സ്‌നേഹം കൂട്ടിക്കലർത്തിയ വിധി

കുറെ വർഷങ്ങൾക്കുമുൻപ് ന്യൂയോർക്ക് സിറ്റിയിലെ ജഡ്ജിയായിരുന്നു ഫിയാറലോ ലെ ഗാർഡിയ. ബേക്കറിയിൽനിന്നും റൊട്ടി മോഷ്ടിച്ച കുറ്റത്തിന് പിടിക്കപ്പെട്ട ഒരാളെ അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാക്കി. ദാരിദ്ര്യംകൊണ്ടാണ് ആ തെറ്റ് ചെയ്തതെന്നും തന്റെ കുടുംബത്തെപ്രതി ക്ഷമിക്കണമെന്നും അയാൾ യാചിച്ചെങ്കിലും ജഡ്ജി നൂറ് ഡോളർ പിഴയിട്ടു. എന്നാൽ, ആ വിധി ശ്രദ്ധിക്കപ്പെട്ടത് അതോടൊപ്പം പറഞ്ഞ ചില കാര്യങ്ങൾകൊണ്ടാണ്. കുടുംബം പുലർത്താനായി അയാൾ മോഷ്ടിക്കാനിടയായതിൽ എല്ലാവരും ഉത്തരവാദികളാണെന്നും പ്രായശ്ചിത്തമായി അതിന് ഈ കോടതിമുറിയിലുള്ള എല്ലാവരും പത്തു ഡോളർ വീതം പിഴയടക്കണമെന്നും ജഡ്ജി കൂട്ടിച്ചേർത്തു. എന്നിട്ട് സ്വന്തം പോക്കറ്റിൽനിന്നും അമ്പത് ഡോളർ നല്കി. 200 ഡോളർ പിരിഞ്ഞുകിട്ടി. അതിൽനിന്നും നൂറ് ഡോളർ പിഴയായി സ്വീകരിച്ചതിനുശേഷം ബാക്കി നൂറ് ഡോളർ ആ പാവപ്പെട്ട മനുഷ്യന് നല്കിയിട്ട് എന്തെങ്കിലും കച്ചവടം ചെയ്ത് കുടുംബത്തെ പോറ്റാൻ ഉപദേശിക്കുകയും ചെയ്തു.

തെറ്റിന് തക്ക ശിക്ഷ നല്കുന്നത് നീതിയുടെയും ന്യായത്തിന്റെയും ഭാഗമാണ്. എന്നാൽ, അതിനോട് സ്‌നേഹം കൂട്ടിച്ചേർക്കുമ്പോൾ കാരുണ്യപ്രവൃത്തിയാകുന്നു. ദൈവം മനുഷ്യനോട് കരുണ കാണിക്കുന്നത് മനുഷ്യൻ നീതിമാനായതുകൊണ്ടല്ല. മറിച്ച്, മനുഷ്യർ പാപികളാണെങ്കിലും ദൈവം സ്‌നേഹം ആയതിനാൽ അവിടുന്ന് കരുണ കാണിക്കുന്നു. സങ്കീർത്തകൻ സാക്ഷ്യപ്പെടുത്തുന്നു: ”കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്‌നേഹനിധിയും ആണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്ക്കുകയില്ല. നമ്മുടെ പാപങ്ങൾക്കൊത്ത് അവിടുന്ന് നമ്മെ ശിക്ഷിക്കുന്നില്ല… ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടുന്ന് കാണിക്കുന്ന കാരുണ്യം” (സങ്കീ. 103:8-11).

ഒരുവന് അർഹതപ്പെട്ടത് കൊടുക്കുന്നതാണ് നീതി. എന്നാൽ, ഒരുവന് ആവശ്യമുള്ളത് കൊടുക്കുന്നതാണ് കരുണ. ഇപ്രകാരം കരുണ കാണിക്കാൻ വേണ്ട സദ്ഗുണമാണ് സ്‌നേഹം. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയിൽ (മത്താ. 20:1-15) അവസാനത്തെ ഒരു മണിക്കൂർ മാത്രം ജോലിചെയ്തവനും ഉടമസ്ഥൻ കൊടുക്കുന്നത് ഒരു ദിവസത്തെ കൂ ലിയായ ഒരു ദനാറയാണ്. അവൻ അതിന് അർഹനല്ലായിരുന്നിട്ടും അ വന്റെ കുടുംബം പുലർത്തുവാൻ ആ തുക അവന് ആവശ്യമാണെന്ന് അദ്ദേ ഹം മനസിലാക്കി. ഇവിടെ സ്‌നേഹം നീതിയെ കാരുണ്യമാക്കി മാറ്റുന്നു.

യേശു പ്രവർത്തിച്ച അത്ഭുതങ്ങളുടെയെല്ലാം അടിസ്ഥാനം കരുണയായിരുന്നു. കാനായിലെ ഒരു കുടുംബത്തിന്റെ ദുർഭഗാവസ്ഥ കണ്ടറിഞ്ഞപ്പോൾ വെള്ളം വീഞ്ഞാക്കി, വേദനിക്കുന്ന രോഗികളോടുള്ള കരുണ രോഗശാന്തികൾക്ക് കാരണമായി. വിശക്കുന്നവന്റെ മുഖത്തെ ദൈന്യതയിൽ അപ്പം വർധിപ്പിച്ചു, മുങ്ങാൻ തുടങ്ങുന്ന വള്ളത്തിൽനിന്ന് നിലവിളി ഉയർന്നപ്പോൾ കടലിനെ ശാന്തമാക്കി; വിരഹവേദനയിൽ വിലപിക്കുന്നവരോട് കരുണ കാട്ടിയപ്പോൾ മരിച്ചവർ ഉയിർപ്പിക്കപ്പെട്ടു; ദുഃഖിതമാനസരായ ശിഷ്യർക്കു മുൻപിൽ അപ്പവും വീഞ്ഞും സ്വന്തം ശരീരരക്തങ്ങളാക്കി മാറ്റി.

