വെറുതെയിരിക്കുന്ന ഭാര്യ

ഭർത്താവ് ഓഫീസിൽ നിന്നും വരുമ്പോൾ കുട്ടികൾ സ്വീകരണ മുറിയിലിരുന്ന് കളിക്കുകയായിരുന്നു. അവരുടെ പുസ്തകങ്ങളും സ്‌കൂൾബാഗും വസ്ത്രങ്ങളും സോക്‌സും ടൈയുമെല്ലാം സോഫയിൽ നിരന്നുകിടന്നിരുന്നു. ടിവിയുടെ മുൻപിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും കാർട്ടൂൺ ചാനൽ ഓടുന്നുണ്ടായിരുന്നു. കുട്ടികൾ ഭക്ഷണം കഴിച്ച പാത്രങ്ങളും ഭക്ഷണത്തിന്റെ ബാക്കിയുമായി ഡൈനിംഗ് ടേബിൾ അലങ്കോലമായിരുന്നു. ഫ്രിഡ്ജിന്റെ ഡോർ അടച്ചിരുന്നില്ല. അയാൾ അടുക്കളയിലേക്ക് കയറി. രാവിലെ ഭക്ഷണം കഴിച്ച പാത്രങ്ങൾപ്പോലും കഴുകിയിരുന്നില്ല. എന്താണ് ഇങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട് അടുത്ത മുറിയിലേക്കു ചെന്നപ്പോൾ താൻ രാവിലെ മാറിയിട്ട വസ്ത്രങ്ങൾ കഴുകാതെ അതേപടി കിടക്കുന്നു. ”അമ്മ എവിടെപ്പോയി?” അയാൾ ഉൽക്കണ്ഠയോടെ ചോദിച്ചു. അകത്തുണ്ട്, എന്നു പറഞ്ഞിട്ട് കുട്ടികൾ വീണ്ടും കളിയിൽ മുഴുകി. ഭാര്യക്ക് സുഖമില്ലായിരിക്കുമോ എന്ന ആകുലതയോടെ അയാൾ മുറിയിലേക്കു ചെന്നു. പുസ്തകം വായിച്ചുകൊണ്ട് ഭാര്യ കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു. ”എന്തു പറ്റി?” ഭർത്താവ് ചോദിച്ചു. ”കുഴപ്പമൊന്നുമില്ല.” ആ മറുപടിയിൽ അയാൾക്ക് വിശ്വാസം വന്നില്ല. ”എല്ലാം കുഴഞ്ഞുമറിഞ്ഞതു പോലെ തോന്നുന്നു. എന്തു പറ്റി?”

”ഞാൻ ഓഫീസിൽ പോയാൽ നീ ഇവിടെ എന്തു ചെയ്യുകയാണെന്ന് പലപ്പോഴും ചോദിക്കാറില്ലേ?” ഉണ്ട്, സംശയഭാവത്തിൽ അയാൾ തലയാട്ടി. ”ഇന്നു ഞാൻ ഒന്നും ചെയ്തില്ല.” ഭാര്യ ചെറുചിരിയോടെ പറഞ്ഞു. ഭാര്യ ഭവനത്തിൽ നിർവഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങളെപ്പറ്റി ഭർത്താവിന് അപ്പോൾ തിരിച്ചറിവുണ്ടായി.
”നിന്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായമുന്തിരിപോലെയായിരിക്കും; നിന്റെ മക്കൾ നിന്റെ മേശയ്ക്കുചുറ്റുംഒലിവുതൈകൾപോലെയും” (സങ്കീ.128:3).

Leave a Reply

Your email address will not be published. Required fields are marked *