ദൈവം സംസാരിക്കുന്ന സമയം

ചാൾസ് ഡി. ഫൊകോൾഡ് സ്ഥാപിച്ച ലിറ്റിൽ ബ്രദേഴ്‌സ് ഓഫ് ജീസസ് എന്ന സന്യാസ സഭാംഗമായിരുന്ന കാർലോ കരേത്തെയുടെ ജീവിതം, തകർച്ചയുടെ പിന്നിൽ ദൈവസ്‌നേഹത്തിന്റെ കരുതലും പരിപാലനയും കണ്ടെത്തിയതിന്റെ ഉത്തമ ഉദാഹരണമാണ്. മലകയറ്റമായിരുന്നു ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ വിനോദം. ആൽപ്‌സ് പർവതനിരകളിൽ പർവതാരോഹകരെ സഹായിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. അപകടത്തിൽപെടുന്നവരെ ജീവൻപോലും തൃണവദ്ഗണിച്ച് രക്ഷിക്കുന്നതിൽ അനിതര സാധാരണമായ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു.

ഒരിക്കൽ അൾജീരിയായിലുള്ള കലോവ മരുഭൂമിയിലൂടെ അറുന്നൂറ് കിലോമീറ്റർ അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നു. പ്രതികൂലമായ കാലാവസ്ഥയിലൂടെയുള്ള യാത്ര അദ്ദേഹത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചു. പെട്ടെന്നൊരു അസുഖം അദ്ദേഹത്തിനുണ്ടായി. ചികിത്സയുടെ ഭാഗമായി ഡോക്ടർ ഒരു കുത്തിവയ്പ് നല്കി. മരുന്നു മാറിപ്പോയതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഒരു കാൽ തളർന്നു. നീണ്ട 30 വർഷങ്ങൾ അദ്ദേഹം വേദന സഹിച്ചു ജീവിച്ചു. ആരും തകർന്നുപോയേക്കാവുന്ന ആ അവസ്ഥയിലും കാർലോ പ്രത്യാശ കൈവെടിഞ്ഞില്ല. അവസാനംവരെ പിടിച്ചുനില്ക്കാനുള്ള ആത്മശക്തി അദ്ദേഹത്തിന് ലഭിച്ചു. തളർന്ന ശരീരത്തിലും മനസ് ഊർജസ്വലമായി ശോഭിച്ചു. സുദീർഘമായ മൂന്നു പതിറ്റാണ്ടുകളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹമൊരു പുസ്തകമെഴുതി; ‘വൈ ഓ! ലോഡ്’ (എന്തുകൊണ്ട് ഓ’ കർത്താവേ?) എന്നായിരുന്നു അതിന്റെ പേര്.

പ്രതികൂല സാഹചര്യങ്ങളെ അപ്രതീക്ഷിതമായി നേരിടേണ്ടതായി വരുമ്പോൾ പലരും അറിയാതെ ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ്: ‘എന്തുകൊണ്ടാണെന്റെ ദൈവമേ, ഇങ്ങനെ സംഭവിക്കുന്നത്?’ ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങൾക്കു മുൻപിൽ ചിലർ പെട്ടെന്ന് ഭഗ്നാശരാകും. ജീവിതത്തെ പഴിക്കാൻ തുടങ്ങും. മറ്റ് ചിലർ എല്ലാം വിധിയാണെന്ന് സ്വയം സമ്മതിപ്പിക്കാൻ ശ്രമിച്ച് അതൃപ്തിയിലും വിഷാദത്തിലും ജീവിതകാലം മുഴുവൻ കഴിഞ്ഞുകൂടും. ഇനിയും ചിലർ തനിക്ക് സംഭവിച്ച എല്ലാ ദുര്യോഗങ്ങൾക്കും കാരണം ദൈവമാണെന്ന് തെറ്റിദ്ധരിച്ച് ദൈവത്തോട് മറുതലിക്കുകയും ദൈവത്തെ വെറുക്കുകയും ചെയ്യും. മറ്റുള്ളവരാണ് തന്റെ എല്ലാ തകർച്ചകൾക്കും പിന്നിലെന്നു കണ്ടെത്തി ഒരിക്കലും അവസാനിക്കാത്ത പകയിലും വിദ്വേഷത്തിലും മുഴുകി തന്റെയും മറ്റുള്ളവരുടെയും ജീവിതം നരകതുല്യമാക്കി നശിപ്പിക്കാനാണ് വേറെ ചിലർക്ക് ഇഷ്ടം. എന്നാൽ, അപൂർവം ചിലരുണ്ട്, എല്ലാറ്റിനും പിന്നിൽ അദൃശ്യമായ ദൈവകരത്തെ കാണുന്നവർ. അവരുടെ ജീവിതത്തിൽ അർത്ഥമറിയാത്ത പ്രഹേളികകളില്ല; പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുമില്ല. ഉള്ളത് ഒന്നുമാത്രം- ദൈവേഷ്ടം.

നിസഹായതയും കഷ്ടപ്പാടും വേദനയും കൂട്ടിനുണ്ടായിരുന്ന ആ കാലയളവിൽ മറ്റാരെയുംപോലെ അദ്ദേഹവും ദൈവത്തോട് പലവട്ടം ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകാം. പക്ഷേ, അദ്ദേഹം നിരാശനായില്ല. ആഴത്തിലുള്ള പ്രത്യാശയിലേക്ക് ദൈവാത്മാവ് അദ്ദേഹത്തെ നയിച്ചു. ആത്മാവിന്റെ വഴിനടത്തൽ ഒരു വെളിപാടുപോലെ അദ്ദേഹത്തിന് പുതിയ ഉൾക്കാഴ്ച നല്കി.

പ്രസാദവരത്തിന്റെ അവസരങ്ങൾ
അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. കടന്നുപോയ ദൗർഭാഗ്യത്തിന്റെ ദിനങ്ങൾ യഥാർത്ഥത്തിൽ നഷ്ടങ്ങളുടേതല്ല പിന്നെയോ ദൈവപ്രസാദവരത്തിന്റെ അസുലഭമായ വേളകളായിരുന്നു. ഒരു കാലിന് പ്രവർത്തനശേഷി ഇല്ലാതായപ്പോഴാണ് കാലുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്. അദ്ദേഹം കണ്ടെത്തിയ സത്യം ഇതായിരുന്നു. ഈ ലോകത്തിൽ നന്മ ലഭിച്ചവർ അതു ലഭിക്കാത്തവരെപ്പറ്റി ഓർമിക്കണം; അവർക്കുവേണ്ടി പ്രാർത്ഥിക്കണം. ഇത്തരത്തിൽ പ്രാർത്ഥിക്കാൻ ചിലരെ ദൈവം പ്രത്യേകം തിരഞ്ഞെടുക്കും. ചിലപ്പോൾ തനിക്ക് സംഭവിച്ചതുപോലെ അകാരണമായ ചില സഹനങ്ങൾ നല്കിക്കൊണ്ടാകും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ദൈവം നമ്മെ ഓർമിപ്പിക്കുന്നത്. വേറൊരു രീതിയിൽ പറഞ്ഞാൽ, യേശുവിനെപ്പോലെ കരളലിവോടെ മറ്റുള്ളവരെ കണ്ട് അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അങ്ങനെ അവരും നമ്മളും ആത്മാവിന്റെ രക്ഷയെപ്രതി കൂട്ടായ്മയിൽ ജീവിക്കാനും വേണ്ടിയാകണം ദൈവം ഈലോകത്തിൽ ചിലർക്ക് സഹനങ്ങൾ നല്കുന്നത്. ഒരു അന്ധനെ കാണുമ്പോൾ അവന്റെയോ അവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമാണോ അവനിങ്ങനെ ആയിത്തീർന്നത് എന്നല്ല ചോദിക്കേണ്ടത്. മറിച്ച,് ദൈവമഹത്വം അവന്റെ പരിതാപകരമായ അവസ്ഥയിൽ എങ്ങനെയാണ് പ്രകടമാകുന്നത് എന്നാണ്. അപ്പോൾ, രണ്ടു കണ്ണും ഉള്ള നമുക്ക് ദൈവം നമ്മോടു കാണിച്ച അതിരറ്റ സ്‌നേഹത്തെപ്പറ്റി ഓർമവരും. ഈ അർത്ഥത്തിൽ ലോകത്തിൽ സംഭവിക്കുന്ന എല്ലാറ്റിന്റെയും പിന്നിൽ ദൈവസാന്നിധ്യം കാണാൻ പറ്റും.

റോമാ 5:5-ൽ നാം വായിക്കുന്നു: ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.” 5:4-ൽ പറയുന്നു: ”എന്തെന്നാൽ, കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും നല്കുന്നു.” കഷ്ടതയുടെ ദിനങ്ങൾ ദൈവവരപ്രസാദത്തിന്റെ അവസരങ്ങളാണ്. കഷ്ടത സഹനശീലവും ആത്മധൈര്യവും പ്രത്യാശയും നല്കി നമ്മെ ശക്തരാക്കുന്നതിനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. ഈ അർത്ഥത്തിലാണ് റോമാ 8:28 വചനത്തിന്റെ ആഴങ്ങൾ മനസിലാക്കേണ്ടത്; ”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ.” എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കാനുള്ള ദൈവേഷ്ടത്തിന്റെ പ്രകടമായ സാക്ഷ്യങ്ങളാണ് ഓരോ തകർച്ചയും. എങ്കിലും, ജീവിതത്തിന്റെ ക്രൂരമായ അനുഭവങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ ചില ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. അത് കണ്ടെത്താനുള്ള കഴിവ് നാം ആർജിക്കാത്തതുകൊണ്ടാണ്. അങ്ങനെയുള്ള അവസരങ്ങളിൽ നമുക്കിങ്ങനെ സമാശ്വസിക്കാം: ”ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികൾ എത്ര ദുർജ്ഞേയം! അവിടുത്തെ മാർഗങ്ങൾ എത്ര ദുർഗ്രഹം!” (റോമാ 11:33).

”ദുരിതങ്ങൾ എനിക്കുപകാരമായി. തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ” (സങ്കീ. 119:71).

റവ. ഡോ. ജോൺ എഫ്. ചെറിയവെളി വി.സി.

Leave a Reply

Your email address will not be published. Required fields are marked *