ഒരു തിരുത്തൽ കുറിപ്പ്

കേട്ടറിവുള്ള ഒരു കഥ ഞാൻ നിങ്ങളോടു പറയാം. സംഭവകഥയാണോ എന്ന റിയില്ല. എന്തായാലും കഥ ഇതാണ്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി അവസാനത്തെ ആഗ്രഹമെന്നവണ്ണം തന്റെ അമ്മയെ കാണുവാൻ ആഗ്രഹിച്ചു. ജയിലധികൃതർ അതു സാധിച്ചുകൊടുത്തു. അമ്മ കാണാൻ വന്നപ്പോൾ കുറ്റവാളി ഒരു കാര്യം ആവശ്യപ്പെട്ടു. എനിക്ക് എന്റെ അമ്മയെ ഒന്നും ചുംബിക്കണം. അധികാരികൾ അതിനും അനുവാദം നല്കി. മകൻ ചുംബിക്കാനെന്നവണ്ണം അമ്മയുടെ അടുത്തെത്തി, അമ്മയുടെ മുഖത്തോട് മുഖമടുപ്പിച്ചു. എന്നാൽ അയാൾ അമ്മയെ ചുംബിക്കുകയല്ല ചെയ്തത്. അമ്മയുടെ മൂക്കിന്റെ ഒരു കഷണം ബലമായി കടിച്ചെടുത്തു. പോലിസുകാർ ഓടിവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവർ അവനോട് ചോദിച്ചു: ”നീ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്?” അവൻ പറഞ്ഞു: ”ഞാൻ നാളെ തൂക്കുമരത്തിൽ തൂങ്ങുവാൻ വിധിക്കപ്പെട്ടിരിക്കുന്നത് എന്റെ അമ്മമൂലമാണ്. ഞാൻ ചെറുപ്പമായിരുന്നപ്പോൾ ക്ലാസിൽനിന്നും പേനയും പെൻസിലും അധ്യാപകന്റെ പേഴ്‌സിൽനിന്ന് രൂപയുമെല്ലാം ഒന്നിനു പുറകെ ഒന്നായി മോഷ്ടിച്ചുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ എന്റെ അമ്മ എന്നെ തിരുത്തിയില്ല. പകരം എല്ലാം ഒളിപ്പിച്ചുവച്ചു. അതുകൊണ്ട് വീണ്ടും വീണ്ടും ഞാൻ വലിയ കളവുകൾ ചെയ്തു. അങ്ങനെ കളവുകൾക്കുവേണ്ടി കൊലപാതകങ്ങളും ചെയ്തു. അതുമൂലമാണ് ഞാൻ നാളെ തൂക്കുമരത്തിലേക്ക് പോകുന്നത്. സ്‌കൂളിൽവച്ച് പെൻസിൽ കട്ടപ്പോൾ അമ്മ എന്നെ ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു. എന്നെ ഇവിടംവരെ എത്തിച്ചതിനുള്ള സമ്മാനമാണ് അമ്മയ്ക്ക് കൊടുത്തത്.” കേട്ടവർ കേട്ടവർ മൂക്കത്തു വിരൽവച്ചു. കാരണം, ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.

എന്നാൽ ദൈവവചനം പറയുന്നു: ”മകനെ ശിക്ഷ കൂടാതെ വളർത്തുന്നവൻ അവനെ വെറുക്കുന്നു. സ്‌നേഹമുള്ള പിതാവ് അവന് ശിക്ഷണം നല്കാൻ ജാഗരൂകത കാട്ടുന്നു” (സുഭാ. 3:24). ഇന്നത്തെ കാലഘട്ടത്തിന്റെ വലിയൊരു ദുരന്തം പാപബോധമില്ലാതെ വളർന്നുവരുന്ന തലമുറയാണ്. നിരവധി തെറ്റുകൾ ചെയ്തിട്ടും തിരുത്തപ്പെടേണ്ട സമയത്ത് തിരുത്തപ്പെടാതെ വളർന്നുവരുന്ന മക്കൾ വലിയ പാപങ്ങളിൽ വ്യാപരിക്കുന്നവരായി പില്ക്കാലത്ത് രൂപാന്തരപ്പെടുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വലിയ തിന്മകൾപോലും നിസാരങ്ങളായി ചി ത്രീകരിച്ചുകൊണ്ട് മാധ്യമങ്ങൾ ചെയ്യുന്ന തിന്മ വളരെ വലുതാണ്. അവയെല്ലാം യഥേഷ്ടം കണ്ടാസ്വദിക്കാനും വായിച്ചറിയാനും അനുവദിക്കപ്പെടുന്ന മക്കൾ പില്ക്കാലങ്ങളിൽ വലിയ തിന്മകൾ ചെയ്യാൻ മടിയില്ലാത്തവരായി രൂപപ്പെടുന്നു. തിരുത്തേണ്ട മാതാപിതാക്കളാകട്ടെ തെറ്റിനുനേരെ കണ്ണടച്ചുകൊണ്ട് മക്കളെ തിരുത്താതെ അവരെ വലിയ തിന്മകളിലേക്ക് നിശബ്ദമായി കയറൂരി വിടുന്നു. അങ്ങനെ കുടുംബങ്ങളും സമൂഹങ്ങളും ധാർമികാധഃപതനത്തിലേക്ക് വഴുതിവീഴുന്നു. ഈ അവസ്ഥയെ മുൻകൂട്ടി കണ്ടിട്ടെന്നവണ്ണം തിരുവചനം പറയുന്നു: ”തെറ്റിനുനേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തിവയ്ക്കുന്നു. ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ സമാധാനം സൃഷ്ടിക്കുന്നു” (സുഭാ. 10:10).

പ്രോത്സാഹനത്തോടൊപ്പം തിരുത്തലും
മനുഷ്യജീവിതത്തിൽ അനിവാര്യമായ രണ്ടു സംഗതികളാണ് പ്രോത്സാഹനവും തിരുത്തലും. പ്രോത്സാഹനം ആവോളം നല്കുന്നതിൽ പലരും മുൻപന്തിയിലാണ്. എന്നാൽ, തക്കസമയത്ത് തക്കതായ തിരുത്തലുകൾ നല്കുന്നതിൽ പലരും ശ്രദ്ധ കാണിക്കാറില്ല. കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല സ്‌നേഹിതർ, ജീവിതപങ്കാളികൾ, അയല്ക്കാർ, സഹപ്രവർത്തകർ, കീഴ്ജീവനക്കാർ തുടങ്ങി ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നമ്മളോടൊപ്പം വ്യാപരിക്കുന്നവർക്ക് സ്‌നേഹപൂർവകമായ, ഉചിതമായ തിരുത്തലുകൾ നല്കാൻ നാം മെനക്കെടാറില്ല. അവർ ഇഷ്ടമുള്ളത് ചെയ്തുകൊള്ളട്ടെ, അതിന് എനിക്കെന്തു ചേതം എന്നാണ് പലരുടെയും മനോഭാവം. മാത്രമല്ല, തിരുത്തലുകൾ കൊടുത്ത് മറ്റുള്ളവരുടെ അപ്രീതിക്ക് എന്തിന് കാരണമാകണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാൽ, ദൈവം നമ്മളിൽനിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല. അവിടുന്ന് വചനത്തിലൂടെ ഇപ്രകാരം നമ്മെ ബോധ്യപ്പെടുത്തുന്നു. ”നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്നു വ്യതിചലിക്കുകയും അവനെ വേറൊരാൾ തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നെങ്കിൽ പാപിയെ തെറ്റായ മാർഗത്തിൽനിന്നും പിന്തിരിക്കുന്നവൻ, തന്റെ ആത്മാവിനെ മരണത്തിൽനിന്നും രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങൾ തുടച്ചു മാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ” (യാക്കോബ് 5:19,20). ഇങ്ങനെയൊന്നും ചെയ്യാതെ ഞാനാണോ എന്റെ സഹോദരന്റെ കാവല്ക്കാരൻ എന്ന വിധത്തിലും നമുക്കു ജീവിക്കാം. തെറ്റ് തെറ്റായി കണ്ടിട്ടും അതു മൂടിവച്ചുകൊണ്ട് അവരോടു നല്ലതുമാത്രം പറയുന്നവൻ കർത്താവിന്റെ ശിക്ഷാവിധിയിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് കരുതേണ്ട.

എസക്കിയേലിന്റെ ദൗത്യം
ദൈവം എസക്കിയേലിനെ തന്റെ പ്രവാചകനായി അഭിഷേകം ചെയ്തപ്പോൾ അവിടുന്ന് എസക്കിയേലിന് നല്കിയ ദൗത്യം ഇതാണ്. ദൈവവചനത്തിലൂടെതന്നെ നമുക്കത് വായിച്ചു മനസിലാക്കാം. അവിടുന്ന് എസക്കിയേലിനോടു പറഞ്ഞു: ”മനുഷ്യപുത്രാ ഞാൻ നിന്നെ ഇസ്രായേൽ ഭവനത്തിന്റെ കാവല്ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളിൽനിന്നും വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീർച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോട് ഞാൻ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാൽ, അവന്റെ ജീവൻ രക്ഷിക്കാൻവേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാൽ ആ ദുഷ്ടൻ അവന്റെ പാപത്തിൽ മരിക്കും; അവന്റെ രക്തത്തിന് ഞാൻ നിന്നെ ഉത്തരവാദിയാക്കും” (എസക്കിയേൽ 3:17,18).

തെറ്റ് തെറ്റാണെന്ന് പറയാൻ പരിശുദ്ധാത്മാവ് ബോധ്യം നല്കിയിട്ടും അത് പറയാതിരിക്കുന്നവന്റെ സ്ഥിതിയെക്കുറിച്ചാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ള വചനങ്ങളിൽ വിവരിച്ചിരിക്കുന്നത്. പറഞ്ഞിട്ടെന്തു പ്രയോജനം! പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവൻ തിരുത്തുകയില്ല എന്ന് നാം ചിലരെക്കുറിച്ച് പറയാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് വചനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ”നീ ദുഷ്ടനെ ശാസിച്ചിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുർമാർഗത്തിൽനിന്നും പിൻമാറാതിരുന്നാൽ അവൻ തന്റെ പാപത്തിൽ മരിക്കും. എന്നാൽ, നീ നിന്റെ ജീവനെ രക്ഷിക്കും” (എസക്കിയേൽ 3:19).

നീതിമാനായ ഒരുവൻ പാപത്തിലേക്കു വഴുതിവീണാൽ എന്തു ചെയ്യണമെന്നും അവിടുന്ന് പ്രവാചകന് വ്യക്തമാക്കി കൊടുക്കുന്നുണ്ട്. അത് ഇതാണ്: ”നീതിമാൻ തന്റെ നീതി വെടിഞ്ഞ് തിന്മ പ്രവർത്തിച്ചാൽ അവൻ വീഴാൻ ഞാൻ ഇടയാക്കും. അവൻ മരിക്കും. നീ അവനെ ശാസിക്കാതിരുന്നാൽ അവൻ തന്റെ പാപം നിമിത്തം മരിക്കും. അവൻ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികൾ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിന് ഞാൻ നിന്നെ ഉത്തരവാദിയാക്കും. പാപം ചെയ്യരുത് എന്ന നിന്റെ താക്കീതു സ്വീകരിച്ച് നീതിമാനായ ഒരുവൻ പാപം ചെയ്യാതിരുന്നാൽ അവൻ തീർച്ചയായും ജീവിക്കും. കാരണം, അവൻ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും” (എസക്കിയേൽ 3:20-21).

പരസ്പരബന്ധമോ കടപ്പാടുകളോ ഇല്ലാത്തവരായിട്ടല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്; നല്ലൊരു മാതാവോ പിതാവോ ഗുരുനാഥനോ അയല്ക്കാരനോ സഹോദരനോ സഹപ്രവർത്തകനോ മേലധികാരിയോ കീഴ്ജീവനക്കാരനോ ഒക്കെയായിരിക്കാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. അവിടെ അപരന്റെ ജീവനെ സംബന്ധിച്ച സ്‌നേഹത്തിന്റെ നിയമം നാം നിറവേറ്റണം. ഒരുപക്ഷേ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിയാതെ ആയിരിക്കാം ഒരുവൻ തെറ്റു ചെയ്യുന്നത്. അവിടെ നാം അപരന്റെ നന്മയേ കരുതി അക്കാര്യം അവനെ ബോധ്യപ്പെടുത്തിയേ മതിയാകൂ. ”തുറന്ന കുറ്റപ്പെടുത്തലാണ് നിഗൂഢമായ സ്‌നേഹത്തേക്കാൾ മെച്ചം. സ്‌നേഹിതൻ കുറ്റപ്പെടുത്തുന്നത് ആത്മാർത്ഥത നിമിത്തമാണ്. ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുകമാത്രം ചെയ്യുന്നു” (സുഭാ. 27:5-6).

യേശുവിന്റെ മാതൃക
വലിയ പ്രോത്സാഹനവും അതോടൊപ്പം തക്കതായ തിരുത്തലും നല്കുന്ന മഹനീയമായ മാതൃക യേശുവിന്റെ ജീവിതത്തിൽ നമുക്കു കാണാം. അവിടുന്ന് ഒരിക്കൽ ശിഷ്യന്മാരോടു ചോദിച്ചു; ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് ഉടനടി മറുപടി നല്കി ”നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” (മത്താ. 16:16). അപ്പോൾ യേശു അവനെ അഭിനന്ദിച്ചുകൊണ്ട് അരുളിച്ചെയ്തു. ”യോനായുടെ പുത്രനായ ശെമയോനേ നീ ഭാഗ്യവാൻ. മാംസരക്തങ്ങളല്ല, സ്വർഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തി തന്നത്” (മത്താ. 16:17). എന്നാൽ, അല്പസമയത്തിനുശേഷം യേശു പത്രോസിനെ ശാസിക്കുന്നത് നമുക്ക് കാണാൻ കഴിയും. യേശു താൻ സഹിക്കാൻ പോകുന്ന പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും ശിഷ്യന്മാരോടു സംസാരിക്കാൻ തുടങ്ങി. അപ്പോൾ പത്രോസ് യേശുവിനെ തടസപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ‘കർത്താവേ, ഇതൊരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ.’ യേശു തിരിഞ്ഞ് പത്രോസിനെ നോക്കിക്കൊണ്ടു പറഞ്ഞു: ”സാത്താനേ, എന്റെ മുൻപിൽ നിന്നും പോകൂ. നി എനിക്ക് പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്” (മത്തായി 16:23). പ്രോത്സാഹനവും തക്കതായ തിരുത്തലും കൊടുക്കുന്ന യേശുവിന്റെ മാതൃക വിശുദ്ധ ലിഖിതങ്ങളിൽ പലയിടത്തും കാണാം. നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നു. അതുകൊണ്ട് അവർ പറയുന്നത് നിങ്ങൾ അനുസരിക്കുവിൻ എന്ന് ജനങ്ങളോടു പറയുമ്പോഴും മറുവശത്ത് അവരെ ശാസിച്ചുകൊണ്ട് ‘കപടഭക്തരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങൾക്കു ദുരിതം’ എന്ന് അവിടുന്ന് കർക്കശമായ ഭാഷയിൽ അവരോടു സംസാരിക്കുന്നുണ്ട്. നിയമജ്ഞരുടെയും ഫരിസേയരുടെയും കാപട്യം നിറഞ്ഞ ജീവിതത്തെക്കുറിച്ച് പറയുമ്പോഴല്ലാതെ അവിടുന്ന് ഇത്ര കർക്കശമായ തിരുത്തലുകൾ വേറെങ്ങും നല്കുന്നില്ല. ജറുസലേം ദേവാലയം കച്ചവടസ്ഥലമാക്കിയതിനെക്കുറിച്ച് രോഷത്തോടെ പ്രതികരിക്കുമ്പോഴും യേശുവിലുള്ള നല്ലൊരു അധികാരിയെയും നേതാവിനെയും നമുക്ക് കാണാൻ കഴിയും.

വേദനിപ്പിക്കാതെ തിരുത്തുന്ന യേശു
ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെക്കുറിച്ച് കഠിനമായ ഭാഷയിൽ വിമർശിച്ചെങ്കിലും മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ സൗമ്യതയോടെ, ശാന്തതയോടെ, സ്‌നേഹത്തോടെ തിരുത്തുന്ന യേശുവിനെയാണ് നാം കാണുന്നത്.

സെബദീപുത്രന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ തന്റെ പുത്രന്മാരെ സ്വർഗരാജ്യത്തിലെ മഹത്വത്തിൽ ഒരുവനെ തന്റെ വലതുവശത്തും അപരനെ ഇടതുവശത്തും ഇരുത്തണമേ എന്ന അഭ്യർത്ഥനയുമായി വന്നപ്പോൾ യേശു അവരെ വളരെ സ്‌നേഹത്തോടെ കാര്യകാരണസഹിതം തിരുത്തുന്നത് നമുക്ക് കാണാൻ കഴിയും (മത്താ. 20:21, 23). തങ്ങളിൽ വലിയവൻ ആരാണ് എന്നതിനെക്കുറിച്ച് ശിഷ്യന്മാർ തമ്മിൽ തർക്കമുണ്ടായപ്പോഴും അവിടുന്ന് സൗമ്യതയോടെ അവരെ തിരുത്തി. മാത്രമല്ല, സമൂഹം എഴുതിത്തള്ളുന്ന പാപികളെയും ചുങ്കക്കാരെയും അവിടുന്ന് മഹാസ്‌നേഹത്തോടെ തിരുത്തി. വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ മാത്രമേ യേശു തന്റെ ജീവിതത്തിൽ കർക്കശപൂർവം തിരുത്തുന്നതായി കാണുന്നുള്ളൂ. നമ്മിൽനിന്നും അവിടുന്ന് ആവശ്യപ്പെടുന്നതും സ്‌നേഹപൂർവകമായ തിരുത്തലുകളാണ്. എല്ലാ കാലങ്ങളിലും ആ തിരുത്തൽ പരസ്പരം നല്കണമെന്ന് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു.

എങ്ങനെ തിരുത്തണം?
യേശു പറഞ്ഞു: ”നിന്റെ സഹോദരൻ തെറ്റു ചെയ്താൽ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവനെ ബോധ്യപ്പെടുത്തിക്കൊടുക്കുക. അവൻ നിന്റെ വാക്കു കേൾക്കുന്നെങ്കിൽ നീ നിന്റെ സഹോദരനെ നേടി. അവൻ നിന്നെ കേൾക്കുന്നില്ലെങ്കിൽ, രണ്ടോ മൂന്നോ സാക്ഷികൾ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവൻ അവരെയും അനുസരിക്കുന്നില്ലെങ്കിൽ, സഭയോടു പറയുക. സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കിൽ അവൻ നിനക്ക് വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ (മത്താ. 18:15, 17). തിരുത്തലുകൾ നല്കുമ്പോൾ അത് എത്ര സ്‌നേഹപൂർവകവും മറ്റൊരാളുടെ അഭിമാനത്തെ കളങ്കപ്പെടുത്താത്തവിധവും ആയിരിക്കണമെന്ന് യേശു മുൻപറഞ്ഞ തന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

ജീവിത മാതൃകയിലൂടെയുള്ള തിരുത്തൽ
യേശുവിന്റെ പരസ്യജീവിതകാലത്ത് ശിഷ്യന്മാർ തമ്മിലുള്ള വലിയ ഒരു പ്രശ്‌നമായിരുന്നു തങ്ങളിൽ ആരാണ് വലിയവൻ എന്നുള്ളത്. യേശു അവരെ പലവട്ടം തിരുത്തിയെങ്കിലും പ്രശ്‌നം പ്രശ്‌നമായിത്തന്നെ അവശേഷിച്ചു. അവിടുന്ന് അവരെ സൗമ്യതയോടെ ഉപദേശിച്ചു. ”നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെതന്നെ” (മത്താ. 20:27-28).

എന്നിട്ടും അവരിലുള്ള സ്ഥാനമോഹങ്ങൾക്ക് വലിയ മാറ്റമൊന്നും വരാത്തതിനാലായിരിക്കണം യേശു അന്ത്യ അത്താഴസമയത്ത് തന്റെ മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും തൂവാലകൊണ്ട് തുടക്കുവാനും തുടങ്ങി. എല്ലാവരുടെയും പാദങ്ങൾ കഴുകിയശേഷം അവിടുന്ന് സ്വസ്ഥാനത്തിരുന്നുകൊണ്ട് ശിഷ്യന്മാരോടു പറഞ്ഞു: ”ഞാനെന്താണ് ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരു എന്നും കർത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക നല്കിയിരിക്കുന്നു” (യോഹ. 13:13-14). അതുവരെയും യേശു പറഞ്ഞിരുന്ന കാര്യങ്ങൾ യേശുവിന്റെ ജീവിതമാതൃക നല്കിയ തിരുത്തലിലൂടെ ശിഷ്യന്മാർ നന്നായി ഗ്രഹിച്ചു. പിന്നീടൊരിക്കലും അവർ നേതൃത്വത്തിനായി പിടിവലി കൂടാത്തവരായി സ്വയം മറന്ന് യേശുവിനെ ശുശ്രൂഷിക്കുന്നവരായിത്തീർന്നത് അപ്പസ്‌തോല പ്രവർത്തനങ്ങളിൽ നമുക്ക് കാണാൻ കഴിയും. നമ്മളും ഇതുപോലെ ജീവിത മാതൃകയിലൂടെ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും സ്ഥാപനങ്ങളിലുമെല്ലാം നന്മയുടെ തിരുത്തൽശക്തികളായിത്തീരണമെന്ന് യേശു ആഗ്രഹിക്കുന്നു.

