വർഷങ്ങൾ കടന്നുപോയി. അപ്പസ്‌തോലന്മാരും ലാസറും സഹോദരിമാരും എല്ലാം വിദൂരസ്ഥലങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി ചിതറിപ്പോയി. ജോൺമാത്രം അമ്മയുടെ സംരക്ഷണത്തിനായി അവിടെത്തന്നെ നിന്നു.
മട്ടുപ്പാവിലുള്ള ഒരു ചെറിയ മുറിയിൽ മേരി വെള്ളവസ്ത്ര ധാരിണിയായി കാണപ്പെടുന്നു. അങ്കി, മേലങ്കി, ശിരോവസ്ത്രം എല്ലാം നല്ല വെള്ളതന്നെ. അവൾ അവളുടെയും ഈശോയുടെയും വസ്ത്രങ്ങൾ ക്രമപ്പെടുത്തി വയ്ക്കുകയാണ്. വസ്ത്രങ്ങളിൽനിന്ന് അവൾ കാൽവരിയിൽ നിന്നപ്പോൾ ധരിച്ച വസ്ത്രങ്ങൾ എടുക്കുന്നു. ഈശോയുടെ ഗദ്‌സമേനിയിൽ കാണപ്പെട്ട, രക്തംപുരണ്ട മേലങ്കിയും ആ ഭീകര നിമിഷങ്ങളിൽ അവൻ ചിന്തിയ രക്തത്തിന്റെ അടയാളമുള്ള മേലങ്കിയും എടുത്തു. ശ്രദ്ധാപൂർവ്വം മടക്കി വിശുദ്ധ വസ്തുക്കൾ വച്ചിട്ടുള്ള പെട്ടിയലമാരയിൽ വയ്ക്കുന്നു. ആ സമയത്ത് ജോൺ കടന്നുവരുന്നു. അവയെല്ലാം വീണ്ടും നോക്കുന്നത് പിന്നെയും ദുഃഖത്തിനു കാരണമാകയില്ലേ എന്നു ജോൺ ചോദിക്കുന്നു. അമ്മ സാവധാനം തന്റെ സമയമായി എന്നു ജോണിനെ മനസിലാക്കുന്നു. ജോണിനു ഹൃദയം പൊട്ടുകയാണ്. അമ്മ ശാന്തയായി അവസാനത്തെ ഉപദേശങ്ങൾ കൊടുക്കുകയാണ്.
നീ സ്‌നേഹത്തിന്റെ അപ്പസ്‌തോലനായതുകൊണ്ടും, ഇവ മറ്റുള്ളവരെക്കാൾ കൂടുതൽ മനസിലാക്കാൻ കഴിവുള്ളതുകൊണ്ടും നിന്നോടു ഞാൻ പറയുകയാണ്, ഒരമ്മയ്ക്കു സഹിക്കാനുണ്ടാകുന്ന ഏറ്റവും വലിയ ദുഃഖത്തിന് എന്നെത്തന്നെ ഞാൻ സമർപ്പിക്കുകയായിരുന്നു. എങ്കിലും ഒന്നും എന്റെ സ്‌നേഹത്തിന് അതിർത്തി വച്ചില്ല. കാരണം, അതിനെ ഉപയോഗപ്പെടുത്താനറിയാവുന്നവർക്ക,് അതു ശക്തിയും പ്രകാശവും മുകളിലേക്കു ആകർഷിക്കുന്ന കാന്തശക്തിയും, വിശുദ്ധീകരിക്കുകയും സൗന്ദര്യം പകരുകയും ചെയ്യുന്ന അഗ്നിയും, അതിന്റെ ആശ്ലേഷത്തിൽ കാണപ്പെടുന്നവരെ രൂപാന്തരപ്പെടുത്തുകയും മനുഷ്യരാക്കിത്തീർക്കുകയും ചെയ്യുന്ന ഒന്നാണ്. സ്‌നേഹം വാസ്തവത്തിൽ ഒരു ജ്വാലയാണ്. നശ്വരമായതിനെ തീജ്വാല നശിപ്പിക്കും. എന്നാൽ, സ്വർഗത്തിനർഹമായ വിശുദ്ധീകരിക്കപ്പെട്ട അരൂപിയെ അതിൽനിന്നുയർത്തുന്നു.
വചനപ്രഘോഷകരമായ നിങ്ങളുടെ പാതകളിൽ തകർന്നവരെ, പങ്കിലമാക്കപ്പെട്ടവരെ, തുരുമ്പു പിടിച്ചു നശിക്കാറായവരെ എത്രയധികമായി നിങ്ങൾ കാണും. അവരിൽ ഒരുവനെപ്പോലും നിരസിക്കരുത്. നേരെമറിച്ച് അവരെ സ്‌നേഹിക്കണം. അവർ സ്‌നേഹത്തിലെത്തുവാനും അങ്ങനെ രക്ഷിക്കപ്പെടുവാനും ഇടയാകണം. സ്‌നേഹം അവരിലേക്കു നിവേശിപ്പിക്കപ്പെടണം. പലപ്പോഴും മനുഷ്യർ ദുഷ്ടരാകുന്നത് അവരെ ഒരിക്കലും ആരും സ്‌നേഹിച്ചിട്ടില്ലാത്തതുകൊണ്ടാണ്. അഥവാ മോശമായി സ്‌നേഹിച്ചതുകൊണ്ട്. അവരെ സ്‌നേഹിക്കുവിൻ, പരിശുദ്ധാരൂപി അവരെ വിശുദ്ധീകരിച്ച് ആ ദൈവാലയങ്ങളിൽ വന്നു വസിക്കുവാൻ ഇടയാകട്ടെ. അനേകം കാര്യങ്ങളാണ് അവയെ അഴുക്കാക്കി ശൂന്യമാക്കിയത്.
മനുഷ്യനെ സൃഷ്ടിക്കാൻ ദൈവം ഒരു മാലാഖയെയോ വിശിഷ്ട വസ്തുവിനെയോ അല്ല ഉപയോഗിച്ചത്. അവൻ അല്പം ചെളിയാണെടുത്തത്. വിലയില്ലാത്ത വസ്തു! എന്നാൽ അവന്റെ ശ്വാസം അവനിൽ പ്രവേശിച്ചു. വിലകെട്ട വസ്തുവിനെ ഏറ്റം ഉന്നതനായ ദൈവത്തിന്റെ ദത്തുപുത്രസ്ഥാനത്തേക്കുയർത്തി. എന്റെ പുത്രൻ അഴുക്കിൽ വീണു തകർന്ന അനേകരെ കണ്ടു. അവൻ നിന്ദാപൂർവം അവരെ ഒരിക്കൽപോലും ചവിട്ടിമെതിച്ചില്ല. നേരേ മറിച്ച്, അവൻ അവരെ ശേഖരിച്ചു സ്വീകരിച്ച്, സ്വർഗത്തിനു യോജിച്ച തിരഞ്ഞെടുക്കപ്പെട്ടവരായി രൂപാന്തരപ്പെടുത്തി. എപ്പോഴും ഇക്കാര്യം നിങ്ങളുടെ ഓർമയിലുണ്ടാവണം. അവൻ ചെയ്തതുപോലെ നിങ്ങളും ചെയ്യുക. എല്ലാം ഓ ർത്തിരിക്കുവിൻ.
എന്റെ പുത്രന്റെ വാക്കുകളും പ്രവൃത്തികളും അവന്റെ ഉപമകൾ, കാരുണ്യത്തിന്റെ ഉപമകൾ… ഓർമിക്കുവിൻ…. അവയിൽ ജീവിക്കുവിൻ. അതായത് അവ പ്രവൃത്തിയിലാക്കുവിൻ; അവ എഴുതുവിൻ; അവ ഭാവി തലമുറകൾക്കും ലഭിക്കുവാനിടയാകട്ടെ; ലോകത്തിന്റെ അന്ത്യംവരെ സന്മനസുള്ള എല്ലാവർക്കും ഒരു വഴികാട്ടിയായിരിക്കട്ടെ. ജീവനും സത്യവും ആയവന്റെ നിത്യവചനം നല്കിയ എല്ലാ വാക്കുകളും ആവർത്തിച്ചെഴുതുവാൻ നിങ്ങൾക്കു സാധിക്കയില്ലായിരിക്കാം. എന്നാൽ, നിങ്ങൾക്കു കഴിയുന്നിടത്തോളം എഴുതുവിൻ.
രക്ഷകനെ ലോകത്തിനു നല്കുവാൻ എന്റെമേൽ താണിറങ്ങിയ അരൂപി നിങ്ങളുടെമേൽ ഒന്നാമതും രണ്ടാമതും ഇറങ്ങിയ പരിശുദ്ധാരൂപി ഓർമ്മിക്കുവാൻ നിങ്ങളെ സഹായിക്കും. സത്യദൈവത്തിലേക്ക് ആളുകളെ നയിക്കുവാൻ ഞാൻ തുടങ്ങിയ ആത്മീയമാതൃത്വം നിങ്ങൾ തുടരുവിൻ. അതേ അരൂപി വീണ്ടും സൃഷ്ടിക്കപ്പെട്ട കർത്താവിന്റെ മക്കളോട് സംസാരിച്ച് അവരെ ശക്തിപ്പെടുത്തും. അപ്പോൾ പീഡനമേറ്റ് മരിക്കുന്നതും നാടുകടത്തപ്പെടുന്നതും അവർക്കു സന്തോഷമായിരിക്കും. ”അമ്മേ, എന്നെ വിട്ടുപോകാൻ നീ ആഗ്രഹിക്കുകയാണോ, പ്രത്യേകിച്ച് എന്റെ ബന്ധുക്കളെല്ലാം മരിച്ചുകഴിഞ്ഞപ്പോൾ? മറ്റു സഹോദരന്മാരെല്ലാം ദൗത്യംമൂലം ദൂരെയാണ്. ഞാൻ ഇനി ഏകനായി അവശേഷിക്കും.” ജോൺ മേരിയുടെ കാൽക്കൽ വീണു കരയുന്നു.
മേരി അവന്റെ അടുത്തേക്കു കുനിഞ്ഞ് അവളുടെ കൈ അവന്റെ ശിരസിൽ വച്ചു. സങ്കടംകൊണ്ട് ശിരസു കുലുങ്ങിപ്പോകുന്നു. അവൾ പറയുന്നു. ”അല്ല, ഇങ്ങനെ യല്ല. കുരിശിൻചുവട്ടിൽ നീ എത്ര ശക്തനായിരുന്നു! യാതൊന്നിനോടും താരതമ്യപ്പെടുത്തുവാൻ കഴിയാത്ത ഭീ കരരംഗമായിരുന്നില്ലേ അത്? അവനെയും, എന്നെയും ആശ്വസിപ്പിക്കുവാൻ അന്ന് നീ എത്ര ശക്തിയുള്ളവനായിരുന്നു. എന്നിട്ട് ഈ പ്രശാന്തമായ സന്ധ്യാവേളയിൽ അടുത്തു വരുന്ന വലിയ ഭാഗ്യത്തിന്റെ മുന്നാസ്വാദനം അ നുഭവിക്കുന്ന എന്റെ മുൻപിൽ നീ എന്തുകൊണ്ടാണ് ഇത്ര അസ്വസ്ഥനാകുന്നത്? നിന്നെത്തന്നെ ശാന്തമാക്കുക. ഇന്നു സന്ധ്യയായപ്പോൾ തുടങ്ങി ദൈവദൂതന്മാർ എന്റെ ചുറ്റിലും ഉണ്ടെന്ന് എനിക്കു തോന്നുന്നു.”
”എനിക്കു താങ്ങാൻ കഴിയാത്ത ഒരു പ്രകാശം എന്റെ ഉള്ളിൽ വളരുന്നു. കാരണം സ്‌നേഹം പൂർണമായി കഴിയുമ്പോൾ അതായതു പൂർണതയോളംതന്നെ എത്തുമ്പോൾ എന്റെ പുത്രനും ദൈവവും ആയവന്റെ സ്‌നേഹംപോലെ ആയിക്കഴിയുമ്പോൾ അതു സകലതും നേടുന്നു. മാനുഷിക ദൃഷ്ടിയിൽ അസാദ്ധ്യമെന്നു തോന്നുന്നവപോലും സാധ്യമാക്കുന്നു. ഒരാൾ ഒരു സെറാഫ് ആകുകയാണെങ്കിൽ സകലതും നേടാൻ കഴിയും. അപ്പോൾ ആത്മാവെന്നു പറയുന്ന ഈ വിസ്മയകരമായ സംഗതി നിത്യമായത് അത് ദൈവത്തിന്റെ ശ്വാസം അവൻതന്നെ നമ്മിൽ നിവേശിപ്പിച്ചിരിക്കുന്നത്- സ്വയം സ്വർഗത്തിലേക്കെറിയുന്നു. ഒരു ജ്വാലപോലെ ദൈവസിംഹാസനത്തിന്റെ ചുവട്ടിൽ ചെന്നു വീഴുന്നു. അത് സംസാരിക്കുമ്പോൾ ദൈവം ശ്രവിക്കുന്നു. സർവ്വശക്തനിൽ നിന്ന് അതാവശ്യപ്പെട്ടത് നേടുന്നു. പഴയ നിയമം നിർദ്ദേശിച്ചിരിക്കുന്നതുപോലെ സ്‌നേഹിച്ചിരുന്നുവെങ്കിൽ മനുഷ്യൻ സകലതും നേടുമായിരുന്നു. ഞാൻ അങ്ങനെ സ്‌നേഹിക്കുന്നു. അതുകൊണ്ടാണു എനിക്കു തോന്നുന്നത് ഞാൻ ഇനി ഉണ്ടായിരിക്കുകയില്ല എന്ന്. അവൻ ദുഃഖത്തിന്റെ ആധിക്യത്താൽ മരിച്ചു. ഞാൻ സ് നേഹത്തിന്റെ ആധിക്യത്തിൽ ലോകം വിട്ടുപോകും. സ്‌നേഹിക്കാനുള്ള എന്റെ കഴിവ് നിറഞ്ഞിരിക്കുന്ന എന്റെ ആത്മാവിനും ശരീരത്തിനും ഇനി താങ്ങുവാൻ സാധിക്കയില്ല. സ്‌നേഹം അതിൽനിന്നു കവിഞ്ഞൊഴുകുന്നു. അത് എന്നെ അതിൽ താഴ്ത്തിക്കളയുന്നു. അതേസമയം സ്വർഗത്തിലേക്ക് എന്റെ പുത്രന്റെ പക്കലേക്കുയർത്തുന്നു.
അവന്റെ സ്വരം എന്നോടുപറയുന്നു: ”വരൂ പുറത്തേക്കിറങ്ങൂ. ഞങ്ങളുടെ സിംഹാസനത്തിലേക്കുയരൂ. ഞങ്ങളുടെ ത്രിത്വ ആലിംഗനം സ്വീകരിക്കുവാൻ വരൂ. എന്റെ ചുറ്റിലുമുള്ള ഭൂമി സ്വർഗത്തിൽനിന്ന് എന്റെ പക്കലേക്ക് ഇറങ്ങുന്ന പ്രകാശത്തിൽ അപ്രത്യക്ഷമാകുന്നു. സ്വർഗീയ സ്വരത്തിൽ ഭൂമിയിലെ സ്വരങ്ങളെല്ലാം മുങ്ങിപ്പോകുന്നു. ദൈവിക ആലിംഗനത്തിനുള്ള എന്റെ സമയം വന്നിരിക്കുന്നു, എന്റെ ജോൺ. അസ്വസ്ഥനെങ്കിലും കുറച്ചു ശാന്തനായി കഴിഞ്ഞ ജോൺ ആനന്ദപാരവശ്യത്തിലായതുപോലെ മേരിയുടെ മുഖത്തേക്കു നോക്കുന്നു. അവളുടെ മുഖത്ത് വളരെ ധവളമായ പ്രകാശം. ജോൺ അവളെ വീഴാതെ താങ്ങുന്നതിനിടയിൽ പറയുന്നു:
”ഈശോ താബോറിൽ രൂപാന്തരീഭവിച്ചപ്പോൾ എങ്ങനെയായിരുന്നുവോ അതുപോലെയാണു നീ… നിന്റെ ശരീരം ചന്ദ്രനെപ്പോലെ ശോഭിക്കുന്നു. നിന്റെ വസ്ത്രങ്ങൾ വജ്രം കൊണ്ടു നിർമ്മിച്ച ഒരു വിരിപ്പിന്മേൽ വളരെ ധവളമായ പ്രകാശം പതിച്ചാലെന്നപോലെയുണ്ട്… അമ്മേ, അമ്മ ഇനി മനുഷ്യസ്ത്രീയല്ല. ശരീരത്തിന്റെ ഭാരവും പ്രകാശവും തടയുന്ന സ്വഭാവവും മാറിപ്പോയിരിക്കുന്നു. ജോൺ അവളെ സ്‌നേഹത്തോടെ അവളുടെ കിടക്കയിലേക്കാനയിക്കുന്നു. മേലങ്കിപോലും മാറ്റാതെ മേരി ആ കിടക്കയിൽ കിടന്നു. ഇരു കരങ്ങളും കുരിശാകൃതിയിൽ മാറോടു ചേർത്തുവച്ച,് സ്‌നേഹത്താൽ തിളങ്ങുന്ന ആ ശാന്തമായ കണ്ണുകളടച്ച്, അവളുടെ അരികിലേക്കു കുനിഞ്ഞു നില്ക്കുന്ന ജോണിനോട് അവൾ പറയുന്നു: ”ഞാൻ ദൈവത്തിലാണ്, ദൈവം എന്നിലും. ഞാൻ അവനെ ധ്യാനിക്കുകയും അവന്റെ ആലിംഗനം അനുഭവിക്കുകയും ചെയ്യുമ്പോൾ, നീ സങ്കീർത്തനങ്ങൾ ആലപിക്കുവിൻ. എനിക്കു യോജിച്ച വിശുദ്ധഗ്രന്ഥഭാഗങ്ങൾ വായിക്കുക. ജ്ഞാനത്തിന്റെ അരൂപി നിനക്കതു കാണിച്ചുതരും. പിന്നീട് എന്റെ പുത്രന്റെ പ്രാർത്ഥന ചൊല്ലുക. മുഖ്യദൂതന്റെ മംഗലവാർത്തയും എലിസബത്തിന്റെ വാക്കുകളും ആവർത്തിക്കുവിൻ. എന്റെ സ്തുതികീർത്തനവും ആലപിക്കുക. ഭൂമിയിൽ എനിക്ക് എന്ത് അവശേഷിച്ചിട്ടുണ്ടോ, അതുപയോഗിച്ചു ഞാനും നിന്നോടു ചേരാം.”
വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് സുന്ദരമായ സ്വരത്തിൽ നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം ആലപിക്കുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ജോണിന്റെ സ്വരം ഈശോയുടേതു പോലെയുണ്ട്. മേരി അതു മനസിലാക്കി പുഞ്ചിരിയോടെ പറയുന്നു. എനിക്ക് എന്റെ ഈശോ അരികിലുള്ളതുപോലെ തോന്നുന്നു. ജോൺ 118-ാം സങ്കീർത്തനം തീർന്നപ്പോൾ 41-ാം സങ്കീർത്തനത്തിന്റെ ആദ്യത്തെ മൂന്നു പാദങ്ങളും 38-ാം സങ്കീർത്തനത്തിന്റെ ആദ്യത്തേ 8 പാദങ്ങളും സങ്കീർത്തനം 22-ഉം ഒന്നാം സങ്കീർത്തനവും ഉരുവിട്ടു. പിന്നീട് സ്വർഗസ്ഥനായ പിതാവേ, എന്ന പ്രാർത്ഥനയും ഗബ്രിയേലിന്റെയും എലിസബത്തിന്റെയും വാക്കുകളും, തോബിത്തിന്റെ കീർത്തനവും, നിയമാവർത്തന പുസ്തകത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായവും പതിനൊന്നു മുതൽ നാല്പത്തിയാറുവരെ പാദങ്ങൾ വായിച്ചു. അവസാനം മേരിയുടെ, ‘എന്റെ ആത്മാവു കർത്താവിനെ മഹത്വപ്പെടുത്തുന്നു’ എന്ന സ്തുതിഗീതവും ആലപിച്ചു. എന്നാൽ, ഒൻപതാം പാദമായപ്പോൾ മേരി ശ്വാസോഛ്വാസം ചെയ്യുന്നില്ലെന്നു മനസിലായി. കാഴ്ചയിൽ ഒരു വ്യത്യാസവുമില്ല. പുഞ്ചിരിയോടെ സമാധാനത്തിൽ കിടക്കുന്നു. ജീവൻ നിലച്ചു എന്നവൾ മനസിലാക്കിയ ലക്ഷണംപോലുമില്ല!
ജോൺ ചങ്കുപൊട്ടിക്കുന്ന ഒരു കരച്ചിലോടെ നിലത്തു വീഴുന്നു. മേരിയെ വീണ്ടും വീണ്ടും വിളിക്കുന്നു. അവൻ അവളുടെ മുഖത്തു നോക്കിത്തന്നെ കുനിഞ്ഞു നിന്നു. ആ മുഖത്ത് പ്രകൃത്യാതീതമായ ആനന്ദത്തിന്റെ ഭാവം നിഴലിച്ചു നില്ക്കുകയാണ്. അവന്റെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകി ആ മാധുര്യമേറിയ മുഖത്തു വീണു. ആ നിർമ്മലമായ കൈകളിൽ, മാറോടു ചേർത്തുവച്ചിരിക്കുന്ന കൈകളിൽ വീഴുന്നു. മേരിക്കു കൊടുത്ത ഏക ക്ഷാളനം അതായി. സ്‌നേഹത്തിന്റെ അപ്പസ്‌തോലന്റെ, ഈശോയുടെ മരണപത്രികമൂലം അവളുടെ ദത്തുപുത്രനായവന്റെ കണ്ണീർ ക്ഷാളനം.
ദുഃഖത്തിന്റെ ആദ്യത്തെ പ്രവാഹം നിലച്ചപ്പോൾ ജോൺ മേരിയുടെ ആഗ്രഹം ഓർത്തു. മേരി ഇപ്പോൾ വെള്ള മാർബിൾ കൊണ്ടുണ്ടാക്കിയ ഒരു രൂപംപോലെയുണ്ട്. ജോൺ അവളെ കുറെ നേരം നോക്കിനിന്നു. അന്ധകാരമായി തുടങ്ങിയതിനാൽ വിളക്കു കത്തിച്ചുവച്ചു.
പിന്നെ ഗദ്‌സമേനിയിലേക്കു പോയി പറിക്കാവുന്നിടത്തോളം പൂക്കൾ പറിച്ചു. ഒലിവു ശിഖരങ്ങളും ഒടിച്ചു കൊണ്ടു വന്നു. ഒലിവു കായ് അതിന്മേലുണ്ട്. മേരിയുടെ ശരീരത്തിനു ചുറ്റും വച്ച് അലങ്കരിച്ചു. ഒരു വലിയ പുഷ്പകിരീടത്തിനകത്താണ് മേരിയുടെ ശരീരം ഇപ്പോൾ എന്നു തോന്നുന്നു. അതു ക്രമപ്പെടുത്തുന്ന സമയത്ത് അവൻ മേരിയോടു സംസാരിക്കുന്നു. മേരിക്ക് അവനെ കേൾക്കാൻ കഴിയും എന്ന വിധത്തിലാണു സംസാരിക്കുന്നത്. ”നീ എപ്പോഴും താഴ്‌വരയിലെ ലില്ലിയായിരുന്നു. മാധുര്യമുള്ള റോസാപ്പുഷ്പമായിരുന്നു. മനോഹരമായ ഒലിവുവൃക്ഷമായിരുന്നു, ഫലം നിറഞ്ഞു നില്ക്കുന്ന മുന്തിരിത്തോപ്പായിരുന്നു. പരിശുദ്ധമായ ഗോതമ്പിന്റെ കതിരായിരുന്നു, നിന്റെ സുഗന്ധ തൈലങ്ങൾ നീ ഞങ്ങൾക്കു നല്കി. ശക്തന്മാരുടെ വീഞ്ഞും, മരണത്തിൽനിന്നു രക്ഷിക്കുന്ന അപ്പവും നല്കി.”
”നിന്റെ ചുറ്റിലും ഈ പൂക്കൾ വളരെ മനോഹരമായിരിക്കുന്നു. നമുക്ക് ഇനി ഈ വിളക്ക് കുറച്ചു കൂടെ അടുപ്പിച്ചുവയ്ക്കാം. അങ്ങനെ ഞാൻ നിന്റെ കിടക്കയ്ക്കടുത്ത് കാവലിരിക്കട്ടെ. ഞാൻ കാത്തിരിക്കുന്ന ഒരത്ഭുതമെങ്കിലും നടക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അതുണ്ടാകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് ഇക്കാര്യം നല്ല ഉറപ്പാണ്. ഞാൻ നിന്റെയരുകിൽ ഇവിടെ ഇരിക്കും. ദൈവം ഒന്നുകിൽ അവന്റെ വാക്കു കൊണ്ടോ അവന്റെ പ്രവൃത്തികൊണ്ടോ, നിന്റെ അന്ത്യം എങ്ങനെയെന്ന് എന്നെ കാണിച്ചുതരുന്നതുവരെ.”
എല്ലാം ക്രമപ്പെടുത്തി കഴിഞ്ഞപ്പോൾ ജോൺ വിളക്കു നിലത്തു വച്ച ശേഷം ആ സ്റ്റൂളിൽ ഇരിക്കുന്നു. ചെറിയ കിടക്കയുടെ സമീപം, അതിൽ ശയിക്കുന്ന ശരീരത്തെ ധ്യാനിച്ചുകൊണ്ട്.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യുടെ സംഗ്രഹിച്ച പതിപ്പിൽനിന്ന്)