പഴയ കൊച്ചിരാജ്യത്ത് പേരുകേട്ട ഒരു പിടിച്ചുപറിക്കാര നുണ്ടായിരുന്നു- ചാക്കുണ്ണി. കായംകുളം കൊച്ചുണ്ണിയുടെ അത്രയും പ്രസിദ്ധനല്ലായിരുന്നെങ്കിലും ദേശവാസികൾ ക്കെല്ലാം അയാളെ പേടിയായിരുന്നു. വിജനമായ പാതയോരങ്ങളിൽ മറഞ്ഞിരുന്ന്, ഒറ്റയ്ക്കുവരുന്ന യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, സാധനങ്ങൾ തട്ടിയെടുക്കുക- അതാണയാളുടെ പതിവ്. എതിർപ്പ് പ്രകടിപ്പിക്കാതെ ചോദിക്കുന്നതൊക്കെ കൊടുത്താൽ ആരെയും ഉപദ്രവിക്കുകയില്ല. പക്ഷേ, എതിർക്കാനൊരുമ്പെട്ടാൽ ചാക്കു ക്രൂരനാകും.
ചാക്കു ദൈവഭക്തനായ ഒരു കള്ളനായിരുന്നു. എന്നും പ്രാർത്ഥിച്ചതിനുശേഷമേ പിടിച്ചുപറിക്കാൻ പുപ്പെടുകയുള്ളൂ. പോകുന്ന വഴിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശടിയിലും കയറി പ്രാർത്ഥിക്കും. ”ഇന്ന് ആർക്കും എതിർക്കാൻ തോന്നരുതേ… ആരെയും ദേഹോപദ്രവം ഏല്പിക്കാതെ സാധനങ്ങൾ തട്ടിയെടുക്കാൻ കൃപ തരണേ…” ഇതായിരുന്നു ചാക്കുണ്ണിയുടെ പ്രാർത്ഥന.
അന്നും പ്രാർത്ഥന കഴിഞ്ഞ് വിജനമായ ഒരു പാതയുടെ സമീപത്തെ കുറ്റിക്കാട്ടിൽ ചാക്കുണ്ണി മറഞ്ഞിരുന്നു. മണിക്കൂറുകൾ കഴിഞ്ഞുപോയി. ഒരൊറ്റ മനുഷ്യനും അതുവഴി വരുന്നില്ല. വെയിലിന്റെ ചൂട് കൂടിക്കൂടി വരുന്നു. വിശപ്പും ആളിക്കത്താൻ തുടങ്ങി. മനസ് മടുത്തിരിക്കുമ്പോൾ ആതാ ദൂരെനിന്നും ഒരു മനുഷ്യൻ നടന്നുവരുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു വലിയ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടാണ് വരവ്. ചാക്കുണ്ണിക്ക് സന്തോഷമായി. ഇന്നത്തെ കാര്യം കോളടിച്ചു.
ആൾ അടുത്തുവന്ന ഉടൻ കത്തിയും ഉയർത്തിപ്പിടിച്ച് അലറിക്കൊണ്ട് ചാക്കുണ്ണി അയാളുടെ മുൻപിലേക്ക് ഒരൊറ്റ ചാട്ടം. പേടിച്ചുവിറച്ച ആ സാധുമനുഷ്യൻ ഒരു നിമിഷം പകച്ചുനിന്നു. അടുത്തനിമിഷം ഭണ്ഡക്കെട്ട് ചാക്കുണ്ണിയുടെ മുന്നിലിട്ടിട്ട് തിരിഞ്ഞോടി. ചാക്കുണ്ണിക്ക് സമാധാനം. സംഘട്ടനമില്ലാതെ ഭാണ്ഡക്കെട്ട് കിട്ടിയല്ലോ. അയാൾ ഭാണ്ഡവുമായി കുറ്റിക്കാട്ടിലേക്ക് കയറി. അതു തുറന്നു പരിശോധിച്ചു. കാര്യമായിട്ടൊന്നുമില്ല. കുറേ വസ്ത്രങ്ങളും പഴങ്ങളും മാത്രം. ചാക്കുണ്ണി നിരാശനായി. വീണ്ടും ഭാണ്ഡം ഒന്നുകൂടെ പരിശോധിച്ചു. അതാ അടിയിൽ ഒരു പൊതിച്ചോറ്. അത്രയെങ്കിലും ആയല്ലോ, നല്ല വിശപ്പുമുണ്ട്. എന്നാൽ, ചോറുണ്ടേക്കാം എന്നു വിചാരിച്ച് അയാൾ പൊതിയഴിച്ചു. നല്ല കോഴിക്കറിയുടെ മണം. നാവിൽ വെ ള്ളമൂറി. ആർത്തിയോടെ കോഴിക്കാലെടുത്ത് തിന്നാൽ ഒരുങ്ങിയ ഉടനെ ഇടിമിന്നൽപോലെ ഒരു ചിന്ത ചാക്കുണ്ണിയിലേക്ക് വന്നു. ഇന്നു വെള്ളിയാഴ്ചയാണല്ലോ. ഇറച്ചി കൂട്ടാൻ പാടില്ല. സങ്കടത്തോടെയാണെങ്കിലും ചാക്കുണ്ണി ഇറച്ചിക്കഷണങ്ങൾ വലിച്ചെറിഞ്ഞ്, വെറും ചാറ് കൂട്ടി ചോറുണ്ടു. കാരണം, ചാക്കുണ്ണി ദൈവഭക്തനായ കള്ളനായിരുന്നു.
യേശു പറഞ്ഞു: ”കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നി യമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്- മറ്റുള്ളവ അവഗണിക്കാതെ തന്നെ” (മത്തായി 23:23).
പിടിച്ചുപറി എന്ന അനീതിയിൽ ജീവിക്കുമ്പോഴും വെള്ളിയാഴ്ച മാംസം വർജിക്കുന്ന ചാക്കുണ്ണിയെന്ന കപടഭക്തൻ നമ്മുടെയെല്ലാം ഉള്ളിൽ ജീവിക്കുന്നുണ്ട്. സ്വന്തം കുടുംബാംഗങ്ങളോട് സ്‌നേഹമില്ലാതെ പെരുമാറുമ്പോഴും ജോലിയിൽ വിശ്വസ്തത കാണിക്കാതെ പ്രവൃത്തിക്കുമ്പോഴും തങ്ങൾ ദൈവഭക്തരാണെന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നവർ ധാരാളം. കൈക്കൂലിയും അഴിമതിയും നിറഞ്ഞ ജീവിതം നയിക്കുമ്പോഴും ഭക്താനുഷ്ഠാനങ്ങളിൽ കൃത്യനിഷ്ഠ പുലർത്തുന്നവരും വളരെ ഏറെയാണ്.
വാശിയും വൈരാഗ്യവും ഉപേക്ഷിക്കാൻ മനസില്ലാതെ ദൈവഭക്തിയുടെ പുറങ്കുപ്പായം ധരിക്കുന്നവരും സമൂഹത്തിൽ പെരുകിക്കൊണ്ടിരിക്കുന്നു.
ഇവരോടൊക്കെ യേശു പറയുന്നത് ‘കപടഭക്തരേ നിങ്ങൾക്കു ദുരിതം’ എന്നാണ്. യേശു പാപികളെ സ്‌നേഹിക്കുന്നു എന്നാൽ, കപടഭക്തരെ വെറുക്കുന്നു. ചുങ്കക്കാരോടും വേശ്യകളോടും ആർദ്രതയോടെ ഇടപെട്ട യേശു കപടനാട്യക്കാരായ ഫരിസേയരോടും നിയമജ്ഞരോടും മാത്രമാണ് പരുഷമായ ഭാഷയിൽ സംസാരിച്ചത്. നമുക്കും സ്വയം ചിന്തിച്ചുനോക്കാം, ഞാൻ ഏതു വിഭാഗത്തിലാണ് ഇന്ന് ഉൾപ്പെട്ടിരിക്കുന്നത്- കപടഭക്തരുടെയോ അതോ പാപികളുടെയോ? പാപിക്ക് പ്രത്യാശിക്കാൻ വകയുണ്ട്. കാരണം, പാപിയെ സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ട്; പാപത്തിന് പരിഹാരബലിയായിത്തീർന്ന ഒരു രക്ഷകനുണ്ട്. പക്ഷേ, പാപത്തിൽ ജീവിച്ചിട്ടും പരിശുദ്ധരാണെന്ന വ്യാജേന ജീവിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതങ്ങളാണ്. പാപികളാണെന്ന തിരിച്ചറിവിലേക്ക് ഹൃദയപരമാർത്ഥതയുള്ള ആധ്യാത്മികതയിലേക്ക് കടന്നുവരാൻ ഈ നോമ്പുകാ ലത്ത് നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന
കർത്താവേ, നീതിയും കരുണയും വിശ്വസ്തതയും ഇല്ലാത്ത ഭക്തിജീവിതത്തിന്റെ കാപട്യം ഞങ്ങൾ തിരിച്ചറിയുന്നു. ദൈവമേ, ഞങ്ങളുടെ കപടതകൾ തിരിച്ചറിയാൻ പരിശുദ്ധാത്മാവിന്റെ വെളിച്ചം നല്കണമേ. ഹൃദയപരമാർത്ഥയോടെ നിന്റെ മുൻപിൽ ജീവിക്കുന്നവരായി ഞങ്ങളെ രൂപാന്തരപ്പെടുത്തിയാലും, ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