മനുഷ്യന്റെ വിലയെപ്പറ്റി രണ്ട് സമീപനങ്ങൾ കാണാം. ഒന്നാമത്തെ സമീപനം മനുഷ്യന്റെ മഹത്വത്തെപ്പറ്റി പറയുന്നു. രണ്ടാമത്തെ സമീപനം മനുഷ്യന്റെ നിസാരതയെപ്പറ്റി പറയുന്നു. രണ്ട് സമീപനങ്ങളും തമ്മിൽ വൈരുധ്യം കാണേണ്ടതില്ല. അതിന് കാരണങ്ങൾ ഉണ്ട്. മനുഷ്യന് മഹത്വവും ഉണ്ട്; നിസാരതയും ഉണ്ട് എന്നതാണ് പ്രധാന കാരണം. ഇതിൽ മഹത്വം ദൈവം നല്കിയതാണ്. ദൈവം മഹത്വം നല്കിയില്ലെങ്കിൽ പിന്നെ നിസാരത മാത്രമേ മനുഷ്യനുള്ളൂ. ഈ രണ്ട് കാര്യങ്ങളും നമ്മുടെ ഓർമയിൽ കൊണ്ടുവരുന്നതാണ് എട്ടാമത്തെ സങ്കീർത്തനം. ”അവിടുത്തെ ചിന്തയിൽ വരാൻ മാത്രം മർത്ത്യനെന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കുവാൻ മനുഷ്യപുത്രന് എന്ത് അർഹതയാണ് ഉള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകൾക്ക് മേൽ അവന് ആധിപത്യം നല്കി; എല്ലാത്തിനെയും അവന്റെ പാദങ്ങൾക്ക് കീഴിലാക്കി. ആടുകളെയും കാളകളെയും ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും കടലിൽ സഞ്ചരിക്കുന്ന സകലതിനെയും തന്നെ” (സങ്കീ. 8:4-8).
മനുഷ്യന് മഹത്വവും സകല സൃഷ്ടവസ്തുക്കളുടെയുംമേൽ ആധിപത്യവും ഉണ്ടെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. ഈ മഹത്വവും ആധിപത്യവും ദൈവം ദാനമായി നല്കിയതാണ്.
ദാനമായി കിട്ടിയ മഹത്വത്തിനും ആധിപത്യത്തിനുമെല്ലാം ചില പരിമിതികളുണ്ട്. അവ എപ്പോൾ വേണമെങ്കിലും തിരിച്ച് എടുക്കപ്പെടാം എന്നതാണ് ഏറ്റവും വലിയ പരിമിതി. ആയുസ് തീരാം, ആധിപത്യം പോകാം, മഹത്വം നഷ്ടപ്പെടാം. ദൈവം തിരിച്ചെടുത്താൽ ബാക്കിയൊന്നും ഉണ്ടാവുകയില്ല. ‘ദൈവം തന്നു; ദൈവം എടുത്തു എന്ന് ജോബ് പറയുന്നില്ലേ? ദൈവം കരം പിൻവലിച്ചാൽ പിന്നെ നിലനില്ക്കുന്നതായി എന്ത് ഉണ്ടാകും എന്ന് ദൈവം നമ്മോട് ചോദിച്ചിട്ടുണ്ട്. ദാനമായി കിട്ടിയതിനെ ഓർത്ത് അഹങ്കരിക്കരുതെന്നും ദൈവം പറഞ്ഞിട്ടുണ്ട്.
എന്നാൽ, ദാനമായി കിട്ടിയ ആധിപത്യവും മഹത്വവുമേ ഉള്ളൂ എന്ന കാര്യം പലപ്പോഴും മനുഷ്യർ മറക്കുന്നു. എല്ലാം സ്വന്തം കഴിവാണെന്നും ഈ അവസ്ഥ എന്നും നിലനില്ക്കുമെന്നും വിചാരിച്ച് ജീവിക്കുന്നു. അതോടെ ദൈവത്തോടുള്ള കടപ്പാടിന്റെ വികാരങ്ങളും ദൈവം തിരിച്ചെടുത്താൽ ബാക്കിയൊന്നും നിലനില്ക്കുകയില്ല എന്ന കാര്യവും മറക്കുന്നു.
ഈ മറവി ചിലപ്പോൾ ദൈവത്തെ പ്രകോപിക്കും. അപ്പോൾ ദൈവം ഇക്കാര്യം ചില അവസരങ്ങളിൽ മനുഷ്യനെ ഓർമപ്പെടുത്തും. 39-ാം സങ്കീർത്തനം പറയുന്നു: മനുഷ്യൻ വെറും നിഴൽ മാത്രം. ”കർത്താവേ, അവസാനമെന്തെന്നും ആയുസിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്ര ക്ഷണികമാണെന്ന് ഞാനറിയട്ടെ! ഇതാ, അവിടുന്ന് എത്ര ദിവസങ്ങൾ ഏതാനും അംഗുലം മാത്രമാക്കിയിരിക്കുന്നു… മനുഷ്യൻ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന് അവൻ അറിയുന്നില്ല.” (സങ്കീ. 39: 4-6). സങ്കീർത്തകൻ ഓർത്ത ഇക്കാര്യം നമ്മൾ പലപ്പോഴും ഓർക്കാറില്ല. അതിനാൽ ദൈവം ഏശയ്യാ 2:22 ലൂടെ ഓർമപ്പെടുത്തുകയാണ്: ”മനുഷ്യനിൽ ഇനി വിശ്വാസമർപ്പിക്കരുത്; അവൻ ഒരു ശ്വാസം മാത്രം; അവനെന്തു വിലയുണ്ട്?”
മനുഷ്യൻ ദൈവത്തെയും ദൈവകല്പനകളെയും മറന്ന് ജീവിക്കുമ്പോഴാണ് ദൈവം കോപിക്കുന്നത്. അത്തരം കോപത്തിൽനിന്നാണ് ഇത്തരം ചോദ്യങ്ങൾ ദൈവം ചോദിക്കുന്നത്. നമുക്ക് ദൈവത്തെ കോപത്തിലേക്ക് നയിക്കാതിരിക്കാം. ദൈവം തന്നതാണ് എന്ന ചിന്തയിൽ, എളിമയിൽ, ദൈവാശ്രയബോധത്തിൽ ജീവിക്കാം. അപ്പോൾ ദൈവം കൂടുതൽ നന്മകൾ നല്കും.
ഫാ. ജോസഫ് വയലിൽ സി.എം.ഐ