സുവിശേഷം ശ്രദ്ധയോടെ പഠിച്ചാൽ മനസിലാകുന്ന ഒരു സത്യമുണ്ട്- സുവിശേഷം ആരംഭിക്കുമ്പോൾ ശ്രദ്ധേയരായിരുന്ന പല രും സുവിശേഷം അവസാനിക്കുമ്പോൾ പ്രാധാന്യമില്ലാത്തവരായി മാറിയിട്ടുണ്ട്. ആരും അറിയാതിരുന്ന ചിലർ ശ്രദ്ധേയരും പ്രാധാന്യമർഹിക്കുന്നവരുമായി വളരുകയും ചെയ്തു. ഉണ്ണിയേശുവിനെ കാണാൻ ഭാഗ്യം ലഭിച്ച ആട്ടിടയ ന്മാരും കുരിശു ചുമക്കാൻ യേശുവിനെ സഹായിച്ച ശിമയോനും, ഉത്ഥിതനായ യേശുവിനെ ആദ്യം കണ്ട മഗ്ദലനമറിയവും എല്ലാം തങ്ങളുടെ വിശ്വസ്തതയിലൂടെ ദൈവസമക്ഷം വിജയമായി തീർന്നവരാണ്.
ഇന്നത്തെ ലോകം മത്സരക്കളമാണ്. വിജയത്തിനുവേണ്ടിയുള്ള പരിശ്രമമാണ് എല്ലായിടത്തും. സത്യത്തെ തൃണവല്ക്കരിച്ച് മനുഷ്യൻ ആരോടും വിശ്വസ്തതയില്ലാത്തവരായി മാറുന്നു. അംഗീകരിക്കപ്പെടാൻ, ശ്രദ്ധിക്കപ്പെടാൻ, നേതാവാകാൻ, സ്ഥാനമാനങ്ങൾ നേടാൻ…. ‘എന്തും’ ചെയ്യാൻ മനുഷ്യനിന്ന് തയാറാണ്. എന്റെ പേര്, എന്റെ മഹത്വം അതാണ് മനുഷ്യനിവിടെ തേടുന്നത്. സ്വയംസ്‌നേഹം, അവിശ്വാസിയുടെ ഹൃദയത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന സ്വാർത്ഥതയാണെന്ന് വിശുദ്ധ അൽഫോൻസാമ്മ പറയുന്നു. വിജയത്തിനുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം പിശാച് തരുന്ന അഭിനിവേശമാണ്. ഈ തിന്മയുടെ പ്രലോഭനത്തിൽ ഒരുവൻ വീണാൽ സമൂഹത്തിലെ പല തിന്മകളെയും മനസ്സാക്ഷിയെ വഞ്ചിച്ച് അവന് പിൻതാങ്ങേണ്ടതായി വരും. അങ്ങനെ അവനിലൂടെ സമൂഹത്തിൽ തിന്മയെ വ്യാപിപ്പിക്കാനും വളർത്താനും പിശാചിന് കഴിയുന്നു. സമൂഹത്തിന്റെ കൈയടി നേടാനായി മനസ്സാക്ഷിയെ ബലി കൊടുക്കേണ്ടി വരുന്നയാൾ, തനിക്ക് സംഭവിക്കുന്ന വീഴ്ചയുടെ ആഴം മനസിലാക്കുന്നില്ല; മനസിലാക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. വിസ്മരിച്ച സത്യങ്ങൾ ക്രിസ്തുവാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമൂഹത്തിലെ തിന്മകൾ അവനിലെ ക്രിസ്തുവിനെ കുരിശിൽ തറച്ച് കൊന്നിരിക്കും. വിജയത്തിനായുള്ള ഓട്ടത്തിൽ പൂർണമായും തകർന്നുപോയ രണ്ട് വ്യക്തികളാണ് പീലാത്തോസും യൂദാസും. ഒരാൾ സമൂഹത്തിന്റെ കൈയടി നേടി അധികാരത്തിൽ കടിച്ചുതൂങ്ങാനായി സത്യത്തെ തിന്മയ്ക്ക് വിട്ടുകൊടുത്തപ്പോൾ, മറ്റൊരാൾ സ്വയം വിജയമായിത്തീരാൻ അവിശ്വസ്തതയുടെ പര്യായമായി തന്റെ മുൻപിലെ ‘സത്യത്തെ’ ഒറ്റിക്കൊടുത്തു. രണ്ടുപേരും അവിശ്വസ്തതയിലൂടെ വൻപരാജയങ്ങളായി മാറി.
കുടുംബജീവിതമാകട്ടെ, സമർപ്പിതജീവിതമാകട്ടെ ദൈവം നീയൊരു വിജയമാകണമെന്ന് ആവശ്യപ്പെടുന്നില്ല. ദൈവം ആവശ്യപ്പെടുന്നത് ഒന്നുമാത്രം- വിശ്വസ്തനായിരിക്കണം. നീ എന്നോട് വിശ്വസ്തനായിരുന്നാൽ ഞാൻ നിന്നെ ഒരനുഗ്രഹമാക്കി മാറ്റുമെന്നുള്ളതാണ് ബൈബിലെ ശക്തമായ വാഗ്ദാനങ്ങളിലൊന്ന്. നിയമാവർത്തനം 28-ാം അധ്യായം മുഴുവൻ പറയുന്നത് വിശ്വസ്തനായാൽ നീ അനുഗ്രഹിക്കപ്പെടുമെന്നുള്ള സന്ദേശമാണ്. ”വിശ്വസ്തൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും” (സുഭാ. 28:20). ലൂക്കായുടെ സുവിശേഷത്തിൽ (12:42-49) ജാഗരൂകരായ ഭൃത്യന്മാരുടെ ഉപമയുടെ സാരാംശം സ്ഥിരമായ വിശ്വസ്തത നിത്യസമ്മാനത്തിന് അർഹനാക്കുമെന്നാണ്. വിശ്വസ്തത നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതിനർത്ഥം പരിശുദ്ധാത്മാവ് നമ്മിൽ കുടികൊള്ളുന്നുണ്ട് എന്നാണ്. വിശ്വസ്തത ആത്മാവിന്റെ ഫലമാണ് (ഗലാ. 5:22).
”ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുമെന്ന്” (ലൂക്കാ 16:10) ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് വിശുദ്ധരായി ലോകം വണങ്ങുന്ന പലരും അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ സമൂഹം പരാജയങ്ങളായി കരുതിയിരുന്നവരാണ്. ഒത്തിരി പ്രാർത്ഥിച്ചിട്ടും സ്വന്തം കുടുംബാംഗങ്ങളുടെ ദുർമാതൃകയാൽ മനസുനീറി ജീവിച്ച മോനിക്ക എന്ന കുടുംബിനിയും, പഠിക്കാൻ ബുദ്ധിയില്ലാതെ അധികാരികളുടെ ഔദാര്യത്തിൽ പൗരോഹിത്യം കിട്ടി, മോശമായ ഇടവകയിലേക്ക് ആദ്യത്തെ ശുശ്രൂഷ കിട്ടിയ ജോൺ വിയാനി എന്ന വൈദികനും…. അവർ ലോകത്തിന്റെ ദൃഷ്ടിയിൽ ശ്രേഷ്ഠമായത് ഒന്നും ചെയ്യാത്തതുകൊണ്ട് ലോകം അവരെ ‘വിജയ’മായി കണ്ടില്ല. എന്നാൽ, തങ്ങളെ വിളിച്ചവനോട് അവർ എന്നും വിശ്വസ്തരായിരുന്നു. ലോകം കളിയാക്കിയപ്പോഴും തഴഞ്ഞപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും വൻപരാജയമായി കൊട്ടിഘോഷിച്ചപ്പോഴും ഉള്ളിൽ ജ്വലിച്ചിരുന്ന ദൈവസ്‌നേഹത്തിന്റെ കൃപകൊണ്ട് നിശബ്ദരാകാൻ കഴിഞ്ഞ അവരെയെല്ലാം ദൈവം വൻവിജയമായി ഉയർത്തി. പൗലോസ് ശ്ലീഹാ പറയുന്നത് ശ്രദ്ധിക്കുക, ”നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്; അവിടുന്ന് അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.” അന്നത്തെ ലോകത്തിന്റെ പരാജയങ്ങൾ ഇന്ന് വിജയങ്ങളായി മാറിയപ്പോൾ അവരുടെ കബറിടത്തിലേക്ക് ജനം ഇന്നോടുകയാണ്. ഓടുന്ന ജനത്തെ നോക്കി ദൈവം പറയുന്നു, നീയും വിശ്വസ്തനായാൽ മതി, വിജയമാകാൻ ശ്രമിക്കേണ്ടാ. നിനക്ക് എന്നോടുള്ള വിശ്വസ്തതയ്ക്ക് ഞാൻ തരുന്ന സമ്മാനമാണ് വിജയം.
വിജയത്തിനുവേണ്ടിയുള്ള ഓട്ടമത്സരം അവസാനിപ്പിക്കാം. കാരണം, വിജയം ലോകത്തിന്റെ അംഗീകാരമാണ്. മറിച്ച്, വിശ്വസ്തത ദൈവത്തോട് ഒരുവനുള്ള വിശ്വാസപൂർവമായ മനോഭാവമാണ്. വിജയം കണക്കുകൂട്ടുന്നത് പ്രവൃത്തികളെ മാനുഷികമായി പരിശോധിക്കുമ്പോഴാണെങ്കിൽ, വിശ്വസ്തത പരിഗണിക്കുന്നത് ഹൃദയങ്ങളെ ദൈവികമായി പരിശോധിക്കുമ്പോഴാണ്. വിജയത്തിന് ലോകം കിരീടം സമ്മാനിക്കുമ്പോൾ, വിശ്വസ്തതയെ സ്വർഗം അനശ്വരമായ കിരീടം ധരിപ്പിക്കുന്നു. വിജയത്തിനുവേണ്ടിയുള്ള ഒരുവന്റെ പരിശ്രമം സ്വയം സ്‌നേഹത്തിന്റെ പ്രതീകമാണെങ്കിൽ, വിശ്വസ്തത ദൈവസ്‌നേഹത്തിന്റെ അടയാളമാണ്. വിജയത്തിനുവേണ്ടി നാം പരിശ്രമിക്കരുത് എന്നല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. ദൈവത്തെ മറന്ന് സ്വയം അംഗീകരിക്കപ്പെടാനും സ്ഥാനമാനങ്ങൾ നേടാ നും അവിശ്വസ്തത കാട്ടി മാനുഷികവിജയങ്ങൾ നേടാൻ ശ്രമിക്കുന്നത് പാപമാണെന്ന് ഓർമപ്പെടുത്താനാണ്. ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിന്നിട്ട്, മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറിയാൽ, അവിടെ എത്തിക്കഴിയുമ്പോൾ നിങ്ങൾക്ക് പിന്നിൽ അഭിമാനവും ചുറ്റും സ്‌നേഹവും മുന്നിൽ പ്രത്യാശയും ഉണ്ടായിരിക്കുമെന്നത് മറക്കാതിരിക്കുക! ”യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ്” (ഹെബ്രാ. 13:8).
ബ്ര. വർഗീസ് ഇത്തിത്തറ