ദയവായി ആ പുസ്തകങ്ങൾ നശിപ്പിക്കണം!

നിരീശ്വരവാദികളുടെ സമ്മേളനമായിരുന്നു അത്. ദൈവം മിഥ്യയാണെന്ന സത്യം എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയും എന്നതിനെപ്പറ്റിയായിരുന്നു അവരുടെ ചർച്ച. ”ക്രിസ്ത്യാനികളാണ് ആളുകളിൽ വിശ്വാസം വളർത്തുന്നത്. അവരുടെ വിശ്വാസം തെറ്റാണെന്നു സ്ഥാപിക്കാൻ കഴിഞ്ഞാൽ നമ്മുടെ പ്രവർത്തനങ്ങൾ എളുപ്പമാകും.” ഒരാൾ അഭിപ്രായപ്പെട്ടു. എങ്ങനെ സാധിക്കും എന്നതായി അടുത്ത ആലോചന.

”നമ്മൾ നിയമത്തിന്റെ സഹായം തേടണം.” ചെറുപ്പക്കാരനായ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. ”ഈ രാജ്യത്ത് അടുത്ത കാലത്തുണ്ടായ നിയമഭേദഗതി അനുസരിച്ച് തെറ്റിദ്ധാരണകൾ പരത്തുന്നതും അസത്യമായവ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ക്രിസ്ത്യാനികൾ പ്രചരിപ്പിക്കുന്ന വിശ്വാസം സത്യമല്ലെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ കുറെയധികം ആളുകളെ വിശ്വാസത്തിൽനിന്നും വ്യതിചലിപ്പിക്കാൻ കഴിയും. ഒരുപക്ഷേ അവരുടെ മതത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനും അതിലൂടെ കഴിഞ്ഞേക്കാം.”
അത് എങ്ങനെ സാധിക്കുമെന്നായി മറ്റുള്ളവർ. ”ബൈബിൾ പഠിച്ച് അതിലെ പൊള്ളത്തരങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയണം.” അതിനായി ആ അഭിഭാഷകന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അഭിഭാഷകരുടെ അഞ്ചംഗ സമിതിക്ക് രൂപം കൊടുത്തു. ആറ് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി കോടതിയെ സമീപിക്കണം എന്നതായിരുന്നു അവരുടെ തീരുമാനം.

അഞ്ച് മാസം കഴിഞ്ഞപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു വാർത്ത പത്രങ്ങളിൽ വന്നു. നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന അഞ്ച് പേർ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നു എന്നതായിരുന്നു വാർത്തയുടെ ചുരുക്കം. അതോടൊപ്പം അവരുടേതായ ഒരു ക്ഷമാപണക്കുറിപ്പും ചേർത്തിരുന്നു. ”ബൈബിൾ വിശദമായി പഠിച്ചപ്പോഴാണ് യഥാർത്ഥ സത്യം തിരിച്ചറിഞ്ഞത്. ഞങ്ങൾ ഇതുവരെ എഴുതിയ പുസ്തകങ്ങളും പഠിപ്പിച്ചതുമെല്ലാം തെറ്റായിരുന്നു എന്ന് ഏറ്റുപറയുന്നു. ഞങ്ങളുടെ പുസ്തകങ്ങൾ കൈ വശമുള്ളവർ അതു നശിപ്പിക്കണമെന്ന ആഹ്വാനം ചെയ്യുന്നു.”

വിശ്വാസത്തിന്റെ പൊള്ളത്തരങ്ങൾ കണ്ടുപിടിച്ച് കോടതിയിൽ ചോദ്യം ചെയ്യുന്നതിനായി ഉണ്ടാക്കിയ സമിതിയിലെ അംഗങ്ങളായിരുന്നു അവർ അഞ്ച് പേരും.
വിശ്വാസത്തെ എതിർക്കുന്നവരെയും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവരെയും ഒരിക്കലും വെറുക്കരുത്. അവർ സത്യം തിരിച്ചറിയാത്തതിനാലാണ് അപ്രകാരം പ്രവർത്തിക്കുന്നത്. അതിനാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കണം. അവർ സത്യം മനസിലാക്കുന്ന ഒരു കാലം ഉണ്ടാകും.

”ദൈവത്തിന്റെ സ്‌നേഹത്തിലേക്കും ക്രിസ്തു നല്കുന്ന സ്ഥൈര്യത്തിലേക്കും കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ” (2 തെസ. 3:5).

Leave a Reply

Your email address will not be published. Required fields are marked *