അവൻ എന്നെ വിളിക്കുമോ?

അവിടെ എത്തിയപ്പോൾ അവൻ മുകളിലേക്ക് നോക്കി പറഞ്ഞു; സക്കേവൂസ് വേഗം ഇറങ്ങിവരുക. ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു. ലൂക്കാ 19:5-ലാണ് നാം ഇങ്ങനെ വായിക്കുന്നത്. യേശു നടന്നുപോയപ്പോൾ യാദൃശ്ചികമായി മുകളിലേക്ക് നോക്കി. ഒരു മനുഷ്യൻ മരത്തിൽ കയറിയിരിക്കുന്നു. അപ്പോൾ കർത്താവിന് മനസിലായി ഇവൻ ചുങ്കക്കാരനും പാപിയുമാണ്. ഇവനെ ഒന്നു മാനസാന്തരപ്പെടുത്തിയേക്കാം എന്ന് കരുതി പറഞ്ഞതാണോ സക്കേവൂസ് വേഗം ഇറങ്ങിവരുക എന്ന്. തീർച്ചയായും അല്ല. ലൂക്കായുടെ സുവിശേഷം 19: 3 മുതൽ 9 വരെയുള്ള വചനങ്ങൾ ശ്രദ്ധിച്ചു വായിച്ചാൽത്തന്നെ അതിനുള്ള സൂചനകളുണ്ട്.
”യേശു ആരെന്നു കാണാൻ അവൻ ആഗ്രഹിച്ചു.” ചുങ്കക്കാരനായിരുന്ന മത്തായിയെ കർത്താവ് മാനസാന്തരപ്പെടുത്തിയതും കൂടെ കൊണ്ടുനടക്കുന്നതുമെല്ലാം കേട്ടപ്പോൾ മുതൽ സക്കേവൂസിന് ഒരാഗ്രഹം – അതുപോലെ ആകാനും ആ യേശുവിനെ ഒന്നു കാണാനും. ”പൊക്കം കുറവായിരുന്നതിനാൽ ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് അത് സാധ്യമായിരുന്നില്ല. യേശുവിനെ കാണാൻവേണ്ടി അവൻ മുൻപേ ഓടി, ഒരു സിക്കമൂർ മരത്തിൽ കയറിയിരുന്നു.” മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായി അവൻ ഓടി. സിക്കമൂർ മരത്തിൽ കയറി. മരത്തിൽ കയറണമെങ്കിൽ പുറംകുപ്പായം ഊരണം. അഥവാ ബാഹ്യമോടി ഉപേക്ഷിക്കണം. യേശുവിനെ കാണാനായി തന്റെ ബാഹ്യമോടി ഉപേക്ഷിക്കാൻ അവൻ തയാറായി. മാത്രവുമല്ല റോമൻ അധികാരിയുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉന്നത ഉദ്യോഗസ്ഥനാണ് സക്കേവൂസ്. എന്നാൽ യേശുവിനെ കാണാനായി തന്റെ പദവിയെല്ലാം അവഗണിച്ചാണ് സക്കേവൂസ് മരത്തിൽ കയറുന്നത്.

മനസറിയുന്നവൻ യേശു
മനസറിയുന്ന കർത്താവ് ഇതൊക്കെ കണ്ടു. ഈശോ തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചതും അങ്ങനെതന്നെയാണ്. കടപ്പുറത്തുകൂടെ നടന്നുപോയപ്പോൾ എനിക്ക് കുറെ ശിഷ്യന്മാരെ വേണമല്ലോ എന്നു കരുതി വല കഴുകിക്കൊണ്ടിരുന്ന കുറച്ചുപേരെ കണ്ടപ്പോൾ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, നിങ്ങൾ എന്റെ കൂടെ വരൂ എന്ന് പറഞ്ഞതല്ല. അവരൊക്കെ മിശിഹായുടെ വരവിനെ വിളംബരം ചെയ്യുന്ന സ്‌നാപകനെ കേൾക്കുന്നവരും മിശിഹായെ കാത്തിരിക്കുന്നവരുമായിരുന്നു.
രാത്രിയിൽ വലവീശി മീൻ പിടിക്കുമ്പോഴും കടലിലേക്ക് നോക്കി ഇന്നെത്ര മീൻ കിട്ടും, അതു വിറ്റാൽ എത്ര പണം നേടാം എന്നല്ല അവർ ചിന്തിച്ചിരുന്നത്. നക്ഷത്ര നിബിഡമായ ആകാശത്തേക്കുനോക്കി മിശിഹാ എന്നാണാവോ വരുക എന്നു ചിന്തിച്ച് ദീർഘനിശ്വാസം വിടുന്നവരായിരുന്നത്രേ അവർ. ആ ദീർഘനിശ്വാസം കർത്താവ് കേട്ടു.

