മാതാവും മാലാഖയും ചേർന്നിട്ട പേര്

”ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തിൽനിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കന്നു” (സങ്കീ. 71:6).
ആതുരശുശ്രൂഷാമേഖലയിലെ എന്റെ 13 വർഷ ത്തെ അനുഭവങ്ങളിൽ ഒരിക്കലും മറക്കാനാവാത്തതാണ് ഈ ദൈവാനുഭവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നവജാത ശിശുക്കളെ പരിചരിക്കുന്ന ഐ.സി.യു വിഭാഗത്തിന്റെ ഇൻചാർജ് ആയിരുന്നു അന്ന് ഞാൻ. 2010 ജനുവരി 12, ജൂമി റോബിൻ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. പ്രഷർ കൂടി ഏഴാം മാസത്തിലായിരുന്നു പ്രസവം. ആ പെൺകുഞ്ഞിന് 950 ഗ്രാം മാത്രമേ തൂക്കം ഉണ്ടായിരുന്നുള്ളൂ. ജനിച്ചാലുടൻ കുട്ടികൾ കരയേണ്ടതാണ്. എന്നാൽ, ഈ കുഞ്ഞ് കരഞ്ഞില്ല. അതിനാൽ സ്വന്തമായി ശ്വാസം എടുക്കാനും ബുദ്ധിമുട്ടായി. കൃത്രിമശ്വാസം കൊടുക്കുന്നതിനായി ശ്വാസനാളത്തിലേക്ക് ട്യൂബ് കടത്തി ഓക്‌സിജൻ കൊടുത്തുകൊണ്ടിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റേണ്ട കാര്യം പറഞ്ഞപ്പോൾ മാതാപിതാക്കൾ നിരസിച്ചു. കാരണം, അവർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. മാത്രമല്ല, കുട്ടി രക്ഷപ്പെടില്ല എന്ന് ഉറപ്പുമുണ്ടായിരുന്നു. എങ്കിലും ഡോക്ടർമാരും നേഴ്‌സുമാരും മണിക്കൂറുകളോളം മാറിമാറി ഓക്‌സിജൻ കൃത്രിമമായി നല്കികൊണ്ടിരുന്നു.

