മരണവാറന്റിൽ ഒരൊപ്പ് വാഴ്ത്തപ്പെട്ട സോൾട്ടൻ ലാജോസ് മെസ്ലേനി

വൈദികനാകാൻ 24 വയസ് തികയണം. എങ്കിലും സമർത്ഥനും തീക്ഷ്ണമതിയുമായ മെസ്ലേനിക്ക് പൗരോഹിത്യം നല്കാൻ പിന്നെയും മൂന്ന് മാസങ്ങൾകൂടി കാത്തിരിക്കാൻ വയ്യ. അങ്ങനെയാണ് അധികാരികളുടെ പ്രത്യേക അനുവാദത്തോടെ 1915 ഒക്‌ടോബർ മാസത്തിൽ സോൾട്ടൻ ലാജോസ് മെസ്ലേനി വൈദികനായി അഭിഷിക്തനായത്.

1892 ജനുവരി 2ന് ഹംഗറിയിലെ ഹാത്വാ നഗരത്തിലാണ് സോൾട്ടൻ ലാജോസ് മെസ്ലേനിയുടെ ജനനം. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ മെസ്ലേനി ജസ്യൂട്ട് വൈദികരുടെ കീഴിലുള്ള ജർമൻ-ഹംഗേറിയൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സെമിനാരി വിദ്യാഭ്യാസത്തിനായി ചേർന്നത്. ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും കാനൻ നിയമത്തിൽ ബിരുദവും ദൈവശാസ്ത്രത്തിൽ ഡിപ്ലോമയും അദ്ദേഹം കരസ്ഥമാക്കി. ഫ്രഞ്ച്, ഇറ്റാലിയൻ, ലാറ്റിൻ എന്നീ ഭാഷകൾ വശമുണ്ടായിരുന്ന മെസ്ലേനി പഠിച്ചിരുന്ന കാലഘട്ടത്തിൽ ജർമ്മൻ, ഗ്രീക്ക് എന്നീ ഭാഷകളിലും അവഗാഹം നേടി.

വിദ്യാഭ്യാസമേഖലയിലെ മികവിനോടൊപ്പം അനുസരണം, ലാളിത്യം, സ്‌നേഹം തുടങ്ങിയ പുണ്യങ്ങളുടെയും വിളനിലമായിരുന്നു ആ ജീവിതം. സഭാ ഹൈരാർക്കിയുടെ പടവുകൾ ഒന്നൊന്നായി കയറുവാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും ഹൃദയസംബന്ധമായ രോഗവും തൈറോയ്ഡ് രോഗവും നല്കുന്ന അസ്വസ്ഥതകളിലൂടെയാണ് മെസ്ലേനി എന്ന ആ യുവാവ് ആ നാളുകളിൽ കടന്നുപോയത്.

തനിക്ക് മുകളിലായി മറ്റുള്ളവരുടെ താത്പര്യങ്ങൾ പരിഗണിക്കുകയും എല്ലാ പ്രവൃത്തികളും സ്‌നേഹത്താൽ പ്രചോദിതമായി പൂർത്തീകരിക്കുകയും ചെയ്യുന്നവനായിരുന്നു അദ്ദേഹം. 1920ൽ ആർച്ച് ബിഷപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. രാജ്യം നേരിട്ടിട്ടുള്ളതിൽ ഏറ്റവും ക്രൂരമായ ക്രൈസ്തവപീഡനത്തിന്റെ കാലത്തിൽ സഭയെ ശക്തിപ്പെടുത്തുവാൻ സ്വർഗം തന്നെ അദ്ദേഹത്തെ പരിശീലിപ്പിക്കുകയായിരുന്നു അക്കാലങ്ങളിൽ. 1937 ഒക്‌ടോബർ 28ന് അദ്ദേഹം സിനോപ്പിലെ സ്ഥാനികമെത്രാനും എസ്റ്റർഗോമിലെ കോഅഡ്ജുറ്ററുമായി നിയമിതനായി.

മരണത്തിലേക്കുള്ള തിരഞ്ഞെടുപ്പ്
1945ലാണ് സോവിയറ്റ് യൂണിയന്റെ അധിനിവേശം കിഴക്കൻ പടിഞ്ഞാറൻ ഹംഗറികളെ ‘അയൺ കർട്ടൻ’ വഴി വിഭജിച്ചത്. 1948ൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ആർച്ച് ബിഷപ് ജോസഫ് മിൻഡ്‌സെന്റിയെ തടവിലാക്കിയതിനെ തുടർന്ന് രൂപതാഭരണത്തിന്റെ ചുമതലയുള്ള കത്തീഡ്രൽ ജനറൽ ചാപ്റ്ററിന്റെ വികാരിയായി ബിഷപ് മെസ്ലേനി തിരഞ്ഞെടുക്കപ്പെട്ടു. അധികാരം കയ്യാളിയിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുടെ താത്പര്യത്തിന് വിരുദ്ധമായ ആ തിരഞ്ഞെടുപ്പുഫലം അംഗീകരിച്ചതിലൂടെ ബിഷപ് മെസ്ലേനി തന്റെ തന്നെ മരണവാറന്റിൽ ബോധപൂർവം ഒപ്പുവയ്ക്കുകയായിരുന്നു.

ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ചിരുന്ന ബിഷപ് മെസ്ലേനിയുടെ സാന്നിധ്യം കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ താത്പര്യങ്ങൾക്ക് വിലങ്ങുതടിയായി. ശാരീരിക കയ്യേറ്റത്തിനോ മാനസികപീഡനത്തിനോ മെസ്ലേനിയെ തങ്ങളുടെ വരുതിയിൽ വരുത്താൻ കഴിയില്ലെന്ന ബോധ്യം അധികാരികളെ ഭയപ്പെടുത്തി. ധാർമ്മികതയിൽ ഉറച്ച് മാത്രം പ്രവർത്തിച്ചിരുന്ന ബിഷപ്പിനെ പരസ്യമായി പിടിക്കാനും വിസ്തരിക്കാനും ഭയപ്പെട്ട അധികാരികൾ അദ്ദേഹത്തെ രഹസ്യമായി പിടികൂടി തടവിലാക്കുകയാണ് ചെയ്തത്.

ബിഷപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമാക്കിവച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടം, അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനെ ഭയപ്പെട്ടിരുന്നതുപോലെയാണ് പെരുമാറിയത്. ഔദ്യോഗികമായ യാതൊരു വിചാരണയും കൂടാതെ ബുഡാപെസ്റ്റിലെ ജയിലിലേക്കും പിന്നീട് കിസ്റ്റാർക്കയിലേക്കും അദ്ദേഹത്തെ മാറ്റി. കിസ്റ്റാർക്കയിൽ തടവുകാരനായിരുന്ന സലേഷ്യൻ വൈദികൻ ഫാ. ആദം ഫ്രിക്ക്‌സിന്റെ വിവരണമനുസരിച്ച് ഏകാന്തവാസമാണ് ബിഷപ് മെസ്ലേനിക്ക് അധികാരികൾ വിധിച്ചത്. മരണദിവസത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുമില്ലെങ്കിലും 1951 മാർച്ച് നാലിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം എന്ന് കരുതപ്പെടുന്നു. തടവറയിലെ തണുപ്പും ഏകാന്തവാസവും ക്രൂരമായ പീഡനങ്ങളുമാണ് ആ ജീവൻ കവർന്നത്.

2009 ഒക്‌ടോബർ 31ന് ഹംഗറിയിലെ സഭയുടെ തലവനായ കർദിനാൾ പീറ്റർ എർദൊ ബിഷപ് സോൾട്ടൻ ലാജോസ് മെസ്ലേനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *