ഒരു നിരീശ്വരവാദിയുടെ മാനസാന്തരകഥ

ഒരു കടുത്ത നിരീശ്വരവാദിയുടെ മാനസാന്തരകഥ നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ആന്ദ്രേ ഫ്രൊസാർ എന്നാണ് ഫ്രഞ്ചുകാരനായ അദ്ദേഹത്തിന്റെ പേര്. തത്വചിന്തകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, യൂറോപ്പിനെ ആകമാനം സ്വാധീനിച്ച ബുദ്ധിജീവി – ഇതൊക്കെയായിരുന്നു ആന്ദ്രേ ഫ്രൊസാർ.

അദ്ദേഹത്തിന്റെ പിതാവായ ലൂയി ഫ്രൊസാർ ഫ്രാൻസിലെ മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുവാൻ അക്ഷീണം പരിശ്രമിച്ച ലൂയി അതിന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു. വിശ്വാസജീവിതത്തിൽ താല്പര്യമില്ലാതിരുന്ന വ്യക്തിയായിരുന്നു ആന്ദ്രേയുടെ അമ്മ. ഇങ്ങനെ തികച്ചും ദൈവനിഷേധ സാഹചര്യത്തിൽ വളർന്നുവന്ന ആന്ദ്രേ നിരീശ്വരവാദി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ! മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവർക്ക് നല്ല മാതൃക നല്‌കേണ്ടിയിരിക്കുന്നു. ദൈവവിശ്വാസത്തിലും ആഴമായ മൂല്യബോധത്തിലും വളർത്തപ്പെടുന്ന കുട്ടികൾ ഒരിക്കലും നശിച്ചുപോവുകയില്ല. പ്രായമാകുമ്പോൾ അവർ വഴിതെറ്റിപ്പോയാലും ദൈവം അവരെ തിരികെ കൊണ്ടുവരികതന്നെ ചെയ്യും. മോനിക്കാ പുണ്യവതിയുടെയും അഗസ്റ്റിന്റെയും ജീവിതം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. അമ്മ ബാല്യത്തിൽ നല്കിയ മാതൃകയും ഉപദേശവും യുവാവായ അഗസ്റ്റിൻ മറന്നു. പാപത്തിന്റെ വഴികളിലൂടെ അവൻ സഞ്ചരിച്ചു. ജഡികപാപങ്ങളിൽ മുഴുകി ജീവിച്ച അവന് വിവാഹം കഴിക്കാതെ ഒരു പുത്രനുണ്ടായി. പക്ഷേ, ദൈവം അഗസ്റ്റിനെ മറന്നില്ല. കാരണം, അമ്മയായ മോനിക്കയുടെ കണ്ണീരോടെയുള്ള പ്രാർത്ഥനയായിരുന്നു. വഴിതെറ്റിപ്പോയ മക്കളെ ഓർത്ത് വേദനിക്കുന്ന മാതാപിതാക്കൾ ഈ ലേഖനം വായിക്കുന്നുണ്ടെങ്കിൽ അവർക്കിതൊരു സദ്‌വാർത്തയാണ്. നിരാശപ്പെടാതെ, തളരാതെ മകന്റെ തിരിച്ചുവരവിനുവേണ്ടി ദൈവസന്നിധിയിൽ വിലപിച്ച മോനിക്കയുടെ പ്രാർത്ഥനയിലൂടെ അഗസ്റ്റിൻ വിശുദ്ധ അഗസ്റ്റിനായെങ്കിൽ നിശ്ചയമായും നിങ്ങളുടെ പ്രാർത്ഥനകൾക്കും ദൈവം ഒരു നാളിൽ ഉത്തരം നല്കും.