തിരുത്തലിൽ വിവേകം പാലിക്കുക
നമ്മുടെ സഹോദരങ്ങളിൽ തെറ്റിന്റെ വഴികൾ കണ്ടാൽ തിരുത്തുക എന്നത് ദൈവികമായ പ്രവൃത്തി ആണെങ്കിലും തികഞ്ഞ വിവേകത്തോടുകൂടിവേണം തിരുത്താൻ. എല്ലാവരെയും ഒരുപോലെ തിരുത്താൻ നാം നിയോഗിക്കപ്പെട്ടിട്ടില്ല. ദൈവത്തിന്റെ തക്കതായ പ്രചോദനം നമ്മുടെ അന്തരംഗത്തിൽ അനുഭവിച്ചാൽ മാത്രമേ തിരുത്തുവാൻ ഒരുമ്പെടാവൂ. ഒരുപക്ഷേ നമ്മെയല്ല മറ്റാരെയെങ്കിലും ആയിരിക്കാം ദൈവം ആ ദൗത്യം ഏല്പിച്ചിരിക്കുന്നത്. മാത്രമല്ല, നമ്മുടെ മാതാപിതാക്കൾ, ഗുരുജനങ്ങൾ, മേലധികാരികൾ ഇവരിൽ തിന്മ കണ്ടാൽ ദൈവം നമ്മെ തിരുത്തുവാൻ ഏല്പിക്കുന്നുവെങ്കിൽ തികഞ്ഞ വിവേകത്തോടും താഴ്മയോടും ഔചിത്യത്തോടുംകൂടെ വേണം അതു ചെയ്യാൻ. അല്ലായെങ്കിൽ ഫലം ചിലപ്പോൾ വിപരീതമായിത്തീർന്നേക്കാം. അതിനാൽ നമ്മളെക്കാൾ വലിയവരിലോ സമന്മാരിലോ നമ്മുടെ കീഴിലുള്ളവരിലോ ആകട്ടെ, തിന്മ കണ്ടാൽ തിരുത്തുന്നതിനുമുൻപ് അതിന് ഒരുക്കമായി നാം പ്രാർത്ഥിക്കണം. അപ്പോൾ തികഞ്ഞ വിവേകത്തോടും ഉചിതമായ രീതിയിലും ചെയ്യാൻ പരിശുദ്ധാത്മാവ് നമുക്ക് കൃപ തരും.

നമ്മെ തിരുത്തുന്നവർ
നമ്മുടെ ജീവിതവഴികളിൽ നമ്മെ തിരുത്തുവാനായി അനേകരെ ദൈവം നിയോഗിച്ചിട്ടുണ്ട്. നമ്മുടെ മേലധികാരികളിൽ മാത്രമല്ല നമുക്ക് ഒപ്പമുള്ളവരിലും താഴെയുള്ളവരിലും ചിലപ്പോഴൊക്കെ നമ്മുടെ കുഞ്ഞുങ്ങളിലൂടെപ്പോലും പരിശുദ്ധാത്മാവ് തിരുത്തൽ ശക്തിയായി നമുക്കുവേണ്ടി പ്രവർത്തിക്കുന്നു. അവരിലൂടെ ദൈവം നല്കുന്ന ശാസനയെയും ശിക്ഷണത്തെയും തിരിച്ചറിയാനും സ്വീകരിക്കാനും കഴിയുന്നെങ്കിൽ നാം വിജയത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. തിരുവചനങ്ങൾ ഇപ്രകാരം പറയുന്നു; ”കർത്താവിന്റെ ശിക്ഷണത്തെ നിന്ദിക്കരുത്. അവിടുത്തെ ശാസനത്തിൽ മടുപ്പു തോന്നുകയുമരുത്. എന്തെന്നാൽ, പിതാവ് പ്രിയപുത്രനെയെന്നതുപോലെ കർത്താവ് താൻ സ്‌നേഹിക്കുന്നവരെ ശാസിക്കുന്നു” (സുഭാ. 3:11-12).

