തിരക്കുകളിൽനിന്നും അകന്ന് പ്രകൃതിയോട് ഇണങ്ങിക്കഴിയണമെന്ന ആഗ്രഹത്തോടെയാണ് പെൻഷനായപ്പോൾ പ്രഫസർ ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. ഗ്രാമത്തിലെത്തിയ അദ്ദേഹം ആദ്യം ചെയ്തത് വീടിന്റെ മുൻപിൽ ഒരു പൂന്തോട്ടം നിർമ്മിക്കുകയായിരുന്നു. ആരും പൂക്കൾ പറിക്കാതിരിക്കാൻ ഗെയ്റ്റ് പൂട്ടിയിടാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഏഴോ എട്ടോ വയസുള്ള ഒരു കുട്ടിയേയുംകൊണ്ട് മുത്തശ്ശി ബസ്‌സ്റ്റോപ്പിലേക്ക് പോകുന്നതും വൈകുന്നേരം അവന്റെ കയ്യുംപിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതും അദ്ദേഹം കാണാറുണ്ടായിരുന്നു. അന്നു വൈകുന്നേരം അവൻ സ്‌കൂളിൽ നിന്നും തിരിച്ചുവരുമ്പോൾ മുത്തശ്ശി കൂടെ ഉണ്ടായിരുന്നില്ല. അവൻ ഗെയ്റ്റിനു മുൻപിൽവന്ന് അകത്തേക്കു നോക്കിയപ്പോഴാണ് പ്രഫസർ കുട്ടിയെ കണ്ടത്. ”ഇന്ന് എന്താണ് ഒറ്റയ്ക്ക്? പ്രഫസർ ചോദിച്ചു. അതിനു മറുപടി പറയുന്നതിനു പകരം എനിക്കു കുറച്ച് റോസാപ്പൂക്കൾ തരുമോ എന്നായിരുന്നു അവൻ ചോദിച്ചത്.
”എന്തിനാണ് മോന് പൂക്കൾ?”
”എന്റെ മുത്തശ്ശിയുടെ പിറന്നാളാണ് ഇന്ന്. റോസാ പൂക്കൾ മുത്തശ്ശിക്ക് വലിയ ഇഷ്ടമായതിനാൽ സമ്മാ നം കൊടുക്കാനാണ്.” കുട്ടിയുടെ ചോദ്യവും സംസാ രവും അദ്ദേഹത്തെ ആകർഷിച്ചു. പ്രായത്തിൽക്കവിഞ്ഞ പക്വത അവനുണ്ടെന്ന് പ്രഫസർക്ക് തോന്നി. ”എന്നിട്ട് മുത്തശ്ശി എവിടെപ്പോയി?”
”പനിയായിട്ട് കിടക്കുകയാണ്.”
”മോന്റെ പപ്പയും മമ്മിയുമൊക്കെ എവിടെയാണ്.”
പെട്ടെന്ന് അവന്റെ മുഖത്തെ പ്രന്നത മാഞ്ഞു. ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു. അവന്റെ മാതാപിതാക്കൾ വല്ല അപകടത്തിലുംപെട്ട് മരിച്ചിട്ടുണ്ടായിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. ”മോൻ ആവശ്യത്തിനുള്ള പൂക്കൾ പറിച്ചുകൊള്ളൂ.” ഗെയിറ്റ് തുറന്നുകൊണ്ട് പ്രഫസർ പറഞ്ഞു. വീണ്ടും അവന്റെ മുഖത്ത് പഴയ പ്രസന്നതയായി. ബാഗ് പൂന്തോട്ടത്തിന്റെ അരികിൽ വച്ചിട്ട് അവൻ പൂക്കൾ പറിച്ചു. പ്രഫസറും അവനെ സഹായിച്ചു. ഇതിനിടയിൽ അദ്ദേഹം മുറിയിൽനിന്നും ഒരു സഞ്ചി കൊണ്ടുവന്ന് അതിൽ പൂക്കൾ ഇട്ടുകൊടുത്തു. അവന്റെ ആഹ്ലാദം കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസും നിറഞ്ഞു. നല്കുന്നതിന് പ്രത്യേകമൊരു സംതൃപ്തി ഉണ്ടെന്ന് പ്രഫസർക്ക് മനസിലായി.
പോകുമ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു, ”എന്റെ പപ്പയും മമ്മിയും കഴിഞ്ഞവർഷം ഡൈവോഴ്‌സായി. ഞാനിപ്പം മുത്തശ്ശിയുടെ കൂടെയാ.” ആ കുട്ടിയോട് എന്തുപറയണമെന്ന് അറിയാതെ അദ്ദേഹം കുഴങ്ങി.
തിരിച്ചുനടക്കാൻ തുടങ്ങിയ അവനോട് പ്രഫസർ പറഞ്ഞു, ”മോന് എപ്പോൾ വേണമെങ്കിലും പൂക്കൾ പറിക്കാം. കൂട്ടുകാരോടും പറയണം.” പിന്നീടൊരിക്കലും പ്രഫസർ ആ വീടിന്റെ ഗെയ്റ്റ് പൂട്ടിയില്ല.
”ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു” (സങ്കീ. 4:7).