പീലിപ്പോസും നഥാനയേലും മിശിഹായുടെ വരവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നവരാണ്. അതുകൊണ്ടാണ് പീലിപ്പോസിനെ കണ്ട മാത്രയിൽ പീലിപ്പോസേ, എന്റെ കൂടെ വരൂ എന്ന് പറഞ്ഞത്. നിന്റെ ഒരു കൂട്ടുകാരനുണ്ടല്ലോ അവനെയും വിളിച്ചുകൊണ്ടുവരൂ എന്ന് പറഞ്ഞു. നഥാനയേലിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ കർത്താവ് പറഞ്ഞത്, അത്തിമരച്ചുവട്ടിൽ ഇരിക്കുമ്പോൾ നിന്നെ ഞാൻ കണ്ടു എന്നാണ്. വെറുതെ ഇരുന്നതല്ല. മിശിഹായുടെ വരവിനെ ധ്യാനിച്ചുകൊണ്ടിരുന്ന നഥാനയേലിനെയാണ് കർത്താവ് വിളിച്ചത്.

സമരിയാക്കാരി ഈശോയോട് പറയുന്നുണ്ട് (യോഹന്നാൻ 4:25) മിശിഹാ- ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാ കാര്യങ്ങളും ഞങ്ങളെ അറിയിക്കും. സമരിയാക്കാരി എങ്ങനെയുള്ളവളായിരുന്നെങ്കിലും മിശിഹാ വരണമെന്നും ഇതിനൊക്കെ മാറ്റം വരണമെന്നും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് നിന്നോട് സംസാരിക്കുന്ന ഞാൻതന്നെയാണ് അവൻ എന്നു പറഞ്ഞ് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുത്തത്.

മാനസാന്തരപ്പെട്ടവന്റെ പ്രതികരണം
തന്നെ കാത്തിരിക്കുന്നവരെ തേടിപ്പോകുന്ന ഈശോ സക്കേവൂസിനോട് പറഞ്ഞു, സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഒരു നിമിഷം സ്തബ്ധനായ സക്കേവൂസ് അതുകേട്ട് ഒരു ചാക്കുകെട്ട് താഴേക്ക് വരുന്നതുപോലെ ഊർന്നിറങ്ങിവന്നു. ”അവൻ തിടുക്കത്തിൽ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു” (ലൂക്കാ 19:6). അതുവരെ ചെയ്തിരുന്ന നീതിയല്ലാത്ത തൊഴിൽ നിറുത്തിവയ്ക്കാൻ തീരുമാനിച്ചു.

ഇത്രയുമായപ്പോഴാണ് യേശുവിന്റെ കൂട്ടത്തിൽ പോകുവാൻ യോഗ്യത ഉണ്ടായത്. വീട്ടിൽചെന്ന് ആതിഥ്യമര്യാദയനുസരിച്ച് സ്വീകരിച്ച് സൽക്കരിച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ പണപ്പെട്ടി യേശുവിന്റെ കാല്ക്കൽ കൊണ്ടുവന്ന് തുറന്നുവച്ചിട്ട് പറഞ്ഞു: അന്യായമായി ഞാൻ സമ്പാദിച്ചതൊക്കെയും ഉപേക്ഷിക്കുന്നു. എന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്കുവേണ്ടി ഞാൻ നിനക്ക് തരുന്നു. മറുപകുതി വഞ്ചിച്ചവർക്ക് നാലിരട്ടിയായി തിരിച്ചുകൊടുക്കുവാൻ ഞാൻ ഉപയോഗിക്കുന്നു. എന്നിട്ട് നിന്നെ ഞാൻ അനുഗമിക്കും. കർത്താവ് ഒരു വാക്കുപോലും ഉപദേശിക്കാതെതന്നെ അവൻ തന്റെ കൂട്ടുകാരായ ചുങ്കക്കാരെയും പാപികളെയുമൊക്കെ യേശുവിനെക്കുറിച്ച് പറഞ്ഞ് മാനസാന്തരപ്പെടുത്തി. അങ്ങനെ അവൻ യേശുവിന്റെ സ്‌നേഹിതനായിത്തീർന്നു.

