എന്നും ആ യാചകനെ കാത്ത് വീടിന്റെ വരാന്തയിൽ ഒരു ഭക്ഷണപ്പൊതി ഉണ്ടാകുമായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടിയ ഇളയമകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അമ്മ ദിവസവും അവനുള്ള ഭക്ഷണം കരുതിയിരുന്നു. പിറ്റേന്ന് അവ എടുത്തു കളയുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. ഭക്ഷണം പാഴാക്കുന്നത് ശരിയല്ലെന്നുള്ള തോന്നലാണ് യാചകനുള്ള ഭക്ഷണപ്പൊതിയായി മാറിയത്. ”നിങ്ങൾ എന്തു നന്മചെയ്താലും അതു നിങ്ങളിലേക്കുതന്നെ തിരിച്ചെത്തും. തിന്മ പ്രവർത്തിച്ചാൽ അതും.” പൊതി എടുക്കുമ്പോൾ ദിവസവും അയാൾ ഈ വാചകം പറഞ്ഞിരുന്നു.
ക്രമേണ അയാളുടെ വാക്കുകൾ ഗൃഹനാഥയ്ക്ക് അരോചകമായി അനുഭവപ്പെട്ടു. താൻ എല്ലാ ദിവസവും ഭക്ഷണം നല്കിയിട്ടും നന്ദിയുടെ ഒരു വാക്കുപോലും അയാൾ പറയുന്നില്ലല്ലോ എന്നവർ ചിന്തിച്ചു. പിറ്റേന്ന് ഭക്ഷണം എടുക്കുമ്പോൾ അതിൽ അല്പം വിഷം ചേർത്തു. അതു കഴിച്ചാൽ മരിക്കില്ലെങ്കിലും ഏതാനും ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരുമെന്ന് അവർ മനസിൽ കണക്കുകൂട്ടി. ഭക്ഷണം ഇല്ലാതെ കുറച്ചു ദിവസം കഴിഞ്ഞാലേ താൻ നല്കുന്ന ഭക്ഷണത്തിന്റെ വില അയാൾക്ക് മനസിലാകൂ എന്നവർക്ക് തോന്നി. ചെയ്യുന്നത് ശരിയല്ലെന്ന് മനഃസാക്ഷി കുറ്റപ്പെടുത്തുന്നതുപോലെ കുറച്ചുകഴിഞ്ഞപ്പോൾ അവർക്ക് അനുഭവപ്പെട്ടു. വിഷംചേർത്ത് ഭക്ഷണം കളഞ്ഞിട്ട് വേറൊരു പൊതി എടുത്തുവച്ചു. പതിവുപോലെ യാചകൻ തന്റെ വാക്കുകൾ ആവർത്തിച്ചിട്ട് ഭക്ഷണവുമായി പോയി.
രാത്രിയിൽ കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഗൃഹനാഥ വാതിൽ തുറന്നത്. അവർക്ക് ആദ്യം വിശ്വസിക്കാൻ പ്രയാസം തോന്നി. വർഷങ്ങൾക്കുമുൻപ് വീടുവിട്ടിറങ്ങിയ മകനായിരുന്നു വെളിയിൽ. അമ്മ മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. കീറിയ വസ്ത്രങ്ങൾ ധരിച്ച അവൻ ആകെ ക്ഷീണിച്ചിരുന്നു. ”ഗ്രാമത്തിന്റെ അതിർത്തിയിൽ ട്രെയിനിറങ്ങിയ ഞാൻ പണം ഇല്ലാത്തതിനാൽ നടക്കുകയായിരുന്നു. രാവിലെ മുതൽ ഒന്നും കഴിച്ചിരുന്നില്ല. സന്ധ്യയോട് അടുത്തപ്പോൾ ഇടവഴിയിൽ തളർന്നുവീണ എന്നെ രക്ഷിച്ചത് ഒരു യാചകനാണ്. അയാളുടെ ഭാണ്ഡത്തിൽ ഉണ്ടായിരുന്ന ഭക്ഷണപ്പൊതി എനിക്ക് തന്നു. അതു കഴിച്ചപ്പോൾ അമ്മയെ ഓർമവന്നു. അമ്മ ഉണ്ടാക്കുന്ന കറികളുടെ രുചിയായിരുന്നു അതിനെല്ലാം. പോകുമ്പോൾ അയാൾ പറഞ്ഞു, തിന്മ ചെയ്താൽ അത് നമ്മോടൊപ്പം വരും. നന്മ ചെയ്താൽ അങ്ങനെയും.” മകൻ പറഞ്ഞു.
എന്നും തന്റെ വീട്ടിൽ വരുന്ന യാചകനാണ് മകനെ രക്ഷിച്ചതെന്ന് അമ്മയ്ക്ക് മനസിലായി. താൻ വിഷം ചേർത്ത ഭക്ഷണം നല്കിയിരുന്നെങ്കിൽ എന്താണ് സംഭവിക്കുമായിരുന്നതെന്ന് ആ അമ്മ ഞെട്ടലോടെ ഓർത്തു.