ജോൺ 23-ാമൻ മാർപാപ്പായുടെ ജീവിതത്തെ അധികരിച്ച് ജോർജിയോ കാപ്പിറ്റനി സംവിധാനം ചെയ്തു നിർമിച്ച മനോഹരമായ സിനിമയാണ് ‘പോപ്പ് ജോൺ 23-പോപ്പ് ഓഫ് പീസ്.’ പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ചരമവാർത്ത അറിയിക്കാൻ കർദിനാൾ റോങ്കാളിയുടെ സെക്രട്ടറി അദ്ദേഹത്തെ അന്വേഷിച്ചുനടക്കുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അക്കാലത്ത് വെനീസിലെ പാത്രിയർക്കീസായിരുന്ന അദ്ദേഹം ഓഫീസിലില്ലാത്ത സമയത്താണ് റോമിൽനിന്ന് ചരമവാർത്ത എത്തിയത്. പള്ളിയിലും മാർക്കറ്റിലും ബോട്ടുജെട്ടിയിലുമെല്ലാം അന്വേഷിച്ചിട്ടും പാത്രിയർക്കീസിനെ കണ്ടെത്തിയില്ല. ഒടുവിൽ തനിക്കുവേണ്ടി നിർമിക്കുന്ന കല്ലറയ്ക്കകത്തുകയറി അതിന് ആവശ്യത്തിന് വലിപ്പമുണ്ടോയെന്ന് പരിശോധിക്കുന്ന അവസ്ഥയിലാണ് സെക്രട്ടറി പാത്രിയർക്കീസിനെ കണ്ടെത്തുന്നത്. അതായത് 76-കാരനായ കർദിനാൾ റോങ്കാളി തന്റെ ദൗത്യങ്ങളെല്ലാം തീരാറായിയെന്നു കരുതി മരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാൻ റോമിലേക്ക് പോയ റോങ്കാളി പിന്നെയൊരിക്കലും വെനീസിലേക്ക് മടങ്ങിയെത്തിയില്ല. അദ്ദേഹം ജോൺ 23-ാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 11 പ്രാവശ്യത്തെ ബാലറ്റുകളിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഒരു ഇടക്കാല മാർപാപ്പയെന്ന ചിന്തയിലായിരുന്നു കർദിനാൾ സംഘം വാർധക്യത്തിലെത്തിയ കർദിനാൾ റോങ്കാളിയെ തിരഞ്ഞെടുത്തത്. എല്ലാവരും വിചാരിച്ചു- അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല, ഒന്നും ചെയ്യാനുള്ള ആയുസോ ആരോഗ്യമോ ഇല്ലെന്ന്. പക്ഷേ, ലോകത്തെയും സഭയെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടി. കാലത്തിന്റെ മാറ്റത്തെ നേരിടാൻ സഭയെ ഒരുക്കി.
നമ്മുടെ ജീവിതത്തിലും ഇതുപോലെ സംഭവിക്കാവുന്നതാണ്. നമ്മുടെ പ്രായം, രോഗം, പരാജയങ്ങൾ, നേട്ടങ്ങൾ ഇവയെല്ലാം നോക്കി ഇനിയൊന്നും ചെയ്യാനില്ല, എല്ലാം ചെയ്തു കഴിഞ്ഞു. ഇനി പ്രവർത്തിക്കാനോ വിജയിക്കാനോ പറ്റില്ല, സമയം വൈകിപ്പോയി, ഇനി എങ്ങനെയെങ്കിലും ജീവിച്ചുതീർത്താൽ മതി, തുടങ്ങിയ ചിന്തകൾ നമ്മളെയും കീഴടക്കാം. എന്നാൽ, ദൈവതിരുമനസിനോട് വിധേയപ്പെടുമ്പോൾ ഏതവസ്ഥയിലും ഫലദായകമായ ജീവിതം സാധ്യമാണെന്ന് ജോൺ 23-ാമൻ മാർപാപ്പയുടെ ജീവിതം സാക്ഷ്യം നല്കുന്നു.
നിത്യതയിലേക്ക് വിളിക്കപ്പെടുന്ന നിമിഷംവരെയും നമുക്ക് ഏറെ അവസരങ്ങളുണ്ട്. ഇന്നലെകൾ പരാജയങ്ങളുടേതായിരുന്നോ? സാരമില്ല, ഇനിയും വിജയിക്കാം. പ്രിയപ്പെട്ടവരുടെ വേർപാടുകൾ തളർത്തിക്കളഞ്ഞോ? സാരമില്ല, ഇനിയും നമുക്കൊരു നല്ല ജീവിതം സാധ്യമാണ്. രോഗങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടോ? അപരിമേയനായ ദൈവത്തിൽ വിശ്വസിക്കുമ്പോൾ പുതിയ സാധ്യതകൾ തെളിയും. പാപം വീണ്ടും വീണ്ടും കീഴടക്കുന്നുണ്ടോ? നിരാശപ്പെടരുത്. നമ്മെക്കാൾ കൂടുതൽ പാപം ചെയ്തവർ പുണ്യവാന്മാരായിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്തുതീർത്തതിന്റെ സംതൃപ്തിയിൽ മയങ്ങുകയാണോ? പാടില്ല, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അല്ലെങ്കിൽ ദൈവം നമ്മെ നേരത്തേതന്നെ തിരിച്ചു വിളിക്കുമായിരുന്നു.
യേശുവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചുവെന്ന് ശത്രുക്കളും മിത്രങ്ങളും കരുതി. അപ്പസ്‌തോലന്മാർക്ക് ജീവിതം വഴിമുട്ടി. എന്നാൽ, അവൻ കല്ലറയെ തകർത്ത് മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു. യേശുവിന്റെ മരണം അവസാനമായിരുന്നില്ല. മറിച്ച് പുതിയൊരു തുടക്കമായിരുന്നു. ഉയിർത്തെഴുന്നേറ്റവനിൽ വിശ്വസിക്കുക. നിങ്ങളെ ബന്ധിച്ചിട്ടിരിക്കുന്ന കല്ലറകൾ തകർക്കപ്പെടും. ഉയിർപ്പിന്റെ ശക്തി നിങ്ങളെ രൂപാന്തരപ്പെടുത്തും. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ക്രിസ്തു നിങ്ങൾക്ക് നല്കും. കാരണം, അവൻ മരണത്തെ ജയിച്ചവനും എന്നേക്കും ജീവിക്കുന്നവനുമായ കർത്താവാകുന്നു.
പ്രാർത്ഥന
പാപത്തെയും മരണത്തെയും പിശാചിനെയും പരാജയപ്പെടുത്തിക്കൊണ്ട് ഉയിർത്തെഴുന്നേറ്റ കർത്താവേ, എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാലും. ഉയിർപ്പിന്റെ ശക്തികൊണ്ട് എന്നെ നിറയ്ക്കണമേ. എല്ലാം പുതുതായി ആരംഭിക്കാൻ എനിക്ക് ശക്തി നല്കിയാലും, ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