മരണം ഉറപ്പിച്ച നിമിഷങ്ങൾ
ഒരു നവജാതശിശുവിന് വരാവുന്ന എല്ലാ സങ്കീർണതകളും ഈ കുട്ടിയെ പിടികൂടി. മഞ്ഞപ്പിത്തം ബാധിച്ച് രക്തം മാറ്റിവയ്‌ക്കേണ്ട അവസ്ഥ എത്തി. അതോടൊപ്പം വയറ്റിൽനിന്നും ചെറുതായി ബ്ലീഡിംഗ് തുടങ്ങിയതിനാൽ പാൽ ട്യൂബ് വഴി കൊടുക്കാൻ കഴിയാതായി. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവും കുറഞ്ഞു. ശരീരം മുഴുവൻ ജീർണിച്ചു. ഗ്ലൂക്കോസ് കൊടുക്കാൻ ഞരമ്പ് കിട്ടാതായി. ശക്തമായ പനി, തുടരെത്തുടരെ അപസ്മാരം. ചലനംപോലും നഷ്ടപ്പെട്ട ശരീരം. നട്ടെല്ലിൽനിന്നും വെള്ളം കുത്തിയെടുത്ത് ടെസ്റ്റ് ചെയ്തപ്പോൾ മെനഞ്ചൈറ്റിസ്. കുഞ്ഞ് ഏതു നിമിഷവും മരിക്കുമെന്ന് ഉറപ്പായി. ഇതെല്ലാംകൂടി അറിഞ്ഞപ്പോൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ അവർ തീരുമാനിച്ചു. അവർ ഡോക്ടറിനോട് ഡിസ്ചാർജ് ചോദിച്ചു. സമ്മതപത്രം എഴുതി ഒപ്പിട്ടിട്ട് കൊണ്ടുപോകാം എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ഡിസ്ചാർജ് ബിൽ ആക്കി അവരുടെ കൈയിൽ കൊടുത്തു. അപ്പോൾ ഞാൻ കുഞ്ഞിന്റെ മുത്തശ്ശിയോട് ചോദിച്ചു; ”നിങ്ങൾ കുഞ്ഞിനെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നതെങ്കിൽ ഓക്‌സിജൻ ട്യൂബ് മാറ്റുമ്പോഴേ കുഞ്ഞ് പിടഞ്ഞ് നിങ്ങളുടെ കൈയിൽ ഇരുന്ന് മരിക്കും. അതിനാൽ ഗവൺ മെന്റ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം. അവിടെ സൗജന്യമായി ഓക്‌സിജൻ എങ്കിലും കിട്ടുമല്ലോ? അല്ലെങ്കിൽ രണ്ടുദിവസംകൂടി ഇവിടെ കിടക്കട്ടെ. അത് മരിച്ചുകൊള്ളും.”
”കുഞ്ഞിനെ കൊണ്ടുപോകാൻ ഇഷ്ടമുണ്ടായിട്ടല്ല. മാർഗമില്ലാത്തതിനാലാണ്. ഇപ്പോൾ തന്നെ ലക്ഷങ്ങൾ കടമുണ്ട്. ചെലവാക്കാൻ ഇനി കൈയിൽ ഒന്നും ഇല്ല.” ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. അവർ ബില്ലുമായി എന്തു ചെയ്യണമെന്നറിയാതെ നില്ക്കുമ്പോൾ ദൈവം മറ്റൊരു വിധത്തിൽ ഇടപെട്ടു. മുൻപ് ചികിത്സയ്ക്കുശേഷം സുഖമായി പോയ ഒരു കുഞ്ഞിന്റെ പിറന്നാളിന് അവന്റെ മുത്തശ്ശനും മുത്തശ്ശിയും വന്നു. അവർ രണ്ടായിരം രൂപ തന്നിട്ട് പറഞ്ഞു: ”ഇത് ഏതെങ്കിലും പാവപ്പെട്ട കുഞ്ഞിന് മരുന്ന് വാങ്ങാൻ കൊടുത്തോളൂ.” ഞാൻ ആ പണം ബിൽ അടയ്ക്കാൻ പോയ വല്യമ്മയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു; രണ്ടു ദിവസംകൂടി ഐ.സി.യുവിൽ കിടത്താനുള്ള പണം ഉണ്ട്. അപ്പോൾ അവർ പറഞ്ഞു: ”സിസ്റ്റർ പറഞ്ഞതല്ലേ, കിടത്താം.” ഇനി കുട്ടിയെ ഇവിടെ കിടത്തിയാൽ ഡോക്ടർക്ക് ദേഷ്യമാവില്ലേ, അവർ കുഞ്ഞിനെ നോക്കാതിരിക്കുമോ? അവർക്ക് സംശയമായി. അതൊക്കെ ഞാൻ പറഞ്ഞ് ശരിയാക്കിക്കൊള്ളാം. അമ്മ സമാധാനമായിരിക്ക് എന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.

ഒരു പത്രവാർത്ത
വൈകുന്നേരം മഠത്തിൽ എത്തിയിട്ടും എനിക്ക് വലിയ ടെൻഷനായിരുന്നു. കാരണം, ഞാൻ പറഞ്ഞിട്ടാണല്ലോ കുട്ടിയെ അവിടെ കിടത്തിയിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ മരിച്ചില്ലെങ്കിൽ എങ്ങനെ പിന്നീടുള്ള ദിവസങ്ങളിലെ ബിൽ അടയ്ക്കും. ഞാൻ മറ്റ് സിസ്റ്റേഴ്‌സിനോടു പറഞ്ഞു, ആ കുട്ടി രണ്ടു ദിവസത്തിനുള്ളിൽ മരിക്കുവാൻ പ്രാർത്ഥിക്കണമെന്ന്. ഇതിനിടയിൽ പല തവണ കുഞ്ഞിന്റെ നില മോശമായി. ദിവസം കഴിയുന്തോറും എന്റെ ടെൻഷൻ കൂടിവന്നു. അങ്ങനെ ജനുവരി 31 കഴിഞ്ഞു. വൈകിട്ട് ഞാൻ അന്നത്തെ ദീപിക പേപ്പർ വായിച്ചപ്പോൾ, ജോൺപോൾ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാൻ ഒരു സാക്ഷ്യം കൂടി ലഭിക്കണം എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന് എന്റെ മനസിലേക്ക്, നിഷ്‌കളങ്കമായി ഇടയ്ക്കിടയ്ക്ക് പുഞ്ചിരിക്കുന്ന ഈ മാലാഖക്കുഞ്ഞിനുവേണ്ടി ഒന്ന് പാപ്പായോട് മാധ്യസ്ഥ്യം അപേക്ഷിച്ചാലോ എന്ന ചിന്ത കടന്നുവന്നു. കാരണം, ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു ജോൺപോൾ പാപ്പാ. പാപ്പായുടെ ചിത്രങ്ങൾ ഞാൻ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. എന്തായാലും പ്രാർത്ഥിച്ചാൽ സൗഖ്യപ്പെടുത്തും എന്ന് എനിക്ക് തോന്നി.

വിശ്വാസം വർധിപ്പിച്ച സംഭവങ്ങൾ
അന്നുതന്നെ ഞാനൊരു പ്രാർത്ഥന എഴുതിയുണ്ടാക്കി. ഫെബ്രുവരി ഒന്നുമുതൽ മുട്ടിപ്പായി പ്രാർത്ഥിക്കാൻ ആരംഭിച്ചു. വിശുദ്ധ ബലിയിൽ എല്ലാ ദിവസവും കാസയോടും പീലാസയോടും ഒപ്പം കാഴ്ചയായി ഈ കുഞ്ഞിനെയും സമർപ്പിച്ച് കരഞ്ഞു പ്രാർത്ഥിച്ചു. ജപമാല ചൊല്ലി നടക്കുന്ന വഴികളിലെല്ലാം പ്രാർത്ഥിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചില മാറ്റങ്ങൾ കാണാൻ തുടങ്ങി. കുഞ്ഞ് പുഞ്ചിരിക്കുന്നു. അനക്കമില്ലാത്ത കൈകാലുകൾ ചെറുതായി ചലിപ്പിക്കാൻ ശ്രമിക്കുന്നു. നീരുവച്ച് സ്ഫടികതുല്യമായ ശരീരത്തിലെ നീര് കുറയാൻ തുടങ്ങി. ഇതുവരെയും നീര് വച്ച് തുറക്കാൻ പറ്റാത്ത കണ്ണുകൾ ചിമ്മുന്നു. ഒരു വശത്തേക്ക് കോടിപ്പോയ മുഖത്തെ നീര് വലിഞ്ഞുതുടങ്ങി. വീർത്ത വയർ ചുരുങ്ങിത്തുടങ്ങി. നിരന്തരം വന്നുകൊണ്ടിരുന്ന അപസ്മാരത്തിന്റെ എണ്ണം കുറഞ്ഞു. അങ്ങനെ വിശ്വസിക്കാനാവാത്ത വിധത്തിലുള്ള മാറ്റങ്ങൾ. ഇതിനിടയിൽ വീട്ടുമാമോദീസ കൊടുക്കുവാനായിട്ട് അവരോട് പേര് പറയണമെന്ന് ആവശ്യപ്പെട്ടു. എന്റെ കൂടെയുള്ള സ്റ്റാഫിനോട് ഞാൻ വെറുതെ പറഞ്ഞു, ഈ മാലാഖക്കുഞ്ഞിന് ഏയ്ഞ്ചൽ മരിയ എന്ന് പേരിട്ടാൽ മതിയായിരുന്നു. ഒരു ഉച്ചസമയമായപ്പോൾ അവരുടെ ബന്ധു എന്നെ വിളിച്ചിട്ട് പറഞ്ഞു, മാതാവിന്റെയും മാലാഖയുടെയും പേരുതന്നെ ഇരിക്കട്ടെ. ഏയ്ഞ്ചൽ മരിയ എന്ന് പേരിടാം. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം, ഞാൻ അവരോട് ഈ പേരിടുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. ഈ സംഭവത്തിലൂടെ എന്റെ വിശ്വാസം ഒന്നുകൂടി ദൃഢമായി.
അവളിൽ ഓരോരോ മാറ്റങ്ങൾ വരുമ്പോഴും കു ഞ്ഞിന്റെ അമ്മയെയും വല്യമ്മയെയും വിളിച്ച് കാണിക്കുമായിരുന്നു. അങ്ങനെ ഫെബ്രുവരി മാസം കഴിഞ്ഞു. ബിൽ അടയ്ക്കാൻ പറയാൻ എനിക്ക് ബുദ്ധിമുട്ടായി. ഐ.സി.യു ചാർജ് ഇളച്ചുനല്കി. മരുന്നുകൾ മറ്റു കുട്ടികളുടെ എടുത്തു കൊടുത്തു. പിന്നെ ഡിസ്ചാർജായി പോകുന്നവരോട് കുറച്ചു പണം നേർച്ചപ്പെട്ടിയിൽ ഇടണം, പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് വാങ്ങുവാനാണെന്ന് പ്രത്യേകം പറഞ്ഞ് കുറെ പൈസ സംഘടിപ്പിച്ച് ബിൽ അടയ്ക്കാൻ അവരെ സഹായിച്ചു.

രണ്ടാമത്തെ അടയാളം
കുഞ്ഞിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. അപകടനില തരണം ചെയ്തുവരുന്നത് കണ്ടപ്പോൾ ഞാൻ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടെന്ന് അവരോട് പറയാൻ തീരുമാനിച്ചു. എഴുതിയുണ്ടാക്കിയണ്ട പ്രാർത്ഥനയും പാപ്പായുടെ ഫോട്ടോയും അവർക്ക് കൊടുത്തു. എന്നിട്ട് നിങ്ങളും മുട്ടിപ്പായി പ്രാർത്ഥിക്കണമെന്ന് പറഞ്ഞു.
അങ്ങനെ കുട്ടി ഓരോ ദിവസവും മെച്ചപ്പെട്ട് വന്നുകൊണ്ടിരുന്നു. ഓക്‌സിജൻ ട്യൂബ് മാറ്റാൻ ഇതുവരെയും ആയിട്ടില്ല. മാറ്റിയാൽ അപ്പോൾത്തന്നെ ശ്വാസവും നി ന്നുപോകും. ഇപ്പോൾ കുട്ടിക്ക് മൂക്കിൽകൂടി ട്യൂബിട്ട് പാൽ കൊടുക്കുന്നത് ദഹിക്കാൻ തുടങ്ങി. ഇതിനിടയിൽ ബ്ലെഡ് രണ്ടുമൂന്നു പ്രാവശ്യം കയറ്റേണ്ടിവന്നു. നീരെല്ലാം കുറഞ്ഞുവന്നു. പതുക്കെ കരയാൻ തുടങ്ങി. വാ യിൽക്കൂടി പാൽ ഒഴിച്ചുകൊടുത്താൽ ഇറക്കുമെന്നായി. അപ്പോഴേക്കും തൂക്കം 650 ഗ്രാം ആയി കുറഞ്ഞിരുന്നു.
പിന്നീട് ഓരോ ദിവസവും തൂക്കം കൂടാൻ തുടങ്ങി. ഞാൻ ഇക്കാര്യങ്ങളെല്ലാം മഠത്തിൽ അറിയിച്ചു. ഒരു സിസ്റ്റർ പറഞ്ഞു, ”ജോൺപോൾ മാർപാപ്പയുടെ മാധ്യസ്ഥ്യം വഴിയായിട്ടാണോ ഇത്രയുമൊക്കെ സംഭവിച്ചത് എന്നറിയാൻ ഒരു അടയാളം ചോദിച്ചുനോക്കി. അതും സാധിച്ചാൽ ശരിയാണെന്ന് വിശ്വസിക്കാം.” അതനുസരിച്ച് ഞാൻ ചോദിക്കാൻ തീരുമാനിച്ചു. ഏപ്രിൽ പകുതിയെങ്കിലും ആകുമ്പോഴേക്കും ഇവരെ ഡിസ്ചാർജാക്കാൻ പറ്റിയാൽ ഞാൻ തീർച്ചയായും വിശ്വസിക്കും എന്ന് മനസിൽ കരുതി.

ഓക്‌സിജൻ കൃത്രിമമായി നല്കുന്നത് നിർത്തി. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ട്. അതിനാൽ മെയിൻ ഐ.സി.യുവിൽനിന്ന് സെമി ഐ.സി.യുവിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഞാൻ ഡോക്ടറോട് പറഞ്ഞ് മെയിൻ ഐ.സി.യുവിൽതന്നെ കിടത്തി. അവിടെയാകുമ്പോൾ കൂടുതൽ ശ്രദ്ധ കിട്ടും.
ഏപ്രിൽ 16 ആയപ്പോഴേക്കും കുട്ടിക്ക് 1200 ഗ്രാം തൂക്കം ആയി. അവർക്ക് കുട്ടിയെ തനിയെ നോക്കാൻ ധൈര്യമായി. അങ്ങനെ ഞാൻ ഡോക്ടറോട് പറഞ്ഞ് അവരെ വീട്ടിൽ വിടാൻ തീരുമാനിച്ചു. സാധാരണ 1400 ഗ്രാം ആകണം വീട്ടിൽ പോകണമെങ്കിൽ. ഇവരുടെ ധൈര്യവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് ഡോ ക്ടർ അവരെ ഡിസ്ചാർജാക്കി.

ഞാൻ പലരോടും സഹായം ചോദിച്ചും നേർച്ചപ്പെട്ടിയിൽ പാവങ്ങളെ സഹായിക്കാൻ ഇടുന്ന തുകയും, അ വർ കടം വാങ്ങിയ പണവും എല്ലാംകൂട്ടി ബിൽ അടച്ചു.
കുട്ടി അത്ഭുതകരമായി സൗഖ്യപ്പെട്ട് ഡിസ്ചാർജ് ആയപ്പോൾ ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഇങ്ങനെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു എന്ന വിവരം കുട്ടിയുടെ മാതാപിതാക്കൾക്കും സ്റ്റാഫിനും പിന്നെ എന്റെ മഠത്തിലുള്ള സിസ്റ്റേഴ്‌സിനും മാത്രമേ അറിയുമായിരുന്നുള്ളൂ. ഡോക്ടർമാർ മറ്റ് മതവിശ്വാസികളായിരുന്നതിനാൽ ആദ്യം പറയാൻ മടിതോ ന്നിയെങ്കിലും പിന്നീട് അവരുടെ മുൻപിലും സാക്ഷ്യപ്പെടുത്തി.

ഈ അത്ഭുത രോഗശാന്തി സാക്ഷ്യപ്പെടുത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് മുൻപുതന്നെ പത്രത്തിൽ വാർത്ത കണ്ടു. ജോൺപോൾ രണ്ടാമൻ പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാൻ ഒരു സിസ്റ്ററിന്റെ രോഗസൗഖ്യം തിരഞ്ഞെടുത്തു എന്ന്. പിന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടും കാര്യമില്ലല്ലോ എന്ന് വിചാരിച്ചു. പിന്നെ ഉപകാരസ്മരണയായി പേപ്പറിൽ കൊടുക്കാൻ അവരുടെ കൈയിൽ പണവും ഉണ്ടായിരുന്നില്ല. കുട്ടിക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ വരുമോ എന്നറിഞ്ഞിട്ട് സാക്ഷ്യപ്പെടുത്താം എന്ന് വിചാരിച്ച് വർഷങ്ങൾ കഴിഞ്ഞു.

ഇപ്പോൾ കുഞ്ഞിന് നാല് വയസ് കഴിഞ്ഞു. പൂർണ ആരോഗ്യവതിയായി ഒരു മാലാഖക്കുഞ്ഞിനെപ്പോലെ അവൾ ഓടിനടക്കുന്നു.

സിസ്റ്റർ സിജി എസ്.കെ.ഡി

 

 

Leave a Reply

Your email address will not be published. Required fields are marked *