കരുണ കാണിക്കുവാൻ സ്വായത്തമാക്കേണ്ട അടിസ്ഥാനപുണ്യമാണ് സ്‌നേഹം. വിശുദ്ധിയുടെ ഉന്നതപദവിയിൽ എത്തിയവരെല്ലാം ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും പാതയിൽ സഞ്ചരിച്ചവരാണ്. വിശുദ്ധ വിൻസെന്റ് ഡി പോൾ ഫ്രാൻസിലും മദർ തെരേസ കൊൽക്കത്തയിലെ തെരുവോരങ്ങളിലും ഫാ. ഡാമിയൻ മൊളോക്കയിലെ കുഷ്ഠരോഗികളിലും വിശുദ്ധ മാക്‌സ്മില്യൻ കോൾബെ ഗയോണിഷെക്കിന്റെ രോദനത്തിലും സിസ്റ്റർ റാണി മരിയ ഇൻഡോറിലെ അടിച്ചമർത്തപ്പെട്ട ആദിവാസികളിലേക്കും സ്‌നേഹം വാരിവിതറിയപ്പോൾ കാരുണ്യം അനുഭവിച്ചറിയുവാൻ ഇടയായവർ നിരവധിയാണ്.

നീതിയെക്കാൾ സ്‌നേഹവും കാരുണ്യവും പ്രസരിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പരിശുദ്ധ പിതാവിന്റെ സ്ഥാനം മഹോന്നതമാക്കുന്ന വാർത്തകളാണ് ദിവസേന നാം കേൾക്കുന്നത്. അതിലൊന്നാണ് തന്റെ അംഗരക്ഷകനായ സ്വിസ് ഗാർഡിനോ ട് കാണിച്ച കാരുണ്യം. പ്രഭാതത്തിൽ വാതിൽ തുറന്ന പാപ്പ, തന്റെ മുറിക്കു പുറത്ത് കാവൽനിന്ന ഭടന് ഇരിക്കാൻ കസേരയും കഴിക്കാൻ റൊട്ടിയും നല്കിയത് ഹൃദയത്തിൽ നിറഞ്ഞുനി ല്ക്കുന്ന സ്‌നേഹത്തിന്റെയും കരുണയുടെയും പ്രതിഫലനമാണ്. നിയമവും പ്രോട്ടോക്കോളുമൊക്കെ കരുണയുടെ മുൻപിൽ നിഷ്പ്രഭമാകുന്നു.

കരുണ കാണിക്കുമ്പോൾ നാം ചെയ്യുന്നത് ഔദാര്യമല്ല. നിർഭയനായ ഭൃത്യന്റെ ഉപമയിലൂടെ യേശു ചോദിക്കുന്നത്, ”ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?” (മത്താ. 18:33) എന്നാണ്. അതായത്, കരുണ കാണിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം, നാം അനുനിമിഷം ദൈവത്തിൽനിന്നും കരുണ സ്വീകരിച്ചുകൊണ്ടാണിരിക്കുന്നത്. ദൈവ കരുണയാലല്ലാതെ നമുക്ക് മുന്നോട്ട് പോകുവാനാകില്ല. ”കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും” (മത്താ. 5:7) എന്നാണല്ലോ യേശു പഠിപ്പിക്കുന്നതും. മറ്റുള്ളവരോട് കരുണ കാണിക്കുന്നതു വഴിയായി ദൈവത്തിന്റെ കരുണ നമ്മിലേക്ക് നിർഗളിക്കും എന്നതാണ് ഓർത്തിരിക്കേണ്ട സത്യം.

അതിനാൽ, നമുക്കും കരുണയുള്ളവരാകാം- ചിന്തയിലും വാക്കിലും പ്രവൃത്തിയിലും. ബന്ധുമിത്രാദികളോടു മാത്രമല്ല, അപരിചിതരോടും ശത്രുക്ക ളോടും കരുണാപൂർവം പെരുമാറാം. നീതിക്കുവേണ്ടി പോരാടുമ്പോഴും സ്‌നേഹവും കരുണയും നമ്മിൽ നിറഞ്ഞുനില്ക്കണം. വിശുദ്ധ വിൻസെന്റ് ഡി. പോളിന്റെ കരുണ നിറഞ്ഞ ഹൃദയത്തിൽനിന്നും പുറപ്പെട്ട വാക്കുകൾ ഓർമയിൽ സൂക്ഷിക്കാം:

”ഒഴിവുകഴിവുകൾ കണ്ടുപിടിച്ച് അന്യരുടെ കുറ്റങ്ങളെ ലഘൂകരിക്കുന്നതിനും അനുകൂലമായ വ്യാഖ്യാനങ്ങൾ നല്കുന്നതിനും നമ്മെ ശക്തിപ്പെടുത്തുന്ന സദ്ഗുണമാണ് കരുണ.”

ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ വി.സി.

Leave a Reply

Your email address will not be published. Required fields are marked *