അതിശൈത്യം മൂലം ആ കുടുംബം വളരെ വിഷമിച്ചു. വീട്ടിലെ സഹോദരിയുടെ ചെറിയ വരുമാനം കൊണ്ടാണ് അവർ മുന്നോട്ടു പോയിരുന്നത്. ശൈത്യകാലം അവസാനിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ, നാളുകളായി താൻ സ്വരുക്കൂട്ടിയ പണം കൊണ്ട് ഒരു കമ്പിളി പുതപ്പെങ്കിലും വാങ്ങാമെന്ന ഉദ്ദേശ്യത്തോടെ അവൾ അത് തന്റെ സഹോദരനെ ഏല്പിച്ചു. പുതപ്പ് വാങ്ങാൻ പട്ടണത്തിലെത്തിയ ആ ചെറുപ്പക്കാരൻ, വിശന്നുവലഞ്ഞ് തെരുവിൽ ഭിക്ഷ യാചിക്കുന്ന ഏതാനും കുട്ടികളെ കണ്ടുമുട്ടി. മറ്റൊന്നും ആലോചിക്കാതെ തന്റെ കയ്യിലുണ്ടായിരുന്ന പണം കൊണ്ട് അവർക്ക് വയർ നിറയെ ഭക്ഷണം വാങ്ങി നല്കി. വെറുംകയ്യോടെ വീട്ടിൽ തിരികെയെത്തിയ യുവാവിനോട് കാര്യങ്ങൾ തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു: പുതപ്പ് വേണമെങ്കിൽ നമുക്ക് പിന്നീടായാലും വാങ്ങാം. പക്ഷേ, വിശന്നു വലഞ്ഞ ആ കുഞ്ഞുങ്ങൾക്ക് എത്രനേരം പിടിച്ചുനില്ക്കാൻ കഴിയും? ആ യുവാവാണ് പിന്നീട് വൈദികനും മാർപാപ്പയും വിശുദ്ധനുമായി തീർന്ന വിശുദ്ധ പത്താം പീയൂസ് പാപ്പ.
”ആവശ്യക്കാരനിൽനിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാൻ ആർക്കും ഇടനൽകുകയുമരുത്” (പ്രഭാഷകൻ 4:5).