ദൈവത്തിന്റെ സ്വപ്നങ്ങൾ

വിശുദ്ധ ഗ്രന്ഥത്തിൽ മല ദൈവസാന്നിധ്യത്തിന്റെ നിറവുള്ള ഇടമാണ്. പകൽ മുഴുവൻ ജനക്കൂട്ടത്തിന്റെ സങ്കടം നിറഞ്ഞ യാതനകളും ജീവിതവൈഷമ്യങ്ങളും കേട്ട് ചുറ്റി സഞ്ചരിച്ചിരുന്ന ഈശോ, രാത്രികളിൽ മലമുകളിൽ പ്രാർത്ഥിച്ചിരുന്നു എന്ന് വായിക്കുമ്പോൾ മലമുകളിന്റെ പവിത്രത എന്തുമാത്രമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ (മർക്കോ. 6:46). ഒരാൾ ദൈവേഷ്ടം തിരിച്ചറിയുന്നത് മലമുകളിലെ ഏകാന്തതയിലാണ്. എത്ര തിരക്കിനിടയിലും തെല്ലുനേരം മാറിയിരുന്ന് ഈശോയെ ധ്യാനിക്കുമ്പോൾ മനസ് ശാന്തമാകും.

എന്നെ ദൈവമറിയുകയും ദൈവത്തെ ഞാനറിയുകയും ചെയ്യുന്ന ഏകാന്തമായ ധ്യാനനിമിഷങ്ങൾ അപ്രത്യക്ഷമാകുന്നതാണ് പല അസ്വസ്ഥതകൾക്കും കാരണം. ദൈവാനുഗ്രഹത്തിന്റെ മലമുകളിൽ അഭിഷേകം തേടിയിരുന്നവർ, തന്നിഷ്ടങ്ങളുടെ താഴ്‌വാരങ്ങളിലേക്ക് ഇറങ്ങിയാലോ? നാം കണ്ടുപിടിച്ചിരിക്കുന്ന സകല അസ്വസ്ഥതകളുടെയും കാരണം ഒന്നുമാത്രമാണ്; ദൈവാന്വേഷണത്തിന്റെ നിർമലമായ വഴികൾ എവിടെയോ കൈമോശം വന്നിരിക്കുന്നു. ഉന്നതമായ ആത്മീയ ദർശനങ്ങളിൽനിന്ന്, ലോകമോഹങ്ങളുടെ അഗാധങ്ങളിലേക്ക് വീണുപോയ ഒരാളുടെ നിലവിളി സങ്കീർത്തനങ്ങളിൽ ഉയരുന്നു; ”കർത്താവേ, അഗാധത്തിൽനിന്ന് ഞാൻ അങ്ങ യെ വിളിച്ചപേക്ഷിക്കുന്നു. കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ!” (സങ്കീ. 13:1). ദൈവത്തിന്റെ സ്വപ്നങ്ങളിൽനിന്നും പടിയിറങ്ങിയ ഒരുവന്റെ പൊള്ളിക്കുന്ന ആത്മനൊമ്പരങ്ങൾ നിലവിളിയായി ഉയരുന്നു.

ദൈവാന്വേഷണത്തിന്റെ നിർമലവഴികളിൽ ഇടറിവീഴുന്നവരുടെ ജീവിതരേഖയിൽ, നിശ്ചയമായും ഈ നിലവിളിയുണ്ടാകും. ദൈവം ഓരോരുത്തർക്കുമായി വിശുദ്ധമായ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. ചില വെള്ളിനാണയങ്ങളുടെ കിലുക്കത്തിലും തീ കായലിന്റെ ഇളംചൂടിലും അവന്റെ സ്വപ്നങ്ങളെ നാം മറന്നുപോകുന്നു. ദൈവമേ, നിന്റെ സ്വപ്നങ്ങളെ മറന്ന് എന്റെ സ്വാർത്ഥതാല്പര്യങ്ങളിൽ വീണതിന് മാപ്പ് തരണേ.

ഫ്രാൻസിസ് പാപ്പാ പറയുന്നു: ”ദൈവം ഒരിക്കലും നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ക്ഷീണിതനാകുന്നില്ല, നാം അവനോട് ക്ഷമ ചോദിച്ച് ക്ഷീണിതരായോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.” ബലഹീനമായ മനുഷ്യപ്രകൃതിയിൽ, ഇടർച്ചകൾ സംഭവിക്കുക സ്വാഭാവികം. എന്നാൽ, അനുതാപമില്ലാതെ, ഇടർച്ചയിൽ തുടരുന്നതാണ് നമ്മുടെ കാലത്തിന്റെ പോരായ്മ. ദൈവത്തിന്റെ സ്വപ്നങ്ങളിൽനിന്നും പടിയിറങ്ങിയതിന്റെ ആത്മനൊമ്പരങ്ങളെ നിലവിളിയാക്കുമ്പോഴാണ് ഒരാൾ രക്ഷയിലേക്ക് പ്രവേശിക്കുന്നത്.

ബ്ര. അഗസ്റ്റിൻ മ്ലാവറയിൽ സി.എം.ഐ

 

Leave a Reply

Your email address will not be published. Required fields are marked *