യേശു പിന്നെയും ജറീക്കോയിൽ കൂടി കടന്നുപോയപ്പോൾ ആളുകൾ പണ്ടത്തെപ്പോലെ തോരണം തൂക്കിയും വൃക്ഷക്കൊമ്പുകളൊടിച്ചെടുത്ത് വീശിയും സന്തോഷം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്ത് സ്വീകരിച്ചു. ആ നാട്ടിലെ നല്ലവരായ പ്രമാണിമാർക്ക് ഈശോയെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കാനാഗ്രഹം. പക്ഷേ, ഈശോ പിന്നെയും പോയത് സക്കേവൂസിന്റെ വീട്ടിലേക്ക്. ആളുകൾക്ക് അരിശം, നിരാശ ഒക്കെയായി. എന്നാൽ ഈശോ പറഞ്ഞു, നിങ്ങൾ നല്ലവരാണ്, എനിക്കറിയാം. നിങ്ങളുടെ വീട്ടിലേക്കും ഞാൻ വരേണ്ടതായിരുന്നു. പക്ഷേ, ഈ സക്കേവൂസ് നിങ്ങൾക്കിപ്പോഴും ചുങ്കക്കാരനും പാപിയുമാണ്. നിങ്ങളുടെ ഹൃദയങ്ങളിലേക്കോ നിങ്ങളുടെ ഭവനങ്ങളിലേക്കോ അവനെ സ്വാഗതം ചെയ്തിട്ടില്ല. എന്റെ സ്‌നേഹിതനായ അവന് സ്ഥാനമില്ലാത്തിടത്ത് എനിക്കും സ്ഥാനമില്ല. ഇതാണ് സക്കേവൂസിന്റെ മാനസാന്തരകഥ പഠിപ്പിക്കുന്നത്.

ഇന്ന് പലരിലൂടെയും നമ്മോടും കർത്താവ് പറയുന്നു, താഴേക്കിറങ്ങിവരൂ. ഇന്ന് എനിക്ക് നിന്റെ ഭവനത്തിൽ താമസിക്കണം. വിളി സ്വീകരിച്ചുകഴിഞ്ഞാൽ നമ്മുടെ ഹൃദയമാകുന്ന പണപ്പെട്ടി കർത്താവിന്റെ മുൻപിൽ തുറന്നുവച്ച് അനുതപിക്കാനുള്ള എളിമയുണ്ടാകണം. സ്വാർത്ഥതമൂലം നമുക്കുവേണ്ടിമാത്രം ഹൃദയത്തിൽ പൂഴ്ത്തിവച്ചിരിക്കുന്ന സ്‌നേഹമാകുന്ന ധനം അർഹതപ്പെട്ടവർക്ക് നാലിരട്ടിയായി തിരിച്ചുനല്കുക. നമ്മുടെ താലന്തുകളും സമയമാകുന്ന നിധിയും ആവശ്യക്കാരുമായി, പ്രത്യേകിച്ച് പല രീതിയിൽ ദാരിദ്ര്യമനുഭവിക്കുന്നവരുമായി, പങ്കുവയ്ക്കുക. നമ്മുടെ സഹനങ്ങളും ത്യാഗങ്ങളുമൊക്കെ ഉപയോഗിച്ച് മറ്റ് അനേകർ ചെയ്തിട്ടുള്ള അനീതി, സാമൂഹിക അനീതികൾ ഇവയ്‌ക്കെല്ലാം പരിഹാരം ചെയ്യുക. മാനസാന്തരംകൊണ്ടുമാത്രം തൃപ്തിപ്പെടാതെ സ്‌നേഹിതർക്കുവേണ്ടി സ്വയം ജീവൻ അർപ്പിച്ചവന്റെ അടുത്ത സ്‌നേഹിതരായി നമുക്കും തീരാം.

(കടപ്പാട്: ദൈവമനുഷ്യന്റെ സ്‌നേഹഗീത).
ലീലാ ഫിലിപ്പ്

Leave a Reply

Your email address will not be published. Required fields are marked *