സെമിനാരിയിൽനിന്നും ഒളിച്ചോടിയ വിശുദ്ധൻ

ഈശോയുടെ വിശുദ്ധ ഫിലിപ്പ് 

മെക്‌സിക്കോ നഗരത്തിന്റെ പ്രത്യേക മധ്യസ്ഥൻ, ജപ്പാനിൽ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഫ്രാൻസിസ്‌കൻ സന്യാസി, മെക്‌സിക്കോ നഗരത്തിൽ ജനിച്ച സ്‌പെയിൻ വംശജൻ; ഈ വിശേഷണങ്ങളാൽ അറിയപ്പെടുന്ന വിശുദ്ധനാണ് ഈശോയുടെ വിശുദ്ധ ഫിലിപ്പ്. ലോകസുഖങ്ങളോടുള്ള ആസക്തി നിമിത്തം സെമിനാരിയിൽ നിന്ന് ഒളിച്ചോടിയ ഭൂതകാലവും അദ്ദേഹത്തിനുണ്ടായിരുന്നു.

വിശുദ്ധജീവിതം നയിച്ച മാതാപിതാക്കൻമാരിൽ നിന്നാണ് 1572-ൽ ഫിലിപ്പ് ഡെലാ കാസാസിന്റെ ജനനം. ദൈവഭക്തിയിലും വിശുദ്ധിയിലും തങ്ങളുടെ മകനെ വളർത്തുവാൻ ആ മാതാപിതാക്കൻമാർ പരിശ്രമിച്ചെങ്കിലും ഫിലിപ്പിന്റെ താത്പര്യങ്ങളും ആഗ്രഹങ്ങളും മറ്റുപല കാര്യങ്ങളിലും ആയിരുന്നു. മാതാപിതാക്കൻമാരുടെ നിർബന്ധത്തെത്തുടർന്നാവണം ഫിലിപ്പ് പുബലോയിലെ ഫ്രാൻസിസ്‌ക്കൻ ആശ്രമത്തിൽ ചേർന്നത്. എന്നാൽ, അശ്രമജീവിതം അധികകാലം നീണ്ടില്ല. ലോകമോഹങ്ങൾ മനസ് കീഴടക്കിയതിനാൽ ഫിലിപ്പ് നോവിഷ്യേറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. തന്റെ ഗുരുവായ ഫ്രാൻസീസ് അസീസിയുടെ ഭൂതകാലത്തിലെന്നതുപോലെ അവന്റെ ഹൃദയം ആനന്ദം തേടി അലഞ്ഞു. മകന്റെ സ്വഭാവത്തിലെ ഈ വ്യതിചലനത്തിൽ വിഷമിച്ച പിതാവ് ഒരു മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ കച്ചവടാവശ്യത്തിനായി അദ്ദേഹത്തെ ഫിലിപ്പിൻസിലേക്ക് അയച്ചു. അവിടെ വച്ച് തന്റെ പിതാവിന് നല്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്പാദ്യത്തിന് ആ മകൻ ഉടമയായിത്തീർന്നു. പ്രാർത്ഥനയിൽ വളരാനാരംഭിച്ച ഫിലിപ്പ് സാവധാനം വൈദികനാകുവാനുള്ള തന്റെ വിളി തിരിച്ചറിഞ്ഞു. മനിലയിലെ ‘മാലാഖമാരുടെ രാജ്ഞി’ ആശ്രമത്തിൽ ചേർന്നു. മകന്റെ മനംമാറ്റത്തിൽ ഏറ്റവുമധികം ആഹ്‌ളാദിച്ചത് അദ്ദേഹത്തിന്റെ പിതാവാണ്. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് ഫിലിപ്പിനെ തിരികെ മെക്‌സിക്കോയിലേക്ക് മടക്കി വിളിക്കുവാനുള്ള തീരുമാനം അധികാരികൾ കൈക്കൊണ്ടത.് എന്നാൽ വിശുദ്ധിയുടെ പാതയിലൂടെ സഞ്ചരിക്കുവാൻ ആരംഭിച്ച മകനെ ജീവനോടെ കാണുവാനുള്ള ഭാഗ്യം ആ പിതാവിന് ലഭിച്ചില്ല.

1596 ജൂലൈ മാസത്തിൽ മെക്‌സിക്കോയിലേക്കുള്ള മടക്കയാത്രയിൽ അദ്ദേഹം സഞ്ചരിച്ച കപ്പൽ, കൊടുങ്കാറ്റിൽ പെട്ട് ജപ്പാൻ തീരത്തു ചെന്നുപെട്ടു. തുറുമുഖത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിൽ കപ്പൽതകർന്നു. കൊടുങ്കാറ്റിന്റെ സമയത്ത് ജപ്പാൻ തീരത്തിന് മുകളിൽ ഒരു വെളുത്ത കുരിശ് ഉയർന്ന് നില്ക്കുന്നതും തുടർന്ന് ആ വെളുത്ത കുരിശ് രക്തവർണ്ണമാകുന്നതും അദ്ദേഹം കണ്ടു.

വിശുദ്ധനെയും മറ്റ് രണ്ട് സന്യാസികളെയും യാത്ര തുടരുന്നതിനുള്ള അനുവാദം ചോദിക്കുവാൻ കപ്പിത്താൻ ചക്രവർത്തിയുടെ പക്കലേക്ക് പറഞ്ഞയച്ചു. എന്നാൽ, കൂടിക്കാഴ്ചക്ക് അവർക്ക് അനുവാദം കിട്ടിയില്ല. അവിടെനിന്ന് മാക്കോയിലുള്ള ഫ്രാൻസിസ്‌ക്കൻ സന്യാസ ഭവനത്തിലേക്കാണ് അവർ പോയത്. അവിടെയുള്ള മിഷനറിമാരുടെ സ്വാധീനം ഉപയോഗിച്ച് ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്താമെന്ന് അദ്ദേഹം കരുതി. വിജാതീയനായ ചക്രവർത്തി അതേ സമയത്താണ് ക്രിസ്റ്റ്യൻ മിഷനറിമാരെ ഉന്മൂലനം ചെയ്യുവാനുള്ള തീരുമാനമെടുക്കുന്നത്. ഫിലിപ്പിനെയും മറ്റ് വൈദികരെയും വൈദിക വിദ്യാർത്ഥികളെയും ആ വർഷം ഡിസംബർ മാസത്തിൽ അറസ്റ്റു ചെയതു. മരണശിക്ഷയാണ് വിധിച്ചിരിക്കുന്നതെന്ന വാർത്ത അതീവ ആഹ്‌ളാദത്തോടെയാണ് വിശുദ്ധൻ ശ്രവിച്ചത്. അദ്ദേഹത്തിന്റെ ഇടതു ചെവി അവർ ഛേദിച്ചു. ആ വിജാതീയ രാജ്യത്തിന്റെ മാനസാന്തരത്തിന് വേണ്ടിയുള്ള തന്റെ രക്തത്തിന്റെ ആദ്യഫലമായി വിശുദ്ധൻ അത് സമർപ്പിച്ചു.

തുടർന്ന് അവരെ നാഗസാക്കിയിലേക്ക് കൊണ്ടുപോയി. നാഗസാക്കി പട്ടണത്തിനടുത്തുള്ള ‘ രക്തസാക്ഷികളുടെ മലയിൽ’ സ്ഥാപിച്ച കുരിശിൽ അവരെ ബന്ധിച്ചു. തുടർന്ന് കുന്തം കൊണ്ട് കുത്തിക്കൊലപ്പെടുത്തി. 1597 ഫെബ്രുവരി അഞ്ചിന് രക്തസാക്ഷിത്വം വരിക്കുമ്പോൾ കേവലം ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

1862-ൽ 9-ാം പീയുസ് മാർപാപ്പ
അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.

രഞ്ചിത്ത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *