ട്രാഫിക് സിഗ്നൽ തെറ്റിച്ചായിരുന്നു വേഗതയിൽ ബസ് പ്രധാന റോഡിലേക്ക് കയറിയത്. എതിർദിശയിൽനിന്നും വന്ന കാർ പെട്ടെന്നു ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി. നിയമം തെറ്റിച്ച ബസ് ഡ്രൈവർ തന്റെ തെറ്റ് മറയ്ക്കാനെന്നവണ്ണം പിന്നിലേക്ക് തിരിഞ്ഞ് കാർ ഡ്രൈവറെ ചീത്തവിളിച്ചു. എന്നാൽ, അയാൾ ചെറുതായി പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
അല്പം മുന്നോട്ടു ചെന്നപ്പോൾ മുൻസീറ്റിലെ യാത്രക്കാരൻ ചോദിച്ചു, ”നിയമം തെറ്റിച്ച ബസ് ഡ്രൈവർ ചീത്തവിളിച്ചപ്പോൾ എന്താണ് ഒന്നും മിണ്ടാതിരുന്നത്?”
അതേസമയം മുൻസിപ്പാലിറ്റിയുടെ മാലിന്യ ലോറി എതിർവശത്തുകൂടി കടന്നുപോയി. ലോറിയിലേക്ക് വിരൽചൂണ്ടിയിട്ട് ഡ്രൈവർ പറഞ്ഞു: ”ആ ലോറിയിൽ കൊണ്ടുപോകുന്ന മാലിന്യങ്ങൾ എപ്പോഴും ദുർഗന്ധം വമിപ്പിക്കും. അതുപോലെ ബസ് ഡ്രൈവറുടെ ഹൃദയത്തിലുള്ള വെറുപ്പും വിദ്വേഷവുമൊക്കെയാണ് വാക്കുകളിലൂടെ പുറത്തേക്ക് വന്നത്. അവരോട് നമ്മൾ അതേനാണയത്തിൽ പ്രതികരിക്കുമ്പോൾ മാലിന്യം നമ്മുടെ ഹൃദയത്തിൽ നിക്ഷേപിക്കാൻ അവസരം നല്കുകയാണ്. ആ വാക്കുകൾ സ്വീകരിക്കുമ്പോൾ നമ്മുടെ വാക്കുകളും ദുർഗന്ധം വമിപ്പിക്കുന്നവയായി മാറും. ആ വാക്കുകൾ അവഗണിക്കുകയാണെങ്കിൽ നമ്മുടെ മനസിലും ഹൃദയത്തിലും മാലിന്യം വീഴില്ല.”
ബസ് ഡ്രൈവർ പ്രതികരിച്ചതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ മനസ് മാലിന്യകൂമ്പാരമാകാൻ അനുവദിക്കരുത്.
”ക്ഷമകൊണ്ട് ഒരു ഭരണാധിപനെ അനുനയിപ്പിക്കാൻ കഴിഞ്ഞേക്കാം. മൃദുലമായ നാവിന് കടുത്ത അസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്” (സുഭാ. 25:15).