ദൈവനിഷേധത്തിന്റെ ബാലപാഠങ്ങൾ
നമുക്ക് ആന്ദ്രേ ഫ്രൊസാർഡിലേക്ക് മടങ്ങാം. മാതാപിതാക്കളിൽനിന്ന് ദൈവനിഷേധത്തിന്റെ ബാലപാഠങ്ങൾ പഠിച്ച അവൻ, അതിൽ ആഴപ്പെട്ടത് വായനയിലൂടെയായിരുന്നു. പതിമൂന്നാം വയസിൽ അവന് വായിക്കുവാനായി നല്കപ്പെട്ടത് റൂസോയുടെയും വോൾട്ടയറുടെയും പുസ്തകങ്ങളാണ്. തല്ഫലമായി ദൈവം ഒരു മിഥ്യയാണെന്ന ചിന്ത അവനിൽ രൂഢമൂലമായി.

ഇങ്ങനെ ദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് ജീവിക്കുന്ന നാളിലാണ് ദൈവം അവനെ തേടിവന്നത്. നിങ്ങൾ ഒരുപക്ഷേ ദൈവത്തിൽ ആഴമായി വിശ്വസിക്കാത്ത ഒരു വ്യക്തി ആയിരിക്കാം. ദൈവം യഥാർത്ഥത്തിൽ ഉണ്ടോ എന്ന സംശയം മനസിൽ ഉയരുന്നുണ്ടാകാം. എന്നാൽ, ഓർക്കുക നിങ്ങളെക്കുറിച്ച് ഒരു മനോഹര പദ്ധതി ദൈവത്തിന്റെ മനസിലുണ്ട്. നിങ്ങൾ അവിടുത്തെ ഉപേക്ഷിച്ചാലും ദൈവം നിങ്ങളെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് ഒരുനാൾ നിങ്ങളെ തേടിവരും. കഠിന നിരീശ്വരവാദിയായ ആന്ദ്രേയെ തേടി ദൈവം വന്നത് 1935 ലെ ഒരു ദിവസമാണ്.

അന്ന് അദ്ദേഹം കൂട്ടുകാരനുമൊത്ത് ഒരു വിരുന്നുസല്ക്കാരത്തിനു പോയി. സുഹൃത്ത് ദൈവവിശ്വാസിയായിരുന്നു. നോക്കുക, ദൈവത്തിന്റെ വഴികൾ! അവിശ്വാസിയായ ഒരുവനെ നേടുവാനായി വിശ്വാസിയായ സുഹൃത്തിനെ നല്കുക. അവർ പോകുന്ന വഴിക്ക് ഒരു നിത്യാരാധന ചാപ്പലുണ്ടായിരുന്നു. സുഹൃത്ത് ആന്ദ്രേയോട് പറഞ്ഞു: ‘ഞാൻ പോയി പ്രാർത്ഥിച്ചുവരാം.’ ആന്ദ്രേ സമ്മതിച്ചു. കുറെനേരം കഴിഞ്ഞിട്ടും സുഹൃത്തിനെ കാണുന്നില്ല. ‘ഇവൻ അവിടെ എന്തെടുക്കുകയാണ്?’ ആന്ദ്രേ ആശ്ചര്യപ്പെട്ടു. അതറിയുവാൻ അവൻ ചാപ്പലിനുള്ളിലേക്ക് കയറി. അവിടെ വെളുത്ത, വൃത്താകൃതിയിലുള്ള ഒരപ്പം എഴുന്നെള്ളിച്ചു വച്ചിരിക്കുന്നു. ഇതെന്താണെന്ന് ചിന്തിച്ചുകൊണ്ട് അവൻ ആ അപ്പത്തെ കുറച്ചുനേരം നോക്കിനിന്നു. പെട്ടെന്ന് ഒരു പ്രകാശരശ്മി അവനിലേക്ക് വന്നു. അവന്റെ മനസ് പ്രകാശംകൊണ്ട് നിറഞ്ഞു. ദൈവസ്‌നേഹം അവനെ തഴുകിയിറങ്ങി. ദൈവം മിഥ്യയാണെന്ന് വിശ്വസിച്ചിരുന്ന അവന് ദൈവം ജീവിക്കുന്നവനാണെന്ന ഉറച്ച ബോധ്യം ലഭിച്ചു. തികച്ചും രൂപാന്തരപ്പെട്ടവനായാണ് അവൻ ചാപ്പലിൽനിന്ന് പുറത്തേക്ക് വന്നത്.

ദൈവത്തിന്റെ കാരുണ്യം
ഇതെങ്ങനെ സംഭവിച്ചു? ആന്ദ്രേ ചാപ്പലിൽ കണ്ട വൃത്താകൃതിയിലുള്ള അപ്പം വിശുദ്ധ കുർബാനയാണ്. എന്താണ് വിശുദ്ധ കുർബാന? ദൈവപുത്രനായ യേശുതന്നെ. അൾത്താരയിൽ നിന്ന് ദൈവം നിരീശ്വരവാദിയായ ആന്ദ്രേയെ നോക്കി. ദൈവത്തിന്റെ ആ സ്‌നേഹപൂർണമായ കടാക്ഷമാണ് അവനെ രൂപാന്തരപ്പെടുത്തിയത്. കാലത്തിന്റെ അവസാനത്തോളം മനുഷ്യരുടെ കൂടെ വസിക്കണമെന്ന ദൈവത്തിന്റെ ആഗ്രഹപൂർത്തീകരണമാണ് വിശുദ്ധ കുർബാന. ഓരോ ദേവാലയത്തിലും ക്രിസ്തു നമ്മെ കാത്തിരിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം മുഴുവനും വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പഠനങ്ങളാണ് യേശു നല്കുന്നത്. അവിടുന്ന് പറഞ്ഞു: ”ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നല്കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹ. 6:32). ഇത് യേശുവിന്റെ ശിഷ്യരിൽ പലർക്കും സ്വീകരിക്കുവാൻ സാധിച്ചില്ല. അക്കൂട്ടത്തിൽ യൂദാസും പെട്ടിട്ടുണ്ടാവണം. യൂദാസ് യേശുവിനെ രണ്ടുപ്രാവശ്യം ഒറ്റിക്കൊടുത്തു എന്നാണ് പറയപ്പെടുന്നത്. ഒന്നാമതായി വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സാന്നിധ്യത്തെ അവൻ മനസുകൊണ്ട് തള്ളിപ്പറഞ്ഞു. അടുത്തതായി സംഭവിക്കുന്നത് യഥാർത്ഥ ഒറ്റിക്കൊടുക്കലാണ്. എന്താണ് ഇത് കാണിക്കുന്നത്? വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന യേശുവിനെ കാണാത്ത ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുവാൻ സാധിക്കുകയില്ല. മനുഷ്യരോട് ദൈവം കാണിച്ച ഏറ്റവും വലിയ കാരുണ്യമാണ് വിശുദ്ധ കുർബാന.

ബുദ്ധിജീവികൾക്കുള്ള മറുപടി
ആന്ദ്രേയുടെ ഈ ദിവ്യകാരുണ്യാനുഭവം അവനെ അടിമുടി മാറ്റി. അവൻ ദൈവത്തിൽ ജീവിക്കുവാനാരംഭിച്ചു. ദൈവത്തിന്റെ സാന്നിധ്യത്തിനായി അവന്റെ മനസ് എപ്പോഴും കൊതിച്ചിരുന്നു. ഓരോ ദിവസവും അഞ്ചാറ് മണിക്കൂറെങ്കിലും അവൻ പ്രാർത്ഥനയും വചന, ആത്മീയ വായനയ്ക്കായും ചെ ലവഴിക്കുവാൻ തുടങ്ങി. സുഹൃത്തുക്കൾ അവനെ പരിഹസിച്ചിരുന്നു. എന്തിനാണ് ഇത്രയും സമയം നീ പാഴാക്കുന്നത്? അവരോട് ആന്ദ്രേ പറഞ്ഞു: ”വെള്ളത്തിൽ കിടക്കുന്ന മത്സ്യം എപ്പോഴെങ്കിലും പരാതി പറയുമോ ഞാൻ കുടിക്കുന്ന വെള്ളം കൂടുതലാണെന്ന്? ഞാൻ അതുപോലെയാണ്. എനിക്ക് ദൈവസാന്നിധ്യമില്ലാതെ ജീവിക്കുവാൻ സാധ്യമല്ല.” ആന്ദ്രേയുടെ മാറ്റം വൈകാരികമായ ഒന്നല്ല എന്ന് വ്യക്തം. തനിക്ക് കിട്ടിയ അനുഭവം പാകപ്പെടുവാനും നന്നായി ഉറയ്ക്കുവാനും നീണ്ട 34 വർഷങ്ങൾ കാത്തിരുന്നു. അതിനുശേഷമാണ് തന്റെ മാനസാന്തരാനുഭവം ലോകത്തിന് വെളിപ്പെടുത്തിയത്. അങ്ങനെ 1969- ൽ ആന്ദ്രേ ഫ്രൊസാർ തന്റെ അനുഭവത്തെ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതി. ഇതാണ് തലക്കെട്ട്: ‘ദൈവം ജീവിക്കുന്നു: ഞാൻ അവിടുത്തെ കണ്ടെത്തി.'(God Exists I Have Met Him)  ദൈവം ഭാവനാസൃഷ്ടിയാണെന്ന് വിളിച്ചുപറയുന്ന ബുദ്ധിജീവികൾക്ക് ദൈവത്തെ കണ്ടെത്തിയ ഒരു ബുദ്ധിജീവിയുടെ മറുപടിയാണ് ഈ പുസ്തകം. ലോകശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമായി അത് മാറി. അതിന്റെ ലക്ഷക്കണക്കിന് കോപ്പികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. അന്ന് കർദിനാൾ വോയ്റ്റീവായും ഈ പുസ്തകം വായിച്ചു. പിന്നീട് ജോൺ പോൾ രണ്ടാമൻ എന്ന പേരിൽ മാർപാപ്പയായ പിതാവും ആന്ദ്രേയും അടുത്ത സുഹൃത്തുക്കളായി മാറി. കൂടുതൽ പ്രശസ്തനായ ആന്ദ്രേ മരണാനന്തര ജീവിതത്തെക്കുറിച്ച്, പിശാചിന്റെ അസ്തിത്വത്തെക്കുറിച്ച് ഒക്കെ ആധികാരികമായ പുസ്തകങ്ങൾ തുടർന്ന് പ്രസിദ്ധീകരിച്ചു. അങ്ങനെ 1995 ഫെബ്രുവരി രണ്ടിന് താൻ കണ്ടെത്തിയ ദൈവത്തിന്റെ പക്കലേക്ക് പോകുന്നതുവരെ ഈ ലോകത്തിൽ അവിടുത്തെ സാക്ഷിയായി ജീവിച്ചു.

വിലപ്പെട്ട നിമിഷങ്ങൾ
ഓർക്കുക, ആ ചാപ്പലിലെ ഒരു ചെറിയ സംഭവമാണ് ആന്ദ്രേയുടെ ജീവിതത്തിലെ വലിയ അനുഭവമായി മാറിയത്. പലപ്പോഴും നാം അവഗണിക്കുന്ന ചെറിയ കാര്യങ്ങളായിരിക്കും വലിയ അനുഗ്രഹങ്ങളായിത്തീരുന്നത്. അതുകൊണ്ട് ചെറിയ കാര്യങ്ങളിൽപ്പോലും നമുക്ക് വിശ്വസ്തരായിരിക്കാം. ഇന്ന് എല്ലാവർക്കും വലിയ തിരക്കാണ്. അതിനാൽ ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നത് പാഴ്‌വേലയാണെന്ന് പലരും ചിന്തിക്കുന്നു. യഥാർത്ഥത്തിൽ അങ്ങനെയല്ല. ദൈവസന്നിധിയിൽ ചെലവഴിക്കുന്നത് വിലപ്പെട്ട നിമിഷങ്ങളാണ്. അവയാണ് ജഡികരായ നമ്മെ ദൈവമനുഷ്യരാക്കി മാറ്റുന്നത്. അതിനാൽ ദൈവസന്നിധിയിൽ വ്യക്തിപരമായി പ്രാർത്ഥിക്കുവാനായി ഇരിക്കുന്ന ശീലം വളർത്തിയേ മതിയാവൂ. ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം ഉറപ്പുവരുത്തണം: ”ഞാൻ ദൈവത്തിന്റെ കൂടെയാണ് വസിക്കുന്നത്” എന്ന്. പ്രത്യേകിച്ചും, വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനായിരിക്കുന്ന ദൈവപുത്രന്റെ മുൻപിൽ ആയിരിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. കത്തോലിക്കാ ദേവാലയങ്ങളുടെ ധന്യത അതാണല്ലോ. അവിടെ വസിക്കുന്ന യേശുവിന്റെ മുന്നിലേക്ക് കടന്നുചെല്ലുക. നിങ്ങൾ ആരായിക്കൊള്ളട്ടെ, ഏത് മതത്തിൽപ്പെട്ടവനും ആയിക്കൊള്ളട്ടെ. യേശുവിന് അതൊന്നും പ്രശ്‌നമല്ല. ഒരുപക്ഷേ, ആന്ദ്രേയെപ്പോലെ നിങ്ങൾ ഒരു കടുത്ത ദൈവനിഷേധി ആയിരിക്കാം. എന്നാലും, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. ദൈവസന്നിധിയിൽ ആയിരിക്കുവാൻ സമയം കണ്ടെത്തുക. അവിടുന്ന് നിശ്ചയമായും അനുഗ്രഹിക്കും. കാരണം, യേശുവിന്റെ മാറ്റമില്ലാത്ത വാഗ്ദാനമാണ് അത്. അവിടുന്ന് പറഞ്ഞു: ”എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയില്ല” (യോഹ.6:38). എന്നാൽ, ഒരു കാര്യം ഓർക്കുക: അത്യുന്നതനായ ദൈവത്തിന്റെ അടുത്ത് ചെല്ലണമെങ്കിൽ അവിടുന്ന് നമ്മെ വിളിക്കണം. ആ പ്രചോദനം അവിടുന്ന് തരണം, അതിനുള്ള സാഹചര്യം അവിടുന്ന് ഒരുക്കണം. അത് ദൈവത്തിന്റെ കൃപയാണ്. അതിനാൽ, വ്യക്തിപരമായ പ്രാർത്ഥനയുടെ കൃപ ലഭിക്കുവാനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
ലോകത്തിന്റെ അവസാനം വരെ മനുഷ്യരോട് കൂടെ ആയിരിക്കുവാൻ ആഗ്രഹിക്കുന്ന യേശുവേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. വിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യമായി അവിടുന്ന് സത്യമായും സന്നിഹിതനാണെന്ന് ഞാൻ ഏറ്റുപറയുന്നു. ജീവിതത്തിന്റെ പല തരത്തിലുള്ള തിരക്കിൽപ്പെട്ട് ഓടിനടക്കുകയാണ് ദൈവമേ ഞാൻ. എന്റെ മനസ് ആകുലതകളാൽ നിറഞ്ഞിരിക്കുന്നു. അത് ഭാരപ്പെട്ടതും ശൂന്യവുമാണ്. അങ്ങയുടെ പക്കലേക്ക് എന്നെ പ്രാർത്ഥനയ്ക്കായി വിളിച്ചാലും. അങ്ങയുടെ സന്നിധിയിലായിരിക്കുന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയമാണെന്ന് എന്നെ എപ്പോഴും ഓർമിപ്പിക്കണമേ. അങ്ങയുടെ പക്കൽ ആനന്ദം കണ്ടെത്തുവാൻ എന്നെ പരിശീലിപ്പിച്ചാലും. അങ്ങനെ അങ്ങേക്ക് ഈ ലോകത്തിൽ മഹത്വം നല്കുന്ന ഒരു ദൈവപൈതലായി ഞാൻ രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ നിയോഗത്തിനായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കണമേ- ആമ്മേൻ.

കെ. ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *