ആ ബ്രദർ ഒരു വിശുദ്ധനാ!

”ഇന്നു മുതൽ പാചകക്കാരനെ സഹായിക്കലാണ് കടമ.”സുപ്പീരിയറച്ചൻ പറഞ്ഞു.

”ഉവ്വ്” അലോഷ്യസ് സമ്മതിച്ചു.

മാർക്വീസിലെ പ്രഭു കുടുംബത്തിലെ മൂത്ത പുത്രനായി ജനിച്ച അലോഷ്യസ് ഗൊൺസാഗായ്ക്ക് സെമിനാരിയിലെ അടുക്കളക്കാരന്റെ സഹായിയാകാൻ ആയിരുന്നു ആദ്യ ചുമതല. മൂക്കിൻത്തുമ്പത്ത് ദേഷ്യമുള്ള, അസഹിഷ്ണുവായ ആ പാചകക്കാരന്റെ കുടെ അലോഷ്യസ് എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് സുപ്പീരിയറച്ചൻ വിചാരിച്ചു.

”അച്ചാ”

എഴുതിക്കൊണ്ടിരിക്കുകയായിരുന്ന സുപ്പീരിയറച്ചൻ വിളികേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. വാതില്ക്കൽ പാചകക്കാരൻ ആന്റണി.

”ആ ബ്രദർ ഒരു വിശുദ്ധനാ. വിശുദ്ധർക്ക് മാ ത്രമേ അങ്ങനെ പെരുമാറാൻ കഴിയൂ. ഞാൻ ആ ബ്രദറിനോട് അങ്ങേയറ്റം ദേഷ്യപ്പെട്ടു. അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. എന്നോട് ഇങ്ങനെയെല്ലാം പെരുമാറാൻ ദൈവം ചേട്ടനെ അനുവദിച്ചുവെങ്കിൽ ഞാനതിന് ചേട്ടനോടെന്തിനാ പരിഭവിക്കുന്നത് എന്നാണ് എന്നോട് ചോദിച്ചത്. അതുകേട്ടപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയച്ചോ. എങ്ങനെയാ മനുഷ്യർക്ക് ഇങ്ങനേം ശാന്തനായിട്ടായിരിക്കാൻ കഴിയുന്നത്? ബ്രദർ വിശുദ്ധനാണെന്ന കാര്യം എനിക്കുറപ്പാ.”

അതുംപറഞ്ഞ് പാചകക്കാരൻ പൊട്ടിക്കരഞ്ഞു.

”ഇപ്പോ എന്തോ എന്റേം സ്വഭാവത്തിന് ഒരു മാറ്റം വന്നിരിക്കുന്നു,” തിരിഞ്ഞുനടക്കുമ്പോൾ അയാൾ തന്നോടുതന്നെ പറയുന്നത് സുപ്പീരിയറച്ചൻ കേട്ടു.
ആ സെമിനാരിക്കാരനാണ് പിന്നീട് വിശുദ്ധനായിത്തീർന്ന അലോഷ്യസ് ഗൊൺസാഗാ.
ഏതവസ്ഥയിലാണെങ്കിലും ചിലരുടെ സാന്നി ധ്യങ്ങൾ എപ്പോഴും പ്രകാശം പരത്തും.

Leave a Reply

Your email address will not be published. Required fields are marked *