃദവും നാം പ്രാർത്ഥിക്കണം. ഇവയെല്ലാം ദൈവത്തിന്റെ നന്മയാണ്. നമ്മെ സഹായിക്കാൻവേണ്ടി ദൈവത്തിന്റെ നന്മ അനേകം മനോഹരമായ മധ്യവർത്തികളെ അഭിഷേകം ചെയ്തിരിക്കുന്നു. അതിൽ ഏറ്റം മുഖ്യവും പ്രധാനവും ആയത് അവിടുന്ന് കന്യകയിൽനിന്ന് സ്വീകരിച്ച തന്റെ തിരുസ്വഭാവമാണ്. മറ്റെല്ലാ മധ്യവർത്തികളും അതിനെ പിന്തുടരുന്നതും അതിനുശേഷമുള്ളവയുമത്രേ. അവയെല്ലാം നമ്മുടെ നിത്യരക്ഷയുടെയും വീണ്ടെടുപ്പിന്റെയും ഭാഗമാണ്.
എല്ലാറ്റിന്റെയും നന്മ ദൈവത്തിലാണെന്ന അറിവോടും ബോധ്യത്തോടുംകൂടെ തന്റെ മധ്യവർത്തികളിൽക്കൂടി ദൈവത്തെ അന്വേഷിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത് അവിടുത്തേക്കു പ്രീതികരമാണ്. പ്രാർത്ഥനയുടെ ഏറ്റം മഹത്തായ ഭാവം ദൈവത്തിന്റെ നന്മയാണ്. നമ്മുടെ എളിയ ആവശ്യത്തിലേക്കുപോലും താണിറങ്ങിവരുന്ന ദൈവത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കണം. അത് നമ്മുടെ ആത്മാക്കൾക്ക് ജീവൻ നല്കുന്നതും അതിനെ പുണ്യത്തിലും കൃപയിലും വളർത്തുന്നതുമാണ്. അതു സ്വഭാവത്തിന് ഏറ്റം അടുത്തതും കൃപയിൽ ത്വരിതവുമത്രേ. നമ്മെയെല്ലാവരെയും തന്നിൽത്തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന ദൈവത്തെ സത്യത്തിൽ നാമറിയുന്നതുവരെ, നമ്മുടെ ആത്മാവ് അഭിലഷിക്കുന്നതും മനസാകുന്നതും ഈ കൃപതന്നെയാണ്.