അത് ഒരു മഞ്ഞുകാലമായിരുന്നു. അസഹ്യമായ തണുപ്പ്. നിരത്തു മുഴുവനും മഞ്ഞുമൂടിക്കിടക്കുകയാണ്. അതിരാവിലെ ആ വഴി പോകുകയായിരുന്ന ഒരു കൗമാരക്കാരൻ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. മഞ്ഞുറഞ്ഞ വഴിയിൽ കാൽപാടുകൾ. അത് കണ്ട് അവന് അതിശയമായി. കാരണം, അവ ഒരു നഗ്നപാദുകന്റേതായിരുന്നു. ഈ കൊടുംതണുപ്പിൽ ചെരിപ്പു ധരിക്കാതെ നടക്കുകയെന്നത് അവന് ചിന്തിക്കാൻപോലും സാധിക്കുമായിരുന്നില്ല. തനിക്കു മുൻപിൽ കുറച്ചകലെയായി നടന്നുപോകുന്ന കർമ്മലീത്താ സന്യാസിയുടേതാണ് ആ കാല്പാടുകളെന്ന് അവന് മനസിലായി. ഇത്ര വലിയ ത്യാഗം അനുഷ്ഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ദൈവസ്‌നേഹത്തെക്കുറിച്ച് അവൻ ചിന്തിച്ചു. അവർക്ക് ദൈവത്തിനുവേണ്ടിയും സഹജീവികൾക്കുവേണ്ടിയും ഇത്രയും ചെയ്യാമെങ്കിൽ എന്തുകൊണ്ട് തനിക്കും ചിലത് ചെയ്തുകൂടാ എന്നവൻ ആലോചിക്കാൻ തുടങ്ങി. ദൈവം തന്നിൽനിന്നും പ്രതീക്ഷിക്കുന്നതെന്താണെന്ന് അപ്പോൾ അവന് അറിയില്ലായിരുന്നു. എങ്കിലും തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കാൻ അവൻ തീരുമാനിച്ചു. ഒരു വൈദികനാകുകഎന്നതായിരുന്നു അവൻ അതിനായി കണ്ടെത്തിയ മാർഗം. ഈ കൗമാരക്കാരനാണ് 1992 മെയ് 17-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ. ആ സന്യാസി അറിഞ്ഞിരിക്കില്ല താൻ മഞ്ഞിലവശേഷിപ്പിച്ച കാൽപാടുകൾ ഒരു കൗമാരക്കാരനെ വിശുദ്ധനാക്കാൻ കാരണമായിത്തീർന്നു എന്ന്. ആരും കണ്ടില്ലെങ്കിലും അംഗീകരിച്ചില്ലെങ്കിലും ദൈവസ്‌നേഹത്തെപ്രതിയുള്ള നമ്മുടെ കൊച്ചു സഹനങ്ങൾക്കും ത്യാഗങ്ങൾക്കും ദൈവസന്നിധിയിൽ വലിയ വിലയുണ്ട്.