ധനം ഉപയോഗിച്ച് ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള വഴികൾ…

ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ പിശാച് കുത്തിവയ്ക്കുന്ന മാരകവിഷമാണ് ധനമോഹം. പാരമ്പര്യരോഗങ്ങൾപോലെ തലമുറകളിലേക്ക് അത് പകരപ്പെടുകയും ചെയ്യുന്നു. രാജ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന അണുബോംബിനെക്കാൾ സംഹാരശേഷിയുണ്ട് ഈ തിന്മയ്ക്ക്. ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമെന്ന് 1 തിമോത്തി. 6:10-ൽ വായിക്കുന്നു. 1 തിമോ. 6:9- ൽ ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു എന്ന മുന്നറിയിപ്പും ഉണ്ട്.

ലോകനീതിയും അതിന്റെ പഴുതുകളും വഴികളും മറയാക്കിയാണ് ഇന്ന് ഭൂരിഭാഗവും ധനം സമ്പാദിക്കുന്നത്. ”നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5:20). ഈയിടെ ധ്യാനത്തിനായി വന്ന ഒരു സഹോദരൻ പറഞ്ഞു: അഞ്ചു പ്രാവശ്യമായി ധ്യാനം കൂടുന്നു, യഥാർത്ഥമായ സമാധാനത്തിലേക്ക് കടന്നുവരാൻ സാധിക്കുന്നില്ല. പ്രാർത്ഥനയിൽ പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശി. കഠിനാധ്വാനിയായ ഇയാളുടെ സമ്പാദ്യത്തിൽ മൂന്നുലക്ഷം രൂപ മറ്റൊരാൾ വഴി ബ്ലേഡ് പലിശയ്ക്ക് കൊടുത്തിരിക്കുകയാണ്. അനുതപിക്കാനും പലിശ ഇടപാട് നിർത്താനും തീരുമാനമെടുത്തപ്പോൾ പരിശുദ്ധാത്മാവ് കടന്നുവന്നു. ഇന്ന് ആ കുടുംബം സന്തോഷവും സമാധാനവും അനുഭവിക്കുന്നു.

പണം കൈവശമുള്ളവർ മാത്രമല്ല ധനസമ്പാദനത്തിനുള്ള വ്യത്യസ്തമായ കഴിവുള്ളവരും ധനവാന്മാരാണ്. പിശാച് ഈ ലോകത്തിന്റെ സമ്പത്തും അധികാരവും മഹത്വവും എല്ലാം വാഗ്ദാനം ചെയ്യുന്നു. ഈശോ നിരസിക്കുന്നു (ലൂക്കാ 4:6). ധനമോഹത്തിന്റെ പ്രലോഭനങ്ങളെ എങ്ങനെയാണ് മറികടക്കേണ്ടതെന്ന് ഈശോ കാണിച്ചുതരുകയാണ്.

ധനമോഹത്തിൽപ്പെട്ട് തകർന്നുപോയവരെപ്പറ്റിയും അതിന്റെ ദുരന്തങ്ങളെപ്പറ്റിയും വചനം മുന്നറിയിപ്പ് നല്കുന്നുണ്ട്.
മർക്കോ 14:10-11: യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് പണം വാഗ്ദാനം ചെയ്യുന്നു. യൂദാസ് വീണുപോകുന്നു.
അപ്പ.പ്രവ. 5:1 : അനനിയാസും സഫീറയും ധനവിനിയോഗകാര്യത്തിൽ പിശാചിന് ചെവികൊടുത്തപ്പോൾ മരണത്തിന് ഇരയായിത്തീർന്നു.
അപ്പ. പ്രവ. 8:18: പരിശുദ്ധാത്മാവിനെ പണം കൊടുത്ത് നേടാനുള്ള ശ്രത്തിൽ ശിമയോൻ ശാപഗ്രസ്തനാകുന്നു.
2 രാജാ. 5:20-21 : ഏലീഷായുടെ ഭൃത്യനായ ഗഹസിക്ക് ധനമോഹം മൂത്തപ്പോൾ നാമാന്റെ കുഷ്ഠം ഏല്‌ക്കേണ്ടിവന്നു.
ലൂക്കാ 16:19: ധനവാനും ലാസറും- ദരിദ്രനായ ലാസർ മരണശേഷം സ്വർഗത്തിലേക്കും ധനവാൻ നരകത്തിലേക്കും അയക്കപ്പെടുന്നു.

സമ്പത്തുകൊണ്ട് എന്ത് ചെയ്യണം അതേസമയംതന്നെ ധനം ഉപയോഗിച്ച് ദൈവാനുഗ്രഹം സ്വന്തമാക്കുന്നതിനെക്കുറിച്ചും വചനം പറയുന്നുണ്ട്. ഒപ്പം സമ്പത്ത് നേടേണ്ടതെന്ന് വചനം മാർഗനിർദ്ദേശം നല്കുകയും ചെയ്യുന്നു.

പ്രഭാ. 3:30 : ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമം പാപത്തിന് പരിഹാരമാണ്.
സുഭാ. 19:17: ദരിദ്രനോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും.
2 കോറി. 9:7: സന്തോഷത്തോടെ കൊടുക്കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്.

പ്രഭാ. 29:11-12: അത്യുന്നതന്റെ കല്പനകൾ അനുസരിച്ചുവേണം ധനം നേടാൻ. അത് സ്വർണത്തെക്കാൾ ലാഭകരമാണ്. ദാനധർമമായിരിക്കട്ടെ നിന്റെ നിക്ഷേപം. എല്ലാ തിന്മകളിൽനിന്ന് അതു നിന്നെ രക്ഷിക്കും.

തോബിത്ത് 4:21 : നിനക്ക് ദൈവഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തിൽനിന്ന് ഒഴിഞ്ഞുനില്ക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താൽ നിനക്ക് വലിയ സമ്പത്ത് കൈവരും.

പ്രഭാ. 13:24: പാപവിമുക്തമെങ്കിൽ സമ്പത്ത് നല്ലതുതന്നെ.

പ്രാർത്ഥന
ധനലാഭത്തിലേക്കല്ല അങ്ങയുടെ കല്പനകളിലേക്ക് എന്റെ ഹൃദയത്തെ തിരിക്കണമേ (സങ്കീ. 119:36).

ബേബിച്ചൻ കെ. ജോർജ്

Leave a Reply

Your email address will not be published. Required fields are marked *