2006 ആഗസ്റ്റ് 19-ലെ മലയാള മനോരമ ദിനപ്പത്രത്തിൽ സവിശേഷമായ ഒരു വാർത്തയുണ്ടായിരുന്നു. പതിനൊന്ന് മാസങ്ങളോളം പസഫിക് കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിൽ ഒഴുകിനടന്ന മൂന്ന് മെക്‌സിക്കൻ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ട വിവരമായിരുന്നു അത്. മെക്‌സിക്കൻ തീരത്തുനിന്ന് 2005 ഒക്‌ടോബർ അഞ്ചിനാണ് അവർ പതിവുപോലെ മത്സ്യബന്ധനത്തിനിറങ്ങിയത്. പുറംകടലിൽ എത്തിയപ്പോൾ ബോട്ടിന്റെ എഞ്ചിൻ തകരാറിലായി. നന്നാക്കുവാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. കാറ്റിനനുസരിച്ച് അവരുടെ ബോട്ടും ഒഴുകുവാൻ തുടങ്ങി. പരന്നുകിടക്കുന്ന കടൽ. മാനുഷികമായി നോക്കിയാൽ രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത അവസ്ഥ.
പക്ഷേ, അവർ മൂന്നുപേരും അടിയുറച്ച ദൈവവിശ്വാസികളായിരുന്നു. ഈ വലിയ പ്രതിസന്ധിയിൽ തങ്ങളെ രക്ഷിക്കുവാൻ കഴിവുള്ള സർവശക്തനിൽ അവർ പ്രത്യാശയർപ്പിച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്: ”മുകളിൽ ദൈവമുള്ളിടത്തോളം രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു.” പരിപാലിക്കുന്ന ദൈവം, ഹൃദയം തകർന്ന പ്രാർത്ഥനകൾക്ക് ഉത്തരം നല്കുന്നവൻ അവരെ അതിശയകരമായി തന്റെ കരങ്ങളിൽ സൂക്ഷിച്ച അനുഭവങ്ങളാണ് തുടർന്ന് പതിനൊന്നു മാസങ്ങളിലും അവർക്കുണ്ടായത്. ”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49:15) എന്ന് ഏശയ്യാ പ്രവാചകനിലൂടെ വാഗ്ദാനം നല്കിയ ദൈവം തന്റെ വാഗ്ദാനത്തിൽ എത്ര വിശ്വസ്തനാണെന്ന് അവരുടെ അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
മന്നയ്ക്ക് പകരം മഴ
‘വെള്ളം, വെള്ളം സർവത്ര വെള്ളം. എന്നാൽ, ഇല്ലൊരുതുള്ളി കുടിക്കുവാൻ’ എന്ന അവസ്ഥയാണല്ലോ കടലിൽ. ദാഹജലത്തിനായി അവർ ദൈവത്തോട് കേണപേക്ഷിച്ചു. ദൈവം അവർക്ക് ഇടതടവില്ലാതെ മഴ നല്കി അനുഗ്രഹിച്ചു. ആകാശത്തുനിന്ന് മന്ന വർഷിച്ച് ഇസ്രായേൽ ജനത്തിന്റെ വിശപ്പടക്കിയ ദൈവത്തെ ആ വെള്ളം കുടിച്ച് ദിവസേന ദാഹമകറ്റിയ അവർ ഓർത്തിട്ടുണ്ടാവണം. അതെ, ദൈവം ഇന്നും നമുക്ക് സമീപസ്ഥനാണ്, കൂടെയുണ്ട്. പ്രാർത്ഥനകൾക്ക് മറുപടി നല്കുന്നു.
അവരുടെ ബോട്ടിൽ സംഭരിച്ചിരുന്ന ഭക്ഷണസാധനങ്ങൾ വളരെ വേഗം തീർന്നുപോയി. പിന്നെ എങ്ങനെയാണ് അവർ ജീവിച്ചത്? മീൻ പിടിച്ച് അവയെ പച്ചയ്ക്ക് അവർ തിന്നിരുന്നു. കാരണം, ബോട്ടിൽ തീ കൂട്ടുവാൻ മാർഗമില്ലായിരുന്നു. കേൾ ക്കുമ്പോൾ നമുക്ക് അറപ്പുതോന്നും. പ്രതികൂലസാഹചര്യങ്ങളിൽ മനുഷ്യൻ ജീവൻ നിലനിർത്തുവാൻ എന്തുവേണമെങ്കിലും ചെയ്യും. ഒന്നോർത്തുനോക്കിയാൽ രുചിയെക്കുറിച്ചുള്ള നമ്മുടെ നിർബന്ധബുദ്ധിയൊക്കെ എത്ര ബാലിശമാണ്! ചിലപ്പോൾ അവർ കടൽപ്പക്ഷിയെ പിടിച്ച് തിന്നിരുന്നു. എന്നാൽ, അതും കിട്ടാത്ത ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോൾ 15 ദിവസങ്ങളോളം ഒന്നും കഴിക്കാനില്ലാതെ അവർക്ക് ചെലവഴിക്കേണ്ടി വന്നിരുന്നു. ആ ദിവസങ്ങളിലൊക്കെ മഴവെള്ളം കുടിച്ചാണ് അവർ ജീവൻ നിലനിർത്തിയത്. അങ്ങനെ പതിനൊന്ന് മാസങ്ങൾ അവർ പസഫിക് സമുദ്രത്തിലൂടെ ഒഴുകിനടന്നു. ഗ്രാമത്തിലുള്ളവർ അവരെ അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, യാതൊരു വാർത്തയുമില്ല. അവർ മരിച്ചുകാണുമെന്ന് അവരുടെ ഉറ്റബന്ധുക്കൾ കരുതി, അവരുടെ സ്വർഗപ്രവേശനത്തിനായി പ്രാർത്ഥനകളും നടത്തി.
പ്രാർത്ഥനയും ബൈബിൾ വായനയും
പക്ഷേ, അവർ ജീവൻ നിലനിർത്തിയത് ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിൽ പിടിച്ചാണ്. ദൈവത്തെ കണ്ടെത്തുവാൻ രണ്ടു മാർഗങ്ങളാണ് അവർ ഉപയോഗിച്ചത്: പ്രാർത്ഥനയും ബൈബിൾ വായനയും. ഹൃദയം നുറുങ്ങിയതായിരുന്നു അവരുടെ പ്രാർത്ഥന. അതിലൂടെ ദൈവം വളരെ സമീപസ്ഥനായി അവർക്ക് അനുഭവപ്പെട്ടു. പ്രിയപ്പെട്ടവരേ, ജീവിതത്തിൽ അന്ധകാരത്തിന്റെ നാളുകളുണ്ടാകുമ്പോൾ തീക്ഷ്ണമായി പ്രാർത്ഥിക്കുക. അത് നിങ്ങളെ മുന്നോട്ട് നയിക്കുന്ന ദീപമായി മാറും. സങ്കീർത്തകൻ ഇപ്രകാരം പറയുന്നു: ”അങ്ങ് എന്റെ ദീപം കൊളുത്തുന്നു. എന്റെ ദൈവമായ കർത്താവ് എന്റെ അന്ധകാരം അകറ്റുന്നു” (സങ്കീ. 18:28). കർത്താവിന്റെ ചിറകിൻ കീഴിൽ നാം സുരക്ഷിതരാണെന്ന ബോധ്യമാണ് ആത്മാർത്ഥമായ പ്രാർത്ഥനാവേളകളിൽ നമുക്ക് ലഭിക്കുന്നത്. അവിടുത്തെ ശക്തമായ സാന്നിധ്യം നമ്മെ വലയം ചെയ്യുന്നതിനാൽ നമുക്ക് തിന്മയായതൊന്നും സംഭവിക്കുകയില്ല. ദൈവത്തിൽ പൂർണമായും ആശ്രയംവയ്ക്കുവാൻ പ്രാർത്ഥന മനുഷ്യനെ പരിശീലിപ്പിക്കുന്നു. കർത്താവിൽ ശക്തി കണ്ടെത്തിയവർ ഭാഗ്യവാന്മാരാണെന്ന് വിശുദ്ധ ഗ്രന്ഥം ഓർമിപ്പിക്കുന്നു: അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവൻ ഭാഗ്യവാന്മാർ. അങ്ങയിൽ ശക്തി കണ്ടെത്തിയവർ ഭാഗ്യവാന്മാർ” (സങ്കീ. 84:5).
തിരുവചനധ്യാനമാണ് ദൈവിക സാന്നിധ്യം അനുഭവിച്ചറിയുവാനുള്ള മറ്റൊരു മാർഗം. വചനം ദൈവം തന്നെയായതിനാൽ തിരുവചനം വായിച്ച്, ധ്യാനിക്കുമ്പോൾ ദൈവത്തിന്റെ ശക്തി നമ്മിൽ വന്നു നിറയും. നമ്മുടെ മനസിലെ ഇരുണ്ട ചിന്തകൾ അപ്രത്യക്ഷമാകും. അതിനാൽ മനസ് തകർന്നിരിക്കുമ്പോഴൊക്കെ തിരുവചനം ധ്യാനിക്കുക. ദൈവിക വാഗ്ദാനങ്ങൾ അടങ്ങിയ ദൈവവചനങ്ങൾ ഏറ്റുപറഞ്ഞ് ഉറക്കെ പ്രാർത്ഥിക്കുക. ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും.
അത്ഭുതകരമായ രക്ഷപ്പെടൽ
ആ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവർ പ്രാർത്ഥനയിലൂടെയും തിരുവചനധ്യാനത്തിലൂടെയും ദൈവത്തെ കൂടുതൽ അറിഞ്ഞു. ഓരോ നിമിഷവും സർവശക്തനോട് ചേർന്നുനിന്നു. അവർക്ക് രക്ഷപ്പെടുവാനുള്ള മാർഗം അവിടുന്ന് കാണിച്ചുകൊടുത്തു. പതിനൊന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു തായ്‌ലൻഡ് ബോട്ട് അവരെ കണ്ടെത്തി. ആ ബോട്ടിലുള്ളവർ അവരെ കരയ്‌ക്കെത്തിച്ചു.
നമ്മുടെ ജീവിതം എത്ര പ്രതികൂലമായാലും ഒരിക്കലും പ്രത്യാശ കൈവിടരുതെന്ന് ഈ മത്സ്യത്തൊഴിലാളികളുടെ അതിശയകരമായ രക്ഷപ്പെടൽ നമ്മെ ഓർമിപ്പിക്കുന്നു. ഓരോ നിമിഷവും നമ്മെ താങ്ങുന്നവനാണ് ദൈവം. അനുകൂല സാഹചര്യത്തിൽ അവിടുന്ന് നമ്മുടെ അടുത്തുള്ളതുപോലെതന്നെ പ്രതികൂല സാഹചര്യത്തിലുമുണ്ട്. ”അനുദിനം നമ്മെ താങ്ങുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ. ദൈവമാണ് നമ്മുടെ രക്ഷ” (സങ്കീ. 68:19). നമ്മുടെ ശക്തിയിലോ സമ്പത്തിലോ മക്കളിലോ ബന്ധുക്കളിലോ അല്ല നാം പ്രത്യാശ വയ്‌ക്കേണ്ടത്. അവർക്കൊന്നും നമ്മെ രക്ഷിക്കുവാൻ സാധിക്കാത്ത സാഹചര്യങ്ങൾ വരും. അതിനാൽ എപ്പോഴും സ്വയം പറയുക: ദൈവമാണ് എന്റെ രക്ഷ, ദൈവമാണ് നമ്മുടെ രക്ഷ. നാം ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഇതും കൂട്ടിച്ചേർത്തു ഹൃദയത്തിൽ ഉറച്ച ബോധ്യത്തോടെ ഏറ്റുപറയണം; ”നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്” (സങ്കീ. 68:20). ദൈവത്തിന് രക്ഷിക്കുവാൻ സാധിക്കാത്ത ഒരു പ്രശ്‌നവുമില്ല. ആ ദൈവത്തിന്റെ മുൻപിൽ നിങ്ങളുടെ മനസിലെ ഭാരം ഇപ്പോൾത്തന്നെ ഇറക്കിവച്ച് പ്രാർത്ഥിക്കുക:
സർവശക്തനായ കർത്താവേ, എന്റെ മനസിനെ ചൂഴ്ന്നു നില്ക്കുന്ന അന്ധകാരത്തിലേക്ക് കടന്നുവരണമേ. ഞാൻ തളർന്നിരിക്കുന്നു, മുന്നോട്ട് പോകുവാൻ വഴി കാണുന്നില്ല. എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു. എന്റെ പിടിപ്പുകേടുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് പറയുന്നു. ഒരിക്കലും എന്നെ കുറ്റപ്പെടുത്താത്ത എന്റെ സ്‌നേഹപിതാവേ, എന്റെ രക്ഷയ്ക്കായി ഇപ്പോൾത്തന്നെ വരണമേ. എന്നെ കുറ്റപ്പെടുത്തുന്നവരുടെ ഇടയിൽ അങ്ങയുടെ നാമമഹത്വത്തിനായി മാത്രം എന്നെ ഉയർത്തണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രാർത്ഥിക്കണമേ, ആമ്മേൻ.
കെ. ജെ. മാത്യു