നാം ദൈവത്തെ അന്വേഷിക്കുമ്പോൾ മൂന്നു കാര്യങ്ങൾ ദാനമായി സ്വീകരിക്കണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നു: ആദ്യത്തേത്; നാം പൂർണമനസോടെ അന്വേഷിക്കണം. അതായത്, അവിടുത്തെ കൃപയാൽ സന്തോഷത്തോടുംകൂടെ അകാരണമായ നിരാശയോ ഉപയോഗശൂന്യമായ ദുഃഖമോ കൂടാതെ അന്വേഷിക്കണം. രണ്ടാമത്: നാം അവിടുത്തേക്കുവേണ്ടി അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി പിറുപിറുക്കാതെയും ധിക്കരിക്കാതെയും ദൃഢമായി കാത്തിരിക്കണം. ഇതു ജീവിതാവസാനംവരെ തുടരണം. കാരണം, അത് കുറച്ചു നാളത്തേക്കല്ലേ നീളുകയുള്ളൂ. മൂന്നാമത്തേത്, നമുക്കവിടുന്നിൽ വലിയ ആശ്രയം വേണം. ഇത് യഥാർത്ഥവും പൂർണവുമായ വിശ്വാസത്തിൽനിന്ന് ആയിരിക്കണം. കാരണം, അവിടുന്ന് പ്രത്യക്ഷപ്പെടുമെന്ന കാര്യം നാം അറിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുത്തെ എല്ലാ സ്‌നേഹിതർക്കും അനുഗ്രഹവുമായി അവിടുന്ന് പ്രത്യക്ഷപ്പെടും. രഹസ്യമായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും അവി ടുത്തെ നമുക്ക് തിരിച്ചറിയാം. അവിടുത്തെ പ്രത്യക്ഷീകരണം വളരെ പെട്ടെന്നായിരിക്കും. തന്നിൽ ആശ്രയിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുന്ന് ഏറ്റം സംലഭ്യനാണ്. ചിരപരിചിതനാണ്, ഉദാരനുമാണ്; അവിടുന്ന് അനുഗൃഹീതനാകട്ടെ.