കർത്താവിന്റെ ശാസനങ്ങൾക്ക് ചെവി കൊടുക്കുകയും സ്വയം തിരുത്തുകയും ചെയ്യുന്നവൻ ജീവന്റെ വഴിയിലാണ്. ”വിവേകമുള്ള മകൻ പിതാവിന്റെ ഉപദേശം കേൾക്കുന്നു. പരിഹാസകൻ ശാസനം അവഗണിക്കുന്നു” (സുഭാ. 13:1). ഉപദേശം നിന്ദിക്കുകയും താൻപോരിമ പ്രകടിപ്പിച്ച് സ്വന്തം വഴിയിലൂടെ നടക്കുകയും ചെയ്യുന്നവൻ നാശത്തിന്റെ പാതയിലാണ്. ”ഉപദേശം നിന്ദിക്കുന്നവൻ തനിക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു” (സുഭാ.13:13).
എന്നെ ആരും ഉപദേശിക്കുകയും തിരുത്തുകയും ചെയ്യേണ്ട. എനിക്ക് ശരിയെന്നു തോന്നുന്ന വഴിയിലൂടെയാണ് ഞാൻ നടക്കുന്നത് എന്ന് വീമ്പടിക്കുന്ന അനേകരെ നാം കണ്ടിട്ടുണ്ടായിരിക്കാം. എന്നാൽ, കർത്താവിന്റെ ആത്മാവ് പറയുന്നു: ”ഒരുവന് തന്റെ വഴികൾ അന്യൂനമെന്നു തോന്നുന്നു. എന്നാൽ, കർത്താവ് ഹൃദയം പരിശോധിക്കുന്നു” (സുഭാ. 16:2). നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടണമെങ്കിൽ നമ്മുടെ തെറ്റുകളിൽ നിന്നും ഹൃദയത്തെ വേർതിരിക്കാൻ തയാറാകണം. അനേകർ അനുഗ്രഹിക്കപ്പെട്ടിട്ടും എന്റെ ജീവിതമെന്തേ അനുഗ്രഹിക്കപ്പെടാത്തത് എന്നു വിലപിക്കുന്ന അനേകരുണ്ട്. അവരോട് ദൈവവചനം ഇപ്രകാരം പറയുന്നു: ”നീ തെറ്റുകൾ തിരുത്തി നേരായ മാർഗത്തിലേക്കു തിരിയുകയും ഹൃദയത്തിൽ നിന്നു പാപം കഴുകിക്കളയുകയും ചെയ്യുക” (പ്രഭാ. 38:10).
അതിനാൽ നമുക്ക് പരസ്പരം തിരുത്താം. ”സ്‌നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ശിരസായ ക്രിസ്തുവിലേക്ക് നമുക്ക് എല്ലാവിധത്തിലും വളരാം” (എഫേസോസ് 4:5). ആ കൃപ ലഭിക്കാൻ വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

പ്രാർത്ഥന
പരിശുദ്ധാത്മാവായ ദൈ വമേ, അവിടുന്നാണല്ലോ നേരിന്റെ വഴികളിലൂടെ ഞങ്ങളെ വഴിനടത്തുന്നവൻ. അവിടു ത്തെ തിരുത്തലിന്റെ സ്വരം ശ്ര വിച്ചുകൊണ്ട് സത്യത്തിന്റെ വഴികളിലൂടെ ഞങ്ങളുടെ ജീവിതം നയിക്കപ്പെടുവാൻ പാപബോധവും പശ്ചാത്താപവും നല്കി പാപികളായ ഞങ്ങളെ അനുഗ്രഹിക്കുകയും വഴിനടത്തുകയും ചെയ്യണമേ, ആമ്മേൻ.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *