തിരിച്ചറിയാതെ പോകുന്ന ദൈവസ്‌നേഹത്തിന്റെ തൂവൽസ്പർശങ്ങൾ…

ഒരു പിതാവ് പുത്രനുമായി വിനോദയാത്ര നടത്തുകയായിരുന്നു. തടാകത്തിന്റെ കരയിലെത്തിയപ്പോൾ മകന് ഒരാഗ്രഹം, ആ തടാകത്തിൽ നീന്തണം. അവൻ പിതാവിനെ ആഗ്രഹം അറിയിച്ചു. അദ്ദേഹത്തിന് അതത്ര നല്ലൊരാശയമായി തോന്നിയില്ല. പരിചയമില്ലാത്ത തടാകമാണ്. മകനാണെങ്കിൽ നീന്തൽ പഠിച്ച് വരുന്നതേയുള്ളൂ. അവസാനം മകന്റെ നിർബന്ധത്തിന് വഴങ്ങി അയാൾ സമ്മതിച്ചു.

അവൻ നീന്താൻ തുടങ്ങി. തെളിഞ്ഞ വെള്ളം, സുഖകരമായ കാലാവസ്ഥ. അവൻ നീന്തൽ നല്ലതുപോലെ ആസ്വദിച്ചു. അപ്പോഴാണ് മറുകരയിൽനിന്ന് ഒരു മുതല മകനെ ലക്ഷ്യംവച്ച് പാഞ്ഞടുക്കുന്നത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. നിലവിളിക്കുകയല്ലാതെ ഒന്നും ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നില്ല.

നിലവിളികേട്ട് അവൻ തിരിച്ചുനീന്തി. പിതാവിനെന്തോ അപകടം പറ്റിയിരിക്കുകയാണെന്നാണ് അവൻ കരുതിയത്. അവൻ തീരത്തിനടുത്തെത്താറായപ്പോഴേക്ക് പക്ഷേ, മുതല അവന്റെ കാലിൽ പിടുത്തമിട്ടു. ഓടിയടുത്ത പിതാവ് അവന്റെ കൈയിലും പിടിച്ചു. ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അയാൾ സർവശക്തിയും ഉപയോഗിച്ച് അവനെ പിടിച്ചു വലിച്ചു. അയാളുടെ നിലവിളി അതുവഴി വന്ന ഒരുകൂട്ടം പട്ടാളക്കാർ കേട്ടു. അവർ മു തലയെ വെടിവെച്ച് കൊന്നു.
ഈ വാർത്ത നാടെങ്ങും പരന്നു. തന്നെ കാണാൻ വന്ന പത്രപ്രവർത്തകരെ ബാലൻ തന്റെ ശരീരത്തിൽ മുതല സൃഷ്ടിച്ച മുറിവുകൾ കാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: ”ഇതൊന്നും സാരമില്ല, മറ്റുചില പാടുകളുണ്ട്. ശരിക്കും വേദന ആ പാടുകൾക്കാണ്.” ”അതേതു പാടുകൾ?” മാധ്യമപ്രവർത്തകർ ഇങ്ങനെ ചോദിച്ചപ്പോൾ അവൻ ഷർട്ടുമാറ്റി തന്റെ കൈകളിലെയും തോളുകളിലെയും പാടുകൾ കാണിച്ചുകൊണ്ട് പറഞ്ഞു: ”മുറിവുകളല്ല, ഇതാ ഈ ചതഞ്ഞ പാടുകൾ! പിതാവ് എന്നെ രക്ഷിക്കാൻ വേണ്ടി പിടിച്ചതിന്റെ പാടുകളാണ്. അതു മാറാൻ കുറെ സമയമെടുക്കുമെന്നാണ് ഡോകടർമാർ പറഞ്ഞത്. ഇപ്പോഴും നല്ല വേദനയുണ്ട്.”

അതു കേട്ടപ്പോൾ അരികിലിരുന്ന പിതാവ് തലകുനിച്ചു. ”പിതാവ് ഇങ്ങനെ പിടിച്ചതിൽ വിഷമമുണ്ടോ?” ഒരാൾ ചോദിച്ചു. ”ഏയ്… ഒരു വിഷമവുമില്ല. ഈ ചതവിന്റെ വേദനയും പാടുമൊക്കെ പതുക്കെ ഉണങ്ങിയാ ൽ മതിയെന്നാണ് എന്റെ ആഗ്രഹം.” അവന്റെ സംഭാഷണം ചുറ്റും നിന്നവരിൽ കൗതുകമുണർത്തി. അവൻ തുടർന്നു പറഞ്ഞു: ”എന്റെ പിതാവ് എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന് തെളിവല്ലേ ഇത്.” ഉത്തരം എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ദൈവപരിപാലനയിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കണം. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുടെ മുൻപിൽ നിരാശരായിത്തീരരുത്. നിരന്തരം നമ്മോടു കൂടെയുള്ള ദൈവത്തിൽ സങ്കീർത്തകനായ ദാവീദിനെപ്പോലെ അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കണം. ദാവീദ് പറയുന്നു: ”കർത്താവ് എന്റെ കൺമുൻപിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല” (സങ്കീ. 16:8).

എന്നാൽ, ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയാൽ, പലപ്പോഴായി എത്രയോ ദുരന്തങ്ങൾ സംഭവിച്ചിരിക്കുന്നു. എത്രയോ ദുരന്തങ്ങളിൽനിന്ന് ദിവസവും നാം രക്ഷപ്പെടുന്നു. വീട്ടിൽനിന്ന് ജോലിസ്ഥലത്ത് എത്തുന്നതിനിടയിൽ എന്തെല്ലാം സംഭവിച്ചുകൂടാ. നൂറുകണക്കിന് വാഹനങ്ങൾക്കിടയിലൂടെ പോകുമ്പോൾ ആർക്കെങ്കിലും ഒന്ന് താളംപിഴച്ചാൽ അതോടെ തീർന്നേക്കാം നമ്മുടെ ജോലിയും പദവിയും സ്വപ്നങ്ങളുമെല്ലാം. ഇതൊന്നും സംഭവിക്കാതെ നാം ലക്ഷ്യസ്ഥാനത്ത് എത്തുകയും തിരിച്ചുപോരുകയും ചെയ്യുന്നു. ഈ അപകടങ്ങളിൽനിന്നൊക്കെ രക്ഷിച്ച് ജീവിതനാളത്തെ കെടാതെ കാത്തുസൂക്ഷിക്കുന്ന പരമ കാരുണ്യവാനായ ദൈവത്തെക്കുറിച്ച് അല്പനേരമെങ്കിലും ചിന്തിക്കാൻ മെനക്കെടാറുണ്ടോ? ദാവീദ് കർത്താവിനെ മു റുകെ പിടിച്ചു. കർത്താവിനെ വിശ്വസ്തതയോടെ അന്വേഷിക്കുന്നവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായേക്കാം. അതുപോലെ അവയുടെ മുൻപിൽ തകർക്കപ്പെടുന്ന അനുഭവവും ഉണ്ടായേക്കാം. എന്നാൽ, ഇത്തരം അനുഭവങ്ങളുടെ നടുവിൽ ദൈവതൃക്കരങ്ങളിൽ മുറുകെ പിടിക്കാനായാൽ അവയെ ല്ലാം ദൈവം നമുക്ക് അനുഗ്രഹമാക്കിത്തീർക്കും എന്നുറപ്പാണ്.

വേദനയുടെ പാടുകൾ
ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ചിലപ്പോൾ ദൈവത്തെക്കുറിച്ചോർക്കും, പ്രാർത്ഥിക്കും. മറ്റു ചിലപ്പോൾ ദൈ വത്തെ പഴിക്കുകയും ദൈവത്തോട് പരിഭവിക്കുകയും ചെയ്യും. ഞാൻ ഇത്രയൊക്കെ നന്നായി ജീവിച്ചിട്ടും എനിക്കിത് സംഭവിച്ചല്ലോ എന്ന് പരിഭവിക്കും. സത്യത്തിൽ ദൈവം ദയാലുവാണോ? അതോ ദുഷ്ടനോ? അല്പംകൂടി കടന്ന് ഇനി ഈശ്വരനുണ്ടോ? ആർക്കറിയാം? ഇങ്ങനെ പോകും നമ്മുടെ ചിന്തകൾ. അതേസമയം മഹാദുരന്തമായ മുതലയിൽനിന്ന് രക്ഷിക്കാൻ പിതാവായ ദൈവം നമ്മെ പിടിച്ചപ്പോൾ ഉണ്ടായ ചതവുകൾ മാത്രമാണ് നമുക്ക് ഇപ്പോഴുള്ള വിഷമങ്ങളെന്ന സത്യം നാം അറിയാൻ ശ്രമിക്കുന്നുമില്ല.

ജീവിതത്തിൽ ഒട്ടേറെ മുറിവേറ്റിട്ടുള്ളവരാണ് നമ്മൾ. എന്നാൽ, ഈ മുറിവുകളെ സുഖപ്പെടുത്താൻ കഴിവുള്ളവൻ നമ്മോടൊപ്പമുണ്ട്. അവൻ മുറിവേറ്റവനാണ്. അതുകൊണ്ട് നമ്മുടെ വേദന അവന് മനസിലാകും. ജീവിതത്തിൽ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോൾ അതിനെ അതിജീവിക്കുവാൻ ദൈവം ശക്തി തരും. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ രൂപംകൊള്ളുന്ന വിപീത മനോഭാവങ്ങളെ വളരാൻ അനുവദിക്കരുത്. നമുക്ക് സംഭവിക്കാമായിരുന്ന മഹാദുരന്തത്തിൽനിന്ന് രക്ഷിക്കാൻ കാരുണ്യവാനായ ദൈവം നടത്തിയ കഠിനശ്രമത്തിനിടയിൽ കിട്ടിയതാണ് ഇപ്പോഴത്തെ ഈ വേദനയുടെ പാടുകൾ എന്നു തിരിച്ചറിയണം. ദിവ്യസ്‌നേഹത്തിന്റെ തൂവൽ സ്പർശങ്ങളാണവ.

ഫാ. സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *