രക്ഷ സഭയിലാണോ അതോ യേശുവിലാണോ? ഒരു ചെറുപ്പക്കാരൻ ഉന്നയിച്ച ചോദ്യമാണിത്. വളരെ തന്ത്രപൂർവമായിരുന്നു അവന്റെ ചോദ്യം. ”മരുന്നാണോ സുഖപ്പെടുത്തുന്നത് അതോ ഡോക്ടറാണോ?” അവനോട് ഞാൻ തിരിച്ചു ചോദിച്ചു. അവന്റെ ചോദ്യത്തിനുള്ള പൂർണമായ ഉത്തരമല്ല അത്. കാരണം, മരുന്നും ഡോക്ടറും രണ്ടാണ്. എന്നാൽ യേശുവും സഭയും രണ്ടല്ല, ഒന്നാണ്. യേശുവിനാൽ സ്ഥാപിതമായ സഭയെ കൂടാതെ യേശുവിനെയോ യേശുവിനെ കൂടാതെ സഭയെയോ സ്വീകരിക്കുക സാധ്യമല്ല. ചെറുതും വലുതുമായ അനേകം സഭകൾ ഉള്ള ഇക്കാലത്ത് യേശുവിനാൽ സ്ഥാപിതമായ സഭയെ എങ്ങനെ തിരിച്ചറിയും. പിന്നോട്ട് സഞ്ചരിച്ചാൽ മതി.
ഉത്തമഗീതം 1:8 ”…നിനക്കറിഞ്ഞുകൂടെങ്കിൽ, ആട്ടിൻപറ്റത്തിന്റെ കാൽച്ചുവടുകൾ പിന്തുടരുക…” ഞാൻ ഉൾപ്പെട്ട സഭ ആരാൽ സ്ഥാപിതമാണ്? എവിടെ സ്ഥാപിക്കപ്പെട്ടു? ഇത് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഇന്ന് കുടുംബ ചരിത്രം തേടിപ്പിടിച്ച് എഴുതി സൂക്ഷിക്കാറുണ്ടല്ലോ. മത്തായിയുടെ സുവിശേഷത്തിൽ യേശുവിനെക്കുറിച്ച് പറയുന്നതിനു മുൻപേ അബ്രാഹം മുതൽ യേശുവരെയുള്ള വംശാവലിയെക്കുറിച്ചാണ് പറയുന്നത്. ആദം മുതൽ അബ്രാഹം വരെയുള്ള വംശാവലിയും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും ഞാനുൾപ്പെട്ട സഭയുടെ ചരിത്രമൊന്നും എനിക്കറിയേണ്ട എന്ന ചിന്ത തെറ്റാണ്. കുരുടനാൽ നയിക്കപ്പെടുന്ന കുരുടന്റെ അവസ്ഥയായിരിക്കും ഫലം. ഇരുവരും കുഴിയിൽ വീഴും (ലൂക്കാ 6:39).
വ്യാജപ്രവാചകന്മാർ
സഭ വിട്ടുപോയ ചിലർ ആദ്യം പറഞ്ഞത്, ഇപ്പോഴാണ് ഞങ്ങൾ ‘യഥാർത്ഥ’ സന്തോഷം അനുഭവിക്കുന്നത് എന്നാണ്. ധൂർത്തപുത്രനും ‘യഥാർത്ഥ’ സന്തോഷം അനുഭവിച്ചത് അപ്പന്റെ ഭവനം വിട്ടിറങ്ങിയപ്പോഴായിരുന്നു. അപകടം മനസിലാക്കിയ പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തുപിടിച്ചു. ഈ അവസ്ഥ ഒരു കുഞ്ഞിന് അരോചകമായി തോന്നി. അമ്മയുടെ കണ്ണുവെട്ടിച്ച് പുറത്തുചാടിയ കോഴിക്കുഞ്ഞിനും സന്തോഷമായിരുന്നു. അടുത്ത നിമിഷം ഒരു പരുന്തിന്റെ ആഹാരമായി അത് മാറി. ധൂർത്തപുത്രന്റെയും ആദ്യത്തെ സന്തോഷത്തിനുശേഷം സംഭവിച്ചത് അറിയാമല്ലോ? ”വചനത്തിൽ എന്തുണ്ടോ അതു മാത്രമേ ഞങ്ങൾ അനുസരിക്കൂ, അനുകരിക്കൂ. അതുമാത്രം മതി.” ഇതാണ് ചിലരുടെ വാദം. വചനത്തിൽ ഒരു പുതിയ സഭ സ്ഥാപിക്കാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? അധികാരികളെ ധിക്കരിക്കാൻ പറഞ്ഞിട്ടുണ്ടോ? ”ഓരോരുത്തരും മേല ധികാരികൾക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവികസംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്ന വൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരു ത്തിവയ്ക്കും” (റോമാ 13:1-2).
”കർത്താവിൽ വിശ്വസിക്കുക. നീ യും നിന്റെ കുടുംബവും രക്ഷ പ്രാ പിക്കും” (അപ്പ.പ്രവ. 16:31). കർത്താവിൽ വിശ്വസിക്കുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ചരിത്ര ത്തെ ക്രിസ്തുവിന് മുൻപും പിൻപുമെ ന്ന് രണ്ടായി വിഭജിച്ച ചരിത്രപുരുഷൻ കൂടിയായ യേശുവിൽ ആരാണ് വിശ്വസിക്കാത്തത്? ഈ വിശ്വാസം ഒരുവനെയോ അവന്റെ കുടുംബത്തെയോ രക്ഷിക്കുമോ? ഇനി ഒരു പടികൂടി കട ന്ന് യേശു ദൈവമാണെന്നു വിശ്വസിച്ചതുകൊണ്ടുമാത്രം രക്ഷ കിട്ടുമോ? ”ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു: അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെതന്നെ വിശ്വസിക്കുന്നു” (യാക്കോബ് 2:19). അപ്പോൾ പിന്നെ യേശുവിൽ വിശ്വസിക്കുക എന്നതിന്റെ അർത്ഥം എന്തായിരിക്കും? 1 യോഹ. 4:1-3-ൽ പറയുന്നു: ”പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽനിന്നാണോ എന്ന് വിവേചിക്കുവിൻ. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചു വന്നുവെന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽനിന്നാണ്.”
മോഷ്ടിക്കപ്പെട്ട ആടുകൾ
ചില സന്ദർഭങ്ങളിൽ പിശാചുക്കളും യേശുവിനെ ഏറ്റുപറഞ്ഞിട്ടുണ്ട്. ”യേശുവിനെ കണ്ടപ്പോൾ അവൻ നിലവിളിച്ചുകൊണ്ട് അവന്റെ മുൻപിൽ വീണ് ഉറക്കെ പറഞ്ഞു: യേശുവേ, അത്യുന്ന തനായ ദൈവത്തിന്റെ പുത്രാ….” (ലൂക്കാ 8:28) എന്നാണ് പിശാച് വിളിച്ചത്. എന്നുവച്ചാൽ അത്യുന്നതനായ ദൈവത്തിന്റെ പുത്രൻ ശരീരം ധരിച്ചു വന്നതാണ് യേശുവെന്ന്. അതുകൊണ്ട് പിശാച് രക്ഷപ്രാപിക്കുമോ? അപ്പോൾ യേശുക്രിസ്തു ശരീരം ധരിച്ചു വന്നുവെന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽനിന്നാണ് എന്നു പറയുന്നത് സഭയുമായി ബന്ധപ്പെട്ടതാണ്. ”ഈ യു ഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങ ൾക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങൾ ക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവ ന്റെ പാദങ്ങൾക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ സഭയ്ക്ക് തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്. എല്ലാ വസ്തുക്കളിലും സകലവും പൂർത്തിയാക്കുന്ന അവന്റെ പൂർണതയുമാണ്” (എഫേസോസ് 1).
മൊബൈൽ ഫോൺ വ്യാപകമാകുന്നതിനുമുൻപ് എവിടെച്ചെന്നാലും എസ്.ടി.ഡി ബൂത്തുകൾ കാണാമായിരുന്നു. വലിയ മുതൽമുടക്കില്ലാത്ത ഒരു വരുമാനമാർഗം കൂടിയായിരുന്നു അത്. അതുപോലെ ഇന്ന് എവിടെ നോക്കിയാലും വിവിധ പേരുകളിൽ ആയിരക്കണക്കിന് സഭകൾ കാണാം. അംഗങ്ങളെ പരിചയപ്പെടുമ്പോൾ അവരിൽ പലരും ഏതെങ്കിലും അപ്പസ്‌തോലിക സഭയിൽനിന്ന് മോഷ്ടിക്കപ്പെട്ടവരാണെന്നു മനസിലാകും. ഇക്കൂട്ടർ തങ്ങളുടെ ഉപജീവനമാർഗത്തിനായി തരപ്പെടുത്തിയതാണീ സഭ. എന്നാൽ ക്രിസ്തുവിനെക്കുറിച്ചറിഞ്ഞിട്ടില്ലാത്തവരോട് സ്വജീവൻപോലും പണയപ്പെടുത്തി സുവിശേഷം പ്രസംഗിക്കുന്നവരുണ്ട്. അവരെ ദൈവം ആദരിക്കുന്നു. അവർ ദൈവവേലയാണ് ചെയ്യുന്നത്.
ഈശോയുടെ സഭയ്ക്ക് ഒരു ക്രമമുണ്ട്. അതിപ്രകാരമാണ്. ”നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്ത രും അതിലെ അവയവങ്ങളുമാണ്” (1 കോറി. 12:27). സഭാധികാരികൾക്ക് വിധേയപ്പെട്ട്, സഭാപ്രബോധനങ്ങളോട് യോജിച്ച് തന്റെയും അപരന്റെയും നി ത്യരക്ഷയ്ക്കുവേണ്ടി അധ്വാനിക്കുന്ന വേലക്കാരെയാണ് ഈശോ അന്വേഷിക്കുന്നത്.
പ്രാർത്ഥന
കർത്താവായ യേശുവേ, അപ്പസ്‌തോലിക പിൻതുടർച്ചയിൽനിന്ന് അനുദിനം വിശുദ്ധ ബലിയർപ്പിക്കപ്പെടുന്ന, പരിശുദ്ധ അമ്മയുടെ സംരക്ഷണമുള്ള തിരുസഭയിൽനിന്നും അകന്നുപോയ ഞങ്ങളുടെ സഹോദരങ്ങൾക്കായി ഞ ങ്ങൾ പ്രാർത്ഥിക്കുന്നു. ഒരിടയനും ഒരു തൊഴുത്തും എത്രയും വേഗം യാഥാ ർത്ഥ്യമാക്കണമേ, ആമ്മേൻ.
പാപ്പച്ചൻ പള്ളത്ത്