”ഞാൻ നീതിയണിഞ്ഞു. അതെന്നെ ആവരണം ചെയ്തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു” (ജോബ് 29:14).
ഇടത്തുകൈകൊണ്ട് ആ യുവതി വളരെ വേഗത്തിൽ പച്ചക്കറി പൊതിയുന്നതുകണ്ടപ്പോൾ അതിശയം തോന്നി. അവരുടെ വലത്തുകൈ പകുതിവച്ച് മുറിച്ചുമാറ്റിയിരുന്നു. എങ്കിലും രണ്ടു കയ്യും ഉള്ളവരേക്കാൾ വേഗതലായിരുന്നു. വലത്തുകയ്യുടെ ബലംകൂടി ദൈവം അവളുടെ ഇടത്തുകയ്യിൽ നിക്ഷേപിച്ചതുപോലെ. സാധനങ്ങൾ കൊടുക്കുന്നതും പണം വാങ്ങുന്നതും എല്ലാം ഒരാൾതന്നെ. ഒരു കൈകൊണ്ട് രണ്ടു കൈയുടെ പണി ചെയ്യുന്ന അവളോട് ബഹുമാനം തോന്നി. അതൊരു കട എന്ന് പറയാൻ കഴിയില്ല. ചന്തയിൽ പച്ചക്കറികൾ കൂട്ടിയിട്ടു വില്പന നടത്തുന്നു. തമിഴ് കലർന്ന മലയാളത്തിലായിരുന്നു സംസാരം. ഒരു ദിവസം ചെല്ലുമ്പോൾ തീരെ തിരക്ക് ഉണ്ടായിരുന്നില്ല. പച്ചക്കറി വാങ്ങുമ്പോൾ ഞാൻ ചോദിച്ചു.
”കൈയ്ക്ക് എന്തു പറ്റിയതാണ്?”
”ഒരു അപകടത്തിൽപ്പെട്ട് മുറിഞ്ഞുപോയി.” വേണമെങ്കിൽ ജീവിതകാലം മുഴുവൻ ദൈവത്തെ പഴിച്ച് ജീവിക്കാൻ മതിയായ കാരണം. ഇങ്ങനെ ജീവിതത്തിന്റെ പ്രതിസന്ധികളെ മറികടന്നവരെപ്പറ്റി കുട്ടികളോട് പറഞ്ഞുകൊടുത്ത സംഭവങ്ങൾ അധ്യാപകനായിരുന്ന എന്റെ മനസിലേക്കു വന്നു. ഞാൻ പഠിപ്പിച്ച ഒരു പാഠം ജീവനോടെ വന്നു മുൻപിൽ നില്ക്കുന്നതുപോലെ. ഒരുപക്ഷേ, അങ്ങനെയുള്ള ഒരു പാഠവും കേൾക്കാൻ ഇടയില്ലാത്ത അവളോട് വലിയ ആദരവുതോന്നി.
”തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്. അവിടെനിന്നും പച്ചക്കറികൾ ട്രെയിനിൽ കൊണ്ടുവന്ന് ഞാനും ഭർത്താവും ദിവസവും ഓരോ ചന്തകളിലേക്കു പോകും.”
”എത്രകാലമായി പച്ചക്കറിക്കച്ചവടം തുടങ്ങിയിട്ട്?”
കടവുൾ (ദൈവം) ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ഒരു അനുഭവമാണ് ഈ കച്ചവടം.”
അതു കേട്ടപ്പോൾ എന്നിൽ ജിജ്ഞാസ വർധിപ്പിച്ചു.
ഭർത്താവിനു പഴയ മാസികകളും പേപ്പറുകളും വാങ്ങി വില്പന നടത്തുന്നതായിരുന്നു പണി. ഒരിക്കൽ ഒരു വീ ട്ടിൽനിന്നും നല്ല ചിത്രങ്ങളോടുകൂടിയ മാസികകൾ വാ ങ്ങിക്കൊണ്ടുവന്നു. ചിത്രങ്ങളുടെ ഭംഗികണ്ടപ്പോൾ രാത്രിയിൽ ഞാൻ മാസികൾ മറിച്ചുനോക്കി. ഒരു മാസികകയ്ക്കുള്ളിൽ കുറെ നോട്ടുകൾ-അഞ്ഞൂറിന്റെയും നൂറിന്റെയും. ഞാൻ അതിശയിച്ചുപോയി. ഞങ്ങൾക്കു കിട്ടിയ നിധിയാണെന്നു വിചാരിച്ചു. ഉടനെ ഭർത്താവിനെ വിളിച്ചു കാണിച്ചു. തിരിച്ചു കൊടുക്കണോ വേണ്ടയോ എന്ന് മനസിൽ സംഘട്ടനം നടക്കുകയാണ്. ഞങ്ങളുടെ സംസാരം അമ്മ കേട്ടു. ”ഇതു നമ്മുടെ വകയല്ല, രാവിലെതന്നെ ഉടമസ്ഥനെ തിരിച്ചേല്പിക്കണം.” അമ്മ പറഞ്ഞു. എനിക്കത് അത്ര സ്വീകാര്യമായില്ല. ദാരിദ്ര്യം നിറഞ്ഞ കാലമായിരുന്നു. ഒരു നേരമെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്ന് തോന്നി. പെട്ടെന്ന് കുറച്ചു പണം കിട്ടിയപ്പോൾ അതുകൊണ്ട് ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. എന്നാൽ, അമ്മ ഒന്നിനും സമ്മതിക്കുന്നില്ല. എന്റെ മനസു വായിച്ചതുപോലെ അമ്മ പറഞ്ഞു, ”സത്യവതി എന്നല്ലേ നിന്റെ പേര്? ആ പേരു വിളിച്ചല്ലേ ഞാൻ ദിവസവും നിന്നെ ഉണർത്തുന്നത്. പേരിന് അർത്ഥമുണ്ട് കുഞ്ഞേ.”
പിറ്റേന്ന് രാവിലെ ഞാനും ഭർത്താവുംകൂടി ആ വീട്ടിൽച്ചെന്നു. പണം തിരികെ കൊടുത്തു. അവർ ഞങ്ങളുടെ സത്യസന്ധതയെ പ്രകീർത്തിച്ചു. ഞങ്ങൾക്ക് ആഹാരവും വസ്ത്രവുമൊക്കെ തന്നു. അവിടുത്തെ അമ്മ അതിൽനിന്നും ആയിരം രൂപയെടുത്ത് തന്നു. ആ പണമാണ് കച്ചവടത്തിന്റെ മുതൽമുടക്ക്. അമ്മച്ചിക്ക് നല്ല കൈപുണ്യം ഉണ്ടായിരുന്നു. ദിവസം കഴിയുംതോറും കച്ചവടം കൂടുതൽ നന്നായി വരുന്നു. സ്‌കൂളിൽ പോകുന്ന രണ്ടു കുട്ടികളുണ്ട്. അവരുടെ ചെലവുകളും പ്രായമായ അമ്മയുടെ കാര്യങ്ങളുമെല്ലാം ഇതിൽനിന്നുലഭിക്കുന്ന വരുമാനംകൊണ്ടാണ് നടക്കുന്നത്. എന്തു പ്രശ്‌നം ഉണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും ഞങ്ങൾ കുടുംബമായി പള്ളിയിൽ പോകും. അവൾ പറഞ്ഞുനിർത്തി.
”നിങ്ങളുടെ വളർച്ചയുടെ അടിസ്ഥാനം ഗൃഹനാഥയുടെ കൈപുണ്യമല്ല, നിങ്ങളുടെ സത്യസന്ധതയ്ക്ക് ദൈവം ന ല്കിയ അംഗീകാരമാണ്.” ഞാൻ അവളെ തിരുത്തി.
ശരിയെന്നു ബോധ്യമായതുപോലെ സന്തോഷത്തോടെ അവൾ തലയാട്ടി.
”സത്യസന്ധരുടെ വിശ്വസ്തത അവർക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു” (സുഭാ. 11:3).
സി. ശാമുവേൽ