രാജാവിന് മാരകമായ രോഗം ബാധിച്ചിരിക്കുന്നു എന്ന വാർത്ത പെട്ടെന്നാണ് രാജ്യ ത്ത് എല്ലായിടത്തും പരന്നത്. എന്താണ് രോഗമെന്ന് ആർക്കും മനസിലായില്ല. അ ദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു. പ്രജകളോട് കരുണാപൂർവം പെരുമാറിയിരുന്ന രാജാവിന് അങ്ങനെ സംഭവിച്ചതിൽ ജനങ്ങൾക്കും വിഷമമായി. വിവരം അറിഞ്ഞപ്പോൾ രാജ്യത്തെങ്ങുമുള്ള കുട്ടികൾക്കും വിഷമമായി. രാജാവിന് കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു. കുട്ടികളെ കണ്ടാൽ രാജാവ് തന്റെ കുതിരവണ്ടി നിർത്തി അവരെ അതിൽ കയറ്റിയിരുന്നു. എവിടെപ്പോയാലും രാജാവിന്റെ വണ്ടി നിറയെ കുട്ടികൾ കാണുമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജാവിന് അസുഖം ബാധിച്ച വിവരം അറിഞ്ഞ അനേകം കുട്ടികൾ രോഗസൗഖ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ തുടങ്ങി.
കൊട്ടാരവൈദ്യൻ പ്രത്യേകമായ ഔഷധക്കൂട്ടുകൾ ചേർത്ത് മരുന്നുകൾ ഉണ്ടാക്കി. അതു കഴിച്ചെങ്കിലും സംസാരശേഷി തിരിച്ചുകിട്ടിയില്ല. തനിക്ക് ഇനി സംസാരിക്കാൻ സാധിക്കില്ലെന്ന ചിന്ത രാജാവിനെ തളർത്തി. രാജാവിന് സംസാരശേഷി വീണ്ടെടുത്തു നല്കുന്നവർക്ക് പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വിളംബരങ്ങൾ രാജ്യത്തെങ്ങും ഉണ്ടായി. ആ രാജ്യത്തുള്ള വൈദ്യൻമാർ പരാജയപ്പെട്ടപ്പോൾ അയൽരാജ്യങ്ങളിലും വിളംബരം ആവർത്തിച്ചു. അയൽരാജ്യത്തുനിന്നും വന്ന ഒരു വൈദ്യൻ രാജാവിനെ പരിശോധിച്ചിട്ടു പറഞ്ഞു, ”സംഗീതജ്ഞന്മാരെ കൊണ്ടുവന്നാൽ രാജാവിന് സംസാരശേഷി തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.” വിവരം അറിഞ്ഞ് രാജ്യത്തുള്ള പേരുകേട്ട ഗായകർ മുഴുവൻ എത്തി. അതുവഴി ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ രാജാവിന് കഴിയുമെന്നായി.
ആട്ടിടയനായ ഗില്ലിയും ഈ വിവരം അറിഞ്ഞു. രാജാവിന് സംസാരശേഷി നഷ്ടപ്പെട്ട വിവരം അറിഞ്ഞതു മുതൽ അവന് വലിയ വിഷമമായിരുന്നു. കാരണം, രാജാവിന്റെ കുതിരവണ്ടിയിൽ കയറാൻ പല പ്രാവശ്യം അവനും അവസരം ലഭിച്ചിരുന്നു. ഓടക്കുഴൽ വായിക്കുന്നതിൽ മിടുക്കനായിരുന്നു ഗില്ലി. അവൻ കൊട്ടാരവാതിൽക്കൽ എത്തി. എന്നാൽ, കാവൽക്കാർ അവനെ അകത്തേക്ക് കയറ്റിവിട്ടില്ല. രാജ്യത്തെ പേരുകേട്ട ഗായകർ പരാജയപ്പെട്ടിടത്ത് ഒരു ഇടയച്ചെറുക്കൻ എന്തു ചെയ്യാനാണ് എന്നായിരുന്നു അവരുടെ ഭാവം. നീണ്ട മണിക്കൂറുകൾ കാത്തിരുന്നപ്പോൾ ഒരു ഭടന് ദയതോന്നി അവന് പ്രവേശനം നല്കി. അവനെ കണ്ടപ്പോൾ രാജാവിനു സന്തോഷമായി. തന്റെ രോഗവിവരം അന്വേഷിക്കാൻ ഒരു കുട്ടി വന്നല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം. ഗില്ലി സഞ്ചിയിൽനിന്നും ഓടക്കുഴൽ എടുത്ത് മനോഹരമായ ഗാനം ആലപിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ രാജാവും കൂടെ പാടാൻ തുടങ്ങി. അപ്പോഴാണ് രാജാവിന് സംസാരശേഷി കിട്ടിയ കാര്യം മറ്റുള്ളവർ തിരിച്ചറിഞ്ഞത്.
ധാരാളം സമ്മാനങ്ങളും സ്വർണനാണയങ്ങളും നല്കി രാജാവ് ഗില്ലിയെ യാത്രയാക്കി. കൂട്ടുകാരേ, മറ്റുള്ളവർ നമ്മുടെ കഴിവിനെ അംഗീകരിക്കാത്തപ്പോൾ നാം നിരാശരാകരുത്. ക്ഷമയോടെ കാത്തിരിക്കണം. അപ്പോൾ ഗില്ലിക്ക് ലഭിച്ചതുപോലെ അംഗീകാരങ്ങൾ നമ്മെയും തേടി എത്തും.