ഭക്ഷണമില്ലാത്ത പാത്രം

പതിവായി സ്‌കൂളിൽനിന്ന് താമസിച്ചാണ് അവൻ വീട്ടിലെത്തിയിരുന്നത്. മാതാപിതാക്കൾ പല പ്രാവശ്യം ഉപദേശിക്കുകയും വഴക്കു പറയുകയുമൊക്കെ ചെയ്‌തെങ്കിലും അവൻ വീണ്ടും അതുതന്നെ തുടർന്നു. ഒടുവിൽ അവർ മകന് ലാസ്റ്റ് വാണിംഗ് കൊടുത്തു: ഇനിയും താമസിച്ചു വന്നാൽ വൈകുന്നേരം ഭക്ഷണമൊന്നും തരില്ല. എന്നാൽ അന്നും അവൻ താമസിച്ചാണ് എത്തിയത്. മാതാപിതാക്കൾ വഴക്കൊന്നും പറഞ്ഞില്ല. വൈകുന്നേരം പതിവുപോലെ ഭക്ഷണത്തിനിരുന്നു. എന്നാൽ അവന്റെ പ്ലെയ്റ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. അവൻ അപ്പന്റെ പ്ലെയ്റ്റിലേക്ക് നോക്കി. ചപ്പാത്തിയും ചിക്കൻ കറിയും! അമ്മ അവനെ ശ്രദ്ധിക്കുന്നേയില്ല. സങ്കടവും വിശപ്പും കൊണ്ട് അവന്റെ കണ്ണു നിറഞ്ഞു. ഒപ്പം, മാതാപിതാക്കളെ അനുസരിക്കാതിരുന്നതിന്റെ വിഷമവും ആ മുഖത്തുണ്ടായിരുന്നു. അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അപ്പൻ മെല്ലെ അവന്റെ പ്ലെയ്റ്റ് തന്റെ അടുത്തേക്ക് നീക്കി വച്ചു. എന്നിട്ട് തന്റെ പ്ലെയ്റ്റിൽ ഉണ്ടായിരുന്നത് മുഴുവൻ മകന്റെ പ്ലെയ്റ്റിലേക്ക് പകർന്നു. ചെറിയൊരു പുഞ്ചിരിയോടെ അദ്ദേഹം അത് മകന്റെ മുമ്പിലേക്ക് നീക്കി വച്ചു!

ഇല്ലായ്മകളിലും കണ്ണുനീരിലും സങ്കടങ്ങളിലും മുങ്ങിത്താഴുമ്പോൾ നിശബ്ദമായ നമ്മുടെ തേങ്ങലുകൾക്കുത്തരമായി ‘അമർത്തി കുലുക്കി നിറച്ചളന്ന് നമ്മുടെ മടിയിലേക്ക് ഇട്ടുതരുന്ന’ സ്വർഗീയ പിതാവിന്റെ സ്‌നേഹം ഇതിലുമെത്രയോ വലുതാണെന്ന് ഓർക്കാറുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *